- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടിക്കുറ്റവാളിയെ മുന്നിൽനിർത്തി ദമ്പതികളെ കെട്ടിയിട്ടു സ്വർണവും പണവും കവർന്ന സംഭവത്തിൽ പതികൾക്കായി തെരച്ചിൽ ഊർജിതം; പ്രതികളിൽ മൂന്നു പേർ സംസ്ഥാനം വിട്ടുവെന്നു സൂചന; കസ്റ്റഡിയിലുള്ളയാളുടെ പങ്ക് സ്ഥിരീകരിക്കാനാകാതെ പൊലീസ്; തൊടുപുഴ നിവാസികൾക്ക് ഭയം വിട്ടകലുന്നില്ല
തൊടുപുഴ: നഗരമധ്യത്തിലെ വീട്ടിൽ പെട്രോൾ പമ്പുടമയെയും ഭാര്യയെയും കഠാരമുനയിൽ നിർത്തി കെട്ടിയിട്ട് പണവും സ്വർണാഭരണവും കവർച്ച ചെയ്ത സംഭവത്തിന്റെ നടുക്കം മാറാതെ നാട് വിറകൊള്ളുമ്പോഴും പ്രതികളെക്കുറിച്ചുള്ള അനിശ്ചിതത്വം പൊലിസിനെ കുഴയ്ക്കുന്നു. ഒരു കുട്ടിക്കള്ളനെ മുന്നിൽനിർത്തി നടത്തിയ കവർച്ചയിൽ പ്രതിയെന്നു സംശയിക്കുന്ന ഇതരസംസ്ഥാനക്കാരനായ ഒരാളെ കസ്റ്റഡിയിലെടുത്തുവെങ്കിലും സംഭവത്തിൽ ഇയാളുടെ പങ്ക് ഇനിയും സ്ഥിരീകരിക്കാൻ കഴിയുന്ന സാഹചര്യമില്ല. പ്രതികളെന്നു കരുതുന്ന മറ്റ് മൂന്നു പേരുടെയും വിവരങ്ങൾ ശേഖരിച്ചുവെങ്കിലും അവർ സംസ്ഥാനം വിട്ടുവെന്നാണ് നിഗമനം. കസ്റ്റഡിയിലുള്ളയാളും കൂട്ടാളികളും ഒഡീഷയിൽനിന്നുള്ളവരാണ്. അടിക്കടി മോഷണം പെരുകുന്ന തൊടുപുഴയിൽ പൊലിസ് കനത്ത ജാഗ്രത കാട്ടുന്നുവെങ്കിലും ജനങ്ങൾ ഭയപ്പാടിലാണ്. ഇടുക്കി ജില്ലയിലെ ആദ്യ ബസ് സർവീസ് ഉടമയായിരുന്ന പ്രകാശ് കൃഷ്ണൻ നായരുടെ മകനും പമ്പ് ഉടമയും പ്രകാശ് ഫാർമസ്യൂട്ടിക്കൽസ് മാനേജിങ് പാർട്ണറുമായ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം കൃഷ്ണവിലാസം കെ ബാലചന്ദ്രന്റെ
തൊടുപുഴ: നഗരമധ്യത്തിലെ വീട്ടിൽ പെട്രോൾ പമ്പുടമയെയും ഭാര്യയെയും കഠാരമുനയിൽ നിർത്തി കെട്ടിയിട്ട് പണവും സ്വർണാഭരണവും കവർച്ച ചെയ്ത സംഭവത്തിന്റെ നടുക്കം മാറാതെ നാട് വിറകൊള്ളുമ്പോഴും പ്രതികളെക്കുറിച്ചുള്ള അനിശ്ചിതത്വം പൊലിസിനെ കുഴയ്ക്കുന്നു. ഒരു കുട്ടിക്കള്ളനെ മുന്നിൽനിർത്തി നടത്തിയ കവർച്ചയിൽ പ്രതിയെന്നു സംശയിക്കുന്ന ഇതരസംസ്ഥാനക്കാരനായ ഒരാളെ കസ്റ്റഡിയിലെടുത്തുവെങ്കിലും സംഭവത്തിൽ ഇയാളുടെ പങ്ക് ഇനിയും സ്ഥിരീകരിക്കാൻ കഴിയുന്ന സാഹചര്യമില്ല. പ്രതികളെന്നു കരുതുന്ന മറ്റ് മൂന്നു പേരുടെയും വിവരങ്ങൾ ശേഖരിച്ചുവെങ്കിലും അവർ സംസ്ഥാനം വിട്ടുവെന്നാണ് നിഗമനം. കസ്റ്റഡിയിലുള്ളയാളും കൂട്ടാളികളും ഒഡീഷയിൽനിന്നുള്ളവരാണ്.
അടിക്കടി മോഷണം പെരുകുന്ന തൊടുപുഴയിൽ പൊലിസ് കനത്ത ജാഗ്രത കാട്ടുന്നുവെങ്കിലും ജനങ്ങൾ ഭയപ്പാടിലാണ്. ഇടുക്കി ജില്ലയിലെ ആദ്യ ബസ് സർവീസ് ഉടമയായിരുന്ന പ്രകാശ് കൃഷ്ണൻ നായരുടെ മകനും പമ്പ് ഉടമയും പ്രകാശ് ഫാർമസ്യൂട്ടിക്കൽസ് മാനേജിങ് പാർട്ണറുമായ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം കൃഷ്ണവിലാസം കെ ബാലചന്ദ്രന്റെ വീട്ടിലാണ് കവർച്ച നടന്നത്. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ബാലചന്ദ്ര(58)നെയും ഭാര്യ ശ്രീജ(51)യെയും വിളിച്ചുണർത്തി അതിക്രമിച്ചു കയറിയ തസ്‌കരസംഘം ഇരുവരെയും മർദിച്ചു വീടിനുള്ളിൽ കൈകാലുകൾ ബന്ധിച്ചു വായിൽ തുണി തിരുകിയ ശേഷമാണ് മോഷണം നടത്തിയത്.
കത്തികൊണ്ടുള്ള കുത്തേറ്റ ബാലചന്ദ്രനും വീടിനുള്ളിൽ വലിച്ചിഴയ്ക്കപ്പെട്ട ശ്രീജയും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 1.7 ലക്ഷം രൂപയും അഞ്ചര പവന്റെ സ്വർണാഭരണങ്ങളും ഐ പാഡും മൊബൈൽ ഫോണും ഉൾപ്പെടെയുള്ളവയാണ് അപഹരിക്കപ്പെട്ടത്. കൈകാലുകൾ കെട്ടിയിടപ്പെട്ട ശ്രീജ, കാലിലെ കെട്ട് ബലം പ്രയോഗിച്ച് ഊരിയശേഷം കൈയിലെ കെട്ട് സമീപത്തുകിടന്ന കത്തികൊണ്ട് അറുത്തുമാറ്റി ഭർത്താവിനെയും മോചിതനാക്കുകയായിരുന്നു. പിന്നീട് ബാലചന്ദ്രൻ അറിയിച്ചതനുസരിച്ച് സുഹൃത്തും പിന്നീട് പൊലിസും എത്തി. പൊലിസിന്റെ ത്വരിതഗതിയിലുള്ള നീക്കങ്ങളാണ് പ്രതികളെന്നു സംശയിക്കുന്നവരിലേക്ക് എത്താനും ഒരാളെ കസ്റ്റഡിയിലെടുക്കാനും വഴിയൊരുക്കിയത്.
കേസുമായി ബന്ധപ്പെട്ട് ഒഡീഷ സ്വദേശി ജഹാംഗീറിനെ രാവിലെ ഷൊർണ്ണൂർ റെയിൽ സ്റ്റേഷൻ പരിസരത്തുനിന്നാണ് തൊടുപുഴ ഡിവൈ. എസ്. പി: എൻ. എൻ പ്രസാദ്, സി. ഐ: എൻ. ജി ശ്രീമോൻ, എസ്. ഐ: ജോബിൻ ആന്റണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. എന്നാൽ ഇയാളുടെ പങ്ക് സ്ഥിരീകരിച്ചിട്ടില്ല.
വീടിനു സമീപത്തെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ആഞ്ജനേയ ക്ഷേത്രം എന്നിവിടങ്ങളിലെ സിസി ടി. വി ദൃശ്യങ്ങളിൽ നിന്നു ലഭിച്ച ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലിസ് അന്വേഷണം പുരോഗമിക്കുന്നത്. കറുത്ത ബാഗുമായി നാലംഗ സംഘം നടന്നു നീങ്ങുന്ന ദൃശ്യങ്ങളാണ് കിട്ടിയിട്ടുള്ളത്. പുലർച്ചെ 1.12നാണ് കാമറയിൽ ചിത്രം പതിഞ്ഞത്. നാൽവർ സംഘം വട്ടംകൂടിനിന്ന് ചർച്ച ചെയ്യുന്നതും വാഹനം ഇതുവഴി കടന്നുപോയപ്പോൾ ഇടവഴിയിലേക്ക് മാറിനിന്നശേഷം വീണ്ടും റോഡിലെത്തി നടക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ബാഗ് പിടിച്ചിരിക്കുന്ന യുവാവ് പോകാൻ മടിച്ചു നിൽക്കുന്നതും മറ്റുള്ളവർ ഇയാളുടെ കൈയിൽ പിടിച്ച് ബലമായി കൊണ്ടുപോകുന്നതും കാണാം. എന്നാൽ ഇവരുടെ മുഖം വ്യക്തമല്ല. നൈറ്റ് വിഷൻ ക്യാമറയല്ല ഇവിടെ സ്ഥാപിച്ചിരുന്നത്. അതിനാൽ ഏകദേശരൂപം മാത്രമാണ് വ്യക്തമാകുന്നത്.
കവർച്ചാ വിവരം സംഭവം നടന്ന് 40 മിനിറ്റിനു ശേഷമാണ് പൊലിസിൽ അറിയിച്ചത്. ഉടൻ എസ്. ഐ വീട്ടിലെത്തി അന്വേഷണം നടത്തി. വീടിനു തൊട്ടുമുമ്പിലായി തറയോട് ഫാക്ടറി പ്രവർത്തിക്കുന്നതു കണ്ട എസ്. ഐ, ഇവിടുത്തെ തൊഴിലാളികളെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷിച്ചു. ഇതരസംസ്ഥാന തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. രമേശ് എന്ന തൊഴിലാളി സ്ഥലത്തില്ലെന്നു മനസിലായതിനെതുടർന്നു തൊഴിലാളികളെ സ്‌റ്റേഷനിലെത്തിച്ചു വിശദമായി ചോദ്യം ചെയ്തു. രമേശ് കറുത്ത ബാഗ് സുഹൃത്തിൽനിന്നും കടം വാങ്ങിയതായും വീട്ടിൽ പോകുന്നുവെന്നു പറഞ്ഞതായും വിവരം കിട്ടി. രമേശും സമീപത്തു താമസിക്കുന്ന ചില ഇതരസംസ്ഥാനക്കാരും സ്ഥിരമായി ഇവിടെ മദ്യപിക്കാൻ ഒത്തുകൂടിയിരുന്നു.
അടുത്തുതന്നെ താമസമുള്ള ജഹാംഗീറിനെക്കുറിച്ചു തിരക്കിയപ്പോൾ രണ്ടു ദിവസത്തേക്ക് കറങ്ങാൻ പോകുകയാണെന്നു പറഞ്ഞ് ഇയാൾ സ്ഥലം വിട്ടതായും മനസിലായി. ഉടൻതന്നെ ഇയാളുടെ മൊബൈൽ ഫോൺ ട്രാക്ക് ചെയ്തു. ഇതിനിടെ സിസി ടി. വി ദൃശ്യങ്ങൾ ബാലചന്ദ്രനെ കാട്ടിക്കൊടുക്കുകയും പ്രതികൾ ഇവരാണെന്നു ബോധ്യപ്പെടുകയും ചെയ്തു. നാൽവർ സംഘം തൊടുപുഴയിൽനിന്നു ഓട്ടോറിക്ഷയിൽ മൂവാറ്റുപുഴയിലെത്തിയതായി വിവരം ലഭിച്ചു. തുടർന്ന് ടാക്‌സിയിൽ ആലുവയിലേക്ക് പോയെന്നാണ് അനുമാനം.
ഇടുക്കി ജില്ലാ പൊലിസ് മേധാവി എ. വി ജോർജ് ബന്ധപ്പെട്ട് അന്വേഷണം ഏകോപിപ്പിച്ചു. ഇതരസംസ്ഥാന തൊഴിലാളികൾ കയറിയ ട്രെയിൻ ഷൊർണൂരിൽ പിടിച്ചിട്ട് പരിശോധന നടത്തി. എന്നാൽ പ്രതികളെന്നു സംശയിക്കുന്നവരെ കിട്ടിയില്ല. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിൽ ജഹാംഗീർ ഷൊർണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നു കുടുങ്ങി. എന്നാൽ ഇതുവരെ ഇയാൾ കുറ്റം സമ്മതിച്ചിട്ടില്ല. സിസി ടി. വി ദൃശ്യങ്ങളിൽ കാണുന്ന ഉയരം കൂടിയ വ്യക്തി ജഹാംഗീറാണെന്നു പൊലിസ് കരുതുന്നു. ഓട്ടോഡ്രൈവറെയും ബാലചന്ദ്രനെയും ശ്രീജയെയും കാണിച്ച് ഇയാൾ തന്നെയാണോ പ്രതിയെന്നു ഉറപ്പാക്കിയശേഷമാകും തുടർനടപടികൾ. മറ്റ് മൂന്നുപേരുടെ ഒഡീഷയിലെ വീടുകൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. കേരള പൊലിസ് അവിടെയെത്തി നിരീക്ഷണം നടത്തുന്നുണ്ട്.
സമീപമുള്ള വീടുകളിലെ കുട്ടികൾ ഓണാഘോഷത്തിലായതിനാൽ രാത്രി പതിനൊന്നരയോടെയാണ് കിടന്നതെന്നു ബാലചന്ദ്രൻ പറഞ്ഞു. പിന്നീട് കോളിങ് ബെൽ കേട്ട് എഴുന്നേറ്റു ജനാലയിലൂടെ നോക്കിയപ്പോൾ കൗമാരക്കാരനായ ഇതരസംസ്ഥാനക്കാരൻ പരിഭ്രാന്തിയോടെ പുറത്തു നിൽക്കുന്നതുകണ്ട് എന്തെങ്കിലും സഹായത്തിനെത്തിയതാകാമെന്നു കരുതി വാതിൽ പെട്ടെന്നു തുറക്കുകയായിരുന്നു. തറയോട് കമ്പനിയിലെ ജോലിക്കാരനാകാമെന്നാണ് ധരിച്ചത്. ശ്രീജയും ഒപ്പം എഴുന്നേറ്റുവന്നു. വാതിൽ തുറന്നയുടൻ മറഞ്ഞുനിന്നു മൂന്നും പേരുംകൂടി ചേർന്ന് ബാലചന്ദ്രനെയും ശ്രീജയെയും തള്ളി താഴെയിട്ടു. തുടർന്നു ടെലിഫോൺ കേബിളും തുണിയും കൊണ്ട് രണ്ടുപേരുടെയും കൈകാലുകൾ കെട്ടിയിട്ടു.
എതിർക്കാൻ ശ്രമിച്ച ബാലചന്ദ്രന്റെ മുതികിന് കുത്തേറ്റു.
മുഖമടച്ചു വീണ ബലചന്ദ്രന്റെ നെറ്റി തറയിലിടിച്ച് പൊട്ടി. തുടർന്ന് അദ്ദേഹത്തെ സോഫയോടു ചേർത്ത് കെട്ടിയിട്ടു. വായിൽ തുണിയും തിരുകി. ഇരുവരെയും ഭീഷണിപ്പെടുത്തി പണമെവിടെയെന്നു അക്രമികൾ ചോദിച്ചു. ബാലചന്ദ്രന്റെ മാല ഊരിവാങ്ങിയശേഷം ശ്രീജയെ രണ്ടുപേർ അടുത്ത മുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. പണം എവിടെയാണെന്നു പറഞ്ഞില്ലെങ്കിൽ കൊല്ലുമെന്നു അക്രമികൾ പറഞ്ഞു. തുടർന്നു ശ്രീജ പണം വച്ചിരുന്നു ഷെൽഫ് കാട്ടിക്കൊടുത്തു. പെട്രോൾ പമ്പിലെ കലക്ഷൻ തുകയായ 1.7 ലക്ഷം രൂപയാണ് സംഘം ഷെൽഫിൽനിന്നു അപഹരിച്ചത്. ശ്രീജയുടെ വളകൾ രണ്ടും ഊരി വാങ്ങിയശേഷം വലിച്ചിഴച്ച് ബാലചന്ദ്രന്റെ അടുത്തു കിടത്തി. ഇനിയും പണമുണ്ടോ എന്നു ചോദിച്ചു കഴുത്തിൽ കഠാര വച്ചതോടെ ശ്രീജ ബോധം കെട്ടു. ഹാളിലെ മേശ തുറന്ന് അതിൽനിന്നും 1500 രൂപയും എടുത്തശേഷം മോഷ്ടാക്കൾ ഇറങ്ങിപ്പോയി. പ്രതികൾ ഹിന്ദിയും ഇംഗ്ലീഷുമാണ് സംസാരിച്ചത്. ബാലചന്ദ്രനും ഭാര്യയും മാത്രമാണ് വീട്ടിലുള്ളത്. ഏകമകൾ ജനകി ലണ്ടനിലാണ്.
ബാലചന്ദ്രനെ കൃത്യമായി നിരീക്ഷിച്ചശേഷമാണ് സംഘം കവർച്ച ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്നു പൊലിസ് പറഞ്ഞു. എല്ലാ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ജില്ലാ പൊലിസ് മേധാവി പറഞ്ഞു. എന്നാൽ ജനങ്ങളുടെ ഭയം ഒട്ടും അകന്നിട്ടില്ല. രണ്ടു മാസത്തിനിടെ ചെറുതും വലുതുമായ മുപ്പതോളം മോഷണങ്ങളാണ് തൊടുപുഴയിൽ ഉണ്ടായത്. രാത്രികാല പട്രോളിങ് ഉൾപ്പെടെ ശക്തമായ നീക്കങ്ങളാണ് പൊലിസിന്റേത്. എന്നാൽ ഒരു മോഷണക്കേസിലെ പ്രതി മാത്രമാണ് ഇതുവരെ കുടുങ്ങിയത്. അതിനാൽത്തന്നെ ജനങ്ങളുടെ ഭയം പെട്ടെന്നു മാറ്റാനാകില്ല. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള കവർച്ചകളിൽനിന്നും ഭിന്നമായി കുട്ടിക്കുറ്റവാളിയെ മുന്നിൽ നിർത്തിയുള്ള തൊടുപുഴ കവർച്ച പ്രൊഫണൽ സംഘങ്ങളെ അനുസ്മരിപ്പിക്കുന്നതാണ്.