ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ചൈനയിലേക്ക് പോയ പ്രധാനമന്ത്രി തെരേസ മെയ്‌ക്കും സംഘത്തിനും കർക്കശമായ നിർദേശങ്ങളാണ് ബ്രിട്ടീഷ് അധികാരികൾ നൽകിയിരിക്കുന്നത്.അവിടെ പോയി യാതൊരു വിധത്തിലുമുള്ള കെണികളിലുമകപ്പെടാതിരിക്കാനാണ് ഈ മുന്നറിയിപ്പേകിയിരിക്കുന്നത്. ഇതനുസരിച്ച് തെരേസ മെയ്‌ ഹോട്ടൽ റൂമിൽ വച്ച് തുണി മാറുമ്പോൾ അത് ബെഡ്ഷീറ്റിനടിയിൽ വച്ചാക്കുന്നതായിരിക്കും നല്ലതെന്നും ഇല്ലെങ്കിൽ ചാരക്യാമറകളിൽ പതിഞ്ഞേക്കാമെന്നു വരെ ബ്രിട്ടീഷ് ഒഫീഷ്യലുകൾ മുന്നറിയിപ്പേകിയിട്ടുണ്ട്. തെരേസയുടെ കൂടെയുള്ള സംഘത്തിലുള്ളവർ സുന്ദരികളെ നോക്കരുതെന്നും സമ്മാനങ്ങൾ വാങ്ങരുതെന്നും വിലക്കുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിനായി ഇവർക്കായി ഈ വേളയിൽ ഉപയോഗിക്കുന്നതിനായി പ്രത്യേക മൊബൈൽ ഫോണുകളും ഇമെയിൽ ഐഡികളും വരെ നൽകിയിട്ടുണ്ട്. ചൈനീസ് സ്റ്റേക്ക് ഹാക്കർമാരുടെ കണ്ണ് വെട്ടിക്കുന്നതിനാണിത്. ചൈനയിലെ വർധിച്ച സുരക്ഷാ സംവിധാനങ്ങളുടെ പശ്ചാത്തലത്തിൽ ഹോട്ടൽ മുറികളിൽ വച്ച് പോലും പ്രധാനമന്ത്രിയടക്കമുള്ള ബ്രിട്ടീഷ് സംഘം നിരന്തരം സൂക്ഷ്മ നിരീക്ഷണത്തിന് വിധേയരായേക്കാമെന്നും മുന്നറിയിപ്പുണ്ട്.

ചൈനീസ് ചാരവലയിൽ നിന്നും രക്ഷപ്പെടുന്നതിനായി തേരെസയുടെ കൂടെയുള്ള ഉദ്യോഗസ്ഥരോട് ചൈനക്കാരായ ഹോസ്റ്റുമാർ സൗജന്യമായി നൽകുന്ന ഫ്രീ കമ്പ്യൂട്ടർ മെമ്മറി സ്റ്റിക്കുകൾ, മൊബൈൽ ഫോൺ സിം കാർഡുകൾ, ചാർജറുകൾ തുടങ്ങിയവ ഉപയോഗിക്കരുതെന്നും കർക്കശ നിർദ്ദേശം നൽകിയിട്ടുണ്ട്. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോർഡൻ ബ്രൗണും സംഘവും 2008ൽ ചൈന സന്ദർശിച്ച വേളയിൽ ആ സംഘത്തിൽ പെട്ട ഒരാൾ ഇത്തരത്തിലുള്ള കെണിയിൽ അകപ്പെട്ടുവെന്ന വെളിപ്പെടുത്തലുണ്ടായതിനെ തുടർന്നാണ് ഇപ്രാവശ്യം കർക്കശമായ ചിട്ടകൾ പാലിക്കാൻ തെരേസയ്ക്കും സംഘത്തിനും നിർദ്ദേശം നൽകിയിരിക്കുന്നത്. അന്ന് താൻ ചൈനയിൽ വച്ച് മയക്കുമരുന്നുപയോഗിച്ചിരുന്നുവെന്നും തന്റെ ഫോൺ നഷ്ടപ്പെടുകയും രഹസ്യ സ്വഭാവമുള്ള രേഖകൾ ചോർത്തപ്പെട്ടിരുന്നുവെന്നുമായിരുന്നു ബ്രൗണിന്റെ സംഘാംഗം വെളിപ്പെടുത്തിയിരുന്നത്.

ഇയാൾ സുന്ദരിയായ ഒരു ചൈനീസ് യുവതിക്കൊപ്പം നടന്ന് നീങ്ങുന്ന ചിത്രങ്ങളും അന്ന് പുറത്ത് വന്നിരുന്നു.ബ്രെക്സിറ്റ് വോട്ടിനെ തുടർന്ന് ബ്രിട്ടൻ ഫ്രീ ട്രേഡിന്റെ ആഗോള നേതാവായി മാറിയെന്നാണ് ഹീത്രോ എയർപോർട്ടിൽ നിന്നും ആർഎഎഫ് വിമാനത്തിൽ കയറി ചൈനയിലേക്ക് പോകുന്നതിന് മുമ്പ് തെരേസ മെയ്‌ പ്രസ്താവിച്ചത്. നിലവിൽ ചൈനയുടമായുള്ള ബന്ധത്തിലെ സുവർണകാലഘട്ടത്തിലൂടെയാണ് യുകെ കടന്ന് പോകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.ബ്രെക്സിറ്റിന് ശേഷം ബ്രിട്ടൻ ബിസിനസിനായി വാതിൽ തുറന്നിട്ടിരിക്കുകയാണെന്നാണ് ജി 20നുള്ള തന്റെ സന്ദേശമെന്നാണ് തെരേസ വ്യക്തമാക്കുന്നത്. നയതന്ത്രപരമായ പങ്കാളിത്തം എത്തരത്തിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ വികസിപ്പിക്കാമെന്ന കാര്യത്തിൽ താൻ ചൈനീസ് പ്രസിഡന്റ് ജിൻപിംഗുമായി തുറന്ന ചർച്ചകൾ നടത്തുമെന്നും തെരേസ വ്യക്തമാക്കി. ഇതിന് പുറമെ ഫ്രീ ട്രേഡ് ലോകമാകമാനം എങ്ങനെ വികസിപ്പിക്കാമെന്ന് താൻ മറ്റ് ലോകനേതാക്കന്മാരുമായും ചർച്ച ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതിലൂടെ ലഭിക്കുന്ന പരമാവധി വ്യാപാര അവസരങ്ങൾ നേടിയെടുക്കുകയും ഫ്രീ ട്രേഡിന്റെ ആഗോള ലീഡറായി ബ്രിട്ടനെ മാറ്റുകയുമാണ് ലക്ഷ്യമിടുന്നത്.

ജി 20ൽ വച്ച് തെരേസ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ, റഷ്യൻ പ്രസിഡന്റ് വ്ലാദിമെർ പുട്ടിൻ തുടങ്ങിയ ആഗോള നേതാക്കന്മാരുമായും വിശദമായ ചർച്ചകൾ നടത്തുന്നതാണ്. ബ്രെക്സിറ്റിനെ തുടർന്ന് ബ്രിട്ടൻ അവർക്കോരോരുത്തർക്കും നല്ലൊരു വ്യാപാര പങ്കാളിയും നയതന്ത്ര പങ്കാളിയുമാണെന്ന് ഓരോ രാജ്യത്തെയും ബോധ്യപ്പെടുത്തുകയാണീ ചർച്ചകളുടെ ലക്ഷ്യം. ബീജിംഗിന്റെ സ്റ്റേറ്റ് ഉടമസ്ഥതയിലുള്ള ന്യൂക്ലിയർ സ്ഥാപനം യുകെയിൽ
ആരംഭിക്കാനിരിക്കുന്ന ഹിങ്ക്ലെ പോയിന്റ് പ്രൊജക്ടിന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ വൈകിയെന്നതിന്റെ പേരിൽ തെരേസയും ബീജിംഗും തമ്മിൽ അടുത്ത കാലത്ത് ചില്ലറ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. എന്നാൽ ചൈനീസ് പ്രസിഡന്റുമായി നേർക്ക് നേർ ചർച്ചകൾ നടത്തുമെങ്കിലും അതിൽ വച്ച് പ്രസ്തുത പ്രൊജക്ടിനെക്കുറിച്ച് പ്രസ്താവനകളൊന്നുമുണ്ടാവില്ലെന്നാണ് സൂചന. എന്നാൽ സോമർസെറ്റിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന പ്രൊജക്ട് വേണമോ വേണ്ടയോ എന്ന കാര്യത്തിലുള്ള തീരുമാനം അടുത്തുണ്ടാകുമെന്നാണ് കരുതുന്നത്.

ഫ്രഞ്ച് എനർജി ഭീമനായ ഇഡിഎഫ് ചൈനയുടെ ജനറൽ ന്യൂക്ലിയറുമായി ചേർന്ന് 18 ബില്യൺ പൗണ്ട് മുടക്കി പ്ലാന്റ് പണിതാണീ പ്രൊജക്ട് നടപ്പിലാക്കാൻ പദ്ധതിയിട്ടിരുന്നത്. എന്നാൽ തെരേസ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാത്തതിനെ തുടർന്ന് പ്രൊജക്ട് നീളുകയാണ്. ചൈന ഈ പ്രൊജക്ടിൽ ഇടപെടുന്നത് മൂലമുണ്ടാകുന്ന സുരക്ഷാ ആശങ്കകളും ഈ പവർസ്റ്റേഷനിൽ നിന്നുണ്ടാക്കുന്ന ഊർജത്തിന് വേണ്ടി വരുന്ന ഉയർന്ന മുതൽമുടക്കും മൂലമാണ് ഈ വിഷയത്തിൽ തെരേസ തീരുമാനം വൈകിപ്പിക്കുന്നത്.ഇതാദ്യമായിട്ടാണ് പുട്ടിനുമായി തെരേസ നേർക്ക് നേർ ചർച്ച ചെയ്യുന്നതെന്ന പ്രത്യേകതയും ഈ സമ്മിറ്റിനുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും തെരേസ ചർച്ച നടത്തുന്നതാണ്. വ്യാപാരബന്ധങ്ങൾ വളർത്തുന്നതിനായിരിക്കും ഇരു നേതാക്കളും മുൻഗണന നൽകുന്നത്. ഓസ്ട്രേലിയയുമായി ഫ്രീ ട്രേഡ് ഡീൽ പ്രാവർത്തികമാക്കാനും സമ്മിറ്റിനിടെ തെരേസ ശ്രമം നടത്തും. ഇതിനായി ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽ കോളം ടേൺബുളുമായും തെരേസ കൂടിക്കാഴ്ച നടത്തുന്നുണ്ട്.