തൃശൂർ: കുഞ്ഞഹമ്മദ് ഹാജിയുടെ പുന്നയൂർക്കുളത്തെ വീട്ടിൽ നിന്ന് 500 പവന്റെ വജ്രാഭരണങ്ങളും സ്വർണ്ണവും മോഷണം പോയെന്ന് വാർത്ത പരന്നപ്പോൾ കേരളമാകെ മൂക്കത്ത് വിരൽ വച്ചു. പക്ഷെ പുന്നയൂർകുളത്തുകാർക്ക് മാത്രം ഒരു അതിശയവും തോന്നിയില്ല. കൊട്ടാര സദൃശ്യമായ വീട്ടിൽ താമസിക്കുന്ന ഹാജിയെ നേരിട്ടറിയാവുന്നവർ കഷ്ടമായി പോയി എന്ന് വിഷമത്തോടെ പറയും. അതിലുപരി അവിടെ അത്ഭുതത്തിന് പ്രസക്തിയേ ഇല്ലേന്നാണ് അവരുടെ പക്ഷം.

കുഞ്ഞഹമ്മദ് ഹാജിയുടെ വീട്ടിൽ കവർച്ച നടന്നിട്ട് ഇത്രയേ പോയുള്ളോ എന്ന് ചോദിക്കുന്നവരും നാട്ടിൽ കുറവല്ല. ഹാജിയെ ഇന്നാട്ടുകാർക്ക് വളരെ പണ്ട് തന്നെ നേരിട്ടറിയാവുന്നത് തന്നെയാണ് ഇതിനൊക്കെ കാരണം. നാട്ടിൽ പച്ചക്കറി വ്യാപാരിയായാണ് കുഞ്ഞഹമ്മദ് ഹാജി അറിയപ്പെടുന്നത്. കച്ചവടം എന്ന പാരമ്പര്യ ബിസിനസിൽ ഹാജി തുടക്കം കുറിക്കുന്നതും ഇതിൽ തന്നെയാണെന്നും നാട്ടുകാർ പറയുന്നു. എന്നാൽ ഹാജിക്ക് എന്ത് തരം വ്യവസായങ്ങൾ ഒക്കെയാണ് ഉള്ളതെന്നതിൽ നാട്ടുകാർക്ക് യാതൊരു വ്യക്തതയുമില്ല. നാട്ടിലും വിദേശത്തുമായി കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള പുന്നയൂർക്കുളത്തെ ഈ മുതലാളിക്ക് ഇന്ത്യൻ റെയിൽവെക്ക് ആവശ്യത്തിന് കമ്പി സപ്ലെ ചെയ്യുന്ന കരാറുമുണ്ടെന്നാണ് പൊതു സംസാരം.

വൻകിട കയറ്റുമതിക്കാരൻ കൂടിയാണ് ഹാജിയെന്നാണ് നാട്ടുകാർ പറയുന്നത്. ഹാജിയുടെ ഒരു സ്വഭാവം വച്ച് ഇതൊന്നും കണ്ടാൽ പോരെന്നാണ് നാട്ടുകാരനായ ഒരാൾ മറുനാടൻ മലയാളിയോട് പറഞ്ഞത്. സ്വർണ്ണവും വജ്രവും എന്നും അദ്ദേഹത്തിന് ലഹരി തന്നെയായിരുന്നുവെന്നും പറയപ്പെടുന്നു. എപ്പോഴും വിദേശത്താണ് കുഞ്ഞഹമ്മദ് ഹാജിയും അദ്ദേഹത്തിന്റെ കുടുംബവും. എന്നാൽ ചുരുങ്ങിയത് രണ്ട് മാസത്തിനിടയിലെങ്കിലും ഹാജിയോ മക്കളോ നാട്ടിലെത്താറുണ്ട്. പൂട്ടിക്കിടക്കുന്ന വീട്ടിൽ ആഭരണങ്ങളും പണവും സൂക്ഷിക്കാൻ പ്രത്യേക സേയ്ഫ് തന്നെ പണിതിട്ടുണ്ടത്രെ. ഈ സേയ്ഫ് തുറന്നാണോ മോഷണം നടത്തിയതെന്ന് വ്യക്തമാക്കാൻ പൊലീസ് ഇത് വരെ തയ്യാറാട്ടില്ല താനും. 500 പവന്റെ വജ്രാഭരണം എന്നത് പൊലീസ് പറയുന്ന കണക്ക് മാത്രമായിരിക്കും എന്നതാണ് നാട്ടുകാർ അടക്കി പറയുന്നത്.

കാവൽക്കാർ വരെയുള്ള വലിയ മാളികയിൽ ഹാജി പണവും സ്വർണ്ണവും ഇതിലധികം സൂക്ഷിച്ചിട്ടുണ്ടാകുമെന്നാണ് അറിയാൻ കഴിയുന്നത്. വജ്രവും സ്വർണ്ണവും ഇത്രയധികം പോയിട്ടും കേവലം 35000 രൂപ മാത്രമാണ് ഈ മാളികയിൽ നിന്ന് കളവ് പോയതെന്ന് പൊലീസുകാർ പറയുന്നു. സംഭവമറിഞ്ഞിട്ടും അദ്ദേഹവും കുടുംബവും നാട്ടിലെത്തിട്ടില്ല. ഹാജിയുടെ മക്കളെല്ലാം വിദേശത്ത് തന്നെയാണുള്ളത്. അതേസ്മയം കേസിന്റെ പുരോഗതിയെ കുറിച്ച് ഹാജി നേരിട്ട് തന്നെ അന്വേഷണ ഉദ്യോഗസ്ഥനോട് ഫോണിൽ സംസാരിച്ചുവെന്നും വിവരമുണ്ട്.

പ്രതികളുടെ ഏതാണ്ട് ഒരു രൂപം തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ അന്വേഷണ സംഘം തയ്യാറായില്ല.സ്വർണ്ണത്തിന്റേയും വജ്രത്തിന്റേയും സോഴ്‌സ് വെളിപ്പെടുത്താൻ ഹാജിയോട് പൊലീസ് ആവശ്യപ്പെടുമെന്നാണ് സൂചന.കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും പ്രതികളെ ഉടൻ പിടികൂടാൻ കഴിയുമെന്ന് തന്നെയാണ് പൊലീസിന്റെ പ്രതീക്ഷ.

സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നത് വീടുമായി നല്ല അടുപ്പമുള്ളവരെ കേന്ദ്രീകരിച്ചാണ്. വീട്ടിലെ മുറികളും വഴികളും എല്ലാം ചിരപരിചിതമായവർക്ക് മോഷണത്തിൽ പങ്കുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ഒരു യുവാവിനെ വിവരങ്ങൾ ചോദിച്ചറിയാനായി വിളിപ്പിച്ചിട്ടുണ്ട്. അടുത്തകാലത്ത് വീട്ടിൽ വന്നിരുന്നവരെക്കുറിച്ചും അവരുടെ പശ്ചാത്തലത്തെക്കുറിച്ചും പൊലീസ് വിവരങ്ങൾ ശേഖരിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്. വീട്ടുടമ കുഞ്ഞുമുഹമ്മദ് ഗൾഫിൽ നിന്ന് ഇന്ന് എത്തും. വീടുമായി ഇടപഴകിയവരെ കുറിച്ച് അദ്ദേഹത്തിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ കാത്തിരിക്കുകയാണ് പൊലീസ്.

കുഞ്ഞുമുഹമ്മദും കുടുംബവും വിദേശത്തായതിനാൽ നഷ്ടമായ വസ്തുക്കളുടെ മൂല്യം ഇനിയും കണക്കാക്കിയിട്ടില്ല. മുൻപും മോഷണ ശ്രമം നടന്നിട്ടുള്ള അത്യാഡംബര വീടിന്റെ സവിശേഷതകൾ നാട്ടുകാർക്കും കൂടുതൽ അറിയില്ല. വീട്ടുടമസ്ഥൻ എത്തിയ ശേഷം കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാമെന്ന നിലപാടിലാണ് പൊലീസ്. ഐ.ജി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മോഷണം നടന്ന സ്ഥലത്തെത്തി ഇന്നലെ പരിശോധന നടത്തിയിരുന്നു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലം പരിശോധിച്ചു.

വീടിന്റെ പുറകുവശത്തെ വാതിൽ അടക്കം അഞ്ചു വാതിലുകൾ തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നത്. നാലര ഏക്കറോളം വരുന്ന പറമ്പിൽ സ്ഥിതി ചെയ്യുന്ന വീടിന് ' രണ്ടു കാവൽക്കാരുണ്ട്. സുരക്ഷയ്ക്കായി പന്ത്രടിയോളം ഉയരമുള്ളതാണ് മതിൽ. കള്ളന്മാർ വളരെ പണിപ്പെട്ട് തന്നെയാകും വീട്ടിൽ എത്തിയതെന്നാണ് കരുതുന്നത്.

വിദേശത്ത് നിരവധി സ്ഥാപനങ്ങളുള്ള കുഞ്ഞുമുഹമ്മദ് കഴിഞ്ഞ ഇരുപതാം തീയതിയാണ് വിദേശത്തേക്ക് പോയത്. വ്യാപാര ആവശ്യങ്ങൾക്കായി ഇടയ്ക്കിടെ കുഞ്ഞുമുഹമ്മദ് നാട്ടിൽ വന്നു പോകാറുണ്ട്. വടക്കേകാട് മുക്കില പീടികയിൽ നിന്ന് നൂറു മീറ്റർ മാറി എടക്കര റോഡിലാണ് കുഞ്ഞുമുഹമ്മദ് ഹാജിയെന്ന 'തടാകം' ഹാജിയുടെ വീട്. രണ്ടു മാസം മുമ്പാണ് വീടിന്റെ അറ്റകുറ്റപണികൾ കഴിഞ്ഞത്.' ദുബായിലെ ജലീൽ ട്രെഡേഴ്‌സ് എന്ന ബിസിനസ് സ്ഥാപനത്തിന്റെ ഉടമ കൂടിയാണ് ഹാജി.