റായ്പുർ: ഓക്‌സിജൻ വിതരണം തടസപ്പെട്ട് കുഞ്ഞുങ്ങൾ മരിക്കുന്നത് തുടർക്കഥയാവുന്നു. ഇത്തവണ റായ്പൂരിലെ ഭീം റാവു അംബേദ്ക്കർ ആശുപത്രിയിലാണ് സംഭവം. മദ്യപിച്ചെത്തിയ ആശുപത്രി ജീവനക്കാർ ഓക്‌സിജൻ വിതരണ സംവിധാനത്തിന്റെ സ്വിച്ച് ഓഫ് ചെയ്തതിനെ തുടർന്ന് മൂന്ന് കുട്ടികളാണ് ശ്വാസം മുട്ടി മരിച്ചത്.

മദ്യപിച്ചെത്തിയ ജീവനക്കാരൻ മൂന്ന് മണിക്കൂറിലധികമാണ് ഓക്ജൻ വിതരണം തടസപ്പെടുത്തിയത്. ഈ ആശുപത്രിയിലെ ഓക്‌സിജൻ വിതരണത്തിലെ മേൽനോട്ടം വഹിക്കുന്ന ജീവനക്കാരനാണ് മദ്യപിച്ചെത്തി മൂന്ന് മണിക്കൂറോളം പ്രശ്നങ്ങളുണ്ടാക്കിയത്.

സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താനും ഉത്തരവാദിയായവർക്കെതിരേ കർശനം നടപടി സ്വീകരിക്കാനും ഛത്തീസ്ഡഢ് മുഖ്യമന്ത്രി രമൺ സിങ് ഹെൽത്ത് ഡയറക്ടർക്ക് നിർദ്ദേശം നൽകി. എന്നാൽ, ഓക്‌സിജൻ തടസപ്പെട്ടതിനെ തുടർന്നുള്ള മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ഓക്‌സിജൻ വിതരണത്തിലെ അപാകതയെ തുടർന്ന് ഗോരഖ്പുരിലെ ബാബാ രാഘവ് ദാസ് ആശുപത്രിയിൽ എഴുപതോളം കുട്ടികൾ മരിച്ച് മൂന്ന് ദിവസത്തിനുള്ളിലാണ് റായ്പുറിലെ സംഭവം.