മലപ്പുറം: പട്ടാപ്പകൽ സദാചാര ഗുണ്ട ചമഞ്ഞ് സ്ത്രീയെ പീഡിപ്പിച്ചു എന്നത് ഉത്തരേന്ത്യയിൽ നിന്നോ മറ്റും മാത്രം കേട്ടിരുന്ന വാർത്തകളായിരുന്നു. എന്നാൽ അത്തരത്തിലുള്ള ഒരു സംഭവം മലയാള നാട്ടിലും ഇതാ നടന്നിരിക്കുന്നു. അതും ഭാഷാ പിതാവിന്റെ ജന്മനാട്ടിൽ. സിനിമാ കഥകളെ വെല്ലുന്നതാണ് വെള്ളെയാഴ്ച തിരൂർ വാക്കാട് നടന്ന സംഭവത്തിന്റെ ഞെട്ടൽ ഇനിയു മാറിയിട്ടില്ല. സ്വന്തം മകനും ബന്ധുവിന്റെയും കൺമുന്നിലിട്ട് പട്ടാപ്പകൽ ഭീഷണിപ്പെടുത്തി ക്രൂരവും പൈശാചികവുമായ പീഡനമായിരുന്നു ഒരു യുവതിക്കു ഏൽക്കേണ്ടി വന്നത്. രക്ഷപ്പെടാൻ മുറവിളി കൂട്ടിയെങ്കിലും ഒരാളും തിരിഞ്ഞു നോക്കുക പോലും ചെയ്തില്ലെന്നത് ആരെയും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത ഈ സംഭവം സാംസ്‌കാരിക കേരളത്തെ ലജ്ജിപ്പിക്കുന്നതതു കൂടിയാണ്.

ബന്ധുവിനും കുട്ടിക്കുമൊപ്പം കടൽ കാണാനെത്തിയപ്പോയായിരുന്നു യുവതിക്കു പീഡനം ഏൽക്കേണ്ടി വന്നത്. സദാചാര ഗുണ്ട ചമഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. യുവതിയുടെ പരാതിന്മേൽ ക്രിത്യം നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വാക്കാട് സ്വദേശി വാലിയിൽ അമിനുൽ ഫാരിസ് എന്ന ഹമീദ്(28) നെ തിരൂർ സി.ഐ പ്രദീപ് കുമാർ, പൊലീസുകാരായ ഷുക്കൂർ, പ്രവീൺ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് വാക്കാട് കടപ്പുറത്താണ് സംഭവം. ബന്ധുവായ ഓട്ടോ ഡ്രൈവറെയും കുട്ടിയെയും ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കി എന്നാണ് പരാതി. പരാതി ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ പൊലീസ് പ്രതിയെ പിടികൂടുകയും ചെയ്തു.

ഏഴുവയസുകാരനായ മകനും ബന്ധുവിനും ഒപ്പം വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു യുവതി വാക്കാട്, കൂട്ടായി ഭാഗത്തേക്ക് പോയത്. മലപ്പുറം ജില്ലയുടെ തീരദേശപ്രദേശം കൂടിയാണിവിടം. ചികിത്സാരിയെ കാണാൻ പോയി മടങ്ങുന്നതിനിടെയാണ് കടൽ കാണാനായി ഇവർ വാക്കാട് കടപ്പുറത്ത് എത്തുന്നത്. കൂടെയുണ്ടായിരുന്ന ബന്ധുവിന്റെ ഓട്ടോറിക്ഷയിൽ തന്നെയായിരുന്നു യാത്രയും. വീട്ടിലെ യാത്രാ ആവശ്യങ്ങൾക്ക് ഈ ഓട്ടോയായിരുന്നു സ്ഥിരമായി വിളിച്ചിരുന്നത്.

വാക്കാട് കടപ്പുറത്ത് മൂവരും ഇരിക്കുമ്പോൾ പ്രതി ഹമീദ് സദാചാര പൊലീസ് ചമഞ്ഞ് എത്തുകയും ഇവിടെ ഇരിക്കരുതെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയുമായിരുന്നു. മാത്രമല്ല, നിങ്ങൾതമ്മിൽ എന്താണ് ബന്ധമെന്നും ചോദിച്ച് 22 വയസ് പ്രായമുള്ള ബന്ധുമായ ഓട്ടോ ഡ്രൈവറെ മർദിക്കുകയും ചെയ്തു. ഇതോടെ മൂവരും പേടിച്ചരണ്ട് ഞങ്ങളെ ഒന്നും ചെയ്യരുതെന്ന് കേണപേക്ഷിച്ചു. താൻ പറയുന്നതു പോലെ ചെയ്താൽ നിങ്ങൾക്കു രക്ഷപ്പെടാമെന്നും വിടാമെന്നും പറഞ്ഞ് പ്രതി ഇവരെ ഭീഷണിപ്പെടുത്തി.

യുവതിയുടെയും ബന്ധുവിന്റെയും മൊബൈൽ ഫോൺ പിടിച്ചെടുത്ത ശേഷം ബന്ധുവിനെ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തി ഓട്ടോ വിടാൻ ആവശ്യപ്പെടുകയും ചെയ്തു. ഈ സമയം യുവതിയെയും മകനുമൊപ്പം പ്രതിയും ഓട്ടോയുടെ പിൻസീറ്റിൽ കയറി ഇരുന്നു. പ്രതി ആവശ്യപ്പെട്ടതനുസരിച്ച് ഓട്ടോ തുഞ്ചൻ സ്മാരക ഗവൺമെന്റ് കോളേജിന്റെ പടിഞ്ഞാറു വശത്തുള്ള വിചനമായ സ്ഥലത്തേക്കു വിടുകയും ചെയ്തു. ഇവർക്ക് പരിചയമില്ലാത്ത സ്ഥലമായിരുന്നു ഇവിടെ.

തുടർന്ന് കുട്ടിക്കു ഐസ്‌ക്രീം വാങ്ങി നൽകാൻ ബന്ധുവിന് പണം നൽകി ഇരുവരെയും പറഞ്ഞയച്ചു.പോകാൻ കൂട്ടാക്കാതെ വന്നതോടെ കുട്ടിയെയും ബന്ധുവിനെയും ഭീഷണിപ്പെടുത്തി അവിടെ നിന്നും പറഞ്ഞു വിട്ടു. എന്നാൽ ബന്ധുവും കുട്ടിയും സമീപവാസികളായ പലരെയും വിവരമറിയിച്ചെങ്കിലും ആരും വരാൻ കൂട്ടാക്കിയിരുന്നില്ല. ശേഷം യുവതിയെ ഓട്ടോയിൽ വച്ച് പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് യുവതി പൊലീസിൽ മൊഴി നൽകി. എതിർക്കാൻ ശ്രമിച്ച യുവതിയുടെ വസ്ത്രം ക്രൂരമായി വലിച്ചു കീറുകയും ഓട്ടോയിൽ നിർത്തി ലൈംഗിക പീഡനത്തിനു ഇരയാക്കുകയുമായിരുന്നു. ഭർത്താവ് വിദേശത്തുള്ള യുവതിക്ക് മൂന്നു വയസ്സുള്ള മകളുമുണ്ട്.

യുവതിയുടെ മൊബൈൽ എടുത്ത് പ്രതി സ്വന്തം ഫോണിലേക്ക് നമ്പർ അറിയാൻ വിളിച്ചിരുന്നു. ഇത് പ്രതിയെ തിരിച്ചറിയാൻ പൊലീസിനെ സഹായിച്ചു. യുവതി വീട്ടിലെത്തി സംഭവം പറഞ്ഞതോടെ ബന്ധുക്കളുമായെത്തി വെള്ളിയാഴ്ച തിരൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് ശനിയാഴ്ച ഉച്ചയ്ക്ക് പ്രതിയെ കസ്റ്റഡയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പീഡനത്തിനിരയായ യുവതിയെ വൈദ്യ പരിശോധന നടത്തിതിൽ പീഡനം നടന്നതായി തെളിഞ്ഞിട്ടുണ്ടെന്ന് സി.ഐ പ്രദീപ്കുമാർ പറഞ്ഞു.

അറസ്റ്റിനു ശേഷം പ്രതിയെയും വൈദ്യ പരിശോധനക്കു വിധേയമാക്കി. ഇരുവരുടെയും വൈദ്യപരിശോധനാ ഫലം കൂടുതൽ രാസ പരിശോധനക്ക് വിധേയമാക്കും. ഇതിലൂടെ പീഡിപ്പിച്ചത് പ്രതി തന്നെയാണോ എന്ന് അറിയാൻ സധിക്കും. പ്രതിക്കെതിരെ പതിനാലു വർഷം വരെ ശിക്ഷ ലഭിക്കാവുന്ന 376, 366, 392 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തതെന്ന് സി.ഐ പറഞ്ഞു. പൊന്നാനി മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.