- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവൈരാണിക്കുളം ശ്രീപാർവതീദേവിയുടെ നട ഇന്ന് തുറക്കും; ഒരു വർഷം നീണ്ട കാത്തിരിപ്പിന് ശേഷം മംഗല്യവരദായിനിയെ കാണാൻ ഭക്തരൊഴുകും; ഒരുക്കങ്ങളുമായി ജില്ലാ ഭരണകൂടവും
കാലടി : ഭക്തരുടെ ഒരു വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ മംഗല്യവരദായിനിയായ ശ്രീപാർവതീദേവിയുടെ നട ഇന്നു തുറക്കും. ധനുമാസത്തിലെ തിരുവാതിര നാൾ മുതൽ 12 ദിവസമാണ് ശ്രീപാർവതീദേവിയുടെ ദർശനം ലഭിക്കുന്നത്. വൈകിട്ട് നാലിന് ദേവിക്ക് ചാർത്താനുള്ള തിരുവാഭരണങ്ങൾ ക്ഷേത്രോത്പത്തിക്കു കാരണഭൂതരായ അകവൂർ മനയിൽനിന്ന് രഥഘോഷയാത്രയായി എഴുന്നള്ളിക്കും. അകവൂർ ശ്രീരാമമൂർത്തി ക്ഷേത്രത്തിൽ പ്രത്യേക പൂജകൾക്കുശേഷം മനയിലെ കാരണവർ കെടാവിളക്കിൽനിന്ന് ദീപം ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾക്കു കൈമാറുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. ആചാരങ്ങൾക്കുശേഷം പൂക്കാവടിയും വാദ്യഘോഷങ്ങളും പൂത്താലവുമേന്തിയ യുവതികളുടെ അകമ്പടിയോടെ തിരുവാഭരണ രഥഘോഷയാത്ര ക്ഷേത്രത്തിലേക്ക് പുറപ്പെടും. ഘോഷയാത്ര ക്ഷേത്രത്തിലെത്തിയാലുടൻ നടതുറപ്പ് ചടങ്ങുകൾ ആരംഭിക്കും. ഊരാണ്മക്കാരായ മൂന്നു മനകളിലെ പ്രതിനിധികളുടെ സാന്നിധ്യം ഉറപ്പാക്കിയശേഷം ശ്രീപാർവതീദേവിയുടെ ഉറ്റതോഴിയായ പുഷ്പിണിയുടെ അനുവാദത്തോടെ രാത്രി എട്ടിന് നടതുറക്കും. നടതുറപ്പിനുശേഷം ദേവിയ
കാലടി : ഭക്തരുടെ ഒരു വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ മംഗല്യവരദായിനിയായ ശ്രീപാർവതീദേവിയുടെ നട ഇന്നു തുറക്കും. ധനുമാസത്തിലെ തിരുവാതിര നാൾ മുതൽ 12 ദിവസമാണ് ശ്രീപാർവതീദേവിയുടെ ദർശനം ലഭിക്കുന്നത്.
വൈകിട്ട് നാലിന് ദേവിക്ക് ചാർത്താനുള്ള തിരുവാഭരണങ്ങൾ ക്ഷേത്രോത്പത്തിക്കു കാരണഭൂതരായ അകവൂർ മനയിൽനിന്ന് രഥഘോഷയാത്രയായി എഴുന്നള്ളിക്കും. അകവൂർ ശ്രീരാമമൂർത്തി ക്ഷേത്രത്തിൽ പ്രത്യേക പൂജകൾക്കുശേഷം മനയിലെ കാരണവർ കെടാവിളക്കിൽനിന്ന് ദീപം ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾക്കു കൈമാറുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. ആചാരങ്ങൾക്കുശേഷം പൂക്കാവടിയും വാദ്യഘോഷങ്ങളും പൂത്താലവുമേന്തിയ യുവതികളുടെ അകമ്പടിയോടെ തിരുവാഭരണ രഥഘോഷയാത്ര ക്ഷേത്രത്തിലേക്ക് പുറപ്പെടും.
ഘോഷയാത്ര ക്ഷേത്രത്തിലെത്തിയാലുടൻ നടതുറപ്പ് ചടങ്ങുകൾ ആരംഭിക്കും. ഊരാണ്മക്കാരായ മൂന്നു മനകളിലെ പ്രതിനിധികളുടെ സാന്നിധ്യം ഉറപ്പാക്കിയശേഷം ശ്രീപാർവതീദേവിയുടെ ഉറ്റതോഴിയായ പുഷ്പിണിയുടെ അനുവാദത്തോടെ രാത്രി എട്ടിന് നടതുറക്കും. നടതുറപ്പിനുശേഷം ദേവിയെ പാട്ടുപുരയിലേക്ക് ആനയിക്കും. ദേവിക്ക് സ്തുതിഗീതങ്ങളുമായി പുഷ്പിണി കൂട്ടിരിക്കും. രാത്രി മുഴുവൻ ദേവിയുടെ നട തുറന്നു കിടക്കും. 12 രാപ്പകലുകൾ ദർശനോത്സവത്തിന്റെ കാലമാണ്. ദിവസവും പുലർച്ചെ നാലു മുതൽ 1.30 വരെയും വൈകുന്നേരം നാലു മുതൽ രാത്രി 8.30 വരെയുമാണ് ദർശനം. 22 ന് രാത്രി എട്ടിന് നട അടയ്ക്കുന്നതോടെ ഈ വർഷത്തെ നടതുറപ്പ് ഉത്സവം സമാപിക്കും.
ദർശനത്തിനെത്തുന്ന ഭക്തർക്ക് ക്ഷേത്ര ട്രസ്റ്റിന്റെ മേൽനോട്ടത്തിൽ സൗജന്യമായി കുടിവെള്ളവും അന്നദാനവും ഉൾപ്പെടെ വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
സുരക്ഷിതദർശനത്തിന് ഒരുക്കമായി
നടതുറപ്പു മഹോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ അൻവർ സാദത്ത് എംഎൽഎ, ജില്ലാ കളക്ടർ കെ. മുഹമ്മദ് വൈ. സഫറുള്ള എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്നു. മുന്നൊരുക്കങ്ങളുടെ പുരോഗതി പരിശോധിച്ച ജില്ലാ കളക്ടർ അടിയന്തിരമായി സ്വീകരിക്കേണ്ട നടപടികൾക്ക് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കി.
ഭക്ഷണശാലയിലെ തൊഴിലാളികൾ ഹെൽത്ത് കാർഡ് എടുക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു. ശുചിത്വമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ അദ്ദേഹം ആരോഗ്യവകുപ്പിന് നിർദ്ദേശം നല്കി. ഓട്ടോറിക്ഷകൾ അമിതനിരക്ക് ഈടാക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. മീറ്ററുകളില്ലാതെയും മീറ്ററുകൾ പ്രവർത്തിപ്പിക്കാതെയും സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾ പിടിച്ചെടുക്കണം. സ്വകാര്യ പാർക്കിങ് ഗ്രൗണ്ടുകളിൽ നിരക്ക് പ്രദർശിപ്പിക്കണം.
ആലുവ, അങ്കമാലി റെയിൽവേ സ്റ്റേഷനുകളിൽ തിരുവൈരാണിക്കുളത്തേക്കുള്ള വാഹനങ്ങളുടെ നിരക്ക് സൂചിപ്പിക്കുന്ന ബോർഡ് സ്ഥാപിക്കാൻ റൂറൽ പൊലീസിനു നിർദ്ദേശം നല്കി. ആലുവ റൂറൽ എസ്‌പിയുടെയും പെരുമ്പാവൂർ ഡിവൈ.എസ്‌പിയുടെയും നേതൃത്വത്തിൽ മുന്നൂറോളം പൊലീസുകാരെ വിന്യസിക്കും.
ക്ഷേത്ര ട്രസ്റ്റ് ഏർപ്പെടുത്തിയ 250 സ്വകാര്യഗാർഡുകളും 500 ലധികം വോളണ്ടിയർമാരും സഹായത്തിനുണ്ടാകും. ജീവനക്കാരടക്കം ആംബുലൻസും ഫയർ ആൻഡ് റെസ്‌ക്യൂ യൂണിറ്റും 24 മണിക്കൂറും സജ്ജമാക്കും.
വൃത്തിയുള്ള ശുചിമുറികൾ ഒരുക്കി. ക്ഷേത്രത്തിലേക്കുള്ള വഴികളിൽ സൂചനാബോർഡുകൾ സ്ഥാപിച്ചു. ആലുവയിൽ നിരവധി ട്രെയിനുകൾക്ക് പ്രത്യേക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയുടെ ആലുവ, പെരുമ്പാവൂർ, അങ്കമാലി, പറവൂർ, ചാലക്കുടി, എറണാകുളം, ആലപ്പുഴ, കൊല്ലം ഡിപ്പോകളിൽനിന്ന് പ്രത്യേക സർവീസ് നടത്തും. കൺട്രോൾ റൂമുകൾക്ക് മേൽനോട്ടം വഹിക്കാൻ തഹസീൽദാറുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
സബ് കളക്ടർ അബീല അഹ്ദുള്ള, ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് അകവൂർ കുഞ്ഞനിയൻ നമ്പൂതിരിപ്പാട്, വൈസ് പ്രസിഡന്റ് എസ്. ശ്രീകുമാർ, സെക്രട്ടറി പി.ജി. സുധാകരൻ, ജോയിന്റ് സെക്രട്ടറി ഉണ്ണി മാടവന, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു