കോട്ടയം: ട്രെയിൻ യാത്രക്കിടയിൽ ചായയിൽ മയക്കുമരുന്ന് നൽകി ബോധരഹിതരാക്കി അമ്മയെയും മകളെയും കൊള്ളയടിച്ചു. പിറവം അഞ്ചൽപ്പെട്ടി നെല്ലിക്കുന്നേൽ പരേതനായ സെബാസ്റ്റ്യെന്റെ ഭാര്യ ഷീലാ സെബാസ്റ്റ്യൻ (60), മകൾ ചിക്കു മരിയ സെബാസ്റ്റ്യൻ (24) എന്നിവരാണ് കവർച്ചയ്ക്ക് ഇരയായത്.

ഇരുവരുടെയും പത്തരപവൻ സ്വർണം, രണ്ട് മൊബൈൽ ഫോണുകൾ, കൈയിലുണ്ടായിരുന്ന 18,000 രൂപ, നഴ്‌സിങ് സർട്ടിഫിക്കറ്റുകൾ, മുത്തുകൾ എന്നിവയെല്ലാമാണ് നഷ്ടമായത്. കോട്ടയത്ത് അബോധാവസ്ഥയിൽ ട്രെയിനിൽ കണ്ടെത്തിയ ഇവരെ റെയിൽവേ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്.

സെക്കൻഡറാബാദിൽ നഴ്‌സിങ് പഠനം പൂർത്തിയാക്കിയ മകൾ ചിക്കു ഐഇഎൽടിഎസിന് പഠിക്കുകയാണ്. മകളുടെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിനാണ് കഴിഞ്ഞദിവസം ഇരുവരും യാത്ര പുറപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് ശബരി എക്സ്‌പ്രസിന്റെ എസ് 8 കമ്പാർട്ട്‌മെന്റിലാണ് ഇരുവരും കയറിയത്. ആലുവയ്ക്കാണ് ടിക്കറ്റ് എടുത്തിരുന്നത്. തൊട്ടടുത്ത സീറ്റുകളിൽ ഇതരസംസ്ഥാനക്കാരായ മൂന്നുപേരും ഉണ്ടായിരുന്നതായി ഇവർ പൊലീസിനു മൊഴി നൽകി.

വെള്ളിയാഴ്ച വൈകിട്ടും ശനിയാഴ്ച രാവിലെയും ഇതരസംസ്ഥാന സംഘം അമ്മയ്ക്കും മകൾക്കും ട്രെയിനിൽനിന്നും ചായ വാങ്ങി നൽകിയിരുന്നു. ട്രെയിൻ സേലത്തുനിന്നും പുറപ്പെട്ട ശേഷം ശനിയാഴ്ച രാവിലെയാണ് ചായ വാങ്ങി നൽകിയത്. ചായ കുടിച്ച് അൽപസമയത്തിനു ശേഷം ഇരുവരും അബോധാവസ്ഥയിലായി.

ശനിയാഴ്ച വൈകീട്ട് ട്രെയിൻ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്താറായപ്പോൾ രണ്ടുപേർ അബോധാവസ്ഥയിൽ കിടക്കുന്നത് ടിടിഇയാണ് കണ്ടെത്തിയത്. തുടർന്ന് വിവരം പൊലീസ് കണ്ട്രോൾ റൂമിൽ അറിയിച്ചു. റെയിൽവേ പൊലീസ് എത്തി ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.