കൊച്ചി: കൊച്ചി നഗരത്തിൽ പട്ടാപ്പകൽ സിനിമാ സ്റ്റൈലിൽ കവർച്ച. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ചമഞ്ഞെത്തിയ മോഷ്ടാക്കൾ സ്വർണ പണിക്കാരനിൽ നിന്നും 300 ഗ്രാം സ്വർണവും 1.80 ലക്ഷം രൂപയും കവർന്ന് കടന്നു. ആലുവ ബാങ്ക് ജങ്ഷന് സമീപം താമസിക്കുന്ന സ്വർണപണിക്കാരനായ മഹാരാഷ്ട്ര സ്വദേശി സഞ്ജയ് ആണ് കവർച്ചയ്ക്കിരയായത്. നാലംഗ സംഘമാണ് ഇൻകംടാക്‌സ് ഓഫീസർ ചമഞ്ഞെത്തി റെയ്ഡ് നടത്തിയത്.

ഇയാളുടെ വീട്ടിലെത്തിയ നാലംഗസംഘം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് അറിയിക്കുകയും വീട്ടിൽ പരിശോധന നടത്തി സ്വർണവും പണവും തട്ടിയെടുക്കുകയുമായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് മാന്യമായി വസ്ത്രം ധരിച്ച നാലുപേർ സഞ്ജയുടെ വീട്ടിലെത്തിയത്. ആദായനികുതി വകുപ്പിൽ നിന്നാണെന്നും റെയ്ഡിന് വന്നതാണെന്നുമാണ് ഇവർ അറിയിച്ചത്.

അപ്രതീക്ഷിതമായി ഉദ്യോഗസ്ഥർ എത്തിയപ്പോൾ പകച്ചുപോയ വീട്ടുകാരൻ തിരിച്ചറിയൽ കാർഡ് ചോദിച്ചപ്പോൾ മൊബൈൽ ഫോണിൽ രേഖകൾ കാണിക്കുകയാണ് ചെയ്തത്. തുടർന്നാണ് സഞ്ജയുടെ വീട്ടിൽക്കയറി നാലംഗസംഘം പരിശോധന ആരംഭിച്ചത്. ഈ സമയം വീട്ടുകാരുടെ മൊബൈൽഫോണുകൾ ഇവർ വാങ്ങിവെച്ചു. സഞ്ജയോടും ഭാര്യയോടും റെയ്ഡിന് സഹകരിക്കണമെന്നും അഭ്യർത്ഥിച്ചു. ഉദ്യോഗസ്ഥരാണെന്ന് വിശ്വസിപ്പിക്കും വിധത്തിലായിരുന്നു ഇവരുടെ പെരുമാറ്റം.

രണ്ട് മണിക്കൂറോളം ചെലവഴിക്കുകയും ചെയ്തു. ഇതോടെ വീട്ടുകാർക്ക് കാര്യമായ സംശയങ്ങളൊന്നും ഉണ്ടയില്ല. വീട്ടിനുള്ളിൽ പരിശോധന നടത്തിയവർ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും കൈക്കലാക്കി. രേഖകൾ ഉണ്ടോ എന്നു ചോദിച്ചു കൊണ്ടായിരുന്നു പരിശോധന. സഞ്ജയുടെ ആധാർ കാർഡ്, പാൻ കാർഡ് അടക്കമുള്ള രേഖകളും ഇവർ വാങ്ങിയിരുന്നു. ആദായനികുതി വകുപ്പ് ഓഫീസിലെത്തി കണക്ക് ബോധിപ്പിച്ചാൽ പിടിച്ചെടുത്തവയെല്ലാം വിട്ടുനൽകാമെന്നും പറഞ്ഞു.

തുടർന്ന് വീട്ടിൽനിന്ന് പോകാനിറങ്ങുന്നതിനിടെ സിസിടിവി ക്യാമറയുടെ ഡി.വി.ആറും ഇവർ ചോദിച്ചുവാങ്ങി. ഇതാണ് ഗൃഹനാഥനിൽ സംശയമുണർത്തിയത്. നാലംഗസംഘം വീട്ടിൽനിന്ന് മടങ്ങിയതിന് പിന്നാലെ സഞ്ജയ് ആലുവ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തിയതോടെയാണ് വന്നത് തട്ടിപ്പുകാരാണെന്നും കവർച്ചയ്ക്കിരയായെന്നും ബോധ്യമായത്.

അതേസമയം, ഡി.വി.ആർ. കവർച്ചക്കാർ കൈക്കലാക്കിയെങ്കിലും മൊബൈലിൽനിന്ന് ചില സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ സഞ്ജയ് പൊലീസിന് കൈമാറി. സംഭവത്തിൽ ആലുവ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സി സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു അന്വേഷണം നടത്താനാണ് തീരുമാനം.

അതേസമയം സമാനമായ വിധത്തിൽ തെലുങ്കാനയിലെ വജ്രവ്യാപാരിയുടെ വീട്ടിൽ അടക്കം മുൻകാലങ്ങളിൽ മോഷണം നടന്നിട്ടുണ്ട്. അന്തർ സംസ്ഥാന ബന്ധമുള്ള മോഷണ സംഘമായിരുന്നി ഇതിന് പിന്നിൽ. അതു കൊണ്ട് തന്നെ ഈ സംഘത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തേണ്ടി വരുമെന്നാണ് പൊലീസ് പറയുന്നത്.