തിരുവനന്തപുരം; രാജ്യത്ത് എണ്ണവില അതിവേഗം കുതിച്ചുയരുന്നത് തടയാതെ കേന്ദ്രസർക്കാർ ജനത്തെ വലയ്ക്കുമ്പോൾ ഇന്ധനവില കുറയ്ക്കാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ച് കേരളം. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇക്കാര്യം പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് തന്നെയാണ് പ്രഖ്യാപിച്ചത്.

പെട്രോളിനും ഡീസലിനും മേലുള്ള സംസ്ഥാന നികുതി ഒഴിവാക്കാനാണ് കേരളം ആലോചിക്കുന്നത്. ഇപ്പോൾ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് വേള ആയതിനാൽ കേരളത്തിന് ഇത്തരം പ്രഖ്യാപനങ്ങൾ നടത്തുന്നതിന് തടസ്സമുണ്ട്. ഇത് വോട്ടർമാരെ സ്വാധീനിക്കാനാണെന്ന സൂചനകൾ വന്നേക്കാം. അതിനാൽ തന്നെ ഇക്കാര്യം കേരളം പരിഗണിക്കുന്നു എന്നു മാത്രമാണ് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിട്ടുള്ളത്.

ഇന്ന് നടന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിൽ ഇന്ധനവില കുറയ്ക്കുന്നതിന് നടപടിയുണ്ടാവുമെന്ന് രാജ്യം മുഴുവൻ പ്രതീക്ഷിച്ചിരുന്നു. എന്നാൽ എണ്ണക്കമ്പനികൾക്ക് ലാഭംകൊയ്യാൻ അവസരം നിലനിർത്തിക്കൊണ്ടാണ് കേന്ദ്ര തീരുമാനം ഉണ്ടായത്. കേരളത്തിന്റെ റവന്യൂവിൽ വലിയ പങ്കാണ് ഇന്ധന വിലയിൽ നിന്ന് കിട്ടുന്ന നികുതി. എന്നാൽ അതിന്റെ തോത് കുറച്ച് ജനങ്ങൾക്ക് ആശ്വാസം പകരാനാണ് സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നത്. ഇക്കാര്യം ആലോചിക്കുന്നതായി ധനമന്ത്രി പറഞ്ഞതോടെ അടുത്തയാഴ്ച സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞേക്കുമെന്ന് ഉറപ്പായി.

കർണാടക തിരഞ്ഞെടുപ്പ് കാലത്ത് ഇന്ധനവില കൂട്ടാതെ കാത്തുസൂക്ഷിച്ച് കേന്ദ്രസർക്കാരിനും ബിജെപിക്കും പേരുദോഷം വരുത്താത്ത നിലപാടാണ് എണ്ണക്കമ്പനികൾ സ്വീകരിച്ചത്. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ അനുദിനം വലിയ തോതിൽ വില കൂടി. ഡീസലിനും പെട്രോളിനും സർവകാല റെക്കോഡായി ഇപ്പോഴത്തെ വില. പെട്രോളിന് 80ന് മുകളിലും ഡീസലിന് 70 രൂപയ്ക്ക് മുകളിലും എന്ന നിലയിൽ ലിറ്റിറിന് വിലയെത്തി. ജനങ്ങൾ ശരിക്കും വലയുകയാണെന്ന് വ്യക്തമായിട്ടും കേന്ദ്രം വിലകുറയ്ക്കാൻ തയ്യാറാവാത്തതിൽ വലിയ പ്രതിഷേധമാണ് രാജ്യവ്യാപകമായി ഉയരുന്നത്.

ഇന്ധനവിലയെ ജിഎസ്ടിയുമായി ബന്ധിപ്പിക്കണമെന്ന കാര്യത്തിലും തീരുമാനമെടുക്കാതെ വൻകിട എണ്ണക്കമ്പനികളെ സംരക്ഷിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ കൈക്കൊള്ളുന്നത്. റിലയൻസ് ഉൾപ്പെടെയുള്ള കോർപ്പറേറ്റ് മുതലാളിമാരെ രക്ഷിക്കുന്ന നിലപാട് കേന്ദ്രം കൈക്കൊള്ളുന്നതിന് എതിരെ വലിയ വിമർശനവും ഉയരുന്നു. അന്താരാഷ്ട്ര തലത്തിൽ ക്രൂഡോയിൽ വില ഇപ്പോൾ ഉയരുന്ന സാഹചര്യം ചൂണ്ടിക്കാ്ട്ടിയാണ് കേന്ദ്രം വില കുറയ്ക്കാത്തത്. എന്നാൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞുനിന്ന കാലത്തും രാജ്യത്ത് വൻ വില ചുമത്താൻ കേന്ദ്രം കൂട്ടുനിന്നു.