മലപ്പുറം: പീഡനം, മോഷണം, കൊലപാതകം... ഇതെല്ലാമാണ് പാലക്കാട് സ്വദേശിയായ അബ്ദുൽ ഗഫൂറിന്റെ വിനോദ പരിപാടികൾ. ഒരു കാൽ നഷ്ടപ്പെട്ട ഗഫൂർ പീഡനക്കേസ് ഉൾപ്പടെ നിരവധി കേസുകളിലെ പ്രതിയാണ്. വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ ദിവസം മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഗഫൂറിന്റെ ചരിത്രം പുറത്തറിയുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇയാൾക്കെതിരെ മുപ്പതോളം കേസുകൾ ഉള്ളതായാണ് വിവരം. എന്നാൽ ഓരോ കേസിലും ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങുന്ന ഇയാൾ കുറ്റകൃത്യം വിനോദമാക്കുന്ന കാഴ്ചയാണ്.

മലബാറിലെ വിവിധ ജില്ലകളിൽ ഇയാൾക്കെതിരെ പീഡനക്കേസ് നിലനിൽക്കുന്നുണ്ട്. വിവാഹവാഗ്ദാനങ്ങൾ നൽകിയും അല്ലാതെയും സ്ത്രീകളെ കബളിപ്പിച്ച് വലയിലാക്കുകയാണ് ഗഫൂറിന്റെ പ്രധാന ഹോബി. വരുതിക്കുള്ളിലായെന്നു കണ്ടാൽ സ്ത്രീകളെ പീഡനത്തിനിരയാക്കുകയും പിന്നീട് ഇവരെ ഉപേക്ഷിച്ച് കടന്നുകളയുകയുമാണ് പതിവ്. വികലാംഗനെന്ന അനുകമ്പ പിടിച്ചുപറ്റിയാണ് ഇയാൾ സ്ത്രീകൾ തനിച്ചുള്ള പല വീടുകളിലും കടന്നുകൂടിയിരുന്നത്. 1998ൽ മോഷണശ്രമത്തിനിടെ ട്രെയിനിൽനിന്നു വീണായിരുന്നു ഗഫൂറിന്റെ ഒരു കാൽ നഷ്ടപ്പെട്ടത്. എന്നാൽ പിന്നീട് കുറ്റകൃത്യങ്ങളുടെ ലോകത്തുനിന്നു വിട്ടുനിൽക്കാൻ ഗഫൂർ തയ്യാറായതേയില്ല. നിരന്തരം പൊലീസും കോടതിയുമായി നടന്നു.

വിവാഹബന്ധം വേർപെടുത്തിയവരോ വിധവകളോ ആയ സ്ത്രീകളെയായിരുന്നു ഇയാൾ കുരുക്കിൽ അകപ്പെടുത്തിയിരുന്നത്. ഇത്തരത്തിൽ വലയിൽ അകപ്പെടുന്ന സ്ത്രീകളെ യഥേഷ്ടം ഉപയോഗിച്ച ശേഷം സ്വർണവും പണവുമെല്ലാം ഇയാൾ സ്വന്തമാക്കുകയും കടന്നുകളയുകയുമാണ്. എന്നാൽ സ്ത്രീകളിൽ പലരും പരാതിയുമായി രംഗത്തു വരാത്തത് ഇയാളെ കൂടുതൽ കൃത്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നു. പത്രങ്ങളിൽ പരസ്യം നൽകിയും ഓരോ പ്രദേശത്തെയും വിവാഹ ബ്രോക്കർമാരെ ബന്ധപ്പെട്ടുമായിരുന്നു കൂടുതൽ സ്ത്രീകളെ ഇയാൾ ചതിക്കുഴിയിൽ അകപ്പെടുത്തിയത്. മറ്റൊരു പീഡനക്കേസിൽ ജയിലിൽ കഴിയുമ്പോഴായിരുന്നു മഞ്ചേരി പയ്യനാടുള്ള വിവാഹ ബ്രോക്കർ വഴി മുപ്പതുകാരിയായ യുവതിയെ പരിചയപ്പെടുന്നത്.

വിവാഹമോചിതയായി കഴിയുന്ന ഈ യുവതി മറ്റൊരു വിവാഹാലോചന തേടുന്നതിനിടെയാണ് ബ്രോക്കർ ഗഫൂറിനെ പരിചയപ്പെടുത്തിയത്. 12 ലക്ഷം തന്റെ കൈവശമുണ്ടെന്നും ജാമ്യത്തിലിറക്കിയാൽ വിവാഹം കഴിക്കാമെന്നും യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ചു. തുടർന്ന് യുവതിയും ബ്രോക്കറും ചേർന്ന് ഇയാളെ ജാമ്യത്തിലിറക്കി. ശേഷം കഴിഞ്ഞം ഫെബ്രുവരിയിൽ യുവതിയെയും മാതാവിനെയും കോഴിക്കോട്ട് കൊണ്ടുപോവുകയും അവിടെ വച്ച് യുവതിയെ നിക്കാഹ് കഴിച്ചുവെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തു.

പിന്നീട് ഭാര്യയായി യുവതിയെ കൂടെ താമസിപ്പിക്കുകയും ചെയ്തു. എന്നാൽ തുടർന്നുള്ള ഗഫൂറിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നുകയും ഇയാൾ മറ്റൊരു വിവാഹം കഴിക്കാനൊരുങ്ങുന്നു എന്ന വിവരം ലഭിക്കുകയും ചെയ്തതോടെ യുവതി കെണിയിൽ അകപ്പെട്ടതായി തിരിച്ചറിയുകയായിരുന്നു. ഇതേതുടർന്ന് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നു കാണിച്ചു യുവതി മഞ്ചേരി പൊലീസിൽ പരാതി നൽകുകയും പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പാലക്കാട് പെരിങ്ങോട് സ്വദേശിയായ മധുപ്പുള്ളി വെളുത്തവളപ്പിൽ അബ്ദുൽ ഗഫൂറിനെ മഞ്ചേരി സി.ഐ സണ്ണി ചാക്കോയുടെ നേതൃത്വത്തിലുള്ള എസ്.ഐ എസ്.ബി കൈലാസ് നാഥ്, സ്‌പെഷൽ സ്‌ക്വാഡ് അംഗങ്ങളായ ഉണ്ണികൃഷ്ണൻ മാരാത്ത്, പി സഞ്ജീവ്, മുഹമ്മദ് സലീം എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. മാതൃസഹോദരിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന കേസിൽ ഇയാളെ നേരത്തെ കോടതി ജീവപര്യന്തം ശിക്ഷിച്ചിരുന്നു. ഈ ശിക്ഷാ കാലാവധി പൂർത്തിയാക്കി കണ്ണൂർ ജയിലിൽ നിന്നും പുറത്തിറങ്ങിയ ഗഫൂർ കണ്ണൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിലായി താമസിച്ചു വരികയും ഇവിടങ്ങളിലെല്ലാം അവിഹിതബന്ധം സ്ഥാപിക്കുകയും ചെയ്തു.

അതിനിടെ മറ്റൊരു പീഡനക്കേസിൽ ഇയാൾ വീണ്ടും ശിക്ഷ അനുഭവിച്ചു. തിരൂരിൽ പരിചയപ്പെട്ട സ്ത്രീയെയും അവരുടെ പതിനേഴുകാരിയായ മകളുമായി മങ്കടയിൽ ഏതാനും ദിവസം താമസിക്കുകയും ചെയ്തു. പിന്നീട് മകളെ പീഡിപ്പിച്ചെന്ന കേസിൽ മാതാവ് പരാതിയുമായി ഇയാൾക്കെതിരെ രംഗത്തു വരികയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മങ്കട പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മഞ്ചേരി സബ്ജയിലിൽ കഴിയുന്നതിനിടെയാണ് ബ്രോക്കർ മുഖേന പരാതിക്കാരിയായ മുപ്പതുകാരിയെ പരിചയപ്പെട്ടത്. ഈ കേസിലും കോടതി റിമാൻഡ് ചെയ്ത ഗഫൂർ ജയിലിൽ കഴിയുകയാണ്.