കണ്ണൂർ: കല്യാണ വീട്ടിൽ നിസ്സാരമായി തീരേണ്ട തർക്കമാണ് ബോംബ് സ്‌ഫോടനത്തിലേക്കും ഒരാളുടെ കൊലപാതകത്തിലേക്കും കണ്ണൂരിനെ കൊണ്ടു ചെന്നെത്തിച്ചത്. ശരിക്കും നാടിനെ നടക്കുന്ന ദുരന്തമായി ഇത് മാറുകയാിയരുന്നു. യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ നാല് പേർ കസ്റ്റഡിയിൽ ആയിട്ടുണ്ട്. കൊല്ലപ്പെട്ട ജിഷ്ണു, ബോംബെറിഞ്ഞ സംഘത്തിൽപ്പെട്ടയാൾ തന്നെയാണെന്ന് ദൃക്സാക്ഷി വ്യക്തമാക്കിയത്.

വിവാഹത്തലേന്നുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് ഈ ആക്രമണമുണ്ടായതെന്നും ദൃക്സാക്ഷികൾ പറഞ്ഞു. അതേസമയം ബോംബ് പൊട്ടുന്ന സമയത്തെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ബാൻഡ് മേളത്തിനിടയിൽ ബോംബ് പൊട്ടുന്നതും ആളുകൾ ഓടി മാറുന്നതുമെല്ലാം ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ ദൃശ്യങ്ങളും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ച ശേഷമാണ് പൊലീസ് നാല് പേരെ കസ്റ്റഡിയിലെടുത്തത്. ബോംബ് എറിഞ്ഞുവെന്ന് കരുതുന്ന ഒരാളെ പൊലീസിന് ഇനിയും പിടികിട്ടാനുണ്ട്.

ഈ സംഘത്തിൽ പതിനെട്ടോളം പേരുണ്ടായിരുന്നു. ഇവരിൽ പലർക്കും ബോംബ് എറിയുന്നതിനെ കുറിച്ച് അറിവുണ്ടായിരുന്നില്ല. ബോംബ് പൊട്ടുമ്പോൾ ഇവരിൽ പലരും ഭയന്ന് ഓടുന്നതും ദൃശ്യങ്ങളിൽ കാണാം. ജിഷ്ണുവിന്റെ കയ്യിൽ ബോംബ് ഉണ്ടായിരുന്നോ എന്ന് പൊലീസിനും ദൃക്സാക്ഷികൾക്കും സംശയമുണ്ട്. ആസൂത്രിതമായാണ് സംഘം ബോംബെറിഞ്ഞതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. കേസിൽ കൂടുതൽ അറസ്റ്റുണ്ടാവുമെന്നാണ് പൊലീസ് നൽകുന്ന സൂചന.

'വാനിലെത്തിയ സംഘം ഉഗ്രശക്തിയുള്ള ബോംബാണ് ഏറിഞ്ഞത്. മരിച്ച ജിഷ്ണുവിന്റെ തലയിൽ തന്നെ ബോംബ് വീണു. തല പൊട്ടിച്ചിതറി. സമീപത്തെ വീടുകളിലേക്ക് മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ തെറിച്ചു. നാട്ടുകാർ ഓടിയെത്തിയതോടെ വണ്ടി തിരിക്കെടാ എന്ന് അലറി പത്തുപേരടങ്ങുന്ന സംഘം വാനിൽ കയറി രക്ഷപ്പെട്ടു' എന്നാണ് ദൃക്‌സാക്ഷി പറയുന്നത്.

ഒരുപോലെ നീല ഡ്രസും വെള്ളമുണ്ടും ധരിച്ചാണ് യുവാക്കളുടെ സംഘം എത്തിയത്. ബോംബ് പൊട്ടി ഒരു യുവാവ് കൊല്ലപ്പെടാനിടയായ സംഭവത്തിലേക്ക് നയിച്ചത് തലേദിവസം കല്ല്യാണവീട്ടിലുണ്ടായ തർക്കങ്ങളെന്ന് നിഗമനം. ശനിയാഴ്ച രാത്രി തോട്ടടയിലെ കല്ല്യാണവീട്ടിൽ പാട്ട് വെയ്ക്കുന്നതിനെച്ചൊല്ലി യുവാക്കൾ പരസ്പരം ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ പകയാണ് ബോംബ് കൊണ്ടുവന്ന് ആക്രമിക്കുന്നതിലേക്ക് നീങ്ങിയതെന്നാണ് സംശയിക്കുന്നത്.

സംഭവത്തെക്കുറിച്ച് പ്രദേശവാസിയും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ രവിയുടെ പ്രതികരണം ഇങ്ങനെ:

''ഏച്ചൂരിൽനിന്ന് വന്ന സംഘവും മറ്റൊരു സംഘവും കഴിഞ്ഞദിവസം രാത്രി വിവാഹവീട്ടിൽവെച്ച് തർക്കമുണ്ടായി. പാട്ട് വെയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. ഒരുകൂട്ടർ പാട്ട് വെക്കരുതെന്ന് പറഞ്ഞപ്പോൾ മറ്റൊരു കൂട്ടർ പാട്ട് വെയ്ക്കുമെന്ന് പറഞ്ഞു. പാട്ട് വെച്ചതോടെ ഇവർ തമ്മിൽ കൈയാങ്കളിയും അടിയും നടന്നു. അന്നേരം അവിടെയുണ്ടായിരുന്ന നാട്ടുകാർ ചേർന്ന് ഇവരെ പിടിച്ചുമാറ്റി. ആ പ്രശ്നമൊക്കെ അപ്പോൾ ഒതുക്കിയതാണ്. പിന്നീട് ആരും ഒന്നും പ്രതീക്ഷിച്ചിരുന്നില്ല.

ഇന്ന് രാവിലെ ഇവർ ഒരു ഗ്യാങ്ങായി ഒരേ ഡ്രസിൽ കല്ല്യാണവീട്ടിൽ വന്നിരുന്നു. അത് ഞങ്ങളെല്ലാം കണ്ടതാണ്. വിവാഹച്ചടങ്ങിന് പോയി തിരിച്ചുവരുമ്പോളും അവരുണ്ടായിരുന്നു. ഞാൻ ചെറുക്കന്റെ അച്ഛന്റെ കൂടെ നേരത്തെ പോന്നു. പിന്നീട് ചൊവ്വയ്ക്ക് പോയി ഇവിടേക്ക് വരുമ്പോഴാണ് ഒരേ പോലെ വസ്ത്രം ധരിച്ച ചെറുപ്പക്കാർ ഓടുന്നത് കണ്ടത്. ഓടടാ ഓടടാ എന്നുപറഞ്ഞ് ഒച്ചവെച്ചുകൊണ്ടാണ് അവർ ഓടിയിരുന്നത്. റോഡിൽ ഒരു വണ്ടിയുണ്ടായിരുന്നു. എടുക്കെടാ വണ്ടി എന്ന് പറഞ്ഞ് ഇവരെല്ലാം ആ വണ്ടിയിൽ കയറി. ഒരു വെളുത്ത നിറത്തിലുള്ള ട്രാവലർ ആയിരുന്നു. 18-ഓളം പേരുണ്ടായിരുന്നു അവർ. പെട്ടെന്ന് തന്നെ അവർ വണ്ടി എങ്ങനെയൊക്കെയോ തിരിച്ച് വേഗം രക്ഷപ്പെട്ടു.

അത് കഴിഞ്ഞ് ഞാൻ റോഡിലെത്തിയപ്പോൾ രണ്ടാളുകൾ കാറിലിരുന്ന് കരയുന്നതും ഒരാളെ അതിൽ കൊണ്ടുപോകുന്നതുമാണ് കണ്ടത്. എന്താ സംഭവമെന്ന് ചോദിച്ചപ്പോൾ ബോംബേറാണെന്ന് പറഞ്ഞു. അപ്പോൾ കാർ വേഗം വിട്ടു. ആസമയം വന്ന ബൈക്കിൽ കയറി കല്ല്യാണവീടിന് സമീപത്തേക്ക് വന്നു. അപ്പോഴാണ് തലയില്ലാത്ത നിലയിൽ റോഡിൽ മൃതദേഹം കാണുന്നത്. ഭീകരമായിരുന്നു ആ കാഴ്ച. എല്ലാവരും അപ്പുറത്തും ഇപ്പുറത്തും നോക്കിനിൽക്കുന്നു എന്നല്ലാതെ ആരും ഇടപെടുന്നില്ല. ഞാൻ ഉടനെ പൊലീസ് സ്റ്റേഷനിൽ വിളിച്ച് കാര്യം പറഞ്ഞു.

ഉച്ചയ്ക്ക് 2.20-ഓടെയായിരുന്നു ഈ സംഭവമെല്ലാം. നീല പോലുള്ള ഷർട്ടും മുണ്ടും ആയിരുന്നു എല്ലാവരും ധരിച്ചിരുന്നത്. ആ കാഴ്ച ഭീകരമായിരുന്നു. തലയില്ലാത്ത നിലയിലായിരുന്നു മൃതദേഹം. തലയുടെ ഭാഗമൊക്കെ ദൂരേക്ക് തെറിച്ചിരുന്നു. പിന്നെ ഞാൻ അങ്ങോട്ടേക്ക് നോക്കിയിട്ടില്ല'', അദ്ദേഹം പറഞ്ഞു.

അതേ സമയം, ബോംബെറിഞ്ഞത് ഏച്ചൂരിൽ നിന്ന് എത്തിയ ജിഷ്ണുവിന്റെ സംഘാംഗംതന്നെയെന്നാണു വിവരം. ആദ്യം എറിഞ്ഞ ബോംബ് പൊട്ടിയില്ല. രണ്ടാമത്തെ ബോംബ് ജിഷ്ണുവിന്റെ തലയിൽ വീണു. ജിഷ്ണു തൽക്ഷണം മരിച്ചു. ജിഷ്ണുവിന്റെ രണ്ട് സുഹൃത്തുക്കൾക്കും ബോംബേറിൽ പരുക്കേറ്റു. ഇവരെ കസ്റ്റഡിയിലെടുത്തു, പ്രതികൾക്കായി അന്വേഷണം തുടങ്ങി. ബോംബ് എറിഞ്ഞതിനു ശേഷമുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ജിഷ്ണുവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, ജിഷ്ണുവിന്റെ മൃതദേഹം നീക്കം ചെയ്യാൻ വൈകിയെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. ഇതു വാക്ക് തർക്കത്തിന് കാരണമായി.