ഇടുക്കി:വിലയേറിയ ഇലക്ട്രിക്-ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ മോഷ്ടിക്കുന്ന കള്ളനെ കൈയോടെ പൊക്കിയപ്പോൾ നാക്കിറങ്ങിപ്പോയ അവസ്ഥയിൽ പൈനാവ് എൻജിനീയറിങ് കോളജ് അധികൃതർ. കള്ളനെ പിടിച്ചാൽ പൊലിസ് വരും. പൊലിസ് വന്നാൽ പലരെയും പൊക്കും. അതോടെ അദ്ധ്യാപകരടക്കം പലരുടെയും മുഖം വികൃതമാകും. അതുകൊണ്ട് തൽകാലം കള്ളനെ വീണ്ടും മോഷ്ടിക്കാൻ വിട്ടു കൈകഴുകിയിരിക്കുകയാണ് അധികാരികൾ. കോളജിൽ നടക്കുന്ന ലക്ഷങ്ങളുടെ പകൽക്കൊള്ള ജനമറിയാതിരിക്കാൻ ഇതേ നിവൃത്തിയുള്ളൂ.

പൈനാവിലെ വനമേഖലയോട് ചേർന്ന് ഉൾപ്രദേശത്തു സ്ഥിതിചെയ്യുന്ന കോളജിൽ എന്തു നടന്നാലും പൊതുജനമോ, ജനപ്രതിനിധികളോ അറിയില്ലെന്നതാണ് ഇവിടെ കൊള്ളയും അഴിമതിയുമൊക്കെ പെരുകാൻ കാരണമാകുന്നത്. അടുത്ത കാലത്തായാണ് ചാത്തൻബാധ പോലെ കോളജിന്റെ ഉപകരണങ്ങൾ കാണാതായി തുടങ്ങിയത്. പതിനായിരങ്ങൾ വിലമതിക്കുന്ന പ്രൊജക്ടർ, വിലയേറിയ ബാറ്ററികൾ, വിലപിടിപ്പുള്ള ബൾബുകൾ, കുട്ടികൾക്ക് പഠനാവശ്യത്തിനുള്ള ഇലക്ട്രിക് ഉപകരണങ്ങൾ, ഇലക്ട്രോണിക്‌സ് വസ്തുക്കൾ... അങ്ങനെ പോകുന്നു കള്ളൻകൊണ്ടുപോയ വസ്തുക്കൾ.

കോളജുകളിൽ നിന്നും കുട്ടികൾ പലതും അടിച്ചു മാറ്റുന്ന കുസൃതി പലയിടത്തുമുണ്ടെങ്കിലും ഭാരമേറിയ ബാറ്ററിയും കോളജങ്കണത്തിലാകെ പ്രഭ തൂകി ഉയർന്നു നിൽക്കുന്ന ബൾബുമൊക്കെ കൊണ്ടുപോകുന്നത് അത്ര നിസാരക്കാരനാകില്ലെന്ന് അദ്ധ്യാപകരിൽ ചിലർ അഭിപ്രായപ്പെട്ടു. മാത്രമല്ല, ആകമാനം ക്ലോസ്ഡ് സർക്യൂട്ട് കാമറയുടെ നിരീക്ഷണവും സെക്യൂരിറ്റി ജീവനക്കാരുടെ സംരക്ഷണവും മറികടന്നായിരുന്നു മോഷണമെന്നതും രസകരമായി. എങ്കിൽ ചാത്താൻപോലെ വല്ലതുമായിരിക്കുമെന്നും വാർത്ത പരന്നു. ആകെ അങ്കലാപ്പായി. പൊല്ലാപ്പുണ്ടാകാതിരിക്കാൻ കാണാതായവയെ കാലഹരണപ്പെട്ട വസ്തുക്കളുടെയും ഉപയോഗശൂന്യമായി ആക്രി ഗണത്തിൽപെടുന്നവയുടെയും ലിസ്റ്റിൽപെടുത്തി അധികാരികൾ സ്വന്തം തടി രക്ഷിച്ചുനിന്നു.

മോഷണം പെരുകിയതോടെ അധികൃതർ ഇടുക്കി പൊലിസിൽ പരാതി നൽകി. പൊലിസ് പ്രാഥമിക അന്വേഷണത്തിനുശേഷം പ്രതിയെ പിടിക്കാമെന്നും എന്നാൽ മറ്റു പലരും കൂടി കുടുങ്ങുമെന്നും പറഞ്ഞതോടെ കോളജ് അധികൃതരാണ് വെട്ടിലായത്. വിശദാംശങ്ങൾ കേട്ട് കോളജ് അധികാരികൾ തന്നെ നടത്തിയ പരിശോധനയുടെ ആദ്യഘട്ടത്തിൽ മോഷ്ടാവിനെ കണ്ടപ്പോൾ ശരിക്കും ഞെട്ടി. കാവൽ ഏൽപിച്ച സെക്യൂരിറ്റിക്കാരന്റെ നേർക്കാണ് ആരോപണം നീണ്ടത്. ചൂലും മറ്റുമുപയോഗിച്ചു സി. സി ടിവി കാമറ തിരിച്ചുവച്ചശേഷമാണ് ഓരോന്നും പുറത്തുകടത്തിയത്. ഇവയിൽ പലതും ചെറുതോണി ടൗണിലെ വ്യാപാരികൾക്ക് ചുളുവിലയിൽ വിൽക്കുകയായിരുന്നു.

അധികാരികളെ അലട്ടിയത് മോഷ്ടാവിന്റെ പിന്നിലുള്ള ഉന്നതരെക്കുറിച്ചുള്ള വിവരങ്ങളാണ്. മോഷണത്തിനും മറ്റും ഒത്താശ ചെയ്തതും സഹായിച്ചതും കോളജ് ജീവനക്കാരിൽ ചിലർ തന്നെയാണത്രേ. കോടിക്കണക്കിന് രൂപയുടെ നിർമ്മാണങ്ങളാണ് കോളജിൽ നടക്കുന്നത്. സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് നിർമ്മാണത്തിന്റെ ചുമതലക്കാരെങ്കിലും എന്തൊക്കെ, എവിടൊക്കെ, എങ്ങനെയൊക്കെ പണിയണമെന്നു തീരുമാനിക്കുന്നത് പിഡബ്ല്യൂഡിയിലെ ചില ഉന്നതരും ചില കോളജ് ജീവനക്കാരും ചേർന്നാണ്. സ്‌കെച്ച് ഒന്നാണെങ്കിൽ പണിതുവരുമ്പോൾ മറ്റൊന്നാകും.

നിർമ്മാണത്തിന് പകൽ എത്തുന്ന അസംസ്‌കൃത വസ്തുക്കൾ രാത്രിയിൽ ഉദ്യോഗസ്ഥ സംഘത്തിന്റെ താവളങ്ങളിലേക്ക് പോകും. മദ്യപാനം ഉൾപ്പെടെയുള്ള കലാപരിപാടികൾ ഭംഗംകൂടാതെ നടക്കാനും ജീവനക്കാർ പ്രത്യേക സൗകര്യമൊരുക്കിയിരുന്നു. ഇതിനൊക്കെ കണ്ണടച്ചു നിൽക്കാൻ സെക്യൂരിറ്റിക്കാർ ഉണ്ടായല്ലേ പറ്റൂ. കെട്ടിട നിർമ്മാണത്തിലെ ക്രമക്കേടും മറ്റും പുറത്തുവന്നാൽ വലിയ അന്വേഷണമുണ്ടാകും. പ്രകൃതിക്ക് ദോഷം വരാത്തവിധം കെട്ടിടങ്ങൾ പണിയാൻ ലഭിച്ച അനുമതിയുടെ മറവിൽ വലിയ മലയിടിച്ചുനിരത്തി നിർമ്മിതി നടത്തി കൊള്ളലാഭം കൊയ്തതും അപകട സാധ്യത വരുത്തി വച്ചിരിക്കുന്നതിനുമൊക്കെ മറുപടി പറയേണ്ടിവരും.

മൂന്ന് കോടി ചെലവിൽ കോളജിലെ നോൺ ഗസറ്റഡ് ജീവനക്കാർക്കായി പണിയാൻ ലക്ഷ്യമിട്ട ഫ്ളാറ്റുകളുടെ വലിപ്പം അൽപം കൂട്ടി ഗസറ്റഡ് ജീവനക്കാരുടേതാക്കി മാറ്റി നടത്തിയ തട്ടിപ്പ് നേരത്തെ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരത്തിലെ നിരവധി അഴിമതികൾ, കള്ളൻ അകത്താകുന്നതോടെ പുറത്തുവരുമെന്ന ഭീതിയാണ് അദ്ധ്യാപക പ്രമുഖനടക്കമുള്ളവർക്കുണ്ടായത്. അതുകൊണ്ട് മോഷ്ടാവിനെ രക്ഷിച്ചും സ്വന്തം തടി സംരക്ഷിക്കാനുള്ള തത്രപ്പാടിലാണ് അധികൃതരിപ്പോൾ. മോഷ്ടിച്ചു വിറ്റ പ്രൊജക്ടറുകളിലൊന്നിനു പകരം മറ്റൊന്ന് കോഴിക്കോട്ട് നിന്നു വാങ്ങി വച്ചു കഴിഞ്ഞു. അതു പക്ഷേ, പുതിയ മോഡലായത് കള്ളി വെളിച്ചത്താക്കി.

പഴയ മോഡൽ കിട്ടാനില്ലാത്തതുകൊണ്ടാണ് പുതിയത് വാങ്ങിയത്. കോളജിന്റെ സി. സി ടി വി കാമറയിലെ ദൃശ്യങ്ങൾ മായ്ക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.