തിരുവനന്തപുരം: തിരുവല്ലം കസ്റ്റഡി മരണക്കേസ് സിബിഐയ്ക്ക് കൈമാറാൻ ഉത്തരവ്. മുഖ്യമന്ത്രിയുടേതാണ് തീരുമാനം. കേസന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് കത്തെഴുതും. നേരത്തെ അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്ന് ഡിജിപി ശുപാർശ നല്കിയിരുന്നു. കേസ് സിബിഐയ്ക്ക് വിടണമെന്ന് മരിച്ച സുരേഷിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.

സുരേഷിന് മർദനം ഏറ്റെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. എന്നാൽ പൊലീസ് മർദിച്ചിട്ടില്ലെന്നാണ് കൂട്ടുപ്രതികൾ മജിസ്ട്രേറ്റിന് നൽകിയിരിക്കുന്ന മൊഴിയിൽ പറയുന്നത്. പൊലീസ് കസ്റ്റഡിയിലിരിക്കെ സുരേഷ് മരിച്ചത് ഹൃദയാഘാതം മൂലമെന്നായിരുന്നു പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചത്. സുരേഷിന്റെ മരണകാരണം ഹൃദയാഘാതമാണെങ്കിലും ശരീരത്തിലെ പന്ത്രണ്ട് ചതവുകൾ മർദനമേറ്റതാണെന്ന് പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ മർദനം, കൊലപാതകം പോലുള്ള വകുപ്പുകൾ ഉടൻ ചുമത്തേണ്ടെന്ന് ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ, പിന്നാലെയാണ് നടപടി ക്രമങ്ങളിൽ വീഴ്‌ച്ച വരുത്തിയെന്ന് കാണിച്ച മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്്തിരുന്നു.

തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയിലിരിക്കെ യുവാവ് ഹൃദയാഘാതം മൂലം മരിച്ച കേസിൽ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. എസ്ഐ വിപിൻ, ഗ്രേഡ് എസ്ഐ സജീവൻ, വൈശാഖ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. നടപടി ക്രമങ്ങളിൽ വീഴ്‌ച്ച വരുത്തിയെന്ന് കാട്ടി സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാറിന്റേതാണ് നടപടി.

ജഡ്ജിക്കുന്നിലെത്തിയ ദമ്പതികളെ ആക്രമിച്ചതിനാണ് അഞ്ച് പേരെ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിലെ ഒരു പ്രതിയായ സുരേഷാണ് സ്വകാര്യ ആശുപത്രിയിൽവെച്ച് മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരിച്ചതെന്നായിരുന്നു പൊലീസിന്റെ പ്രതികരണം.

എന്നാൽ പൊലീസ് മർദനത്തെ തുടർന്നാണ് മരണമെന്ന് ആരോപിച്ച് വലിയ പ്രതിഷേധം ഉടലെടുത്തിരുന്നു. അതേസമയം, സുരേഷിനെ പൊലീസിനെ മർദിച്ചിട്ടില്ലെന്ന വാദം തള്ളിയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നത്. മരിച്ച സുരേഷിന്റെ മരണകാരണം ഹൃദയാഘാതം ആണെങ്കിലും ഇതിന് കാരണമായത് ശരീരത്തിലെ ചതവുകൾ ആയിരിക്കാമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പരാമർശം. സുരേഷിന്റെ ശരീരത്തിൽ 12 ഇടങ്ങളിൽ ചതവുകൾ കണ്ടെത്തിയിട്ടുണ്ട് എന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മാസം 28 നാണ് തിരുവല്ലം നെല്ലിയോട് മേലെ ചരുവിള പുത്തൻവീട്ടിൽ സുരേഷ് മരിച്ചത്.

തിരുവല്ലത്ത് വച്ച് ദമ്പതികളെ ആക്രമിക്കുകയും പണം വാങ്ങുകയും ചെയ്തുവെന്ന പരാതിയിലാണ് സുരേഷ് ഉൾപ്പെടെ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിൽ വെച്ച് സുരേഷിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.