തിരുവനന്തപുരം: രജിസ്‌ട്രേഷൻ ഫീസിലൂടെ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി ശക്തമാക്കാമെന്നായിരുന്നു തോമസ് ഐസക്കിന്റെ പ്രതീക്ഷ. ഭാഗപത്ര ഉടമ്പടിയുടെ ഫീസ് പോലും ധനമന്ത്രി ഉയർത്തി. എന്നാൽ പ്രതിഷേധത്തെ തുടർന്ന് ഇതു കുറച്ചു. എന്നാൽ രജിസ്‌ട്രേഷൻ ഫീസിലെ വർദ്ധന നിലനിർത്തി. റിയൽ എസ്റ്റേറ്റ് മേഖലയുടെ എതിർപ്പ് അവഗണിച്ചായിരുന്നു.

എന്നാൽ ഇപ്പോൾ തോമസ് ഐസക് നിലപാട് മാറ്റുകയാണ്. നോട്ട് പിൻവലിക്കലിനെ തുടർന്നു ഭൂമി രജിസ്‌ട്രേഷനിലുണ്ടായ കനത്ത ഇടിവു പരിഹരിക്കാൻ ഭൂമിയുടെ ന്യായവിലയും റജിസ്‌ട്രേഷൻ ഫീസും കുറയ്ക്കണമെന്ന ആവശ്യം സർക്കാരിന്റെ പരിഗണനയിലാണെന്നാണ് സൂചന. സർക്കാരിന്റെ വരുമാനത്തെ കാര്യമായി ബാധിക്കാതെ പ്രശ്‌നം എങ്ങനെ പരിഹരിക്കാനാകുമെന്നാണു സർക്കാർ ആലോചിക്കുന്നത്. ബജറ്റിൽ ഇതു സംബന്ധിച്ച നിർദ്ദേശം ഉണ്ടാകും.

1000, 500 രൂപ നോട്ടുകൾ പിൻവലിച്ച നവംബറിനു ശേഷം ഭൂമി രജിസ്‌ട്രേഷൻ പകുതിയിലേറെയായി കുറഞ്ഞിരുന്നു. ജനുവരി മാസത്തോടെ സ്ഥിതിഗതികൾ മെച്ചപ്പെട്ടെങ്കിലും പഴയ നിലയിലേയ്‌ക്കെത്താൻ ഇനിയും സമയമെടുക്കും. ഈ സാഹചര്യത്തിലാണ് രജിസ്‌ട്രേഷൻ ഫീസ് കുറയ്ക്കാനുള്ള നീക്കം. ഇത് ഖജനാവിലേക്ക് പണം ഒഴുക്ക് കുറക്കില്ലെന്നാണ് ധനമന്ത്രിയുടെ വിലയിരുത്തൽ. ഭൂമി രജിസ്റ്റർ ചെയ്യുമ്പോൾ മുഴുവൻ തുകയും ആധാരത്തിൽ കാണിക്കണമെന്നു വന്നതോടെ റിയൽ എസ്റ്റേറ്റ് മേഖല കടുത്ത പ്രതിസന്ധിയിലായിരുന്നു.

രജിസ്‌ട്രേഷൻ ഫീസ് കുറച്ചാൽ കൂടുതൽ പ്രമാണ രജിസ്‌ട്രേഷൻ നടക്കും. അതുകൊണ്ട് തന്നെ കൂടുതൽ വരുമാനവും കിട്ടും. ഇന്നത്തെ നിലയിൽ പോയാൽ കേരളത്തിൽ വസ്തുക്കച്ചവടം കുറയും. ഇത് മറികടക്കാൻ ഇളവ് നൽകിയേ മതിയാകൂവെന്നാണ് ധനമന്ത്രിയുടെ പക്ഷം