- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം കരിക്ക് കുടിക്കുന്ന ചിത്രം പ്രസിദ്ധീകരിച്ചു പൊളിച്ചു; ഇപ്പോൾ നടിയും അമ്മയും മൊഴി നൽകിയും: തിരുവഞ്ചൂർ ഒരു മഹാ നുണയൻ ആണെന്നതിന് ഇതിൽ കൂടുതൽ തെളിവുകൾ വേണോ?
കൊച്ചി: ഒരു രാഷ്ട്രീയക്കാരന് വേണ്ട ഏറ്റവും വലിയ ഗുണം സത്യസന്ധതയാണ്. നിസ്സാര കാര്യത്തിന് നുണ പറഞ്ഞാൽ ബാക്കി എന്തെല്ലാം ആദർശങ്ങൾ ഉണ്ടെങ്കിലും പെരുനുണകൾ ആണ് എന്ന് സംശയിക്കാൻ വേറെ കാര്യങ്ങൾ വേണ്ട. പാശ്ചാത്യ രാജ്യങ്ങളിൽ ഒരു നേതാവ് നുണ പറഞ്ഞു എന്നു തെളിഞ്ഞാൽ രാഷ്ട്രീയ ഭാവി ഇരുളടയും. അങ്ങനെയാണെങ്കിലും കേരളം കണ്ട ഏറ്റവും വലിയ നുണയന്മാ
കൊച്ചി: ഒരു രാഷ്ട്രീയക്കാരന് വേണ്ട ഏറ്റവും വലിയ ഗുണം സത്യസന്ധതയാണ്. നിസ്സാര കാര്യത്തിന് നുണ പറഞ്ഞാൽ ബാക്കി എന്തെല്ലാം ആദർശങ്ങൾ ഉണ്ടെങ്കിലും പെരുനുണകൾ ആണ് എന്ന് സംശയിക്കാൻ വേറെ കാര്യങ്ങൾ വേണ്ട. പാശ്ചാത്യ രാജ്യങ്ങളിൽ ഒരു നേതാവ് നുണ പറഞ്ഞു എന്നു തെളിഞ്ഞാൽ രാഷ്ട്രീയ ഭാവി ഇരുളടയും. അങ്ങനെയാണെങ്കിലും കേരളം കണ്ട ഏറ്റവും വലിയ നുണയന്മാരിൽ ഒരാൾ ആണ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്ന് വ്യക്തമായിരിക്കുകയാണ്. പണ്ടേ പൊളിഞ്ഞ ഒരു നുണയുടെ അവസാനത്തെ ആണിക്കല്ലാണ് ഇപ്പോൾ സോളാർ കേസിലെ സിനിമ നടിയുടെ മൊഴിയിലൂടെ പുറത്ത് വരുന്നത്. ശാലുവിന്റെ വീട്ടിൽ പോയോ എന്ന ചോദ്യത്തോട് ആദ്യ തിരുവഞ്ചൂർ പ്രതികരിച്ചില്ല. എന്നാൽ ശാലുവിനൊപ്പം കരിക്ക് കുടിക്കുന്ന ചിത്രം പുറത്തുവന്നതോടെയാണ് ആ കളി പൊളിഞ്ഞത്. അതിന് ശേഷം പുതിയ വിശദീകരണം നൽകി. അതും ശാലുമേനോൻ ഇപ്പോൾ കള്ളമാണെന്ന് പറയുകയാണ്.
മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെ ഗൃഹപ്രവേശനത്തിന് നേരിട്ട് ക്ഷണിച്ചിരുന്നതായി നടി ശാലുമേനോൻ സോളാർ കമ്മിഷനു മുമ്പാകെ മൊഴി നൽകി. മന്ത്രിയുടെ വാദങ്ങൾക്ക് വിരുദ്ധമാണ് ഇത്. സോളാർ തട്ടിപ്പുകേസിൽ ആരോപണവിധേയയായ നടി ശാലുമേനോന്റെ ഗൃഹപ്രവേശന ചടങ്ങിനുപോയിട്ടുണ്ടെന്നു ആഭ്യന്തരമന്ത്രിയായിരിക്കെ തിരുവഞ്ചൂർ രാധാകൃഷ്ണൻ സമ്മതിച്ചിരുന്നു. എന്നാൽ അതിന് നൽകിയ വിശദീകരണം ശാലുവിന്റെ മൊഴിയോട് ചേർന്നതായിരുന്നില്ല. അമൃതാനന്ദമയീ മഠത്തിന്റെ പരിപാടിയിൽ പങ്കെടുത്തുവരുന്ന വഴി തന്റെ സഹപ്രവർത്തകർ വണ്ടിക്ക് കൈകാണിച്ചു. ചെറിയ ഇടവഴിയായതിനാൽ വണ്ടി നിർത്തി. തൃപ്പൂണിത്തറ അരവിന്ദാക്ഷന്റെ കൊച്ചുമകൾ ശാലുമേനോന്റെ വീടിന്റെ ഗൃഹപ്രവേശനമാണെന്ന് അവർ പറഞ്ഞു. തുടർന്നാണ് ചടങ്ങിൽ പങ്കെടുത്തതെന്നായിരുന്നു മന്ത്രി വിവാദങ്ങളോട് പ്രതികരിച്ചത്.
നേരത്തെ ക്ഷണിച്ചപ്രകാരമല്ല. മറ്റ് പാർട്ടികളുടെനേതാക്കളും ചടങ്ങിൽ പങ്കെടുത്തിരുന്നതായും മന്ത്രി പറഞ്ഞു. ശാലുമേനോനുമായി ബന്ധമുണ്ടെന്ന വാർത്തകളും മന്ത്രി നിഷേധിച്ചിരുന്നു. 'എനിക്ക് ശാലുമേനോനുമായി രക്തബന്ധമില്ല. അങ്ങനെ പറഞ്ഞാൽ എന്റെ മാതാപിതാക്കൾ അംഗീകരിക്കില്ല. അവരുമായി രാഷ്ട്രീയബന്ധവുമില്ല. എനിക്ക് ബന്ധം ശാലുമേനോന്റെ മുത്തച്ഛനുമായാണ്. വിദ്യാർത്ഥിരാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന കാലത്തുള്ള പരിചയമാണത്' തിരുവഞ്ചൂർ വ്യക്തമാക്കി. ഇങ്ങനെ തിരുവഞ്ചൂർ പറഞ്ഞത് മുഴുവൻ കള്ളമാണെന്നായിരുന്നു ശാലുവിന്റെ മൊഴി വ്യക്തമാക്കുന്നത്. മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനുമായി നേരത്തേ പരിചയമുണ്ടായിരുന്നു. തന്റെ മുത്തച്ഛൻ അരവിന്ദാക്ഷ മേനോൻ അദ്ദേഹത്തിന്റെ സഹോദരിയെ നൃത്തം പഠിപ്പിച്ചിരുന്നുവെന്നും ശാലു പറയുന്നു.
മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ മകളുടെ വീടിന്റെ പാലുകാച്ചലിന് വരുമെന്ന കാര്യം നേരത്തെ അറിയാമായിരുന്നെന്ന് ശാലുവിന്റെ അമ്മ കലാദേവിയും കമ്മിഷന് മൊഴി നൽകി. വീടിന്റെ പാലുകാച്ചലിന് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെ ക്ഷണിച്ചിരുന്നെന്നും ശാലു മൊഴി നൽകി. മന്ത്രി എത്തുമെന്ന് അറിയാമായിരുന്നെന്ന് അമ്മ കലാദേവി മൊഴി നൽകി. തന്റെ പിതാവ് അരവിന്ദാക്ഷ മേനോൻ തിരുവഞ്ചൂരിന്റെ സഹോദരിയെ നൃത്തം പഠിപ്പിച്ചിട്ടുണ്ട്. ശാലു മേനോനും മന്ത്രിയും ഒട്ടേറെ പൊതു പരിപാടികളിൽ ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്. അദ്ദേഹം പാലുകാച്ചൽ ചടങ്ങിന് വരുമെന്ന് ഉറപ്പായിരുന്നു.
മുൻ കേന്ദ്രമന്ത്രിയായിരുന്ന കൊടിക്കുന്നിൽ സുരേഷും വീട്ടിൽ വന്നിരുന്നതായും ശാലു മേനോൻ പറഞ്ഞു. കേന്ദ്ര ഫിലിം സെൻസർ ബോർഡിൽ 2011 മുതൽ 2013 ഡിസംബർ വരെ താൻ അംഗമായിരുന്നപ്പോൾ കൊടിക്കുന്നിൽ സുരേഷിന്റെ ഭാര്യയും ബോർഡിൽ അംഗമായിരുന്നു. തന്നെ ബോർഡ് അംഗമാക്കിയതിൽ കൊടിക്കുന്നിൽ സുരേഷിന് എന്തെങ്കിലും പങ്കുണ്ടായിരുന്നോ എന്ന് തനിക്കറിയില്ല. നാട്ടിലെ യൂത്ത് കോൺഗ്രസുകാരനായ പി.എൻ. നൗഷാദ് നിർദ്ദേശിച്ച പ്രകാരം ഒരു കലാകാരിയെന്ന നിലയിൽ അപേക്ഷ നൽകുകയായിരുന്നു.
നാൽപതോളം പേരിൽനിന്ന് വാങ്ങിയ ലക്ഷക്കണക്കിന് രൂപ ബിജു രാധാകൃഷ്ണൻ തന്നെ ഏൽപ്പിച്ചിരിക്കുകയാണെന്ന് സരിതാ നായർ പറഞ്ഞുവെന്ന ഫെനി ബാലകൃഷ്ണന്റെ മൊഴി ശരിയല്ല.
ബിജു രാധാകൃഷ്ണൻ തന്നെ രജിസ്റ്റർ വിവാഹം ചെയ്തിട്ടില്ലെന്നും താൻ സോളാർ കമ്പനിയുടെ എക്‌സിക്യുട്ടീവ് മെമ്പർ അല്ലെന്നും ശാലുമേനോൻ ജസ്റ്റിസ് ജി. ശിവരാജൻ മുമ്പാകെ പറഞ്ഞു. തനിക്കെതിരേ മൊഴി നൽകിയ റാസിക്ക് അലിയെ എറണാകുളത്തെ ചെന്നൈ സിൽക്‌സിൽവച്ചാണ് താൻ ആദ്യമായി കാണുന്നത്. അവിടെവച്ച് തനിക്ക് 20 ലക്ഷം രൂപ തന്നു എന്ന റാസിക്ക് അലിയുടെ മൊഴി തെറ്റാണ്.
ബിജു രാധാകൃഷ്ണന്റെ ടീം സോളാർ തിരുവനന്തപുരത്ത് നടത്തിയിരുന്ന ബിസിനസിൽ തനിക്ക് യാതൊരുവിധ പങ്കുമില്ലെന്നും ശാലു മേനോൻ കമ്മിഷനെ അറിയിച്ചു. ശാലു മേനോന്റെ അമ്മ കലാദേവിയും സോളാർ കമ്മിഷന് മൊഴി നൽകി. ഇപ്പോൾ താമസിക്കുന്ന 20 സെന്റ് സ്ഥലത്ത് 2500 ചതുരശ്രയടിയുള്ള ഇരുനില വീട് രണ്ടര വർഷം മുൻപാണ് 75 ലക്ഷം രൂപ ചെലവിൽ പുതുക്കി പണിഞ്ഞത്. ചിട്ടി, ബാങ്ക് ബാലൻസ്, സ്വർണം വിറ്റ പണം എന്നിവയ്‌ക്കൊപ്പം കടമെടുത്തുമാണ് വീടുപണി പൂർത്തിയാക്കിയതെന്നും അവർ കമ്മിഷനു മൊഴിനൽകി.
സോളാർ കേസുമായി ബന്ധപ്പെട്ട് ശാലു മേനോനെ വിസ്തരിക്കണമെന്ന് വിവിധ കക്ഷികൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ടീം സോളാർ കമ്പനി ഇടപാടുകാരിൽ നിന്ന് പിരിച്ച തുകയുടെ ഭൂരിഭാഗവും കൈപ്പറ്റിയത് ശാലു മേനോനാണെന്നും ആരോപണമുണ്ടായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മൊഴി രേഖപ്പെടുത്തൽ.