ന്യൂഡൽഹി;  2018ലെ റിപ്പബ്‌ളിക് ദിനാഘോഷം ചരിത്രമാക്കാൻ ഇന്ത്യ ഒരുങ്ങുന്നു. ആസിയാനിൽ അംഗങ്ങളായ പത്ത് രാജ്യങ്ങളുടെയും തലവന്മാരെ മുഖ്യാതിഥികളായി ക്ഷണിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. ഇന്ത്യയുടെ ക്ഷണം തത്വത്തിൽ സ്വീകരിച്ചതായാണ് വിവരം. ഉടൻ തന്നെ ഈ കാര്യത്തിൽ സ്ഥിരീകരണമുണ്ടാകും.

തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ആസിയാൻ. സിംഗപ്പൂർ, മലേഷ്യ, ബ്രൂണെ, മ്യാന്മാർ, തായ്‌ലൻഡ്, ഇൻഡോനേഷ്യ, ലാവോസ്, കംബോഡിയ, വിയറ്റ്‌നാം, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളാണ് ആസിയാനിലുള്ളത്. ആസിയാൻ രൂപീകരിച്ചതിന്റെ സുവർണ്ണ ജൂബിലി വർഷം കൂടിയാണ്. 1967 ഓഗസ്റ്റ് 8നാണ് ആസിയാൻ രൂപീകരിക്കുന്നത്. ആസിയാനുമായുള്ള ഇന്ത്യയുടെ സഹകരണത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികം കൂടിയാണിത്. 1992ൽ പി വി നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഇന്ത്യ ആസിയാനിൽ അംഗമാകുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ എഴുപതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ റിപ്പബ്‌ളിക് ദിനം ഒരു ചരിത്രസംഭവമാക്കാനാണ് ഒരുങ്ങുന്നത്.

അന്താരാഷ്ട്രതലത്തിൽ ഇന്ത്യയുടെ സ്വാധീനം കൂടുതൽ ഉറപ്പിക്കുക എന്ന ലക്ഷ്യം കൂടി ഇതിനുണ്ട്. എൻഡിഎ അധികാരത്തിലെത്തിയ ശേഷം അയൽ രാജ്യങ്ങളുമായി സാമ്പത്തികബന്ധം ശക്തിപ്പെടുത്തുന്ന കൂടുതൽ നടപടികൾ ഉണ്ടായി. ആസിയാനിലെ എല്ലാ രാജ്യങ്ങളിലും പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനം നടത്തിയത് ഉഭയകക്ഷിബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്തി. ചൈനയും പാക്കിസ്ഥാനുമായി ബന്ധം മോശമായിരിക്കുന്ന കാലത്ത് സഖ്യരാജ്യങ്ങളുടെ പിന്തുണയും ഇന്ത്യ തേടുന്നുണ്ട്. പ്രധാനമന്ത്രിയുടെ പ്രത്യേക താത്പര്യമാണ് ഈ ആശയത്തിനു പിന്നിലെന്നും സൂചനയുണ്ട്. മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലും ഈ രാജ്യങ്ങളിലെ നേതാക്കൾക്ക് ക്ഷണമുണ്ടായിരുന്നത് നേരത്തേ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിപ്പെട്ടിരുന്നു.

ആസിയാനിലെ അംഗരാജ്യങ്ങൾ ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചാൽ അത് ചരിത്രത്തിലെ അപൂർവ്വ നിമിഷമാകും. ഏതെങ്കിലും ഒരു രാജ്യത്തിലെ തലവനായിരുന്നു ഇതിനു മുമ്പ് റിപ്പബ്‌ളിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയി എത്തിയിരുന്നത്. ഒന്നിലേറെ രാജ്യങ്ങളിൽ നിന്ന് തലവന്മാരെത്തുന്നത് ഇതാദ്യമായാണ്. ഒരു രാജ്യാന്തരസംഘടനയുടെ അംഗങ്ങളായ രാജ്യങ്ങളിലെ തലവന്മാരെ എല്ലാം ഇന്ത്യയുടെ അഭിമാനം പങ്കിടാൻ ക്ഷണിക്കുന്നതും ചരിത്രത്തിൽ ആദ്യം