തിരുവനന്തപുരം: മന്ത്രിക്കസേര ഉറപ്പിക്കാൻ വേണ്ടി തോമസ് ചാണ്ടി മുഖ്യമന്ത്രിയെ കണ്ടു. റവന്യൂ മന്ത്രി തന്നെ വിവാദത്തിലാക്കുന്ന നിലപാട് സ്വീകരിക്കുന്നു എന്ന പരാതിയുമായാണ് അദ്ദേഹം പിണറായി വിജയനെ കണ്ടത്. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയെ തോമസ് ചാണ്ടി കണ്ടത്. തോമസ് ചാണ്ടിക്കെതിരെ നിയമപരമായ നടപടിയെടുക്കണമെന്ന് റവന്യൂ മന്ത്രി ആവശ്യപ്പെട്ടിരുന്നതായി വാർത്തകൾ വന്നിരുന്നു. എന്നാൽ റവന്യൂ മന്ത്രി ഇത്തരമൊരു നിലപാട് എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

അതേസമയം തോമസ് ചാണ്ടിക്കെതിരായി ആലപ്പുഴ കലക്ടർ സമർപ്പിച്ച റിപ്പോർട്ട് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം പരിഗണിച്ചില്ല. കൂടുതൽ പരിശോധന വേണമെന്ന് റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി റവന്യൂ മന്ത്രിയെ അറിയിച്ചു. റിപ്പോർട്ടിന്മേൽ മുഖ്യമന്ത്രി തീരുമാനമെടുക്കും. തീരുമാനം ഇന്നുണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

അതിനിടെ തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റവുമായി ബന്ധപ്പെട്ട് സർക്കാർ ഉചിതമായ നടപടിയെടുക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. റവന്യൂ സെക്രട്ടറി പി.എച്ച്. കുര്യനെതിരെയും കാനം രൂക്ഷ വിമർശനം ഉന്നയിച്ചു. റവന്യൂ മന്ത്രിക്ക് മുകളിലല്ല റവന്യൂ സെക്രട്ടറിയെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും വിഷയത്തിൽ സർക്കാർ നടപടി എത്ര സമയത്തിനുള്ളിൽ ഉണ്ടാകണമെന്ന് മാധ്യമങ്ങൾ തീരുമാനിക്കെണ്ടെന്നും അത്തരം കാര്യങ്ങൾ അതിന്റെ മുറപോലെ നടക്കുമെന്നും കാനം കൂട്ടിച്ചേർത്തു.

അതേസമയം, തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോർട്ടിന്റെ രേഖകൾ ഒരാഴ്ചയ്ക്കുള്ളിൽ ഹാജരാക്കാൻ ആലപ്പുഴ നഗരസഭ നോട്ടീസ് നൽകി. ഏഴു ദിവസത്തിനകം രേഖകൾ ഹാജരാക്കിയില്ലെങ്കിൽ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുമെന്ന മുന്നറിയിപ്പുമുണ്ട്. ലേക്ക് പാലസ് റിസോർട്ടിലെ കെട്ടിടങ്ങളുടെ നിർമ്മാണ അനുമതി സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ നേരത്തേ നിർദ്ദേശം നൽകിയിരുന്നു. അതിനിടെയാണു നഗരസഭയിൽ നിന്നു രേഖകൾ കാണാതായത്. തുടർന്നു നടത്തിയ പരിശോധനയിൽ 18 കെട്ടിടങ്ങളുടെ നിർമ്മാണ രേഖകൾ കണ്ടെടുത്തു.

അതിനിടെ ലേക്ക് പാലസ്, മാർത്താണ്ഡം കായൽ ഭൂമി ഇടപാടുകൾ സംബന്ധിച്ച കലക്ടർ ടി.വി.അനുപമയുടെ റിപ്പോർട്ടിനെതിരെ റിസോർട്ട് ഉടമകളായ വാട്ടർ വേൾഡ് ടൂറിസം കമ്പനി കോടതിയലക്ഷ്യത്തിനു ഹൈക്കോടതിയിൽ കേസ് കൊടുത്തു. ലേക്ക് പാലസിനു സമീപത്തെ ബണ്ട് നിർമ്മാണം സംബന്ധിച്ചു കോടതിയിൽ കേസുള്ളപ്പോഴാണു കലക്ടർ റിപ്പോർട്ട് തയാറാക്കിയതെന്നാണു പരാതി.

നഗരസഭാ ചെയർമാന്റെ വിലക്കു മറികടന്നു സമരം ചെയ്ത ജീവനക്കാർക്കു ശമ്പളം വിതരണം ചെയ്ത സംഭവത്തിൽ സെക്രട്ടറിക്കു വീഴ്ച വന്നതായി നഗരകാര്യ ഡയറക്ടർ ഹരിത വി.കുമാർ സർക്കാരിനു റിപ്പോർട്ട് നൽകി. ജോയിന്റ് ഡയറക്ടർ എം.ബൽരാജിന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണു ശുപാർശ. തുടർ നടപടി തദ്ദേശ വകുപ്പാണ് എടുക്കേണ്ടത്. ലേക്ക് പാലസിന്റെ ഫയൽ കാണാതായ സംഭവത്തിൽ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചാണു ജീവനക്കാർ 12 ദിവസം സമരം ചെയ്തത്. ഇവർക്കു സമര ദിനങ്ങളിൽ ശമ്പളം അനുവദിക്കരുതെന്നു ചെയർമാൻ തോമസ് ജോസഫ് നിർദ്ദേശം നൽകിയിരുന്നു.