തിരുവനന്തപുരം: രാജ്യത്തെ ആറ് പ്രധാന വിമാനത്താവളങ്ങളെക്കൂടി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (പി.പി.പി.) വികസിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. തിരുവനന്തപുരം, മംഗളൂരു, അഹമ്മദാബാദ്, ജയ്പുർ, ലഖ്‌നൗ, ഗുവാഹാട്ടി എന്നീ ആറ് വിമാനത്താവളങ്ങളാണ് ഈ രീതിയിൽ അന്താരാഷ്ട്ര മാതൃകയിൽ വികസിപ്പിക്കുക. ഈ വിമാനത്താവളങ്ങളുടെ പരിപാലനം, വികസനം എന്നിവ പി.പി.പി. മാതൃകയിലാക്കുമ്പോൾ അവയുടെ പ്രവർത്തനം അപ്പാടെ മാറുമെന്നാണ് വിലയിരുത്തുന്നത്.

ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി എന്നീ വിമാനത്താവളങ്ങൾ ഇപ്പോൾത്തന്നെ പി.പി.പി മാതൃകയിലാണ് നടപ്പാക്കുന്നത്. അന്താരാഷ്ട്ര തലത്തിൽത്തന്നെ അംഗീകാരം ലഭിച്ചിട്ടുള്ള വിമാനത്താവളങ്ങളാണ് ഇവയൊക്കെ. മുഴുവൻ ഊർജാവശ്യവും സൗരോർജത്തിൽനിന്ന് കണ്ടെത്തുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് സിയാൽ എന്ന കമ്പനിക്കാണ്. സിയാലിന് അടുത്തിടെ ഐക്യരാഷ്ട്ര സഭയുടെ പുരസ്‌കാരം ലഭിച്ചിരുന്നു. ഇതേ മാതൃകയിൽ മറ്റു നഗരങ്ങളിലെയും വിമാനത്താവളങ്ങളെ വികസിപ്പിക്കുകയെന്നതാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.

വിനോദസഞ്ചാരികളുടെ വരവ്, യാത്രക്കാർ തുടങ്ങിയ പല പരിഗണനകളുടെയും അടിസ്ഥാനത്തിലാണ് പി.പി.പി. മാതൃകയിൽ വികസിപ്പിക്കേണ്ട മറ്റുവിമാനത്താവളങ്ങളെ കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തത്. ഈ വിമാനത്താവളങ്ങളിൽ പി.പി.പി. നടപ്പാക്കുന്നതിന്റെ ഭാഗമായി പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ്പ് അപ്രൈസൽ കമ്മറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഈ സമിതിയുടെ പരിഗണനയ്ക്ക് അപ്പുറമുള്ള കാര്യങ്ങൾ പരിഗണിക്കുന്നതിന് നീതി ആയോഗ് സിഇഒ അധ്യക്ഷനായ സെക്രട്ടറി തല ഉന്നത സമിതിയുമുണ്ട്.

പൊതു-സ്വകാര്യ പങ്കാളിത്തമുള്ള കമ്പനികൾ രൂപീകരിക്കുന്നതിലൂടെ വിമാനത്താവളത്തിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകുമെന്നതിന്റെ ഏറ്റവും മികച്ച ഉദാരണമാണ് കൊച്ചി. സിയാൽ എന്ന കമ്പനിയാണ് ഇവിടെ വിമാനത്താവളത്തിന്റെ നടത്തിപ്പ്. പുതിയതായി നിർമ്മിക്കുന്ന കണ്ണൂരിലും സർക്കാർ ഇതേ മാതൃകയാണ് പിന്തുടരുന്നത്. കിയാൽ എന്ന കമ്പനിക്കാണ് കണ്ണൂർ വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല. കൊച്ചിയുടെയും കണ്ണൂരിന്റെയും മാതൃകയിൽ തിരുവനന്തപുരത്തെയും വികസിപ്പിക്കുകയാണ് ലക്ഷ്യം.

എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യക്കാണ് ഇപ്പോൾ വിമാനത്താവളങ്ങളുടെ ചുമതല. അവരുടെ പക്കൽനിന്് ഏറ്റെടുത്ത് സിയാലിനെപ്പോലുള്ള പി.പി.പി. സംരംഭങ്ങളെ ഏൽപ്പിക്കുകയാണ് സർക്കാർ ലക്ഷ്യം. പി.പി.പി. മാതൃകയിൽ വികസിപ്പിച്ചിട്ടുള്ള വിമാനത്താവളങ്ങൾ എയർപോർ്ട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ റാങ്കിങ്ങിൽ ആദ്യ അഞ്ച് സ്ഥാനത്ത് എത്താറുണ്ടെന്നും അതുകൊണ്ടാണ് കൂടുതൽ വിമാനത്താവളങ്ങൾ ഈ രീതിയിൽ വികസി്പിക്കുന്നതെന്ന് കേന്ദ്ര നിയമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.

വർഷംതോറും ആറരക്കോടിയോളം യാത്രക്കാർ കടന്നുപോകുന്ന ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് ലോകത്തെ ഏറ്റവും തിരക്കേറിയ 20 വിമാനത്താവളങ്ങളിലൊന്നാണ്. കഴിഞ്ഞനാലുവർഷത്തിനിടെ ഏറ്റവും വേഗത്തിൽ വികസിക്കുന്ന വിമാനത്താവളങ്ങളിലൊന്നുമാണിത്. ഇതിന്റെ നടത്തിപ്പ് പിപിപി സംരംഭമായ ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ഡിയാൽ) ആണ് നിർവഹിക്കുന്നത്. ജിഎംആർ ഗ്രൂപ്പ്, എയർപോർട്ട് അഥോറിറ്റി, ഫ്രാപോർട്ട് എജി, ഇറാമൻ മലേഷ്യ എന്നിവയുടെ സംയുക്ത സംരംഭമായാണ് ഡിയാലിന് രൂപം നൽകിയിട്ടുള്ളത്.