തിരുവനന്തപുരം: നഗരത്തെ ഞെട്ടിച്ച കൂട്ട ആത്മഹത്യ ചെയ്ത കുടുംബത്തെക്കുറിച്ച് പുറത്ത് വരുന്നത് വിചിത്രവും അവിശ്വസിനീയവുമായ കാര്യങ്ങളാണ്. സ്വന്തം അമ്മ മരിച്ച വിവരം ബന്ധുക്കൾ അറിയിച്ചിട്ട് പോലും അവിടേക്ക് പോകാനോ ബന്ധുക്കളഓട് കാര്യം തിരക്കാനോ ആത്മഹത്യ ചെയ്ത ആനന്ദവല്ലി തയ്യാറായില്ലെന്ന് അവരുടെ മുതിർന്ന സഹോദരൻ രാജൻ മറുനാടൻ മലയാളിയോട് പറഞ്ഞു.ഇതിന് പുറമേ കുടുംബത്തിന് കടുത്ത അന്ധവിശ്വാസമാണെന്നും മകൻ സന്യാസിയാകുമെന്ന് ഒരു സ്വാമി പറഞ്ഞതനുസരിച്ചാണ് ഇവർ ജീവിച്ചിരുന്നതെന്നും സൂചനയുണ്ട്.

ഏകദേശം ഇരുപത്തിയഞ്ച് വർഷത്തോളമായി ബന്ധുക്കളുമായ ഇവർക്ക് മൂന്ന് പേർക്കും ഒരു സഹകരണവുമില്ല. അയൽവാസികളോട് പോലും മിണ്ടാട്ടമോ സഹകരണമോ ഇല്ലാത്തവരായതുകൊണ്ട് തന്നെ ഇവരുടെ ജീവിത രീതികളെ കുറിച്ച് ഒരാൾക്കും ഒരു സൂചനയുമില്ല. അയൽവാസികളോട് ചിരിക്കാൻ പോലും തയ്യാറാകാത്ത ഇവർ മറ്റുള്ളവരിൽ നിന്നും അകന്ന് കഴിയാൻ ഇഷ്ടപ്പെട്ടിരുന്നവരാണ്.ഒരിക്കൽ പോലും ഇഔ വീട്ടിൽ പുറത്ത് നിന്ന് ഒരാൾ വന്നതായി ആർക്കും അറിയില്ല. അതുകൊണ്ട് തന്നെ മരണ കാരണത്തെ കുറിച്ച് ആർക്കും അറിയില്ല. ഇത് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

തിരുവനന്തപുരം ശാസ്തമംഗലത്ത് ഒരു വീട്ടിലെ മൂന്ന് പേർ ആത്മഹത്യ ചെയ്യുകയാണെന്ന് പൊലീസിന് കത്തെഴുതി അയച്ച ശേഷമാണ് തൂങ്ങി മരിച്ചത്. ശാസ്തമംഗലം പണിക്കേഴ്സ് ലൈനിൽ സുകുമാരൻ നായർ(65) , ഭാര്യ ആനന്ദവല്ലി (56), മകൻ സനത്(40) എന്നിവരാണ് മരിച്ചത്. ആത്മഹത്യചെയ്യുമെന്നു കാണിച്ച് ഈ മാസം ഒന്നാം തീയതി മ്യൂസിയം പൊലീസിന് ഇവർ കത്തയച്ചു. കത്ത് കിട്ടിയതനുസരിച്ച് മ്യൂസിയം പൊലീസ് ശനിയാഴ്ച വീട്ടിലെത്തിയപ്പോഴാണ് മൂവരും തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. മൃതദേഹങ്ങൾക്ക് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നു പൊലീസ് പറഞ്ഞു. വീടിന്റെ മൂന്ന് മുറികളിലായി ഫാനിലാണു മൂവരും തൂങ്ങിയത്. പി ഡബ്ല്യൂഡിയിൽ നിന്നും അസിസ്റ്റന്റ് എൻജിനിയറായി റിട്ടയർ ചെയ്തയാളാണ് സുകുമാരൻ നായർ. ആനന്ദവല്ലി വീട്ടമ്മയാണ്. മകൻ സനത് ചാർട്ടേഡ് അക്കൗണ്ടന്റ്.

മൃതദേഹത്തിനരികെ നിന്നും രണ്ട് കത്തുകളും മറ്റൊരു കവറിൽ കുറേ നാണയങ്ങളും കണ്ടെത്തിയതായി മ്യൂസിയം സർക്കിൾ ഇൻസ്‌പെക്ടർ പറഞ്ഞു. കത്ത് തുറന്നിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു. കിളിമാനൂർ സ്വദേശിയായ സുകുമാരൻ നായരും കുടുംബവും പതിനഞ്ച് വർഷമായി പണിക്കേഴ്‌സ് ലൈനിൽ താമിക്കുന്നു.

വിവാഹത്തിന് ശേഷം ബന്ധുക്കളുമായി അകന്നു

41 വർഷങ്ങൾക്ക് മുൻപാണ് കിളിമാനൂർ സ്വദേശിനിയായ ആനന്ദവല്ലിയും വിതുര സ്വദേശിയായ സുകുമാരൻ നായരും വിവാഹം കഴിക്കുന്നത്. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച കല്യാണമായിരുന്നു ഇരുവരുടേതും. പിഡബ്ല്യുഡി വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു സുകുമാരൻ നായർ.ആനന്ദവല്ലി വീട്ടമ്മയും. കല്യാണത്തിന് ശേഷം ആനന്ദവല്ലിക്ക് കുടുംബ സ്വത്തിന്റെ ഓഹരിയിൽ നിന്നും 4 ഏക്കർ സ്ഥലം നൽകിയിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.

ഇരുവരുടേയും കുടുംബങ്ങളിൽ നിന്നും ലഭിച്ച ഓഹരി വിറ്റുവെന്നാണ് വിവരമെങ്കിലും കൂടുതലൊന്നും ബന്ധുക്കൾക്കും അറിയില്ല. കുടുംബ സ്വത്ത് വിറ്റ് ലഭിച്ച പണത്തിനാണ് ശാസ്തമംഗലത്ത് സ്ഥലം വാങ്ങി ഇവർ വീട് നിർമ്മിച്ചത്. ഫൗണ്ടേഷൻ കെട്ടിയിരുന്ന സ്ഥമാണ് വാങ്ങി വീട് വെച്ചത്. വിവാഹത്തിന് ശേഷം ഒരു വർഷം കഴിഞ്ഞ് മകൻ ജനിച്ചു. കുട്ടിയെ ചെറുപ്പത്തിൽ സ്‌കൂളിൽ പഠിക്കുന്ന കാലത്ത് മാത്രമാണ് ബന്ധുക്കൾ പോലും കണ്ടിട്ടുള്ളത്.

സ്‌കൂൾ കാലത്ത് കണ്ട കുട്ടി പിന്നീട് സിഎ പരീക്ഷ പാസായ വിവരം പോലും ബന്ധുക്കൾ അറിയുന്നത് ഇന്നാണ്. കുറച്ച് കാലം ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന സനത് പിന്നീട് അത് മതിയാക്കി മാതാ പിതാക്കൾക്കൊപ്പം വീട്ടിൽ ഒതുങ്ങുകയായിരുന്നു. ബന്ധുക്കളുടെ കല്യാണത്തിനോ മരണ വാർത്തയോ അറിഞ്ഞാൽ പോലും ഇവർ സഹകരിക്കാറില്ല. അമ്മ മരിച്ച വിവരം അറിയിച്ചപ്പോൾ അങ്ങനെയൊരാളെ പരിചയമില്ലെന്നാണ് ഇവർ പ്രതികരിച്ചത്. കല്യാണം വിളിക്കാൻ ബന്ധുക്കളെത്തിയാൽ പുറത്ത് എഴുത്ത് ഇട്ട ശേഷം മടങ്ങുകയാണ് പതിവ്.

കുടുബത്തിന് ഉണ്ടായിരുന്നത് കടുത്ത അന്ധവിശ്വസമെന്ന് നാട്ടുകാർ

ആരോടും അധികം സഹകരിക്കാത്ത കുടുംബം ഭൂരിഭാഗം സമയവും വീട്ടിൽ പ്രാർത്ഥനകളും പൂജകളും നടത്തി കഴിയുകയായിരുന്നു. തമിഴ്‌നാട്ടിലും തിരുവനന്തപുരത്തുമുള്ള ചില സ്വാമിമാരുടെ ആശ്രമത്തിൽ സ്ഥിരം സന്ദർശകരായിരുന്നു ഒരു കാലത്ത് ഈ കുടുംബമെന്നും അവിടെ നടക്കുന്ന പൂജകളും മറ്റും പിന്നീട് വീട്ടിലേക്ക് പ്രാവർത്തികമാക്കുന്ന പതിവുണ്ടായിരുന്നുവെന്നും ഇതിന്റെ ഭാഗമാണ് രാത്രി കാലങ്ങളിലെ ശംഖ് ഊതലും മണിയടിയും സൂചിപ്പിക്കുന്നത്.

രാത്രി 12 മണി കഴിയുമ്പബോൾ ആണ് മിക്കവാറും ഇവർ പൂജയും ആരാധനയും നടത്തിയിരുന്നത്. മകൻ സനത് സന്യാസിയാകുമെന്ന് ഒരു സ്വാമി പണ്ട് ഇവരോട് പറഞ്ഞതായിട്ടാണ് സൂചന. ഇവരുടെ പേരിലുണ്ടായിരുന്ന ചില സ്വത്തുക്കൾ ഏതോ ആശ്രമത്തിന്റെ പേരിലേക്ക് മാറ്റിയതായിട്ടാണ് സൂചന.

ജീവിതം മുമ്പോട്ട് പോയത് പെൻഷൻ പണം ഉപയോഗിച്ച്

പിഡബ്ല്യുഡി വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന സുകുമാരൻ നായരുടെ പെൻഷൻ പണം ഉപയോഗിച്ചാണ് കുടുംബം മുന്നോട്ട് പോയിരുന്നത്. മകന് പ്രത്യേകിച്ച് ജോലിയൊന്നും ഉണ്ടായിരുന്നില്ല. ആഴ്ചയിലൊരിക്കൽ ഓട്ടോറിക്ഷ പിടിച്ച് പുറത്ത് പോയി പച്ചക്കറിയും വീട്ടുസാധനങ്ങളും വാങ്ങി വരും. വീടിനുള്ളിൽ കയറി കതക് അടയ്ക്കും പിന്നെ വിവരമൊന്നുമില്ല. ഇതായിരുന്നു രീതി.

മീറ്റർ റീഡിങ്ങ് എടുക്കാനെത്തിയ വാട്ടർ അഥോറിറ്റി ജീവനക്കാരനെ പോലും സുകുമാരൻ നായർ വീട്ടിൽ കയറ്റിയിരുന്നില്ല. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇത് പ്രശ്‌നങ്ങളുമുണ്ടാക്കി. വലിയ വാക്കേറ്റവും ഉണ്ടായിരുന്നു. തുടർന്ന് പൊലീസിൽ വാട്ടർ അഥോറിറ്റി പരാതിയും നൽകി. അതുകൊണ്ട് തന്നെ കത്ത് കിട്ടി പൊലീസ് എത്തിയപ്പോൾ നാട്ടുകാർ കരുതിയത് ഈ പരാതിയിൽ എത്തിയതെന്നായിരുന്നു.കത്തിൽ പറഞ്ഞതു പോലെയായിരുന്നു കാര്യങ്ങളെല്ലാം. പിൻവശത്തേയും മുൻവശത്തേയും വാതിലുകൾ തുറന്നു കടിന്നു. ഇംഗ്ലീഷ് കൈപ്പടയിലായിരുന്നു കത്ത്.

വീട്ടിൽ കുറേയധികം ചില്ലറയും കൂട്ടി വച്ചിരുന്നു. കിളിമാനൂരിലുള്ള ബന്ധവിന്റെ ഫോൺ നമ്പറും ഉണ്ടായിരുന്നു. അതിനിടെ ഇന്നലെ രാവിലേയും ഇവരെ വീട്ടിന് മുന്നിൽ കണ്ടെതായി അയൽപക്കക്കാരിൽ ചിലർ പറയുന്നു. ഇത് ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്.മീൻ വാങ്ങാൻ സമീപ വാസികൾ കൂടി നിൽക്കുമ്പോൾ ഇവർ മാറി നിൽക്കും. എല്ലാവരും പോയ ശേഷം മാത്രമെ സാധനം വാങ്ങുകയുള്ളു. ബാക്കി തരാൻ ചില്ലറയി്ല്ലെന്ന് പറഞ്ഞാൽ അത് വേണ്ടെന്ന് പറഞ്ഞ് അകത്തേക്ക് പോകും.

മൂന്ന് പേരേയും വീട്ടിനുള്ളിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വൈകിട്ടാണ് സംഭവം പുറത്തറിയുന്നത്. ആത്മഹത്യ ചെയ്യുമെന്നു കാണിച്ച് ഈ മാസം ഒന്നാം തീയതി മ്യൂസിയം പൊലീസിന് വീട്ടുകാർ കത്തയിച്ചിരുന്നു. കത്ത് വൈകിട്ട് ഏഴുമണിയോടെ കിട്ടിയതനുസരിച്ചു മ്യൂസിയം പൊലീസ് വീട്ടിലെത്തിയപ്പോഴാണു മൂവരും തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ഫാനിൽ കയറിട്ടാണ് തൂങ്ങിയത്. മൂന്നു മുറികളിലായിട്ടായിരുന്നു മൃതദേഹങ്ങൾ കണ്ടത്. മൃതദേഹങ്ങൾക്ക് രണ്ടുദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.

തങ്ങൾ ആത്മഹത്യ ചെയ്യുകയാണെന്നും ബന്ധുക്കളെ വിവരമറിയിക്കണമെന്നും മരണനാനന്തര ചടങ്ങുകൾക്കായുള്ള പണം വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്നും പൊലീസിന് കിട്ടിയ കത്തിലുണ്ടായിരുന്നു. ഒരു ബന്ധുവിന്റെ ഫോൺ നമ്പറുമുണ്ടായിരുന്നു. പൊലിസ് ഈ നമ്പറിൽ ബന്ധപ്പെട്ടിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണം കത്തിൽ സൂചിപ്പിച്ചിട്ടില്ല. വീട്ടിൽ നിന്ന് ഒരു കത്തു കൂടി കണ്ടെടുത്തിട്ടുണ്ട്. ഇതിലെ വിവരങ്ങൾ പൊലിസ് വെളിപ്പെടുത്തിയിട്ടില്ല. ഈ കത്തിൽ നിന്ന് ആത്മഹത്യയുടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. സുകുമാരൻ നായരുടെ കുടുംബത്തിന് അയൽക്കാരുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.

തങ്ങൾ അടുപ്പത്തിന് ശ്രമിച്ചിരുന്നെങ്കിലും അവർ തയ്യാറായിരുന്നില്ലെന്നും മിക്ക സമയത്തും ഗേറ്റ് അകത്തുനിന്ന് പൂട്ടിയിടുകയായിരുന്നു പതിവ്.ഇവർ പുറത്തിറങ്ങുന്നതും കുറവായിരുന്നു. അതുകൊണ്ടുതന്നെ ഇവർക്ക് എന്തെങ്കിലും സാമ്പത്തികപ്രശ്‌നമോ മറ്റു ബുദ്ധിമുട്ടുകളോ ഉള്ളതായി ആർക്കും അറിയില്ല.