തിരുവനന്തപുരം: ജനുവരി ഒന്നിന് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന വനിത മതിലില് പങ്കെടുക്കുന്നതിനെ ചൊല്ലി എൻഡിഎയ്ക്ക് ഉള്ളിൽ തർക്കവും ഭിന്നതയും രൂക്ഷമാകുന്നു. സംസ്ഥാന സർ്ക്കാരാണ് വനിത മതിൽ പണിയുന്നത്. സിപിഎമ്മിന്റെ പാർട്ടി മിഷനറികൾ മതിൽ വൻ വിജയമാക്കാൻ വലിയ രീതിയിലുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നുമുണ്ട്. എന്നാൽ മതിലിനെ ചൊല്ലി കലഹം രൂക്ഷമാകുന്നത് എൻഡിഎയിലുമാണ് എന്നതാണ് വിരോധാഭാസം. എൻഡിഎ ചെയർമാനായ തുഷാർ വെള്ളാപ്പള്ളി മതിലിന്റെ ഭാഗമാകുന്നത് സംബന്ധിച്ച് മുന്നണിയിലും ബിഡിജെഎസ്സിന് ഉള്ളിലും ഭിന്നത രൂക്ഷമാണ്.

വനിതാ മതിലിൽ പങ്കെടുക്കുന്നതിൽ തുഷാർ വെള്ളാപ്പള്ളിക്ക് സ്വതന്ത്രമായ തീരുമാനമെടുക്കാമെന്ന് ബിജെപി അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള. വനിത മതിൽ സംഘടിപ്പിക്കുന്നത് ശബരിമല വിഷയത്തിലല്ലെന്ന് അതിന്റെ സംഘാടകർ തന്നെ പറഞ്ഞിട്ടുണ്ട്. അപ്പോൾ പിന്നെ അതിൽ തുഷാർ പങ്കെടുക്കുന്നത് തെറ്റാകുന്നത് എങ്ങനെയാണെന്നും ശ്രീധരൻ പിള്ള ചോദിക്കുന്നു. ഇതിനെതിരെ ബിജെപിയിൽ തന്നെ ഒരു വിഭാഗം രംഗത്ത് വന്നു കഴിഞ്ഞു.

ശ്രീധരൻപിള്ളയുടെ പ്രസ്താവനയിൽ ബിജെപിക്കുള്ളിൽ അതൃപ്തി നിലനിൽക്കെ തുഷാറിനെതിരെ ബിഡിജെഎസ് വൈസ് പ്രസിഡണ്ട് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് രംഗത്തെത്തി. വനിതാ മതിൽ സംബന്ധിച്ച് ബിഡിജെഎസിൽ ഭിന്നത. തുഷാർ വെള്ളാപ്പള്ളിയുടെ അഭിപ്രായം വ്യക്തിപരമെന്ന് ബിഡിജെഎസ് വൈസ് പ്രസിഡന്റ് അക്കീരമൺ കാളിദാസ് ഭട്ടതിരിപ്പാട്.തുഷാർ പറഞ്ഞത് എസ്എൻഡിപിയുടെ അഭിപ്രായമാണ്. തുഷാറൊഴികെയുള്ള ബിഡിജെഎസ് ഭാരവാഹികളെല്ലാം അയ്യപ്പ ജ്യോതിയിൽ പങ്കെടുത്തു.

വനിത മതിൽ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് തന്നെയാണെന്നും ബിഡിജെഎസ് യോഗം കൂടാതെയാണ് തുഷാർ അഭിപ്രായം പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വനിതാ മതിൽ സർക്കാർ പരിപാടിയാണെന്നും പങ്കെടുക്കുന്നതിൽ തെറ്റില്ലെന്നുമുള്ള തുഷാറിന്റെ അഭിപ്രായമാണ് അക്കീരമൺ തള്ളിയത്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടല്ല ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലെന്നും തുഷാർ പറഞ്ഞിരുന്നു.

എസ്എൻഡിപി ആദ്യം മുതൽ തന്നെ വനിത മതിലിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു. ഇതിന പിന്നാലെയാണ് യോഗം വൈസ് പ്രസിഡന്റും എന്നാല് അതേ സമയം എൻഡിഎ ചെയർമാനായ തുഷാർ വെള്ളാപ്പള്ളിയും മതിലിന് എത്തുന്നത്. ഇത് വെള്ളാപ്പള്ളിയും ബിഡിജെഎസിലെ തുഷാർ വെള്ളാപ്പള്ളിയും പ്രബല വിഭാഗവും ഇടത്പക്ഷത്തേക്ക് എത്തുന്നുവെന്ന വാർത്തയും വരുന്നത്. തുഷാറിനെ ആറ്റിങ്ങലിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാൻ തീരുമാനിച്ചുവെന്ന് കഴിഞ്ഞ ദിവസം മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു.

വനിതാമതിലിനെ ചൊല്ലി ബിജെപിയിലും ബിഡിജെഎസ്സിലും തർക്കം ശക്തമായിരിക്കുകയാണ്. അയ്യപ്പജ്യോതിയിൽ നിന്നും വിട്ടുനിന്ന എൻഡിഎ കൺവീനർ തുഷാർ വെള്ളാപ്പള്ളി മതിലിനോട് അനുകൂല നിലപാടെടുത്തത് വലിയ വിവാദമായിരുന്നു. തന്നെയും മകനെയും തമ്മിലകറ്റാൻ ബിജെപി ശ്രമിക്കുന്നതായി വെള്ളാപ്പള്ളിയും ആരോപിച്ചിരുന്നു. എന്നാൽ ബിജെപി സംസ്ഥാന അധ്യക്ഷൻ വനിതാ മതിലിൽ തീരുമാനം തുഷാറിന് വിട്ട് മൃദുനിലപാടെടുത്തിരിക്കുകയാണ്.

എന്നാൽ ശ്രീധരൻപിള്ള അയഞ്ഞപ്പോൾ ബിഡിജെഎസിൽ തുഷാറിനെതിരെ വിമർശനങ്ങൾ ഉയർന്നിരിക്കുകയാണ്. വെള്ളാപ്പള്ളിയോടും തുഷാറിനോടുമുള്ള ശ്രീധരൻപിള്ളയുടെ നിലപാടിൽ ബിജെപിയിലെ വി മുരളീധരപക്ഷത്തിന് കടുത്ത എതിർപ്പുണ്ട്. അഭിമാനപരിപാടിയായ അയ്യപ്പ ജ്യോതിയിൽ നിന്നും വിട്ടുനിന്ന തുഷാർ വനിതാ മതിലിനോട് സഹകരിച്ചാൽ കേന്ദ്ര നേതൃത്വത്തെ സമീപിക്കാനും മുരളീധരപക്ഷത്തിന് ആലോചനയുണ്ട്. രണ്ട് തോണിയിൽ കാല് വെച്ച് നീങ്ങുന്ന വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരെ കർക്കശ നിലപാട് വേണമെന്നാണ് ഇവരുടെ ആവശ്യം.എന്നാൽ എൻഡിഎ മുന്നണിയിൽ തന്നെ വലി ഭിന്നതയുണ്ടാക്കാൻ കഴിഞ്ഞു എന്നത് തന്നെയാണ് ഏറ്റവും വലിയ നേട്ടമായി ഇടത് പക്ഷവും കാണുന്നത്