ബ്രെക്‌സിറ്റിനുശേഷമുള്ള ബ്രിട്ടന് പുതിയ കച്ചവടക്കരാറുകൾ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌. എന്നാൽ, പ്രധാനമന്ത്രിയുടെ സൗദി അറേബ്യ സന്ദർശനം ഇതുകൊണ്ടുമാത്രമല്ല വാർത്തയാകുന്നത്. സൗദിയിലെ അടിച്ചമർത്തപ്പെട്ട സ്ത്രീകൾക്ക് മുഴുവൻ പ്രചോദനമായി താൻ മാറുമെന്നാണ് അവർ അവകാശപ്പെടുന്നത്. പുരുഷാധിപത്യമുള്ള സൗദി സർക്കാരുമായി വനിത നടത്തുന്ന ചർച്ചയെന്ന നിലയിൽ തന്റെ സന്ദർശനം സൗദി സ്ത്രീകളുടെ ഉന്നമനത്തിന് കാരണമാകുമെന്നും അവർ പറയുന്നു.

ഒരു സ്ത്രീക്ക് എത്തിപ്പെടാവുന്ന പദവികൾക്ക് പരിധികളില്ലെന്ന് തന്നിലൂടെ അവിടുത്തെ സ്ത്രീകൾക്ക് ബോധ്യപ്പെടുമെന്ന് തെരേസ പറയുന്നു. ഓരോ സ്ഥാനത്തുമുള്ള വനിതകൾക്ക് എത്രത്തോളം മികവ് കാട്ടാനാകുമെന്നും താൻ തെളിയിക്കും-സൗദിയിലേക്കുള്ള വിമാനത്തിലിരുന്ന് തെരേസ പറഞ്ഞു. സൗദി ഭരണകൂടത്തിലുള്ള ഏക വനിതയായ റീമ രാജകുമാരിയുമായി നാളെ തെരേസ കൂടിക്കാഴ്ച നടത്തുന്നുണ്ട്. സൗദിയിലെ സ്പോർട്സ് മന്ത്രാലയത്തിൽ വനിതാ കാര്യങ്ങളുടെ ചുമതല വഹിക്കുന്നത് റീമയാണ്.

സൗദി അറേബ്യ സന്ദർശിക്കാനുള്ള തെരേസ മേയുടെ തീരുമാനത്തെ ബ്രിട്ടനിൽ പലരും വിമർശിച്ചിരുന്നു. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ പിന്നോക്കം നിൽക്കുന്ന സൗദിയിലേക്ക് പോകുന്നതിനെ ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ ചോദ്യം ചെയ്തു. ആയുധവിൽപനയെ പ്രോത്സാഹിപ്പിക്കാൻ മാത്രമേ ഈ സന്ദർശനം വഴിയൊരുക്കൂവെന്ന് കോർബിൻ പറഞ്ഞു. സൗദി അറേബ്യയ്ക്കുള്ള ആയുധ വിതരണം നിർത്തിവെക്കണമെന്ന് ആംനെസ്റ്റി ഇന്റർനാഷണലും ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. യെമനിൽ സൗദി നടത്തുന്ന ബോംബാക്രമണം അവവസാനിപ്പിക്കുന്നതുവരെ ആയുധവിതരണം നിർത്തണമെന്നതാണ് ആംനെസ്റ്റിയുടെ നിലപാട്.

സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കുന്ന രാജ്യമെന്ന നിലയിൽ കുപ്രസിദ്ധമായ സൗദിയിലേക്ക് വനിതയായ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ യാത്രയെ കൗതുകത്തോടെയാണ് ലോകം വീക്ഷിക്കുന്നത്. തെരേസ മെയ്‌ക്ക് സൗദിയിൽ കിട്ടുന്ന സ്വീകരണം എത്രത്തോളമായിരിക്കുമെന്നും ലോകം ചർച്ച ചെയ്യുന്നു. സ്ത്രീകൾ ശിരോവസ്ത്രമുൾപ്പെടെ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം ധരിക്കണമെന്നതാണ് സൗദിയിലെ നിയമം. ബരാക് ഒബാമയുടെ സൗദി സന്ദർശന വേളയിൽ മിഷേൽ ഒബാമ ശിരോവസ്ത്രം ധരിക്കാൻ വിസമ്മതിച്ചിരുന്നു. തെരേസ മെയ്‌ ശിരോവസ്ത്രം ധരിക്കുമോ എന്നതും ലോകം സാകൂതം നിരീക്ഷിക്കുന്നു.