ഇടുക്കി: ദാഹിക്കുന്നു ... വെള്ളം വെള്ളം.. എന്ന് പറഞ്ഞ് അവശതയോടെ കരം നിട്ടുന്നവർ , ദേഹമാകെ പൊള്ളി എഴുന്നേൽക്കാൽ പോലുമാവാതെ കിടക്കുന്നവർ ,തീയിൽപ്പെട്ടപ്പോൾ വസ്ത്രം നഷ്ടമായതിനെത്തുടർന്ന് രക്ഷാപ്രവർത്തകർ നൽകിയ മുണ്ടുകൊണ്ട് നാണം മറയ്ക്കാൻ പാടുപെടുന്നവർ .

മീശപ്പുലിമലയിൽ കാട്ടുതീയിൽ അകപ്പെട്ട വിദ്യാർത്ഥിനികളുടെ തേടിയിറങ്ങിയ രക്ഷാപ്രവർത്തകർ പകർത്തിയ വീഡിയോ ദൃശ്യങ്ങളിലെ രംഗങ്ങൾ ഇതാണ്. കരളലിയിക്കുന്നതാണ് ദൃശ്യങ്ങൾ. സാരമായി പൊള്ളലേറ്റ് അവശ നിലയിൽ കാണപ്പെട്ട യുവതി വെള്ളം ആവശ്യപ്പെട്ടിട്ട് നൽകാൻ കഴിയാത്തതിൽ രക്ഷാപ്രവർത്തകൻ വിഷമം പങ്കിടുന്നതും ദൃശ്യത്തിൽ കാണാ. എത്ര പേർ മരിച്ചെന്ന കാര്യത്തിൽ ഇനിയും ഔദ്യോഗീക സ്ഥിരീകരണമായിട്ടില്ല. പുറത്തു വന്ന ദൃശ്യങ്ങളിൽ കാണുന്നവരിൽ നിരവധി പേർ അവശരാണ് .
തമിഴ്‌നാട് കോയമ്പത്തൂർ ഈറോഡ് നിന്നും വിനോദസഞ്ചാരത്തിനെത്തിയ കോളേജ് വിദ്യാർത്ഥിനികളാണ് കാട്ടുതീയിൽ അകപ്പെട്ടത്. സംഘത്തിൽ 40 ഓളം പേരുണ്ടായിരുന്നു എന്നാണ് ലഭ്യമായ വിവരം. 9 പേർക്ക് പൊള്ളലേറ്റതായി സൂചനയുണ്ട്. പലരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ചെന്നൈ ട്രക്കിങ് ക്ലബ്ബിലെഎട്ട് സ്ത്രീകളും 3 കുട്ടികൾ ഉൾപ്പെടെ 36 അംഗ സംഘമാണ് ഉൾവനത്തിനുള്ളിൽ പടർന്നു പിടിച്ച കാട്ടുതീയിൽ അകപ്പെട്ടത്. ചെന്നൈ, ഈറോഡ്, തിരുപ്പൂർ, ശെന്നിമല എന്നിവിടങ്ങളിൽ നിന്നെത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട സംഘത്തിലെ 12 പേരെ പരിക്കുകളോടെ ബോഡി നായ്കന്നൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തിരുപ്പൂർ സ്വദേശികളായ രാജശേഖർ (29)
ഭാവന (12), മേഘ (9) ഈറോഡ് സ്വദേശിസാധന (11) തിരുപ്പൂർ മോനിഷ (30) ചെന്നൈ സ്വദേശികളായ മടിപ്പാക്കം പൂജ (27) സഹാന (20) എന്നിവർ ഉൾപ്പെടെയുള്ളവരാണ് ചികിത്സയിൽ കഴിയുന്നത്.

കേരള തമിഴ്‌നാട് അതിർത്തിയായ ബോഡിമെട്ടിനു സമീപത്തുള്ള കൊരങ്ങണി വന മേഖലയിലാണ് സംഭവം.
കഴിഞ്ഞ ദിവസം കുടുംബ സമേതം മൂന്ന് സംഘങ്ങളായാണ് ഇവിടെയെത്തുന്നത്. ഒരു സംഘം കൊടൈക്കനാൽ വഴി കൊളുക്കുമലയിലേക്കും മറ്റൊരു സംഘം ടോപ്പ്‌റ്റേഷൻ വഴി കൊരങ്ങിണിലേക്കും മൂന്നാമത്തെ സംഘം മൂന്നാർ സൂര്യനെല്ലി കൊളുക്കുമല വഴി കൊരങ്ങിണിയിലേക്കും എത്തുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. കൊളക്കുമലയിൽ നിന്നും കാൽനടയായി കേരള തമിഴ്‌നാട് അതിർത്തിയായ ബോഡിമെട്ടിനു സമീപത്തുള്ള കൊരങ്ങണിയിലേയ്ക്ക് പുറപ്പെട്ട സംഘമാണ് അപകടത്തിൽപ്പെട്ടത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടുത്തെ എല്ലാ വനമേഖലയിലും കാട്ടുതീ ശക്തമാണ്. ഇതറിയാതെയാണ് ഈ സാഹസിക സംഘം ഇവിടെയെത്തിയത്. ഈ പ്രദേശത്ത് ശക്തമായ കാറ്റു വീശിയതോടെ നാലു ഭാഗത്തു നിന്നും തീ പടർന്നതോടെ ഇതിനുള്ളിൽ പെടുകയായിരുന്നു.തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥരും, അഗ്‌നി ശമന സേന അംഗങ്ങളും സ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. തേനി കളക്ടർ മറിയം പല്ലവി പാൽദേവി, പൊലീസ് മേധാവി ഭാസ്‌കരൻ ഡി.എഫ്.ഒ രാജേന്ദ്രൻ എന്നിവർ തെരച്ചിലിന് നേതൃത്വം നൽകുന്നു.
തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ. പന്നീർ സെൽവം വനം വകുപ്പ് മന്ത്രി ഡിണ്ടുക്കൽ ശ്രീനിവാസൻ എന്നിവർ രാത്രിയോടെ ആശുപത്രിയിലെത്തി പരിക്കേറ്റവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.