കൊച്ചി: തോപ്പുംപടിയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. മൂന്ന് മക്കൾക്കും വെട്ടേറ്റിട്ടുണ്ട്. തലയ്ക്ക് വെട്ടേറ്റ മക്കളിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ഹാർബറിലെ തൊഴിലാളിയായ താഴ്‌ച്ചയിൽ ആദംകാലിദിന്റെ മകൻ റഫീഖാണ്(51) ഭാര്യയേയും മക്കളേയും കൊലപ്പെടുത്താനായി വെട്ടിപരിക്കേൽപ്പിച്ചതിന് ശേഷം തൂങ്ങി മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നിനും ഒരു മണിക്കും ഇടയിലായിരുന്നു സംഭവം. നേരത്തെ തയ്യാറാക്കി വെച്ച പ്ലാൻ അനുസരിച്ചാണ് റഫീഖിന്റെ കൊലപാതകം എന്നാണ് പ്രഥമദൃഷ്ട്യാമനസ്സിലാക്കുന്നതെന്ന് തോപ്പുംപടി എസ്ഐ ബിനു മറുനാടൻ മലയാളിയോട് പറഞ്ഞു.

തോപ്പുംപടി, രാമേശ്വരം അമ്പലത്തിന് വടക്ക് വശത്ത് മൂന്ന് നില വാടക കെട്ടിടത്തിലെ ഗ്രൗണ്ട് ഫ്ലോറിലാണ് റഫീഖും കുടുംബവും പണയത്തിന് താമസിച്ച് വരുന്നത്. വീട്ടിലെ വെട്ടുകത്തി ഉപയോഗിച്ച് ഉറങ്ങിക്കിടക്കുന്ന ഭാര്യയുടെ കഴുത്തിന് ഇയാൾ ആദ്യം വെട്ടി. ഈ സമയം മറ്റൊരു മുറിയിൽ ഉറക്കത്തിലായിരുന്നു മക്കളായ ജഫ്രിനും(21) ഷെഫിനും(18) സാനിയയും(13). തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ മുറി പൂട്ടിയതിന് ശേഷം മക്കളുടെ തലയ്ക്ക് നേരേയും ആഞ്ഞുവെട്ടുകയായിരുന്നു. വളരെ പെട്ടന്നുള്ള ആക്രമണമായിരുന്നു. ഇതിന് ശേഷം ഫാനിൽ നേരത്തെ കെട്ടിവെച്ചിരുന്ന കയറിൽ റഫീഖ് തൂങ്ങി മരിക്കുകയായിരുന്നു.

രാത്രി ഒന്നരയോടെ നിസാരമായ പരിക്ക് പറ്റിയ ഒരു മകന് ബോധം തിരികെ ലഭിച്ചു. ഈ സമയം സഹോദരങ്ങൾ രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ട് അവൻ നിലവിളിച്ചു. ഈ സമയമാണ് മൂന്ന് നിലകെട്ടിടത്തിലെ മറ്റ് രണ്ട് നിലകളിലേയും കുടുംബങ്ങൾ ഓടിയെത്തുന്നത്. റഫീഖിന്റെ കാലിൽ പിടിച്ച് ഉയർത്തി ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മക്കളെ രണ്ട മണിയോടെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചു. ഇവരിൽ രണ്ട് പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. റഫീഖിന്റേയും ഭാര്യ ജാൻസിയുടേയും മരണം പുലർച്ചെ തന്നെ ഡോക്ടർ എത്തി സ്ഥിരീകരിച്ചിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ് മോർട്ടം നടത്താനായി 11 മണിയോടെ ഇരുവരുടേയും മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിക്കും.

ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച ജാൻസിയും റഫീഖും തമ്മിലുള്ള പ്രണയ വിവാഹം 23 വർഷങ്ങൾക്ക് മുമ്പാണ് നടക്കുന്നത്. വിവാഹത്തോടെ ജാൻസിയെ വീട്ടിൽ നിന്ന് പുറത്താക്കി. പിന്നീട് ഇസ്ലാം മതം സ്വീകരിച്ച് റഫീഖിനൊപ്പം വാടകയ്ക്ക് വീടെടുത്ത് പലയിടത്തായി കഴിയുകയായിരുന്നു. ഹാർബറിൽ മീൻ ലേലം നടത്തുന്ന തൊഴിലാണ് റഫീഖ് ചെയ്തിരുന്നത്.