കാസർഗോഡ്: അജേഷ് എന്ന അപ്പുവാണ് മുഹമ്മദ് റിയാസ് മൗലവിയെ മുറിക്കകത്ത് കയറി കുത്തിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച അർദ്ധരാത്രി പള്ളിയോട് അനുബന്ധിച്ചുള്ള മുറിയിൽ ഉറങ്ങിക്കിടക്കവേ അതിക്രമിച്ചു കയറി മൂർച്ചയേറിയ ആയുധം കൊണ്ട് കഴുത്തിലും തലക്ക് പിറകിലും നെഞ്ചിലുമായി വെട്ടുകയായിരുന്നു. അന്വേഷണ സംഘത്തിനു മുമ്പാകേ ഇയാൾ ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തു. അജേഷിന് കൂട്ടാളികളായി കാസർഗോഡിന് സമീപ പ്രദേശത്തുള്ള നിതിനും അഖിലുമായിരുന്നു. ഇന്ന് രാവിലെ എ.ഡി.ജി.പി. രാജേഷ് ദിവാന്റെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്ന ശേഷമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ തിങ്കളാഴ്ച അർദ്ധരാത്രിയാണ് റിയാസ് മൗലവിയെ പള്ളിയോട് അനുബന്ധിച്ച മുറിയിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ശാസ്ത്രീയമായ തെളിവു ശേഖരണവും പഴുതടച്ചുള്ള അന്വേഷണത്തിലൂടേയുമാണ് പ്രതികളെ തിരിച്ചറിയാൻ സാധിച്ചത്. കൊലക്ക് പിന്നിലെ ആസൂത്രണത്തെക്കുറിച്ചും വ്യക്തമായ സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ കൊലയാളി സംഘം നേരത്തെ തന്നെ താമസസ്ഥലവും മറ്റും നിരീക്ഷിച്ച് കൃത്യം ചെയ്യാൻ ഒരുങ്ങിയിരുന്നു. വലിയ ആയുധങ്ങളെടുത്ത് അക്രമിക്കുന്നതിനേക്കാളേറെ ഭദ്രം മാരകമായി പരിക്കേൽപ്പിക്കുന്ന ചെറിയ ആയുധങ്ങളാണ് നല്ലതെന്ന് അവർ കണക്കാക്കിയിരുന്നു.

സൈബർ സെല്ലു വഴി മൊബൈൽ ഫോൺ വിളി നിരീക്ഷിച്ചതും പ്രതികളെ കണ്ടെത്താൻ സഹായകമായി. മൗലവി വധത്തിനുശേഷം നാട്ടിൽ നിന്നും രണ്ടു പേർ അപ്രത്യക്ഷരായതായി പൊലീസിന് വിവരം ലഭിക്കുകയും ചെയ്തിരുന്നു. ഇന്നലെ വൈകീട്ടോടെ പൊലീസ് രണ്ടുസ്ഥലങ്ങളിൽ നിന്നായി മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. നേരത്തെ പൊലീസ് സംശയിച്ചവർ തന്നെയാണ് പിടിയിലായത്. ആയുധം കൂടി കണ്ടെത്തിയതോടെ പ്രതികളെ ഉറപ്പാക്കിയിരുന്നു. എന്നാൽ ഇതിനു പിന്നിലെ ആസൂത്രണം പൂർണ്ണമായും വെളിവായിട്ടില്ല. പ്രതികളിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിച്ചാൽ മാത്രമേ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ.

നേരത്തെ ഉണ്ടായിരുന്ന അക്രമങ്ങളുമായി ബന്ധപ്പെട്ടിരുന്ന 20 ഓളം പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ബൈക്കിലെത്തിയാണ് പ്രതികൾ റിയാസ് മൗലവിയെ കൊലപ്പെടുത്താൻ ആയുധവുമായി എത്തിയത്. പ്രതികളുടെ വിരലടയാളങ്ങളും കൊല നടന്ന മുറിയിൽ നിന്നും ലഭിച്ച വിരലടയാളങ്ങളും പരിശോധന നടത്തി ഉറപ്പു വരുത്തിയതോടെ പിടിയിലായ മൂന്ന് പേർക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന് വ്യക്തമായിരുന്നു. പ്രതികൾ പിടിയിലായതോടെ കാസർഗോഡ,് മഞ്ചേശ്വരം താലൂക്കുകളിൽ രാത്രി പത്തു മുതൽ രാവിലെ ആറ് മണിവരെ ഇരുചക്ര വാഹനങ്ങൾ വിലക്കിയിരിക്കയാണ്. ബൈക്കിലെത്തി അക്രമങ്ങൾ നടത്തി രക്ഷപ്പെടാനുള്ള സാധ്യത മുന്നിൽ കണ്ടാണ് പൊലീസിന്റെ ഈ നടപടി.