ലണ്ടൻ: ഇന്ത്യ കണ്ട ഇന്ദിരയാകും ബ്രിട്ടന് തെരേസ മേ. വാക്കിലും പ്രവർത്തിയിലും കണിശക്കാരി. ആരോടും മുഖത്തു നോക്കി വെട്ടി തുറന്നു പറയാനുള്ള തന്റേടം. താനാണ് ശരിയെന്ന ഭാവം. എന്തിനു നയങ്ങളുടെ പേരിൽ പ്രധാനമന്ത്രിയോട് വരെ നേരിട്ടു മുട്ടാൻ തന്റേടമുള്ള ഉരുക്കു വനിത. മാർഗരറ്റ് താച്ചറിന് ശേഷം ബ്രിട്ടൻ ദർശിക്കാൻ പോകുന്ന രാഷ്ട്രീയ ദാർഷ്ട്യത്തിന്റെ ദിനങ്ങളാകും ഇനി കടന്നു വരുന്നത്. നീണ്ടകാലം ആഭ്യന്തര സെക്രട്ടറി ആയിരുന്ന തെരേസ മേ നാളെ മുതൽ പ്രധാനമന്ത്രി ആയി മാറുമ്പോൾ കാമറോൺ പിന്തുടർന്നിരുന്ന നയങ്ങളിൽ വലിയ മാറ്റങ്ങൾ ആണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇക്കൂട്ടത്തിൽ ബ്രിട്ടന്റെ ഇന്ത്യൻ നയങ്ങളിലും മാറ്റം ഉണ്ടാകും. കാമറോൺ അധികാരം ഏറ്റ ഉടൻ തന്നെ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് അദ്ദേഹം കഠിനമായ ശ്രമങ്ങളാണ് നടത്തിയിരുന്നത്. ചരിത്രത്തിൽ ആദ്യമായി തുടരെ തുടരെ ഇന്ത്യയിലേക്കു പറന്നും ജാലിയൻ വാലബാഗ് സന്ദർശിച്ചു സ്വതന്ത്ര സമര കാലത്തെ കൂട്ടക്കൊലയ്ക്ക് മാപ്പു ചോദിച്ചും ഒക്കെ ബന്ധങ്ങളിൽ വിള്ളലുകൾ മാറ്റിയെടുക്കാൻ നടത്തിയ ശ്രമങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കാമറോണിന്റെ നയം വഴി പ്രതീക്ഷിച്ച നേട്ടം ഉണ്ടായില്ലെങ്കിലും മന്മോഹൻ സിങ് അധികാരം വിട്ട ശേഷം മോദി എത്തിയതോടെ പ്രകടമായ മാറ്റങ്ങൾ കണ്ടു തുടങ്ങിയിരുന്നു. കാമറോണിന്റെ ആവർത്തിച്ചുള്ള ക്ഷണത്തെ അവഗണിക്കുന്ന ഇന്ത്യ നയത്തിന് മാറ്റം വന്നതും മോദി എത്തിയതോടെയാണ്. കഴിഞ്ഞ വർഷം മോദി ബ്രിട്ടണിൽ എത്തിയതിനെ തുടർന്നു ഇരു രാജ്യങ്ങളിലും തമ്മിലുള്ള സഹകരണം കൂടുതൽ സുദൃഢം ആകുന്നതിന്റെ സൂചനകളും ദൃശ്യമായിരുന്നു.

കാമറോണിന്റെ നയ തുടർച്ചയുടെ ഭാഗമായി ബ്രെക്‌സിറ്റ് ദിനങ്ങൾക്ക് ശേഷം ഇന്ത്യയുടെ പിന്തുണ ഉറപ്പാക്കാൻ ബിസിനസ് സെക്രട്ടറി സാജിദ് ജാവീദിനെ തന്നെ നിയോഗിച്ചതും അദ്ദേഹം ഇന്ത്യയിലെത്തി പ്രമുഖ വാണിജ്യ സംഘടനകളുമായി ബന്ധം ഉറപ്പിച്ചതും ഒക്കെ കാമറോണിന്റെ ഇന്ത്യ നയത്തിന്റെ തുടർച്ച തന്നെ ആയിരുന്നു. ഇന്ത്യൻ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി, വാണിജ്യ മന്ത്രി നിർമല സീതാരാമൻ എന്നിവരെ കണ്ടു ബ്രെക്‌സിറ്റ്‌നു ശേഷമുള്ള ബ്രിട്ടന്റെ പങ്കാളി ആയും ഇന്ത്യ തുടരും എന്നുറപ്പാക്കിയാണ് മടങ്ങിയത്.

കുട്ടികളില്ലാത്ത കർക്കശക്കാരി
ന്നാൽ ഈ നയങ്ങളിൽ ഒക്കെ വലിയ മാറ്റങ്ങൾ ഉണ്ടാകാൻ ഉള്ള സാധ്യത ഏറുകയാണ്, തെരേസയുടെ വരവോടെ. പ്രധാനമന്ത്രി പദത്തിലേക്കുള്ള വരവ് തന്നെ തെരേസയുടെ കർക്കശ സ്വഭാവം ചോദ്യം ചെയ്യപ്പെട്ടു കൊണ്ടാണ് എന്നതും ശ്രദ്ധേയമാകുകയാണ്. പ്രധാന എതിരാളി ആയിരുന്ന ആൻഡ്രിയ ലീഡ്‌സം ഇക്കാര്യം പറഞ്ഞതും വിവാദമായി. തന്റെ മാതൃത്വം തന്നെയാണ് ഏറ്റവും വലിയ പ്ലസ് പോയിന്റ് എന്ന മട്ടിൽ ആൻഡ്രിയ നടത്തിയ ഒളിയമ്പ് ഒടുവിൽ അവർക്കു തന്നെ തിരിച്ചടിയായി.

അവസാനം പരസ്യമായി മാപ്പു പറഞ്ഞാണ് ആൻഡ്രിയ വിവാദം അവസാനിപ്പിച്ചത്. ഇതേക്കുറിച്ചു ഒരക്ഷരം വാ തുറന്നു പറയാതിരുന്ന തെരേസ ഉള്ളിൽ വിക്ഷോഭം കടിച്ചമർത്തുക ആയിരുന്നു എന്നുറപ്പ്. മൂന്നര പതിറ്റാണ്ട് പിന്നിട്ട വിവാഹ ജീവിതത്തിൽ കുടുംബത്തേക്കാൾ ഉപരി രാഷ്ട്രീയക്കാരി ആയി മാറിയപ്പോൾ കുട്ടികൾ ഇല്ലാത്തതു തെരേസയുടെ ജീവിതത്തിൽ ഒരു നീറലായി മാറിയത് ഇപ്പോൾ ആണെന്നതും കൗതുകമായി.

തൊടുന്നതെല്ലാം വിവാദം
തെരേസയുടെ നയങ്ങളിൽ ഒട്ടു മിക്കതും വിവാദം സൃഷ്ടിച്ചാണ് കടന്നു പോയിട്ടുള്ളത്. ഇക്കാര്യത്തിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നാണ് മൂന്നു വർഷം മുൻപ് ബ്രിട്ടൻ സന്ദർശിക്കുന്ന ചില രാജ്യങ്ങളിൽ നിന്നുള്ളവർക്ക് 3000 പൗണ്ടിന്റെ ബോണ്ട് നിർദ്ദേശം. തെരേസ സമർപ്പിച്ച രാജ്യങ്ങളുടെ ലിസ്റ്റ് ആണ് കൂടുതൽ ശ്രദ്ധേയം. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നൈജീരിയ, ഘാന എന്നിവയാണ് ഈ ലിസ്റ്റിൽ ഉണ്ടായിരുന്നത്. തെരേസയുടെ കണ്ണിൽ 'അപകടകാരികളായ'' രാജ്യങ്ങൾ.

ഇതേ നയ തുടർച്ച ഉണ്ടായാൽ ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളുമായി കാമറോൺ മെച്ചപ്പെടുത്തി എടുത്ത ബന്ധങ്ങൾ തകർന്നാടിയാൻ അധിക കാലം വേണ്ടി വരില്ല. കുടിയേറ്റ നിയന്ത്രണത്തിന്റെ ഭാഗമായി അവർ അവതരിപ്പിച്ച നിർദ്ദേശത്തിനു കടുത്ത വിമർശമാണ് എങ്ങു നിന്നും കേൾക്കേണ്ടി വന്നത്, ഒടുവിൽ നടപ്പാക്കാൻ പറ്റാതെ പോകുകയും ചെയ്തു. ഇത്തരം നിർദ്ദേശങ്ങൾ വീണ്ടും അവതരിപ്പിക്കപ്പെടുമോ എന്ന ചോദ്യവും ഇപ്പോൾ സ്വാഭാവികമാണ്. വേണ്ടത്ര ചർച്ചകൾ കൂടാതെ എടുത്തു ചാടി പറയുന്ന സ്വഭാവമാണ് തെരേസയെ കൂടുതൽ ശ്രദ്ധ നേടിക്കൊടുക്കുന്നതും.

ഈ നിർദ്ദേശം മുന്നോട്ട് വച്ചത് തൊലി വെളുപ്പ് ഇല്ലാത്ത രാജ്യങ്ങൾക്കു വേണ്ടി മാത്രം ആയിരുന്നു എന്നത് തെരേസയുടെ മനോവിചാരത്തിനു ഉള്ള ഉത്തമ തെളിവായി മാറുകയാണ്. എന്നാൽ തെരേസക്ക് കൃത്യമായ മറുപടി നൽകിയതു നൈജീരിയൻ നേതാവ് അബൈക് ഡാബറി ഇരിവയാണ്. ബ്രിട്ടണിൽ എത്താൻ 3000 പൗണ്ട് കെട്ടി വയ്ക്കണം എങ്കിൽ ബ്രിട്ടീഷുകാർക്ക് നൈജീരിയ സന്ദർശിക്കാൻ 20000 പൗണ്ട് കെട്ടി വയ്‌ക്കേണ്ടി വരും എന്നാണ് അവർ നിലപട് എടുത്ത് തെരേസയുടെ വാ അടപ്പിച്ചിരുന്നു.

വഴക്കടിക്കൽ പ്രധാന ഹോബി
കാമറോൺ മന്ത്രി സഭയിൽ പലപ്പോഴും പ്രശ്‌നക്കാരിയുടെ റോളിൽ ആണ് തെരേസ കൂടുതലും അറിയപ്പെട്ടത്. എന്തിനും ഏതിനും വഴക്കടിക്കുന്ന സ്വഭാവം ചില്ലറ തലവേദന അല്ല കാമറോണിന് സൃഷ്ടിച്ചിട്ടുള്ളത്. ഒടുവിലായി ഇവർ ഏറ്റുമുട്ടിയത് നീതിന്യായ സെക്രട്ടറി മൈക്കൽ ഗോവുമായിട്ടാണ്. ഇപ്പോൾ പ്രധാനമന്ത്രി പദം ഏറ്റെടുക്കാൻ ഉള്ള മത്സരത്തിലും മൈക്കേൽ ഗോവ് തുടക്കത്തിൽ ഉണ്ടായിരുന്നു എന്നത് മറ്റൊരു കൗതുകം.

തീവ്രവാദം ചെറുക്കുന്ന കാര്യത്തിൽ കാമറോണുമായി പരസ്യമായ ഏറ്റുമുട്ടലിനു തയ്യാറായ തെരേസ പ്രത്യേക ഉപദേഷ്ടാവ് ഫിയോന കണ്ണിൻഹാമിനെ പുറത്താക്കിയാണ് കലിപ്പ് തീർത്തത്. ഇതോടെ നമ്പർ 10 ആയി ഉള്ള ബന്ധം വല്ലാതെ ഉലഞ്ഞിരുന്നു. ഒരു തരത്തിൽ പറഞ്ഞാൽ കാമറോൺ സഹിക്കുക ആയിരുന്നു. കൂടെയുള്ള കടുത്ത നിയന്ത്രണം ഏർപ്പെടുത്തി, മുരട്ടു സ്വഭാവത്തോടെ നിയന്ത്രിക്കുന്ന വ്യക്തിയാണ് തെരേസ എന്നു ടോറി വൃത്തങ്ങൾ തന്നെ പറയുന്നു.

ഓക്‌സ്‌ഫോഡിലെ പള്ളി വികാരിയുടെ ഏക മകൾ
ടുത്ത അച്ചടക്കത്തിൽ വളർന്നതും ഏക മകളായി ജീവിക്കേണ്ടി വന്നതും ഒടുവിൽ കുഞ്ഞുങ്ങൾ ഇല്ലാത്ത ദാമ്പത്യ ജീവിതം നയിക്കേണ്ടി വന്നതും ഒക്കെയാകാം തെരേസയെ ഇങ്ങനെ കർക്കശക്കാരി ആക്കി മാറ്റിയത്. ഓക്‌സ്‌ഫോഡിൽ ചർച്ച് ഓഫ് ഇംഗ്ലണ്ട് വികാരി ആയിരുന്ന ഹാർബറ്റ് ബാസിയറുടെ മകളായി ഗ്രാമർ സ്‌കൂൾ വിദ്യാഭ്യാസം നേടി ഓക്‌സ്‌ഫോഡിൽ ഭൂമിശാസ്ത്ര പഠനം നടത്തിയാണ് തെരേസ ജീവിതം ആരംഭിക്കുന്നത്.

പൊതുവെ അന്തർമുഖിയായി പ്രത്യക്ഷപ്പെടുന്ന തെരേസ പ്രധാന ചർച്ചകളിലും മറ്റും നിശബ്ദയാകുന്നത് മറ്റുള്ളവരെ അത്ഭുതപ്പെടുത്താറുണ്ട്. വ്യക്തിപരമായ കാര്യങ്ങൾ പരസ്യപ്പെടുത്താൻ ഇഷ്ടം ഇല്ലാത്ത തെരേസ അഭിമുഖങ്ങളിൽ ഇത്തരം കാര്യങ്ങൾ പരാമർശിക്കുന്നത് ഒഴിവാക്കുകയും ചോദ്യങ്ങൾ ഉയർത്താൻ അവസരം നൽകാതിരിക്കുന്നതും പൊതുവെ അറിവുള്ള കാര്യമാണ്.

ജീവിതത്തിൽ റോൾ മോഡൽ ഇല്ലാത്ത തെരേസ സ്വന്തമായി അടുക്കളയിൽ പാചകം ചെയ്യാൻ ആണ് ഇഷ്ടപ്പെടുന്നത്. ബെർക്ഷയറിലെ താമസ സ്ഥലത്തിന് അടുത്തുള്ള ടൈഫോയ്ഡിലെ വൈട്രോസ് സൂപ്പർ മാർക്കറ്റിൽ ട്രോളി ഉന്തി സാധനങ്ങൾ വാങ്ങുന്ന തെരേസ കൽപ്പിത ജീവിതം ആസ്വദിക്കുന്ന കൂട്ടത്തിലാണ്.

പെൺപുലി, അതോടൊപ്പം അടുപ്പക്കാരോട് ഏറെ മമത
ടുത്തറിയുന്നവർ തെരേസയെ പെൺപുലി എന്നാണ് കേൾക്കാതെ വിളിക്കുക. സ്വഭാവത്തിലെ കാർക്കശ്യം തന്നെ കാരണം. എന്നാൽ തന്റെ അടുപ്പക്കാർക്കു ആർക്കെങ്കിലും ചെറിയ വല്ലായ്മ ഉണ്ടെങ്കിൽ പോലും തുടരെ ഫോൺ ചെയ്തും മെസേജ് അയച്ചും വിവരം അന്വേഷിക്കുന്ന സൗഹൃദം കൂടിയാണ് തെരേസയുടെ വ്യക്തിത്വം. ജീവനക്കാരോട് കർക്കശമായി ഇടപെടുന്ന തെരേസ ഒരിക്കൽ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ചോദ്യത്തിന് ഉത്തരം നൽകാതെ വെള്ളം കുടിക്കുന്നത് കണ്ടപ്പോൾ ദേക്ഷ്യം സഹിക്കാൻ കഴിയാതെ തെരേസ തല മേശയിൽ ഇടിക്കുക ആയിരുന്നു.

മറ്റൊരിക്കൽ നമ്പർ 10ൽ വച്ചു ഒരു ഉദ്യോഗസ്ഥന്റെ ഉടുപ്പു വാതിൽ കൊളുത്തിൽ കുടുങ്ങിയപ്പോൾ വലിച്ചെടുക്കാൻ സഹായിച്ചതും ഇതേ തെരേസ തന്നെയാണ്. പുലർച്ചെ രണ്ടു മണി വരെ ഫയലുകൾ നോക്കാൻ മടിയില്ലാതെ തെരേസ ക്രിസ്മസ് തലേന്ന് രാത്രി പോലും ഇമെയിൽ മറുപടികൾ അയക്കാൻ മടി കാട്ടാറില്ല. എന്നാൽ രണ്ടു വർഷം മുൻപ് ഡയബറ്റിക് ടൈപ് വൺ ആണെന്ന് സ്ഥിരീകരിച്ചപ്പോൾ തളർന്നു പോകുന്ന തെരേസയെയും കൂടെ ഉള്ളവർ കണ്ടിട്ടുണ്ട്. താൻ ശാരീരികമായി ക്ഷീണിക്കുന്നു എന്നു തിരിച്ചറിഞ്ഞ അവർ ഉടനെ ജീവിത ശൈലികളിൽ മാറ്റം വരുത്താൻ തയ്യാറായതും ശ്രദ്ധിക്കപ്പെട്ടു.

ബേനസീറിന്റെ അടുപ്പക്കാരി, പാർട്ടിയിൽ സുഹൃത്തുക്കൾ ഇല്ലാത്ത നേതാവ്
ന്തരിച്ച മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയും തെരേസ മേയും തമ്മിലുള്ള ഉറ്റ സൗഹൃദം ആണ് ഇതുവരെ അറിയപ്പെട്ട സൗഹൃദ പട്ടികയിലെ ഏക ഇനം. ഓക്‌സ്‌ഫോഡിലെ പഠന കാലത്തു ഉണ്ടായ ഈ സൗഹൃദം മൂലമാണ് തെരേസയ്ക്കു ഭർത്താവ് ആയി ഫിലിപ്പിനെ ലഭിക്കുന്നത്. രണ്ടു പേരുടെയും പൊതു സുഹൃത്ത് ആയിരുന്നു ബേനസീർ. ക്രിക്കറ്റിനെ അഗാധമായി ഇഷ്ടപ്പെടുന്ന തെരേസ സ്വാഭാവികമായും ബേനസീറുമായി അടുപ്പം കൂടിയിരിക്കാൻ ആണ് സാധ്യത.

എന്നാൽ ഇന്നേവരെ തെരേസയ്ക്കു സ്വന്തം പാർട്ടിയിൽ കാര്യമായ അടുപ്പക്കാരില്ല എന്നതാണ് സത്യം. അവർ അതു ആഗ്രഹിക്കുന്നില്ല എന്നത് കൂടിയാണ് കാരണം. 1981ൽ പിതാവ് മരിക്കുന്നതാണ് അവരുടെ ജീവിതത്തെ പിടിച്ചുലച്ച ഏക സംഭവം എന്നു മാത്രമാണ് തന്റെ വ്യക്തി ജീവിതത്തെ കുറിച്ചു അടുപ്പം ഉള്ള ചിലരോട് തെരേസ പറഞ്ഞിരിക്കുന്ന ഏക കാര്യം. ഒരു കാർ അപകടത്തിലാണ് തെരേസക്ക് പിതാവിന് നഷ്ടമാകുന്നത്. തുടർന്നു ഒരു വർഷം കഴിഞ്ഞപ്പോൾ അമ്മയും മരണത്തിനു കീഴടങ്ങി.

സഹോദരങ്ങൾ ഇല്ലാതിരുന്ന തെരേസ തീർത്തും ഒറ്റപ്പെട്ടു പോയ നാളുകൾ ആയിരുന്നു അത്. എഴുപതുകളുടെ മധ്യത്തിൽ പരിചയപ്പെട്ട ആൺതുണ ആയ ഫിലിപ്പ് ഇന്നും നിഴൽ പോലെ കൂടെ ഉണ്ട് എന്നതാണ് തെരേസയുടെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്ന്. മാർഗരറ്റ് താച്ചർക്കു ഭർത്താവ് ടെന്നിസ് താച്ചർ നൽകിയതിന് സമാനമായ പിന്തുണയാണ് ഫിലിപ്പ് തെരേസയ്ക്കും നൽകുന്നത്. പഠനം കഴിഞ്ഞു ഇറങ്ങി നാലു വർഷം കഴിഞ്ഞപ്പോൾ ആണ് പിതാവിന്റെ മരണം സംഭവിക്കുന്നത്. പഠന ശേഷം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് വേണ്ടി ജോലി ചെയ്താണ് തെരേസ പൊതു ജീവിതം ആരംഭിക്കുന്നത്.