തിരുവനന്തപുരം: കേരളം നേരിടുന്ന വലിയ പ്രശ്‌നങ്ങളിൽ ഒന്നാണ് ഭൂമി ലഭ്യത. വികസനത്തിന്റെയും വ്യവസായത്തിന്റെയും പേര് പറഞ്ഞു ഭൂമി സർക്കാർ ഏറ്റെടുക്കുമ്പോൾ ആയിരക്കണക്കിന് പേരാണ് വഴിയാധാരമാകുന്നത്. ഏറ്റവും ഒടുവിൽ സിൽവർ ലൈനിന്റെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചത്. 3500 ഏക്കർ ഭൂമിയാണ് സിൽവർ ലൈനിനു വേണ്ടി ഏറ്റെടുക്കേണ്ടി വരിക എന്നാണ് ഏകദേശ കണക്ക്. സിൽവർ ലൈൻ പദ്ധതിക്ക് മുൻപേ നിരവധി പദ്ധതികൾക്ക് വേണ്ടി സർക്കാർ സംസ്ഥാനത്തിന്റെ പല ഭാഗത്തും നിരവധി ഏക്കർ ഭൂമി ഏറ്റെടുത്തു വെച്ചിട്ടുണ്ട്. അതിലൊന്നാണ് സംരംഭങ്ങൾ ആകർഷിക്കാൻ വേണ്ടി ആരംഭിച്ച വ്യവസായ പാർക്കുകൾ. വ്യവസായ പാർക്കുകൾക്ക് വേണ്ടി ഏറ്റെടുത്ത ഭൂമി എന്തുമാത്രം പ്രയോജനപ്പെടുത്തിയെന്ന് ചോദ്യമുയരുന്നത് കെ റെയിലിന്റെ ഭൂമി ഏറ്റെടുക്കലിന്റെ പശ്ചാത്തലത്തിൽ ആണ്. തലസ്ഥാനത്തെ ഒരു സുപ്രധാന വ്യവസായ പാർക്കാണ് തോന്നയ്ക്കലിലെ ലൈഫ് സയൻസ് പാർക്ക്.

സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ (കെ.എസ്‌ഐ.ഡി.സി) കീഴിൽ ഉള്ളതാണ് ഈ പാർക്ക്. പാർക്കിനു വേണ്ടി ഏറ്റെടുത്തത് 156 ഏക്കർ ഭൂമിയാണ്. ഇതിൽ ഇത് വരെ വികസിപ്പിച്ചത് 70 ഏക്കർ മാത്രം. ഇതിൽ തന്നെ കൈമാറാൻ സാധിക്കുന്നത് 58 ഏക്കർ ആണ്. ഇതിൽ നിന്നും ഇതുവരെ അനുവദിച്ചത് 21.27 ഏക്കർ മാത്രമാണ് എന്നും വിവരാവകാശ രേഖ. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് കെ.എസ്‌ഐ.ഡി.സി നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ ഉള്ളത്.

വ്യാവസായിക ആവശ്യത്തിന് ഏറ്റെടുത്ത ഭൂമിയാണ് ഇങ്ങനെ ഇനിയും ഉപയോഗിക്കാതെ കിടക്കുന്നത്. സംസ്ഥാനത്തെ വിവിധ പദ്ധതികൾക്ക് വേണ്ടി ഏറ്റെടുത്ത പല ഭൂമിയുടെയും അവസ്ഥ ഇതാണ്. മാത്രമല്ല, നിരവധി പദ്ധതികൾക്ക് വേണ്ടി കുടിയിറക്കപെട്ടവരുടെ പുനരധിവാസം പോലും ഇനിയും പൂർണമായും നടപ്പിലായിട്ടില്ല. ഉപയോഗപ്രദമല്ലാത്ത ഭൂമി അർഹരായ ജനങ്ങൾക്ക് നൽകാൻ സർക്കാർ നടപടിയെടുക്കണം എന്നാണ് ഗോവിന്ദൻ നമ്പൂതിരി ആവശ്യം. തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിന് വേണ്ടി ഏറ്റെടുത്ത ഭൂമിയുടെ കണക്കുകൾ ചുവടെ ചേർക്കുന്നു.

വികസിപ്പിച്ച ഭൂമി ബാക്കി അനുവദിക്കാനുള്ളത് - 16.73 ഏക്കർ

ഭൂമി വികസിപ്പിക്കാനുള്ളത് - 86 ഏക്കർ കെ.എസ്‌ഐ.ഡി.സിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ (വികസിപ്പിച്ചുകൊണ്ടിരിക്കുന്ന/വികസിപ്പിച്ചെടുക്കേണ്ട ഭൂമി ഒഴികെ) ഒഴിഞ്ഞുകിടക്കുന്ന ശതമാനം - 10.72 കെഎസ്‌ഐഡിസിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ (വികസിപ്പിച്ചുകൊണ്ടിക്കുന്ന/വികസിപ്പിച്ചെടുക്കേണ്ട ഭൂമി ഉൾപ്പെടെ) ഒഴിഞ്ഞുകിടക്കുന്ന ശതമാനം - 65.85.

ഒരു പദ്ധതിക്ക് വേണ്ടി ഏറ്റെടുത്ത ഭൂമി ഇത് വരെ ഉപയോഗപ്രദമായി വികസിപ്പിക്കാൻ സർക്കാരിന് കഴിഞ്ഞില്ല എന്നാണ് കണക്കുകൾ തെളിയിക്കുന്നത്. ഈ പശ്ചാത്തലത്തിൽ വേണം കെ റെയിലിനെയും നോക്കി കാണാൻ. 3500 ഏക്കർ ഭൂമിയാണ് കെ റെയിലിനു വേണ്ടി ഏറ്റെടുക്കേണ്ടി വരിക എന്നാണ് ഏകദേശ കണക്ക്. കൂടാതെ 3500 ഏക്കർ ഭുമി ബഫർ സോണായും മാറും. ഈ ഭു ഉടമകൾക്ക് നയാ പൈസ നഷ്ടപരിഹാരം കിട്ടില്ല - തെരുവാധാരമാകുന്ന ഈ യഥാർത്ഥ ഇരകളെക്കുറിച്ച് സർക്കാരിനും സഖാക്കൾക്കും മിണ്ടാട്ടമില്ല.

കെ- റെയിൽ പദ്ധതിക്കായി എത്ര ഏക്കർ ഭൂമി വേണ്ടി വരുമെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുമ്പോഴാണ് ബഫർ സോണിന്റെ കണക്ക് കൂടി പുറത്തു വരുന്നത്. 529.45 കിലോമീറ്റർ അർധ അതിവേഗ റെയിൽ പദ്ധതിക്കായി 3500 ഏക്കർ ഭൂമി ഏറ്റെടുക്കുമെന്നാണ് കെ റെയിൽ അധികൃതരുടെ അവകാശ വാദം. അതായത് 20 മീറ്റർ വീതിയുള്ള പാളം നിർമ്മാണത്തിനാണി 3500 (1383 ഹെക്ടർ ) ഏക്കർ സ്ഥലം വേണ്ടി വരുന്നത്. വിശദ വിവര റിപ്പോർട്ട് പ്രകാരം (ഡി പി ആർ ) 20 മീറ്റർ ബഫർ സോണും പദ്ധതിക്കായി വേണ്ടി നീക്കി വെക്കേണ്ടി വരും. അതായത് വീണ്ടും 3500 ഏക്കർ ഭൂമി ബഫർ സോണായി പ്രഖ്യാപിക്കേണ്ടി വരും.

കല്ലിടുന്ന പ്രദേശം മാത്രമാണ് സ്ഥലം ഏറ്റെടുക്കൽ പരിധിയിൽ വരുന്നത്. ഈ സ്ഥലത്തിന് മാത്രമാകും നഷ്ടപരിഹാരം ലഭിക്കുക. പാതയ്ക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ഇരുവശത്തുമായാണ് ബഫർസോൺ മേഖലയുണ്ടാകുക.

അങ്ങനെ ബഫർ സോൺ ഉൾപ്പടെ മൊത്തം 7000 ഏക്കർ ഭൂമിയാണ് സിൽവർ ലൈൻ പദ്ധതിക്കായി വേണ്ടിവരുന്നത്.ബഫർ സോണായി പ്രഖ്യാപിച്ചു കഴിഞ്ഞാൽ സംസ്ഥാന മൊട്ടൊക്കെ 3500 ഏക്കർ ഭുമി നിശ്ചലമായി കിടക്കും. ഇത്തരത്തിൽ ബഫർ സോണായി പ്രഖ്യാപിക്കുന്ന സ്ഥലത്തിന് നഷ്ട പരിഹാരമില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു. വീടും സ്ഥലവും നഷ്ടപ്പെടുന്നവർക്ക് പേരിനെങ്കിലും അൽപം ആശ്വാസ ധനമെങ്കിലും കിട്ടും ബഫർ സോണായി പ്രഖ്യാപിക്കുന്ന ഭു ഉടമകൾക്ക് നഷ്ടപരിഹാരമില്ലാതെ വരുമ്പോൾ അവരാവും തെരുവാധാരമാവുന്ന യഥാർത്ഥ ഇരകൾ. യഥാർത്ഥ ഇരകളേക്കാൾ പത്തിരട്ടിയാവും ബഫർ സോൺ ഇരകൾ. കേരളമൊട്ടാകെ ഇരകളാകുന്ന അവസ്ഥയാണ് സംജാതമാവുന്നത്. ബോധവൽക്കരണത്തിനിറങ്ങുന്ന ഡിവൈഎഫ് ഐ, സി പി എം സഖാക്കളോട് ബഫർ സോൺ ഇരകളെക്കുറിച്ച് ചോദിച്ചാൽ മുട്ടാപ്പോക്ക് ന്യായങ്ങളാണ് പറയുന്നത്.

ബഫർ സോൺ ഇരകളെക്കുറിച്ച് സർക്കാരോ, കെ- റെയിൽ അധികൃതരോ യാതൊരു വിവരവും പുറത്തു വിടുന്നില്ല. ഡി പി ആറിന്റെ ഭാഗമായി പുറത്ത് വന്ന എക്‌സിക്യൂട്ടീവ് സമ്മറിയിൽ പാളത്തിന്റെ ഇരുവശത്തുമായി 30 മീറ്റർ ബഫർ സോണായി പ്രഖ്യാപിക്കേണ്ടി വരുമെന്ന് എഴുതി വെച്ചിട്ടുണ്ട്. സാധാരണ റെയിൽ പദ്ധതികൾക്ക് 30 മീറ്ററാണ് ബഫർ സോണായി മാറ്റി വെക്കുന്നത്. മന്ത്രിമാർക്കോ, കെ- റെയിൽ മേധാവികൾക്കോ ഇക്കാര്യത്തിലൊന്നും ഒരു വ്യക്തതയുമില്ല.

കേരളത്തിലെ ജനസംഖ്യയുടെ ബഹുഭൂരിപക്ഷവും ഈ പദ്ധതിയുടെ ഇരകളാകുന്ന ഭയാനകമായ ഒരവസ്ഥയാണ് ഉണ്ടാവാൻ പോവുന്നത്. സ്വകാര്യ ഭൂമിയിലെ സർവ്വേയ്ക്ക് പൊലീസിനെ ഉപയോഗിക്കുന്ന കെ റെയിൽ അധികൃതർ 457 ഏക്കർ റെയിൽ വേ ഭുമി യിലേക്ക് ഇത് വരെ പ്രവേശിച്ചിട്ടില്ല. പദ്ധതിയുടെ ഭാഗമായി റെയിൽവെയുടെ ഉടമസ്ഥതയിലുള്ള 457 ഏക്കർ ഭൂമി കുടി ഏറ്റെടുക്കേണ്ടി വരുമെന്നാണ് ഡി പി ആറിൽ എഴുതി വെച്ചിരിക്കുന്നത്. സംസ്ഥാനവും ഇന്ത്യൻ റെയിൽവേയും ചേർന്നുള്ള സംയുക്ത സംരഭമാണ് സിൽവർ ലൈൻ അഥവ കെ- റെയിൽ പദ്ധതി. അതു കൊണ്ടാണ് റെയിൽവെയുടെ ഭൂമിയും ഇതിനായി ഏറ്റെടുക്കേണ്ടി വരുന്നത്. കേന്ദ്ര സർക്കാരിന്റേയും റെയിൽവേ മന്ത്രാലയത്തിന്റേയുമൊക്കെ അനുമതി കിട്ടാത്തതു കൊണ്ടാണ് റെയിൽവെയുടെ സ്ഥലത്ത് കേറി മഞ്ഞക്കല്ലിടാൻ കഴിയാത്തത്.

ബഫർ സോണിൽ കെ- റെയിൽ സ്ഥിരീകരണം വന്നതോടെ പാതയുടെ ഇരുവശങ്ങളിലായി 3500 ഏക്കർ ഭൂമിയാണ് നഷ്ടപരിഹാരം പോലുമില്ലാതെ നിശ്ചലമാകുമെന്ന്? വ്യക്തം. മുഖ്യമന്ത്രിയുടെ സ്വപ്ന പദ്ധതി മൂലം യഥാർത്ഥ ഇരകളാവുന്ന ഇവരെ ആര് ഏറ്റെടുക്കും. ഇതിന്റെ പേരിൽ ആയിരക്കണക്കിന് പാവങ്ങൾ ആത്മഹത്യാ മുനമ്പിലേക്ക് ചെന്ന് ചാടുന്നതിനും കേരളം സാക്ഷിയാവേണ്ടി വരും. വ്യവസായ പാർക്ക് പോലെയുള്ള സംരംഭത്തിനു വർഷങ്ങൾക്ക് മുൻപ് ഏറ്റെടുത്ത ഭൂമി പോലും ഫലപ്രദമായി വിനിയോഗിക്കാൻ സർക്കാരിന് കഴിയാതെ വരുമ്പോൾ കെ റെയിലിന്റെ ഭാവി എന്താണെന്ന് കാത്തിരുന്നു തന്നെ കാണണം.