കോഴിക്കോട്: പോപുലർ ഫ്രണ്ട് മുഖപത്രമായ തേജസ് ദിനപത്രം അച്ചടി നിർത്തുന്നത് സർക്കാരിന്റെ പ്രതികാര നടപടികൾ മൂലമെന്ന് മാനേജ്‌മെന്റിന്റെ വിശദാകരണം. സർക്കാർ പരസ്യം നിഷേധിക്കുക മാത്രമല്ല, പത്രമാരണ നിയമം ഉപയോഗിച്ച് തേജസിനെ ഞെരിച്ചുകൊല്ലുകയായിരുന്നു. ഡിസംബർ 31 നാണ് തേജസ് അച്ചടി നിർത്തുന്നത്. തീരുമാനം തേജസ് മാനേജ്മെന്റ് കഴിഞ്ഞ ദിവസം തേജസ് ജീവനക്കാരെ വിവരം അറിയിച്ചിരുന്നു. മുഴുവൻ ജീവനക്കാരെയും കോഴിക്കോട്ടെ ഓഫിസിലേക്കു വിളിച്ചുകൂട്ടി തേജസ് ഡയറക്ടർ നാസറുദ്ദീൻ എളമരം കാര്യങ്ങൾ തൊഴിലാളികളെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാനേജ്‌മെന്റിന്റെ ഔദ്യോഗിക വിശദീകരണ കുറിപ്പ് വന്നത്.

വിശദീകരണ കുറിപ്പ്  ഇങ്ങനെ:

2018 ഡിസംബർ 31ന് തേജസ് ദിനപത്രം അച്ചടി നിർത്തുന്നു

കോഴിക്കോട്
22 തിങ്കൾ 2018

2006 ജനുവരി 26 ലെ റിപബ്ലിക് ദിന പ്രഭാതത്തിലാണ് കോഴിക്കോട്ടു നിന്ന് തേജസ് ദിനപത്രം പ്രസിദ്ധീകരണം ആരംഭിച്ചത്. സവിശേഷമായ ഒരിടം അടയാളപ്പെടുത്തി മലയാളി വായനക്കാർക്കിടയിൽ തേജസ് അതിവേഗം സ്വീകാര്യത നേടി. രൂപകൽപ്പനയിലും ഉള്ളടക്കത്തിലും വ്യതിരിക്തത പുലർത്തിയ തേജസ് മലയാള മാധ്യമരംഗത്തെ പരമ്പരാഗത ശൈലികളെ മാറ്റിയെഴുതി. പാർശ്വവൽകൃതരുടെ ശബ്ദമായി മാറിയ തേജസ് സംശയത്തിന്റെ ആനുകൂല്യം എപ്പോഴും ഇരകൾക്കാണു നൽകിയത്. ഭരണകൂടാതിക്രമങ്ങളെയും മനുഷ്യാവകാശ ലംഘനങ്ങളെയും തുറന്നുകാട്ടുന്നതിലും പൊലീസ്-ഭരണകൂട ഭാഷ്യങ്ങളുടെ മറുപുറം ജനങ്ങളിലെത്തിക്കുന്നതിലും തേജസ് ബദ്ധശ്രദ്ധമായിരുന്നു. സാമ്രാജ്യത്വത്തിനും ഇന്ത്യയിലെ വലതുപക്ഷ ഹിന്ദുത്വ ഫാഷിസത്തിനുമെതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണത് സ്വീകരിച്ചത്.

കോർപറേറ്റ് താൽപര്യങ്ങളെയും സർക്കാരുകളുടെ ജനവിരുദ്ധ-പരിസ്ഥിതി വിരുദ്ധ വികസന കാഴ്ചപ്പാടുകളെയും തുറന്നെതിർക്കുന്നതിലും കാർക്കശ്യം പുലർത്തി. ന്യൂനപക്ഷങ്ങളുടെയും ദലിത് പിന്നാക്ക വിഭാഗങ്ങളുടെയും ഉൽക്കണ്ഠകൾക്ക് ഇടം നൽകുകയും ചെയ്തു. മാധ്യമലോകത്ത് അസ്പൃശ്യത കൽപിച്ച് അകറ്റിനിർത്തപ്പെട്ട കീഴാളവിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾക്കും ഗണനീയമായ പ്രാതിനിധ്യമാണ് തേജസ് നൽകിയത്. എല്ലാ വിഭാഗം ജനങ്ങളെയും പരിഗണിക്കുന്ന ഒരു പൊതുപത്രമായിരുന്നു തേജസ്.

തേജസിനെ സംബന്ധിച്ച് നിഷ്പക്ഷതയെന്നാൽ ജനപക്ഷം ആയിരുന്നു. മനുഷ്യാവകാശത്തിനായി പ്രതിവാര കോളവും ഞായറാഴ്ചതോറും വായനക്കാരുടെ മുഖപ്രസംഗവും തേജസിന്റെ മാത്രം സവിശേഷതയായിരുന്നു. എഡിറ്റ് പേജിന്റെ മൂന്നിലൊന്ന് വായനക്കാരുടെ കത്തുകൾക്ക് സ്ഥലമനുവദിച്ച് തേജസ് പൊതുജനാഭിപ്രായങ്ങൾക്ക് അർഹമായ ഇടം നൽകി. മലയാള പത്രങ്ങളിൽ പതിവില്ലാത്ത രണ്ടാം മുഖപ്രസംഗം തേജസിന്റെ മറ്റൊരു സവിശേഷതയായിരുന്നു.

ആദ്യവർഷം തന്നെ തിരുവനന്തപുരത്തും പിന്നീട് കൊച്ചി, കണ്ണൂർ, കോട്ടയം എന്നിവിടങ്ങളിലും എഡിഷനുകൾ ആരംഭിച്ചു. പിന്നീട് സൗദി, ഖത്തർ, ബഹ്റയ്ൻ എന്നിവിടങ്ങളിൽ നിന്ന് ഗൾഫ് എഡിഷനുകളും തുടങ്ങി. ആദ്യവർഷം തന്നെ തേജസിനെ മീഡിയ ലിസ്റ്റിൽ ഉൾപ്പെടുത്തി സർക്കാർ പരസ്യങ്ങൾ തന്നുതുടങ്ങി. പിന്നീട് ഡിഎവിപി പരസ്യങ്ങളും ലഭിച്ചു. സർക്കാരിന്റെ വിദേശനയങ്ങളെയും വികസനസംരഭങ്ങളെയും വിമർശിക്കുന്നുവെന്നും, സർക്കാർ താൽപ്പര്യത്തിനു വിരുദ്ധമായി വാർത്തകൾ പ്രസിദ്ധീകരിക്കുന്നുവെന്നതുമടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി, 2010 മെയ് 14ന് കേരളത്തിലെ അന്നത്തെ ഇടതുപക്ഷ സർക്കാരാണ് തേജസിനുള്ള സർക്കാർ പരസ്യങ്ങൾ നിർത്തിവച്ചത്. യാതൊരു മുന്നറിയിപ്പോ കാരണം കാണിക്കൽ നോട്ടീസോ നൽകാതെ പബ്ലിക് റിലേഷൻസ് ഡിപാർട്ട്മെന്റിൽ നിന്ന് ഫോണിൽ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് സംസ്ഥാന സർക്കാർ പരസ്യങ്ങൾ നൽകുന്നില്ല എന്ന കാരണത്താൽ കേന്ദ്രസർക്കാരും പരസ്യങ്ങൾ നൽകുന്നത് നിർത്തിവച്ചു.

കേന്ദ്രആഭ്യന്തര മന്ത്രാലയത്തിൽ നിന്നും 2009 നവംബർ 18 ന് അയച്ച ഒരു സർക്കുലറും സംസ്ഥാന ഇന്റലിജൻസ് മേധാവി 2012 ജൂലൈ 26 ന് നൽകിയ ഒരു കത്തുമാണ് പരസ്യനിഷേധത്തിന് ആധാരമായി പറയുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റ ദേശീയോദ്‌ഗ്രഥന വിഭാഗത്തിൽ നിന്നുള്ള സർക്കുലറിൽ തേജസിന് സംബന്ധിച്ച് ഉന്നയിച്ച സംശയങ്ങൾക്ക് ഞങ്ങൾ കൃത്യവും വ്യക്തവുമായ മറുപടി നൽകിയതാണ്. അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീൽകുമാർ ഷിൻഡെയെയും വകുപ്പിലെ ഉന്നതോദ്യോഗസ്ഥരെയും നേരിൽ കണ്ട് കാര്യങ്ങൾ വിശദീകരിക്കുകയും തേജസിന്റെ നിലപാടുകളെയും വാർത്തകളെയും സംബന്ധിച്ച് സർക്കാരിന് എന്തെങ്കിലും സംശയമുണ്ടെങ്കിൽ തുറന്നതും സ്വതന്ത്രവുമായ അന്വേഷണത്തിന് ഉത്തരവിടണമെന്ന് അഭ്യർത്ഥിക്കുകയുണ്ടായി. എന്നാൽ നാളിതുവരെ സർക്കാർ അത്തരത്തിലുള്ള ഒരു നീക്കവും നടത്തിയിട്ടില്ല.

ഇതിനിടെ രാജ്യത്തിന്റെ ദേശീയ ഐക്യത്തെയും താൽപര്യത്തെയും അത്യന്തം ഗുരുതരമായ രീതിയിൽ ബാധിക്കുന്ന തരത്തിലുള്ള വാർത്തകളും ലേഖനങ്ങളും എഡിറ്റോറിയലുകളും ശ്രദ്ധയിൽപ്പെട്ടിരിക്കുന്നതായും അതുകൊണ്ട് 1867 ലെ പ്രസ് ആൻഡ് രജിസ്ട്രേഷൻ ഓഫ് ബുക്ക്സ് ആക്ട് പ്രകാരം, പത്രത്തിന്റെ ഡിക്ലറേഷൻ റദ്ദ് ചെയ്യാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം, കോഴിക്കോട് ജില്ലാ മജിസ്ട്രേറ്റുമാർ എഡിറ്റർക്ക് നോട്ടീസയച്ചു. എന്നാൽ പ്രസ്തുത നോട്ടീസിൽ ഏതെല്ലാമാണ് വർഗീയവും പ്രകോപനപരവുമായ വാർത്തകളും ലേഖനങ്ങളുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നില്ല. അവ ഏതെന്ന് തേജസ് മാനേജ്മെന്റ് ആവശ്യപ്പെട്ടപ്പോൾ മാത്രമാണ് തിരുവനന്തപുരം ബ്യൂറോയിൽ നിന്നും പഴയ പത്രങ്ങളുടെ പ്രതികൾ തപ്പിയെടുത്ത് 18 വാർത്തകളുടെ പട്ടികയുണ്ടാക്കി അയച്ചത്. ഇതിനും രേഖാമൂലം ഞങ്ങൾ മറുപടി നൽകുകയുണ്ടായി. മറ്റ് പത്രങ്ങളിൽ വന്നതും ഇംഗ്ലീഷ് പത്രങ്ങളിൽ നിന്ന് പരിഭാഷപ്പെടുത്തിയതുമായ വാർത്തകളും ലേഖനങ്ങളും ഉദ്ധരിച്ച് രാജ്യദ്രോഹമായും വർഗീയതയായും ചിത്രീകരിച്ച് തേജസിനെ ഗളഹസ്തം ചെയ്യാൻ സർക്കാർ നടത്തിയ നീക്കം അങ്ങേയറ്റം അപഹാസ്യമാണെന്ന് പറയേണ്ടതില്ലല്ലോ.

പരസ്യം നിഷേധിക്കുക മാത്രമല്ല, പത്രമാരണ നിയമമുപയോഗിച്ച് തേജസിനെ ഞെരിച്ചുകൊല്ലുകയായിരുന്നു ലക്ഷ്യമെന്നു ഇതോടെ വ്യക്തമായി. ആരോപിത വിഷയങ്ങളിൽ ഇന്നുവരെ ഒരു കോടതിയും ഒരു കേസുപോലും തേജസിനെതിരേ ഉണ്ടാവുകയോ ഏതെങ്കിലും വിധി പ്രസ്താവം കോടതികൾ നടത്തുകയോ ഉണ്ടായിട്ടില്ല. ഇന്റലിജൻസ് വിഭാഗത്തിൽ നിന്നുള്ള കത്തിനെ സംബന്ധിച്ച് തേജസ് പ്രവർത്തകർ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെയും പിന്നീട് വകുപ്പിൽ ചുമതലപ്പെട്ട അധികാരികളെയും നേരിൽ കണ്ടും രേഖാമൂലവും ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. തേജസ് നൽകിയ നിവേദനങ്ങൾക്ക് സർക്കാർ മറുപടിപോലും നൽകിയിട്ടില്ല. ഇൽന (ഇന്ത്യൻ ലാംഗ്വേജ് ന്യൂസ് പേപ്പർ അസോസിയേഷൻ)യും പ്രസ്സ് കൗൺസിൽ ഓഫ് ഇന്ത്യയും തേജസിനെതിരായ നടപടികൾ നിർത്തി വയ്ക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും അതും ഫലം കണ്ടില്ല.

മാനേജ്മെന്റിന്റെയും ജീവനക്കാരുടെയും പ്രതിനിധികൾ ബന്ധപ്പെട്ടവരെ പലതവണ കണ്ടെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല. പിന്നീട് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോഴും നീതിനിഷേധം ബന്ധപ്പെവരെ ബോധ്യപ്പെടുത്തി. മുഖ്യമന്ത്രി, പബ്ലിക് റിലേഷൻസ് വകുപ്പു മന്ത്രി, ആഭ്യന്തരവകുപ്പു മന്ത്രി, ഇന്റലിജൻസ് മേധാവികൾ എന്നിവരെ കണ്ട് വിഷയം അവതരിപ്പിച്ചു. തദടിസ്ഥാനത്തിൽ ഉമ്മൻ ചാണ്ടി സർക്കാർ 08.09.2011 മുതൽ 25.08.2012 വരെ ഒരു വർഷത്തിൽ താഴെ പരസ്യം നൽകി. വീണ്ടും നിർത്തിവച്ചു. വീണ്ടും സമ്മർദഫലമായി 29.12.2012 മുതൽ പരസ്യം ലഭിച്ചുതുടങ്ങിയെങ്കിൽ 19.03.2013ൽ അതും നിർത്തി. യുഡിഎഫ് സർക്കാരിന്റെ 3ാം വാർഷികാഘോഷവേളയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തേജസിന് പരസ്യം നൽകാൻ പിആർഡിക്ക് രേഖാമൂലം നിർദ്ദേശം നൽകിയെങ്കിലും രണ്ടു ദിവസം മാത്രം സർക്കാർ പരസ്യം നൽകി വീണ്ടും നിർത്തി.

സർക്കാർ പ്രതിനിധികളെ നിരവധി തവണ കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടും ഫലം കാണാതെ വന്നപ്പോഴാണ് കേരള ഹൈക്കോടതിയിൽ പരസ്യനിഷേധത്തിനെതിരേ കേസ് ഫയൽ ചെയ്തത്. 23.06.2015 ലെ ഹൈക്കോടതി വിധിയിൽ ഒരു പ്രാഥമിക സൂക്ഷ്മപരിശോധനാ സമിതിയും ഉന്നതതല സമിതിയും രൂപീകരിച്ച്, തേജസിന് സർക്കാർ പരസ്യം നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കേരള സർക്കാരിനോട് ആവശ്യപ്പെട്ടു. വിധി പുറപ്പെടുവിച്ച് ഏറെനാൾ കഴിഞ്ഞ് രൂപീകരിക്കപ്പെട്ട സമിതി, തേജസ് പത്രത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും എഡിറ്റോറിയലുകളും വർഗീയവിഭജനം സൃഷ്ടിച്ചേക്കാം എന്ന നിഗമനത്തിലെത്തി പരസ്യങ്ങൾ നിർത്തിവച്ച നടപടി തുടരാമെന്ന് ശുപാർശചെയ്തു. അതോടെ കഴിഞ്ഞ 8 വർഷമായി തുടർന്നിരുന്ന പരസ്യനിഷേധം അരക്കിട്ടുറപ്പിക്കുകയും ചെയ്തു.

സർക്കാർ പരസ്യങ്ങളില്ലാതെ തേജസിനെ പോലൊരു ചെറുകിട പത്രത്തിന് അധികനാൾ മുന്നോട്ടുപോവാനാവില്ലെന്ന് വ്യക്തമാണല്ലോ. സർക്കാർ പരസ്യം നിലച്ചതോടെ മറ്റ് പരസ്യദാതാക്കളും നിസ്സഹകരിച്ചു തുടങ്ങി. ചില പരസ്യദാതാക്കളെ പൊലീസ് ഭീഷണിപ്പെടുത്തി പരസ്യം നൽകുന്നത് മുടക്കാനും ശ്രമമുണ്ടായി. പാർശ്വവൽക്കരിക്കപ്പെട്ടവന്റെ പക്ഷം പിടിക്കുന്ന ഒരു പത്രം എന്ന നിലയിൽ, വിട്ടുവീഴ്ചയില്ലാത്ത അതിന്റെ നിലപാടുകളുടെ പേരിൽ തേജസ് പ്രത്യേകം ഉന്നംവയ്ക്കുകയായിരുന്നു. നിയമവഴിയിൽ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്നതിനു പകരം അമിതമായ രാഷ്ട്രീയാധികാര പ്രയോഗത്തിലൂടെ അത്തരം നീക്കങ്ങളെ നിർവീര്യമാക്കാനും നീട്ടിക്കൊണ്ടു പോകാനും മറ്റുമാണ് ഭരണനേതൃത്വം ശ്രമിച്ചത്.

തേജസ് പത്രം സമൂഹത്തിൽ ഉയർന്നുവന്നത് കീഴാളസമൂഹങ്ങളുടെ ശാക്തീകരണപ്രക്രിയകളുടെ സ്വാഭാവിക പ്രതികരണമായാണ്. അത് അധികാര ഘടനയിലും സമൂഹത്തിലും തങ്ങളുടെ മേൽക്കൈ ഉറപ്പിച്ചു നിർത്താൻ ശ്രമിക്കുന്ന വരേണ്യവിഭാഗങ്ങൾക്ക് അരോചകമാണ് എന്ന് ഞങ്ങൾ തിരിച്ചറിയുന്നു. ഈ പത്രത്തിനെതിരേ അധികാരികളുടെ ഭാഗത്തുനിന്നും കഴിഞ്ഞ 8 വർഷമായി ഏകപക്ഷീയമായി വന്നുകൊണ്ടിരിക്കുന്ന കടന്നാക്രമങ്ങളുടെ പിന്നിലുള്ളത് ഈ നിക്ഷിപ്ത താൽപര്യങ്ങളും മനോഘടനയും തന്നെയാണ്. ഞങ്ങൾ അതിനോട് രാജിയാവാൻ തയ്യാറില്ല. സമൂഹത്തിൽ എല്ലാവിഭാഗം ജനങ്ങൾക്കും തുല്യമായ നിലയിൽ പൊതുകാര്യങ്ങളിൽ ഇടപെടാനും അഭിപ്രായങ്ങൾ പറയാനുമുള്ള അവകാശമുണ്ട് എന്ന് ഞങ്ങൾ ഉറച്ചുവിശ്വസിക്കുന്നു. അതിനായി ഞങ്ങളുടെ കഴിവിനൊത്ത് പ്രവർത്തിക്കുന്നു. ഏതെങ്കിലും തരത്തിലുള്ള പ്രകോപനമോ സംഘർഷങ്ങളോ ഉണ്ടാക്കുന്ന നിലപാട് സ്വീകരിക്കുന്നത് തേജസിന്റെ രീതിയല്ല.

ഇതിനു പുറമെ ജീവനക്കാർക്ക് നൽകിവരുന്ന പെൻഷൻ, അക്രഡിറ്റേഷൻ ആനുകൂല്യങ്ങൾ റദ്ദ് ചെയ്തുകൊണ്ട് പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടതുസർക്കാർ തേജസിനെ ഇല്ലാതാക്കാനുള്ള നീക്കങ്ങൾക്ക് ആക്കം കൂട്ടി. മാനേജ്മെന്റ് പ്രതിനിധികളും ജീവനക്കാരും മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും നേരിൽ കണ്ട് പ്രശ്നങ്ങൾ ബോധിപ്പിച്ചിട്ടും കേരള പത്രപ്രവർത്തക യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധസമരം നടത്തുകയും നേതാക്കൾ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അനുകൂല നിലപാട് സ്വീകരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. എല്ലാ അർഥത്തിലും തികച്ചും പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടിയാണ് ഓരോ ദിവസവും തേജസ് പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നത്. തേജസ് ഉയർത്തിപ്പിടിക്കുന്ന നിലപാടുകളോടൊപ്പം നിന്ന വായനക്കാരുടെ അകമഴിഞ്ഞ പിന്തുണയാണ് ഇക്കാലമത്രയും ഞങ്ങൾക്ക് ധീരമായി മുന്നോട്ടുപോകാനുള്ള കരുത്ത് നൽകിയത്.

ഇതിനിടയിലും ജീവനക്കാരുടെ വേതനം മുടക്കം കൂടാതെ കൃത്യമായി ലഭ്യമാക്കാനും പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് സേവനവേതന വ്യവസ്ഥകൾ കാലാനുസൃതമായി പരിഷ്‌കരിക്കാനും ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. മാധ്യമലോകം പൊതുവേ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ പരസ്യനിഷേധം അടക്കമുള്ള സർക്കാരിന്റെ തികച്ചും ജനാധിപത്യവിരുദ്ധമായ സമീപനം കടുത്ത സാമ്പത്തിക ബാധ്യതയാണ് തേജസിന് വരുത്തിയിട്ടുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഭീമമായ സാമ്പത്തിക ഭാരം തേജസിന്റെ സുഗമമായ മുന്നോട്ടുപോക്കിന് തടസ്സമായിരിക്കുകയാണ്.

കേരളത്തിന്റെ നവോത്ഥാന പാരമ്പര്യവും പുരോഗമന പിന്തുടർച്ചയും അവകാശപ്പെടുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനം നേതൃത്വം നൽകുന്ന സർക്കാരാണ് തേജസിന്റെ നാവരിയാനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടതും ഇപ്പോഴും തുടരുന്നതും എന്ന വസ്തുത വേദനാജനകവും ലജ്ജാകരവുമാണ് എന്ന് പറയാതെ വയ്യ. നാവരിഞ്ഞാലും നട്ടെല്ലു വളക്കില്ലെന്ന നിശ്ചയദാർഢ്യമാണ് ഇക്കാലമത്രയും ഈ ചെറിയ പത്രത്തിന്റെ മുഖമുദ്രയായി ഞങ്ങൾ കാത്തുപോന്നത്. അതിനാൽ ഭരണകൂടത്തിന്റെയും രാഷ്്ട്രീയ നേതൃത്വങ്ങളുടെയും മുൻവിധി പുലർത്തുന്ന രഹസ്യാന്വേഷണ മേധാവികളുടെയും ഔദാര്യത്തിനായി ഇനിയും ഞങ്ങൾ കാത്തു നിൽക്കുന്നില്ല. സത്യസന്ധമായ മാധ്യമ പ്രവർത്തനത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനുംവേണ്ടി, ഭരണകൂടം തീർത്ത വിലങ്ങുകളേറ്റുവാങ്ങി രക്തസാക്ഷിത്വം വരിക്കാൻ തേജസ് തയ്യാറാവുകയാണ്.

നിലവിലെ പ്രതിസന്ധി മറികടക്കാൻ ഞങ്ങൾക്കു മുമ്പിൽ മറ്റു മാർഗങ്ങളില്ല. അതുകൊണ്ട് അന്തസ്സോടെ തലയുയർത്തി പിടിച്ചു തന്നെ തൽക്കാലം ഞങ്ങൾ പിൻവാങ്ങുന്നു. 2018 ഡിസംബർ 31 ന് തേജസ് ദിനപത്രം പ്രസിദ്ധീകരണം നിർത്തുകയാണ്. ഒരു വ്യാഴവട്ടം മലയാളികളുടെ വായനാമുറികളിൽ സ്ഥിരസാന്നിധ്യമായിരുന്ന തേജസ് പുതിയ വർഷത്തിന്റെ പുലരിയിൽ ഉണ്ടാവുകയില്ല. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഭരണകൂടത്തിന്റെ പ്രതികാര നടപടികൾക്കിരയായി അടച്ചുപൂട്ടേണ്ടിവരുന്ന ആദ്യ മലയാള പത്രം എന്ന ഖ്യാതി കൂടി തേജസിനു സ്വന്തമായിരിക്കും. തേജസിന്റെ ഇടം ഇനിയും മാധ്യമലോകത്ത് ശൂന്യമായിരിക്കുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്. ആ ശൂന്യത നികത്തുന്നതിനുള്ള വിവിധ മാധ്യമ ഇടപെടലുകളുമായി ലോകമെമ്പാടുമുള്ള മലയാളി വായനക്കാരോടൊപ്പം തേജസ് ഇനിയുമുണ്ടാകും എന്ന പ്രതീക്ഷയോടെ വിട.

ഒരുവ്യാഴവട്ടക്കാലം മലയാളി സമൂഹത്തിൽ ചർച്ചചെയ്യപ്പെട്ട തേജസ് ദിനപത്രം അടച്ചുപൂട്ടുന്നതോടെ 200ലധികം ജീവനക്കാർ കൂടിയാണ് പെരുവഴിയിലാവുന്നത്. ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകി മാന്യമായി പിരിച്ചുവിടാനും ധാരണയായി. പത്തിൽ താഴെ ജീവനക്കാരെ പുതിയ വാരികയിലേക്കും അത്രയും തന്നെ ജീവനക്കാരെ ഓൺലൈൻ എഡിഷനിലും നിലനിർത്തും. പത്രംഅടച്ചുപൂട്ടുന്ന വാർത്ത നേരത്തെ തന്നെ ചോർന്നതിനെത്തുടർന്ന് ജീവനക്കാർ കൊഴിഞ്ഞുപോവാനും മറ്റുസുരക്ഷിതതാവളങ്ങൾ തേടാനും തുടങ്ങിയിരുന്നു. അടച്ചുപൂട്ടൽ നടപടി സംബന്ധിച്ച് മാനേജ്മെന്റ് നേരത്തെ തന്നെ ലേബർ കമ്മിഷനറുമായി ചർച്ചനടത്തിയിരുന്നു.

1997ൽ മാസികയായി രൂപംകൊണ്ട തേജസ് പിന്നീട് ദ്വൈവാരിക ആവുകയും അത് നിലനിർത്തിക്കൊണ്ട് തന്നെ 2006 ജനുവരി 26ന് ദിനപത്രം തുടങ്ങുകയുമായിരുന്നു. കോഴിക്കോട് മീഞ്ചന്ത ബൈപ്പാസിനടുത്ത് നാലുനിലവരുന്ന കെട്ടിടത്തിൽ ഇന്റർമീഡിയ പബ്ലിഷിങ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് തേജസ് പ്രസിദ്ധീകരണം തുടങ്ങിയത്. നേരത്തെ സൗദിഅറേബ്യ, ഖത്തർ എന്നിവിടങ്ങളിലും തേജസിന് എഡിഷൻ ഉണ്ടായിരുന്നുവെങ്കിലും ഒന്നരവർഷം മുമ്പ് അവ അടച്ചുപൂട്ടിയിരുന്നു. കോഴിക്കോട് ആസ്ഥാനമായ പത്രത്തിന് നിലവിൽ തിരുവനന്തപുരം, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിലും എഡിഷനുകളുണ്ട്.

മുവാറ്റുപുഴയിൽ കോളേജ് അദ്ധ്യാപകന്റെ കൈവെട്ടിയതിനെത്തുടർന്ന് തീവ്രവാദത്തിനും വിധ്വംസകപ്രവർത്തനങ്ങൾക്കും തേജസിനെ പോപുലർഫ്രണ്ട് മറയാക്കുന്നുവെന്ന് ആരോപിച്ചാണ് തേജസിന് പരസ്യം നിഷേധിച്ചത്. മതമൗലിക വാദം വളർത്താൻ തേജസ് പത്രത്തെ പോപ്പുലർ ഫ്രണ്ട് ഉപയോഗിക്കുന്നുണ്ടെന്ന് സംസ്ഥാന സർക്കാർ 2014ൽ കേരളാ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആരോപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതുസംബന്ധിച്ച അന്വേഷണം നടത്തിയ ജില്ലാ കലക്ടർമാർ ഇതിനു വിരുദ്ധമായ റിപോർട്ടാണ് നൽകിയത്.

പരസ്യ നിഷേധത്തിനെതിരേ തേജസ് ജീവനക്കാർ പരസ്യമായി സമര പരിപാടികൾ സംഘടിപ്പിച്ചെങ്കിലും ഫലംകണ്ടിരുന്നില്ല.അതുപോലെ തന്നെ ഖത്തറിൽനിന്നുള്ള ഇസ്ലാമിക പ്രവർത്തനങ്ങൾക്കുള്ള ഫണ്ടും പത്രത്തിന് താങ്ങായിരുന്നു.എന്നാൽ സമീപകാലത്തായി ഖത്തറിനെ മറ്റുരാജ്യങ്ങൾ ഉപരോധിച്ചതോടെ ഈ പണത്തിന്റെ വരവ് നിലച്ചെന്നാണ് അറിയുന്നത്. എന്നാൽ പോപുലർ ഫ്രണ്ട് നേതാക്കൾ ഈ ആരോപണം നിഷേധിക്കയാണ്. തങ്ങൾക്ക് എവിടെനിന്നും പണം വരുന്നില്ല എന്നാണ് അവർ പറയുന്നത്.പത്രം അടച്ചു പൂട്ടുന്നതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നാളെ പത്ര സമ്മേളനം വിളിച്ച് അറിയിക്കുമെന്ന് പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് മറുനാടൻ മലയാളിയോട് പറഞ്ഞു.