തിരുവനന്തപുരം: ഹൈക്കോടതിയിലെ സംഘർഷത്തിന് പിന്നാലെ തിരുവനന്തപുരത്ത് കോടതി വളപ്പിലും മാദ്ധ്യമപ്രവർത്തകർക്ക് നേരെ അഭിഭാഷകരുടെ അക്രമം. ഒരു സംഘം അഭിഭാഷകർ അഴിഞ്ഞാടിയപ്പോൾ ഒരു മാദ്ധ്യമപ്രവർത്തകനും അഭിഭാഷകന്റെ ഗുമസ്തനും കല്ലേറിൽ പരിക്കക്കേറ്റു. രാവിലെ മുതൽ കോടതി പരിസരത്തെത്തിയ മാദ്ധ്യമപ്രവർത്തകർക്ക് നേരെ പ്രേകോപനമായി പെരുമാറിയ ഒരു വിഭാഗം അഭിഭാഷകർ മാദ്ധ്യമപ്രവർത്തകർക്ക് നേരെ കല്ലും ബിയർ കുപ്പികളും വലിച്ചെറിഞ്ഞ് ആക്രമിക്കുകയുമായിരുന്നു. ജീവൻ ടിവി റിപ്പോർട്ടർ അനുലാൽ, കേരളാ കൗമുദി ലേഖകൻ രാജീവ് എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. നിരവധി ചാനൽ ക്യാമറകളും അഭിഭാഷകരുടെ അക്രമത്തിൽ തകർന്നു.

രാവിലെ കോടതി വാർത്തകൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകരുടെ വാഹനങ്ങളിൽ ഒരു വിഭാഗം അഭിഭാഷകർ സംഘം ചേർന്ന് പോസ്റ്റർ പതിപ്പിച്ചു. ഇതോടെയാണ് സംഘർഷമായി സംഭവം വളർന്നത്. 'നാലാം ലിംഗക്കാർക്ക് പ്രവേശനമില്ല' എന്ന പോസ്റ്ററാണ് പതിച്ചത്. മീഡിയാ റൂമിലും ഇത്തരം പോസ്റ്റർ പതിപ്പിച്ചു. ഈ ദൃശ്യങ്ങൾ പകർത്താനെത്തിയ മാദ്ധ്യമപ്രവർത്തകരെ അഭിഭാഷകർ തടയുകയായിരുന്നു. പിന്നീട് ഇവർ ചേർന്ന് ആക്രമിക്കുകയായിരുന്നു. മാദ്ധ്യമപ്രവത്തകർ സംഘർഷത്തിന് നിൽകാതെ പിൻവലിയാൻ ഒരുങ്ങിയപ്പോൾ അഭിഭാഷകർ ഗേറ്റുപൂട്ടിയ ശേഷം മാദ്ധ്യമപ്രവർത്തകർക്ക് നേരെ കല്ലെറിയുകയാണ് ഉണ്ടായത്. മാദ്ധ്യമപ്രവർത്തകർക്ക് സമീപത്തായി നിന്ന ഒരു വക്കീൽ ഗുമസ്തനും ജീവൻ ടിവി ക്യാമറാമാനും അക്രമത്തിൽ പരിക്കേറ്റു. രണ്ട് പേരുടെയും തലയ്ക്കാണ് കല്ലേറിൽ പരിക്കേറ്റത്. ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ വാഹനവും അഭിഭാഷകർ തകർത്തു.

അക്രമത്തിൽ പ്രതിഷേധിച്ച് മാദ്ധ്യമപ്രവർത്തകർ ഇപ്പോൾ കോടതി വളപ്പിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. കോടതിക്ക് പുറത്ത് ഗേറ്റ് അടച്ചിട്ട സ്ഥലത്താണ് മാദ്ധ്യമ പ്രവർത്തകർ സ്ഥലത്തിരുന്നത്. ഇതോടൈയാണ് മാദ്ധ്യമപ്രവർത്തകർക്ക് നേരെ വീണ്ടും ആക്രമണം ഉണ്ടായത്. ഇതോടെ കോടതിക്ക് ഉള്ളിൽ നിന്നും മാദ്ധ്യമപ്രവർത്തകർക്കു കല്ലേറും കുപ്പികയേറും ഉണ്ടായി. മദ്യക്കുപ്പികളും ഇരുമ്പ് ദണ്ഡും വലിച്ചെറിഞ്ഞു. കല്ലേറിൽ മാദ്ധ്യമപ്രവർത്തകർക്കും വഴിയാത്രക്കാർക്കും പരുക്കേറ്റു. വൻ പൊലീസ് സന്നാഹവും സ്ഥലത്തുണ്ടായെങ്കിലും അഭിഭാഷകർ ആക്രമണം തുടരുകയായിരുന്നു. അക്രമത്തിന് നേതൃത്വം നൽകിയവർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് മാദ്ധ്യമപ്രവർത്തകരെ അറിയിച്ചു.

മാദ്ധ്യമപ്രവർത്തകരെ നാലാം ലിംഗക്കാരാണെന്നും നാലാം ലിംഗക്കാർക്ക് കോടതിയിലേക്ക് പ്രവേശനമില്ലെന്ന മുദ്രാവാക്യവും അഭിഭാഷകർ വിളിച്ചു. പിന്നീട് കോടതി വളപ്പിലേക്കുള്ള പ്രധാന കവാടവും അഭിഭാഷകർ അടച്ചു. പൊലീസ് ഇടപെട്ടിട്ടും വഴങ്ങാൻ അഭിഭാഷകർ തയ്യാറായില്ല. പിന്നീട് കോടതി കോമ്പൗണ്ടിന് അകത്ത് നിന്ന് കല്ലേറുമുണ്ടായി. ഈ കല്ലേറിലാണ് വക്കീൽ ഗുമസ്തനും പരിക്കേറ്റു. സംഘർഷം ലഘൂകരിക്കുന്നുതിന് വേണ്ടി ശ്രമിച്ച ഗുമസ്തനാണ് കല്ലേറിൽ പരിക്കേറ്റത്. കല്ലും കമ്പികളുമടങ്ങുന്ന ആയുധങ്ങളുമായാണ് അഭിഭാഷകർ കോടതി പരിസരത്ത് തമ്പടിച്ചത്.

ജില്ലാ കോടതിയിലെ മീഡിയ റൂമിൽ ഒട്ടിച്ച പോസ്റ്റർ ഷൂട്ട് ചെയ്യാൻ എത്തിയപ്പോഴാണ് അഭിഭാഷകരുടെ നേതൃത്വത്തിൽ ഗോബാക്ക് വിളിയുണ്ടായി. ഇന്ന് കോടതി വാർത്ത റിപ്പോർട്ട് ചെയ്യാൻ മാദ്ധ്യമപ്രവർത്തകർ എത്തിയപ്പോൾ 'നാലാം ലിംഗക്കാർക്ക് പ്രവേശനമില്ല' എന്ന് പോസ്റ്റർ പത്രക്കാരുടെ വാഹനങ്ങളിൽ ഒട്ടിച്ചു. ഇതിൽ പ്രതിഷേധിച്ച് മാദ്ധ്യമപ്രവർത്തകർ ജഡ്ജിക്ക് പരാതി നൽകിയിരുന്നു. ഇതിന് ശേഷമാണ് ഒരു വിഭാഗം മീഡിയാ സെന്റർ അടിച്ചു തകർത്തത്. തകർന്ന മീഡിയാ സെന്ററിന്റെ ചിത്രങ്ങൾ എടുക്കാനും അഭിഭാഷകർ സമ്മതിക്കില്ലെന്ന പറഞ്ഞാണ് മാദ്ധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം ഉണ്ടായത്.

നേരത്തെ ഈ സ്ഥലത്തും അഭിഭാഷകർ പോസ്റ്റർ പതിപ്പിച്ചത്. ജനാധിപത്യത്തിന്റെ നാലാം തൂണാണാ മാദ്ധ്യമങ്ങൾ. ആ അർത്ഥത്തിൽ പത്രപ്രവർത്തകരെ കളിയാക്കി കൊണ്ടാണ് അഭിഭാഷകർ പോസ്റ്റർ ഒട്ടിച്ചത്. ഇന്ന് ഉച്ചയോടൊയാണ് ഇത്തരമൊരു പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. അതിന് ശേഷമാണ് ഒരു കൂട്ടം അഭിഭാഷകർ മീഡിയാ റൂം തല്ലിത്തകർത്തത്. ഹൈക്കോടതി സംഭവത്തിന്റെ പേരിൽ മാദ്ധ്യമപ്രവർത്തകരോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് അക്രമവും തല്ലിത്തകർക്കലും. ഉച്ചയോടെ തുടങ്ങിയ സംഘർഷം വൈകൂന്നേരം വരെ നീണ്ടു നിൽക്കുകയായിരുന്നു.

ആക്രമണം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വഞ്ചിയൂർ കോടതി വളപ്പിൽ മാദ്ധ്യമങ്ങൾക്ക് നേരേ ആക്രമണം നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്വാതന്ത്യ മാദ്ധ്യമപ്രവർത്തനത്തിന് എല്ലാവിധ സംരക്ഷണവും നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാദ്ധ്യമപ്രവർത്തകരും അഭിഭാഷകരും ശത്രുതാ മനോഭാവത്തിൽ മുന്നോട്ടു പോകേണ്ടവരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഘർഷത്തെ തുടർന്ന് സിപിഐ(എം) നേതാവ് വി ശിവൻകുട്ടി, വി എസ് ശിവകുമാർ എംഎൽഎ എന്നിവരും സ്ഥലത്തെത്തിയിരുന്നു. കോടതി പരിസരത്ത് ഉണ്ടായ സംഭവം ഇരുകൂട്ടരും ഒഴിവാക്കേണ്ടതായിരുന്നുവെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഡി.സി.പി അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.