കണ്ണുർ: തളിപ്പറമ്പിൽ വെച്ച് ആറ് ലക്ഷം രൂപ നഷ്ടപ്പെട്ട കേസിൽ വളക്കട ഉടമ തന്നെയാണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ധർമ്മശാല തളിയിൽ ഇരുമ്പു കല്ലിൻ തട്ടിലെ പുത്തലത്ത് ഹൗസിൽ പി ഷാജീതിനെയാണ് എസ് ഐ പിസി സഞ്ജയ് കുമാർ അറസ്റ്റ് ചെയ്തത്. ഒരു ലക്ഷം രൂപ ഷാജിത്തിന്റെ വീട്ടിൽനിന്ന് അന്വേഷണ സംഘം കണ്ടെടുക്കുകയും ചെയ്തു.

ഫെബ്രുവരി ഒന്നിന് തളിപ്പറമ്പ് മൊയ്തീൻ പള്ളിക്ക് സമീപത്തെ ഇന്ത്യൻ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് എന്ന കടയിൽ വളം വാങ്ങാൻ ചെന്നപ്പോഴാണ് വരഡൂൽ ചെക്കിയിൽ ഹൗസിൽ സി.ബാലകൃഷ്ണന്റെ(67) സ്ഥലം വിറ്റുകിട്ടിയ ആറ് ലക്ഷം രൂപ കടയിൽവെച്ച് മറന്നത്. ബസ് സ്റ്റാന്റിലെത്തിയപ്പോഴാണ് പണം മറന്ന കാര്യം ബാലകൃഷ്ണന് ഓർമ്മവന്നത്. ഉടൻ തന്നെ അവിടെ എത്തിയെങ്കിലും പണം ലഭിക്കാത്തതിനെതുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഇതിനിടയിൽ തളിപ്പറമ്പ് കോടതി റോഡിന് സമീപം ഉപേക്ഷിച്ച നിലയിൽ അഞ്ചു ലക്ഷം രൂപ ഫെബ്രുവരി മൂന്നിന് രാവിലെ തിരിച്ചുകിട്ടുകയും ചെയ്തു. പൊലീസ് ഊർജ്ജിതമായ അന്വേഷണം നടത്തിക്കൊണ്ടിരിക്കെയാണ് മുയ്യത്തെ എം ടി.ബാലനും കോടതിക്ക് സമീപത്തെ ചായക്കച്ചവടക്കാരൻ കരുണാകരനും റോഡരികിൽ നിന്ന് പണം ലഭിച്ചത്.

പണം ഓട്ടോറിക്ഷയിൽ കൊണ്ടുവന്ന് ഉപേക്ഷിക്കുന്നതിന്റെ സി.സി ടി.വി.ദൃശ്യങ്ങൾ പിന്നീട് പൊലീസിന് ലഭിച്ചിരുന്നു. പണം കിട്ടിയത് തളിയിൽ സ്വദേശിയായ കടയുടമക്ക് തന്നെയായിരുന്നുെവങ്കിലും അത് തിരിച്ചുകൊടുക്കാതെ കൈവശം വെക്കുകയായിരുന്നു. പൊലീസ് അന്വേഷണം ഊർജ്ജിതമായ ഘട്ടത്തിലാണ് ഒരുലക്ഷം എടുത്തശേഷം 5 ലക്ഷം ഉപേക്ഷിച്ചത്.

അന്വേഷണം പൊലീസ് തുടരുന്ന സാഹചര്യത്തിൽ വളക്കടയുടമ വരഡൂലിലെ ബാലകൃഷ്ണന്റെ വീട്ടിൽ അനുരഞ്ജനത്തിന് എത്തുകയും കാര്യങ്ങൾ ധരിപ്പിക്കുകയും ചെയ്തു. സംഭവം പൊലീസ് കേസായതിനാൽ സ്റ്റേഷനിൽ ഹാജരായി കുറ്റം ഏറ്റുപറഞ്ഞ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു. തനിക്ക് പരാതിയില്ലെന്ന് ബാലകൃഷ്ണൻ കോടതിയെ അറിയിച്ചതിനെതുർന്ന് കേസ് രാജിയാവുകയായിരുന്നു. ബാലകൃഷ്ണന് ഇതോടെ നഷ്ടപ്പെട്ട ആറ്ലക്ഷം രൂപയും തിരിച്ചുകിട്ടുകയും ചെയ്തു.