ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ട് പോകാൻ ഒരുങ്ങുന്നതിന്റെ പേരിൽ ഇയു രാജ്യങ്ങളുടെ നേതാക്കന്മാരെല്ലാം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയോട് തികഞ്ഞ അസംതൃപ്തി പ്രകടിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. യൂറോപ്യൻ യൂണിയൻ യോഗത്തിൽ പങ്കെടുക്കാൻ ബ്രസൽസിലെത്തിയ തെരേസയോട് ഇന്നലെ അവർ അത്തരത്തിൽ പെരുമാറുകയും ചെയ്തു. അതായത് തെരേസയെ എല്ലാവരും മനഃപൂർവം ഒഴിവാക്കിയ നിലയായിരുന്നു. തുടർന്ന് മിണ്ടാൻ ആളെ തപ്പി നടക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വീഡിയോ വൈറലാവുകയകും ചെയ്തിരുന്നു. മറ്റുള്ള രാജ്യങ്ങളിലെ നേതാക്കന്മാർ പരസ്പരം കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തപ്പോൾ തെരേസയെ ആരും മൈൻഡ് ചെയ്തത് പോലുമില്ല. തന്നോടാരെങ്കിലും മിണ്ടുമോയെന്ന് കുറച്ച് നേരെ നിസ്സഹായയായി ചുറ്റും നോക്കിയ തെരേസ പിന്നീട് ആ ശ്രമം ഉപേക്ഷിച്ച് സമ്മിറ്റിനുള്ള തന്റെ സീറ്റിൽ ഇരിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്.

ജൂൺ 23ന് നടന്ന റഫറണ്ടത്തിൽ ബ്രിട്ടൻ യൂണിയൻ വിട്ട് പോകാൻ തീരുമാനിച്ചതിനെ തുടർന്ന് മറ്റ് യൂണിയൻ രാജ്യങ്ങൾക്ക് ബ്രിട്ടനോടുള്ള മനോഭാവത്തിന്റെ പ്രതീകമാണീ പെരുമാറ്റമെന്നാണ് നിരവധി പേർ അഭിപ്രായപ്പെട്ടിരിക്കുന്നത്. തുടർന്ന് സമ്മിറ്റിന് ശേഷം ഇന്നലെ രാത്രി നടന്ന ഡിന്നറിൽ നിന്ന് പോലും തെരേസയെ അകറ്റി നിർത്തുന്ന പെരുമാറ്റമായിരുന്ന മറ്റുള്ള നേതാക്കന്മാർ കാഴ്ച വച്ചിരുന്നത്. തെരേസ പങ്കെടുക്കാതിരുന്ന പ്രസ്തുത ഡിന്നറിൽ വച്ച് മറ്റുള്ളവർക്ക് തങ്ങളുടെ ബ്രെക്‌സിറ്റ് പദ്ധതികൾ രഹസ്യമായി ചർച്ച ചെയ്യാൻ സാധിക്കുകയും ചെയ്തു. സമ്മിറ്റിൽ സംസാരിക്കവെ തെരേസ ബ്രെക്‌സിറ്റിലുപരി കുടിയേറ്റ പ്രതിസന്ധിക്കായിരുന്നു ഊന്നൽ നൽകിയിരുന്നത്. അനായാസവും ക്രമത്തിലുള്ളതുമായ ബ്രെക്‌സിറ്റിനാണ് ഏവരും താൽപര്യപ്പെടുന്നതെന്നായിരുന്നു യോഗത്തിൽ വച്ച് തെരേസ മറ്റ് നേതാക്കളെ അറിയിച്ചത്.

മറ്റ് നേതാക്കൾ അവരുടെ ബ്രെക്‌സിറ്റ് പദ്ധതികളെക്കുറിച്ച് ഇന്നലെ രാത്രി ചർച്ച തുടരുന്നുണ്ടെന്നായിരുന്നും ബ്രസൽസിൽ നിന്നും തിരിച്ചെത്തിയ തെരേസ പ്രതികരിച്ചിരുന്നത്. അടുത്ത വർഷം മാർച്ച് അവസാനത്തോടെ ആർട്ടിക്കിൾ 50 അനുസരിച്ചുള്ള ഔപചാരിക ബ്രെകിസിറ്റ് വിലപേശൽ ആരംഭിക്കാനിരിക്കെ മറ്റ് നേതാക്കൾ ഇതിന് ഒരുങ്ങുന്നത് ഉചിതമാണെന്നും നമ്മളും വിലപേശലിന് തയ്യാറെടുക്കേണ്ടിയിരിക്കുന്നുവെന്നും തെരേസ പ്രസ്താവിച്ചു. മറ്റ് രാജ്യങ്ങളുടെ നേതാക്കന്മാർ തമ്മിൽ ബ്രെക്‌സിറ്റിന്റെ പേരിൽ നടത്തുന്ന ചർച്ചയെ ബ്രിട്ടീഷ് ഉറവിടങ്ങൾ സ്വാഗതം ചെയ്തു. തെരേസ തീരുമാനിച്ചത് പോലെ യുകെയ്ക്ക് യൂണിയൻ വിട്ട് പോകാൻ സാധിക്കുമെന്നതിന് അവർ നൽകുന്ന അംഗീകാരമാണിതെന്നാണ് ബ്രിട്ടീഷ് ഉറവിടങ്ങൾ പറയുന്നത്. തെരേസ അടുത്ത വർഷം മാർച്ച് അവസാനം ആർട്ടിക്കിൾ 50 പ്രകാരമുള്ള വിലപേശൽ ആരംഭിക്കുമ്പോൾ തങ്ങൾ എത്തരത്തിലാണ് പ്രതികരിക്കേണ്ടതെന്ന് തീരുമാനിക്കുന്നതിനാണ് ഇന്നലെ തെരേസയില്ലാതെ യൂറോപ്യൻ യൂണിയൻ നേതാക്കന്മാർ ഡിന്നർ വിളിച്ച് ചേർത്തിരുന്നത്.

യുകെ യൂണിയൻ വിട്ട് പോകുമെന്ന യാഥാർത്ഥ്യത്തെ നേരിടാൻ യൂറോപ്യൻ യൂണിയൻ നേതാക്കന്മാർ തയ്യാറെടുക്കുകയാണെന്നാണ് നമ്പർ 10 ഉറവിടം പ്രതികരിച്ചിരിക്കുന്നത്. ആർട്ടിക്കിൽ 50 പ്രകാരമുള്ള വിലപേശൽ പ്രക്രിയ ആരംഭിക്കുമ്പോൾ അതിനെ എത്തരത്തിൽ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ചുള്ള തീരുമാനത്തിലെത്താൻ അവർ ഒരുങ്ങുകയാണെന്നും നമ്പർ 10 ഉറവിടം പ റയുന്നു. ഇന്നലെ രാത്രിയിലത്തെ ഡിന്നറിൽ വച്ച് 27 രാജ്യങ്ങളിലെയും നേതാക്കന്മാർ ഇത് സംബന്ധിച്ച പ്ലാനിലെത്തിയിട്ടുണ്ടെന്നാണ് പ്രതീക്ഷ. എന്നാൽ ഇത് സംബന്ധിച്ച നേതാക്കന്മാരുടെ നീക്കം സുഖകരമാവില്ലെന്നും റിപ്പോർട്ടുണ്ട്. യൂറോപ്യൻ പാർലിമെന്റിന്റെ ബ്രെക്‌സിറ്റ് നെഗോഷ്യേറ്ററായ ഗ്വേ വെർഹോഫ്സ്റ്റാഡ്റ്റ് ഇത് സംബന്ധിച്ച സൂചനകൾ പുറത്ത് വിടുകയും ചെയ്തിരുന്നു. ബ്രെക്‌സിറ്റിൽ യൂറോപ്യൻ പാർലിമെന്റിന്റെ പങ്ക് 27 നേതാക്കന്മാരും ഗൗരവപരമായി എടുത്തില്ലെങ്കിൽ ഇയു പാർലിമെൻര് ബ്രിട്ടനുമായി നേരിട്ട് വിലപേശൽ നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.