- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു പ്രദേശത്ത് ഒരു ദിവസം നിരവധി മോഷണം; ക്യാമറയിൽ കുടുങ്ങാതിരിക്കാൻ ഹെൽമറ്റ്; സിസിടിവി ഹാർഡ് ഡിസ്‌കും നിർബന്ധം; പൊലീസിനെ കണ്ടാൽ ഓടി രക്ഷപെടും; മോഷണ മുതൽ ആക്രി കടയിൽ വിറ്റ് ആഡംബ ജീവതം; അയൽവാസികളുടെ കിണറ്റിൽ വിഷം കലർത്തുന്ന ക്രൂരത; തിരുവല്ലം ഉണ്ണി വീണ്ടും ഓട്ടത്തിൽ ജയിച്ചു; ഇത്തവണ തോറ്റത് മുണ്ടക്കയം പൊലീസ്
പത്തനംതിട്ട; തിരുവനന്തപുരത്തെ കുപ്രസിദ്ധ മോഷ്ടാവാണ് തിരുവല്ലം ഉണ്ണി. കോടി മുണ്ടു മുതൽ ലാപ്ടോപ്പ് വരെ കൈയിൽ കിട്ടുന്നതെന്തും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന കവർച്ചക്കാരൻ. ഈ മോഷ്ടാവാണ് ഇന്നലെ മുണ്ടക്കയം പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്.
നിരവധി കേസുകളിൽ പ്രതിയായ കൊടുംക്രിമിനലിനെ പിന്തുടർന്ന പൊലീസിനു മുന്നിൽപ്പെട്ടത് വനിതാ പൊലീസ്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി പൊലീസ് തിരഞ്ഞുകൊണ്ടിരിക്കുന്ന തിരുവല്ലം ഉണ്ണിയുടെ ആഡംബര വാഹനത്തെ സാഹസികമായി പൊലീസ് പിന്തുടരുകയായിരുന്നു. തുടർന്ന് ഇയാൾ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. അതിന് ശേഷം ഉണ്ണിയുടെ വണ്ടിയിൽ നിന്ന് ഇറങ്ങിയതാവട്ടെ പത്തനംതിട്ട വനിതാ സ്റ്റേഷനിലെ ഉദ്യോഗസ്ഥയും. ഇതു കണ്ട് പൊലീസുകാർ അമ്പരന്നു. അപ്പോഴേക്കും ഉണ്ണി ഓട്ടം തുടർന്നു. ഓടി രക്ഷപ്പെടുന്ന ഉണ്ണിയെ പിന്നെ പൊലീസിന് പിടിക്കാനായില്ല.
തിങ്കളാഴ്ചയാണ് സംഭവമുണ്ടാകുന്നത്. 42 ക്രിമിനൽ കേസുകളിൽ പ്രതിയായ തിരുവല്ലം ഉണ്ണി ആഡംബരജീപ്പിൽ അടൂർഭാഗം കടന്ന് പത്തനംതിട്ടയിലേക്ക് വന്നത് പൊലീസ് മനസിലാക്കി. ഇയാളെ നിരന്തരം പിന്തുടർന്നിരുന്ന മുണ്ടക്കയം സിഐയും സംഘവും പൊലീസ് വാഹനത്തിൽ പിന്നാലെ എത്തി. ഇത് മനസ്സിലാക്കിയ ഉണ്ണി കൈപ്പട്ടൂരിൽനിന്ന് ജീപ്പ് അതിവേഗതയിൽ വിട്ടു. കോളജ് ജങ്ഷനിൽവെച്ച് നാല് വാഹനങ്ങളിൽ തട്ടി. എന്നിട്ടും നിർത്താതെ മുന്നോട്ടുപോയ ഇയാൾ വാളുവെട്ടുംപാറയിലേക്ക് ഓടിച്ചുകയറ്റി. പൊലീസും പിന്നാലെ കൂടി. എന്നാൽ റോഡ് തീർന്നഭാഗത്തുവെച്ച് വാഹനം ഉപേക്ഷിച്ച് ഇയാൾ അപ്രത്യക്ഷമാവുകയായിരുന്നു.
ഓട്ടത്തിൽ ഉണ്ണിയെ തോൽപ്പിക്കുക അസാധ്യമെന്ന് പൊലീസ് നേരത്തെ തന്നെ മനസ്സിലാക്കിയിട്ടുണ്ട്. ഈ ഓട്ടമാണ് മുണ്ടക്കയം പൊലീസിനേയും വെട്ടിലാക്കിയത്. ഉണ്ണി ടാറ്റാ സുമോയിലാണ് ഇവിടെ എത്തിയത്. തിരുവല്ലം ഉണ്ണിയെന്ന തിരുവല്ലം മേനിലം കീഴേ പാലറക്കുന്ന് വീട്ടിൽ ഉണ്ണിക്കൃഷ്ണൻ വാഹന മോഷണത്തിലൂടെയാണ് മോഷണത്തിൽ ഹരിശ്രീ കുറിക്കുന്നത്. പിന്നീട് സ്പെയർപാർട്സുകൾ, കടകൾ, വീടുകൾ എന്നിവിടങ്ങളിലേക്ക് മോഷണം വ്യാപിപ്പിച്ചു. മോഷണ വസ്തുക്കൾ ആക്രികടകളിൽ വിൽക്കുന്ന പ്രതി ആഡംബര ജീവിതമാണ് നയിച്ചത്. പൊലീസിനെ കണ്ടാൽ പരമാവധി ഓടി രക്ഷപ്പെടാൻ നോക്കുന്നതാണ് പതിവ്. ഏറെ നേരത്തെ ഓട്ടത്തിനൊടുവിൽ പൊലീസ് പിടിച്ച ചരിത്രവുമുണ്ട്. എന്നാൽ മുണ്ടക്കയം പൊലീസ് ഓട്ടത്തിൽ തോറ്റു.
2019ൽ ഉണ്ണി പൊലീസ് പിടിയിലായിരുന്നു. അന്ന് ഉണ്ണി ഒളിവിൽ കഴിഞ്ഞിരുന്ന കോവളം കെഎസ് റോഡിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും മോഷണം നടത്തി കിട്ടിയ മോഷണ വസ്തുക്കളും പണവും കണ്ടെടുത്തിരുന്നു. വ്യാപാര സ്ഥാപനങ്ങളിൽ നിന്നു മോഷ്ടിച്ച സിസിടിവി ഹാർഡ് ഡിസ്‌ക്കുകളും ഇവയിൽ ഉൾപ്പെടുന്നു. ക്യാമറയിൽ ആളെ തിരിച്ചറിയാതിരിക്കാനാണ് ഹാർഡ് ഡിസ്‌ക്കുകളും മോഷ്ടിച്ചിരുന്നത്. ഒതുങ്ങിയ സ്ഥലത്ത് അയൽവീടുകൾ അധികമില്ലാത്ത ഇടം നോക്കിയാണ് ഇയാൾ താമസത്തിനായി വീട് വാടകയ്ക്ക് എടുത്തിരുന്നത്. ആദ്യം വാടകക്കെടുത്തത് കോവളം കെഎസ് റോഡ് ചുനക്കരയിലെ വീടായിരുന്നു.
തുടർന്ന് വണ്ടിത്തടത്തേക്ക് മാറി. ഇവിടെ വച്ച് പൊലീസ് പിടിക്കുമെന്നായപ്പോൾ കാറുപേക്ഷിച്ചു ഓടി. അന്നു കൂട്ടു പ്രതിയായ ഭാര്യ പിടിയിലായിരുന്നു. തുടർന്നാണ് കെഎസ് റോഡിലെ വീട്ടിൽ വാടകക്കെത്തുന്നത്. ഒരു പ്രദേശത്ത് ഒരു ദിവസം നിരവധി മോഷണം നടത്തുന്നതാണ് ഉണ്ണിയുടെ രീതി. അർധരാത്രിക്കു ശേഷം തന്റെ ഓട്ടോറിക്ഷയിൽ കവർച്ച ചെയ്യാനുദ്ദേശിക്കുന്ന പ്രദേശത്ത് എത്തി ഓട്ടോ സുരക്ഷിതമായി പാർക്കു ചെയ്യും. ശേഷം കമ്പി പാരയുമായാണു മോഷണത്തിനിറങ്ങുന്നത്. സിസിടിവിയിൽ നിന്ന് രക്ഷപ്പെടുന്നതിന് ഹെൽമറ്റ് ധരിച്ചാണ് ഇയാൾ മിക്ക മോഷണങ്ങളും നടത്തുന്നത്. മോഷണം നടത്തി കിട്ടുന്ന പണം ഉപയോഗിച്ച് വൻ കവർച്ചകൾക്കു തയ്യാറെടുക്കുന്നതിന് ഉപയോഗിക്കും.
ജയിൽ കിടക്കുന്നതും ഉണ്ണിക്ക് പുത്തരിയല്ല. ജാമ്യം കിട്ടി പുറത്തിറങ്ങിയാൽ പിന്നീടങ്ങോട്ട് പൊലീസിനും നാട്ടുകാർക്കും ഉറക്കമില്ലാത്ത നാളുകളായിരിക്കും.തിരുവനന്തപുരത്ത് കാട്ടാക്കട, മലയിൻകീഴ്, ഉരൂട്ടമ്പലം, വീരണകാവ്, പൂങ്കുളം തുടങ്ങിയ പ്രദേശങ്ങളിൽ വൻ മോഷണ പരമ്പര നടത്തിയ ചരിത്രം ഇയാൾക്കുണ്ട്. പൂഴനാട് ചാനൽ പാലത്തിന് സമീപം വിഷ്ണുഭവനിൽ താമസിക്കെയും ഇയാൾ അറസ്റ്റിയാടിട്ടുണ്ട്. പൊലീസിന് തന്റെ വിവരങ്ങൾ കൈമാറുന്നുവെന്ന് വിശ്വസിച്ചിരുന്ന ഇയാൾ വിരോധം നിമിത്തം ഇയാൾ താമസിച്ചിരുന്ന വീടിന് സമീപത്തെ അയൽവാസികളുടെ കിണറുകളിൽ വിഷം കലക്കിയതിനെ തുടർന്ന് ആര്യങ്കോട് പൊലീസ് എടുത്ത കേസും ഇയാളുടെ ക്രൂരതയ്ക്ക് തെളിവാണ്.
ഹോട്ടലുകളും പെട്ടിക്കടകളുമായിരുന്നു ഇയാൾ ഏറ്റവും കൂടുതൽ മോഷണം നടത്തിയിട്ടുള്ളത്. മഹാദേവ ലോട്ടറിക്കട പൊളിച്ചതും ഉൾപ്പെടെയുള്ള കേസുകളും മലയിൻകീഴ് കുളക്കോട് കല്യാണി റസ്റ്റോറന്റിന് മുൻവശം പൂട്ട് പൊളിച്ച് ഇരുപത്തി അയ്യായിരം രൂപയും സി.സി.ടി.വി ഹാർഡ് ഡിസ്‌ക്കും മോഷ്ടിച്ചത്, മലയിൻകീഴ് ആൽത്തറ സുമാ ദേവി ഓട്ടോമൊബൈൽസ് ഉപകരണങ്ങളും പണവും കവർന്നത്, തൊട്ടടുത്തുള്ള വീടിന്റെ ഓട് പൊളിച്ചിറങ്ങി ഒരു ലക്ഷം വിലയുള്ള ക്യാമറ മോഷണം നടത്തിയതുൾപ്പെടെ കാട്ടാക്കട മുതിയാവിള ജംഗ്ഷന് സമീപം ശീകുമാറിന്റെ മസ്‌ക്കറ്റ് ബേക്കറി പൊളിച്ച് ഇരുപത്തിനാലായിരം രൂപയും ഹാർഡ് ഡിസ്‌കും മറ്റും മോഷണം നടത്തിയതും, മുതിയാവിള അൽഫോസാമ്മ ഹോട്ടൽ പൊളിച്ചതും, മുതിയാവിള അച്ചൂസ് ചിക്കൻ സെന്റർ പൊളിച്ച് കോഴികളും ക്യാഷും കവർന്ന കേസ്സ് എന്നിങ്ങനെ നിരവധി കേസുകളിൽ പ്രതിയാണ്.
മറുനാടന് മലയാളി ബ്യൂറോ