തിരുവല്ല: സംസ്ഥാനത്തെ ഏറ്റവും വലിയ അർബൻ സഹകരണ ബാങ്കുകളിൽ ഒന്നാണ് തിരുവല്ല ഈസ്റ്റ് കോ- ഓപ്പറേറ്റീവ് ബാങ്ക്. ഇരവിപേരൂർ ആസ്ഥാനമായുള്ള ബാങ്കിന് തിരുവല്ല, മല്ലപ്പള്ളി, റാന്നി താലൂക്കുകളിലായി 18 ശാഖകളുണ്ട്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ അർബൻ ബാങ്ക് എന്ന ഖ്യാതിയും ബാങ്ക് ഒരു ഘട്ടത്തിൽ നേടിയിരുന്നു. പതിറ്റാണ്ടുകളോളം കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതി ആയിരുന്നു ബാങ്ക് ഭരണം നടത്തിയിരുന്നത്. എന്നാൽ 2021 നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഭരണം പിടിച്ചു. ഇതിന് ശേഷമാണ് ബാങ്ക് തകരുന്നത്. അതുകൊണ്ട് തന്നെ തിരുവല്ലയിൽ ഈ ബാങ്ക് രാഷ്ട്രീയ ചർച്ചയും ആയിട്ടുണ്ട്.

തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്കിൽ സ്വർണപ്പണയം ഉൾപ്പെടെയുള്ള വായ്പകൾ നിർത്തിവെച്ചുവെന്നതാണ് വസ്തുത. റിസർവ് ബാങ്കിന്റെ നിർദേശത്തെ തുടർന്നാണ് ബാങ്ക് ഭരണസമിതി ഇത് സംബന്ധിച്ച അറിയിപ്പ് ശാഖാ മാനേജർമാർക്ക് നൽകിയത്. നിഷ്‌ക്രിയ ആസ്തികൾ വർധിക്കുകയും വരുമാനം കുറയുകയും ചെയ്തതോടെയാണ് റിസർവ് ബാങ്ക് നിർദ്ദേശം ഉണ്ടായത്. സംസ്ഥാനത്തു റിസർവ് ബാങ്ക് അംഗീകാരം ലഭിച്ച സഹകരണ ബാങ്ക് ആയിരുന്നു ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക്.

അടുത്തിടെ റിസർവ് ബാങ്ക് ഉദ്യോഗസ്ഥർ ബാങ്കിൽ പരിശോധന നടത്തിയിരുന്നു. വായ്പകൾ നൽകിയതു നിയമാനുസൃതം അല്ലെന്ന് അന്ന് പരിശോധകർ റിപ്പോർട്ട് നൽകിയിരുന്നു. ഭരണസമിതി അംഗങ്ങളുടെയും ബാങ്ക് ജീവനക്കാരുടെയും ബന്ധുക്കൾക്ക് പലിശ കുറവുള്ള വായ്പ, മൂന്നുപേർ വരെയുള്ള യൂണിറ്റുകൾക്ക് 50,000 വരെയുള്ള വായ്പ എന്നിവ നൽകിയതിൽ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ഇതിന് പിന്നിൽ രാഷ്ട്രീയ തീരുമാനങ്ങളുണ്ടെന്നാണ് ആരോപണം.

58440 ത്തോളം അംഗങ്ങളും 18 ശാഖകളും ഉള്ള ബാങ്ക് നാലു പതിറ്റാണ്ടായി യുഡിഎഫ് നിയന്ത്രണത്തിലായിരുന്നു. പുതിയ ഭരണസമിതി അധികാരമേറ്റ ശേഷമുള്ള ക്രമക്കേടുകൾ അല്ലെന്നും ബാങ്ക് വായ്പകളുടെ കുടിശിക വർധിച്ചതു കൊണ്ടാണ് റിസർവ് ബാങ്ക് ഈ നിയന്ത്രണം ഏർപ്പെടുത്തിയതെന്നും തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ഡോ. ജേക്കബ് ജോർജ് അറിയിച്ചു. നിക്ഷേപങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് നിയന്ത്രണം. ഭരണസമിതി അധികാരമേറ്റ ശേഷം നൽകിയ ഒരു വായ്പയും കുടിശിക ആയിട്ടില്ലെന്നു പറയുന്നു. എന്നാൽ യുഡിഎഫ് ഇത് തള്ളുന്നു.

കഴിഞ്ഞ കാലഘട്ടത്തിൽ നൽകിയ വായ്പകളുടെ കുടിശികകൾ ഈടാക്കുന്നതിനായി കോടതി വഴി നടപടികൾ നടക്കുകയാണ്. ഈ ഭരണസമിതിയുടെ കാലത്ത് ഒരു ക്രമക്കേടും ഉണ്ടായില്ലെന്നുമാണ് ചെയർമാൻ പറയുന്നത്. ബാങ്കിലെ ക്രമക്കേടുകൾ സംബന്ധിച്ച് രണ്ടു സഹകാരികൾ കേന്ദ്രമന്ത്രി നിർമല സീതാരാമൻ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു. ഇതും റിസർവ് ബാങ്കിന് കൈമാറിയിരുന്നു. സ്ഥിര നിക്ഷേപത്തിൽ നിന്ന് പോലും വായ്പ എടുക്കാൻ കഴിയാതെ വന്നതോടെ നിരവധി പേര് ബാങ്ക് ശാഖകളിൽ എത്തുന്നുണ്ട്. ഇത് ബാങ്ക് പ്രവർത്തനം കൂടുതൽ സങ്കീർണമാക്കും. ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം മുൻ ഭരണസമിതികളുടെ കാലത്തെ പിഴവാണെന്ന് എൽഡിഎഫ് ആരോപിക്കുമ്പോൾ കഴിഞ്ഞ എട്ടുമാസത്തെ ഭരണപിടിപ്പുകേടാണ് ഇപ്പോൾ റിസർവ് ബാങ്ക് ഇടപെടലിലേക്ക് വന്നതെന്നുമാണ് യുഡിഎഫ് നേതാക്കൾ പറയുന്നത്.

കേരളത്തിലെ ഏറ്റവും മികച്ച ധനകാര്യ സ്ഥാപനങ്ങളിൽ ഒന്നായ തിരുവല്ല ഈസ്റ്റ് കോപ്പറേറ്റീവ് ബാങ്കിനെ ഭരണം പിടിച്ചു 8 മാസം കൊണ്ടു വായ്പയടക്കം ബാങ്കിങ് നടപടികൾ റിസേർവ് ബാങ്ക് വിലക്കിയിരിക്കുന്ന സ്ഥിതിയിലേക്ക് എത്തിക്കാൻ എൽ. ഡി. എഫിനെ കഴിയൂ എന്നാണ് യുഡിഎഫ് വിമർശനം. ബാങ്കിന്റെ സഹകാരികൾ അല്ലാത്ത നൂറു കണക്കിന് പാർട്ടിക്കാരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇറക്കി, പൊലീസിനെ നിർവീര്യമാക്കി, വ്യാജ ഐഡന്റിറ്റി കാർഡ് ഉപയോഗിച്ച് ബാങ്ക് ഭരണം പിടിക്കാൻ കാണിച്ച വീറും വാശിയും കുൽസിത നീക്കവും ബാങ്കിന്റെ കെട്ടുറപ്പു തകർക്കാനും വിനിയോഗിച്ചുവെന്ന ആരോപണം ശക്തമാണ്.

ബാങ്കിങ് പ്രവർത്തതിനുള്ള നിയമങ്ങളും ചട്ടങ്ങളും കാറ്റിൽ പറത്തി റിസേർവ് ബാങ്കിന്റെ മാർഗനിർദ്ദേശങ്ങൾ പോലും പാലിക്കാതെ നടത്തിയ ഇടപാടുകൾ റിസർവ് ബാങ്ക് പിടികൂടിയതാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന പ്രശ്‌നം. ആസ്തി ബാധ്യത കൂടാതെ ഗ്രൂപ്പുകൾക്ക് പരസ്പര ജാമ്യത്തിൽ വായ്പ നൽകിയതിനും ജീവനക്കാരുമായി ബന്ധമുള്ളവർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ അനുവദിച്ചതിനും ന്യായീകരണമൊന്നുമില്ല. നിയമങ്ങളും ചട്ടങ്ങളും മറികടന്നു ബാങ്കുകളെ പാർട്ടിയുടെയും പാർട്ടിക്കാരുടെയും കറവപ്പശുവാക്കി തരംതാഴ്‌ത്തി ഉപയോഗിച്ചതിന്റെ ദുരന്തഫലമാണ് തിവല്ലയിലേതെന്ന് കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി പറയുന്നു.

കാലാവധി കഴിഞ്ഞിട്ടും നിക്ഷേപം തിരികെ നൽകാൻ കഴിയാത്ത 164 സഹകരണ സംഘങ്ങൾ സംസ്ഥാനത്ത് ഉണ്ടെന്ന് സർക്കാർ തന്നെ സമ്മതിച്ചിട്ടുണ്ട്. സഹകരണ മന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിലാണ് ഞെട്ടിക്കുന്ന ഈ കണക്ക്. ചെറിയ തുക മുതൽ വൻ തുകയ്ക്ക് വരെ നിക്ഷേപങ്ങൾ സ്വീകരിച്ച സ്ഥാപനങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലായതോടെ നൂറ് കണക്കിന് നിക്ഷേപകരാണ് പ്രതിസന്ധിയിലായത്. പതിനാല് ജില്ലകളിലായി 164 സംഘങ്ങൾ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്നാണ് മന്ത്രി നിയമസഭയെ അറിയിച്ചത്. കാലാവധി പൂർത്തിയായ നിക്ഷേപ തുക പോലും തിരിച്ച് കൊടുക്കാൻ സ്ഥാപനങ്ങൾക്ക് കഴിയുന്നില്ല. ഏറ്റവും അധികം സംഘങ്ങളുള്ളത് തിരുവനന്തപുരത്താണ്. 100 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ കണ്ടല സർവീസ് സഹകരണ ബാങ്ക് അടക്കം 37 സംഘങ്ങൾ തലസ്ഥാന ജില്ലയിൽ മാത്രം ഉണ്ടെന്നാണ് സഹകരണ വകുപ്പിന്റെ കണക്ക്.

പ്രതിസന്ധിയിലായ ധനകാര്യ സ്ഥാപനങ്ങൾ കൊല്ലത്ത് പന്ത്രണ്ടും പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ 15 വീതവും ഉണ്ട്. കോട്ടയത്ത് ഇരുപത്തിരണ്ടും തൃശ്ശൂരിൽ പതിനൊന്നും മലപ്പുറത്ത് 12 സഹകരണ സംഘങ്ങളും നിക്ഷേപം തിരിച്ച് കൊടുക്കാനില്ലാത്ത വിധം പ്രതിസന്ധിയിലാണ്. 2018ലെ നിക്ഷേപ ഗ്യാരണ്ടി സ്‌കീം അനുസരിച്ച് നിക്ഷേപകർക്ക് രണ്ട് ലക്ഷം രൂപ വരെയാണ് നിലവിൽ സുരക്ഷ. ഈ പരിധി അഞ്ച് ലക്ഷം രൂപ വരെ ആക്കി ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരികയാണെന്നും മന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

സഹകരണ ധനകാര്യ സ്ഥാപനങ്ങളിലെ ധനവിനിയോഗത്തിലെ ക്രമക്കേട് മുതൽ സംഘങ്ങളിൽ നിന്ന് വായ്പ എടുത്തവർ യഥാസമയം തിരിച്ചടക്കാത്തത് വരെ പ്രതിസന്ധിക്ക് കാരമാണ്. സമഗ്ര സഹകരണ നിയമം വരുന്നതോടെ ഈ പ്രതിസന്ധികൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ഭരണം എൽഡിഎഫ് പിടിച്ചെടുത്തത് അട്ടിമറിയിലൂടെയാണെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ബാങ്കിന്റെ അധികാര പരിധിക്ക് വെളിയിൽ നിന്ന് ബസുകളിൽ നൂറുകണക്കിന് പാർട്ടി പ്രവർത്തകരെ ഇറക്കി ഒരാൾ തന്നെ അഞ്ചു വോട്ട് വരെ ചെയ്താണ് ഭരണം പിടിച്ചതെന്ന ആരോപണവുമായി യുഡിഎഫ് രംഗത്തു വന്നിരുന്നു. കാമറ സ്ഥാപിച്ച് നിരീക്ഷണം ഉറപ്പാക്കി വേണം പോളിങ് നടത്താനെന്നുള്ള ഹൈക്കോടതി നിർദ്ദേശം പാലിക്കപ്പെട്ടില്ല.

കോടതി നിരീക്ഷകനായി നിയോഗിച്ച അഭിഭാഷകനെ ആ പരിസരത്ത് പോലും കാണാനില്ലായിരുന്നുവെന്ന് ആരോപണം. ബാങ്കിന്റെ ചരിത്രത്തിൽ ആദ്യമായാണ് എൽഡിഎഫ് അധികാരത്തിൽ വരുന്നത്. സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെയും പൊലീസിനെയും ഉപയോഗിച്ച് കള്ളവോട്ട് വഴി എൽഡിഎഫിന്റെ സഹകരണ സംരക്ഷണ മുന്നണി അധികാരം പിടിക്കുന്നത് നിസഹായതയോടെ നോക്കിൽ നിൽക്കാൻ മാത്രമേ യുഡിഎഫിനായുള്ളൂ. ഇപ്പോഴില്ലെങ്കിൽ മറ്റൊരിക്കലുമില്ലെന്ന ലക്ഷ്യം മുന്നിൽ കണ്ട് പടയ്ക്കിറങ്ങിയ എൽഡിഎഫ് കണ്ണൂർ മോഡൽ കള്ളവോട്ടിലൂടെ അധികാരം കൈയാളിയപ്പോൾ അമിത ആത്മവിശ്വാസം യുഡിഎഫിന് വിനയായി.

അന്തിമഫല പ്രഖ്യാപനം കോടതി നടത്താമെന്ന് നിർദ്ദേശം വന്നെങ്കിലും ഹൈക്കോടതിയിൽ ഹർജി നൽകിയ പഴയ ബാങ്ക് പ്രസിഡന്റ് റജി തോമസ് അതിന് തയാറായില്ല. വീണ്ടും യുഡിഎഫ് ഭരണത്തിലെത്തുമെന്നും താൻ പ്രസിഡന്റായി തുടരുമെന്ന് വിശ്വസിച്ചിരുന്ന റെജി തോമസിനും കൂട്ടരും അതിനെ എതിർത്തിരുന്നു. അതുകൊണ്ട് തന്നെ സമയം ഒട്ടും കളയാതെ ബാങ്ക് ഭരണം എൽഡിഎഫ് ഏറ്റെടുക്കുകയും ചെയ്തു. 1953 ൽ സ്ഥാപിതമായ ബാങ്ക് ആർബിഐയ്ക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്. 58,000 വോട്ടർമാരാണ് ബാങ്കിലുള്ളത്. വോട്ടു ചെയ്ത 8094 അംഗങ്ങളിൽ 4200 മുതൽ 4300 വരെ വോട്ടുകൾ നേടിയാണ് എൽഡിഎഫിന്റെ 13 പേർ തെരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫിന്റെ ശരാശരി വോട്ട് 2600-2700 മാത്രവും. 1600 ലേറെ വോട്ടിന്റെ ഭൂരിപക്ഷം ഓരോ എൽഡിഎഫ് സ്ഥാനാർത്ഥിക്കും ലഭിച്ചു.