കോഴിക്കോട്: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പുതിയ സംസ്ഥാന സെക്രട്ടേറിയേറ്റിനെ ഇന്ന് തീരുമാനിച്ചിരിക്കുന്നു. പതിവു പോലെ പാണക്കാട് കുടുംബത്തിൽ നിന്നു തന്നയാണ് സംസ്ഥാന പ്രസിഡണ്ട്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. അദ്ദേഹത്തിന്റെ കാലശേഷം വരെ അതങ്ങനെ തുടരുകയും ചെയ്യും. എന്നാൽ ഇത്തവണത്തെ സെക്രട്ടേറിയേറ്റിനെ പ്രസക്തമാക്കുന്നത് അവരെടുത്ത മറ്റൊരു തീരുമാനത്തിലൂടെയാണ്. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ സംസ്ഥാന സെക്രട്ടേറിയേറ്റിൽ ചരിത്രത്തിലാദ്യമായി മൂന്ന് വനിതകൾ സ്ഥാനം പിടിച്ചിരിക്കുന്നു. ഖമറുന്നിസ അൻവർ, നൂർബിന റഷീദ്, കെ.പി മറിയുമ്മ എന്നിവരെ സംസ്ഥാന സെക്രട്ടറിയേറ്റിലെ വനിതാ പ്രതിനിധികളായി തെരഞ്ഞെടുത്തത്്.

മുസ്ലിം ലീഗിലെ വനിതാ പ്രതിനിധ്യം എന്നും ആ പാർട്ടിക്ക് ഏറെ വിമർഷനങ്ങൾ നേടിക്കൊടുത്തൊരു കാര്യമാണ്. എന്നാൽ അതിനെയെല്ലാം പ്രതിരോധിക്കാനെന്നവണ്ണമാണ് ഇക്കുറി ലീഗ് തങ്ങളുടെ കേരള സംസ്ഥാന സെക്രട്ടേറിയേറ്റിൽ മൂന്ന് വനിതകളെ ഉൾപെടുത്തിയിരിക്കുന്നത് . ഖമറുന്നീസ അൻവറും നൂർബീന റഷീദും ഇതിന് മുന്നെയും സംസ്ഥാന സെക്രട്ടേറിയേറ്റിലുണ്ടായിരുന്നവരാണ്. കെ പി മറിയുമ്മയാണ് പുതുതായി സെക്രട്ടേറിയേറ്റിലെത്തിയ വനിതാപ്രതിനിധി. ഖമറുന്നീസ അൻവറാകട്ടെ മുസ്ലിം ലീഗ് ഇന്നേ വരെയുള്ള അവരുടെ ചരിത്രത്തിൽ നിയമ സഭയിലേക്ക് മത്സരിപ്പിച്ച ഏക വനിതയുമാണ്. 1996 കോഴിക്കോട് 2ലാണ് മുസ്ലിം ലീഗ് ഖമറുന്നീസ അൻവറിനെ ആദ്യമായി നിയമസഭയിലേക്ക് മത്സരിപ്പിച്ചത്. അന്ന് എല്ലാവരും അതിനെ മുസ്ലിം ലീഗിന്റെ വനിതാ ശാക്തീകരണത്തിന്റെ തുടക്കമെന്ന് പറയുകയും പുകഴ്‌ത്തുകയുമൊക്കെ ചെയ്തിരുന്നെങ്കിലും അന്ന് നേരിയ വോട്ടിന് പരാജയപ്പെട്ട ഖമരൂന്നീസ അൻവറിനോ ലീഗിലെ മറ്റി സ്ത്രീകൾക്കോ പിന്നീടിന്നേവരെ റിസർവേഷൻ സീറ്റിൽ ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾക്കപ്പുറം മത്സരിക്കാനായിട്ടില്ല.

കഴിവുള്ള സ്ത്രീകളുടെ അഭാവം കൊണ്ടോ, മത്സരിക്കാൻ താത്പര്യമുള്ളവരില്ലാഞ്ഞിട്ടോ അല്ലായിരുന്നു അത്. ഇപ്പോൾ സംസ്ഥാന കമ്മറ്റിയിലുള്ള മൂന്ന് പേരടക്കം, മുൻ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായ സുഹറ മമ്പാട്, രാജ്യത്തെ ഏറ്റവും മികച്ച 10 വിദ്യാർത്ഥി നേതാക്കളിലൊരാളായി തെരഞ്ഞെടുക്കപ്പെട്ട എം എസ് എഫിന്റെ ദേശീയ വൈസ് പ്രസിഡണ്ടായിരുന്ന ഫാത്തിമ തെഹ്ലിയയടക്കം നിരവധി വനിതകൾ ആ പാർട്ടിയിലുണ്ടായിട്ടും എന്തുകൊണ്ടോ ഇക്കാലമത്രയും അവർക്കൊന്നും വേണ്ടത്ര അംഗീകാരമോ അർഹതകളോ ആ പാർട്ടിയിൽ ലഭിച്ചിട്ടില്ല. ലഭിച്ചവരാകട്ടെ അവരുടെ ചെയ്തികളുടെ പേരിൽ ലീഗിലെ പുരുഷ കേസരികളുടെ വിമർശനങ്ങൾക്കിരയായവരുമാണ്. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് കഴിഞ്ഞ തവണയും ഇത്തവണയുമെല്ലാം സംസ്ഥാന കമ്മറ്റിയിലിടം പിടിച്ച ഖമറുന്നീസ അൻവറിനെ കൊടിഞ്ഞി ഫൈസൽ വധക്കേസിൽ പിടിയിലായ ആർ എസ് എസ് പ്രവർത്തകർക്കുള്ള നിയമ സഹായ ഫണ്ട് ശേഖരണത്തിന് സംഭാവന നൽകിയതുമായി ബന്ധപ്പെട്ട് സംസ്ഥാന കമ്മറ്റിയിൽ നിന്നും പുറത്താക്കിയത്.

നേരത്തെ അവർ ഡിവൈഎഫ്ഐയുടെ രക്തതദാന ക്യാമ്പ ഉദ്ഘാടനം ചെയ്തതിനെയും അന്ന് പാർട്ടിയിലുള്ളവർ തന്നെ ഏറെ വിമർശിച്ചിരുന്നു. എന്തിലധികം പറയണം പൊതുവോദിയിൽ പോലും ലീഗിലെ പുരുഷകേസരികളുടെ കടുത്ത വിമർശനങ്ങൾക്കും അവഹേളനങ്ങൾക്കും ഇരയായവരാണ് ആ പാർട്ടിയിലെ വനിതാ നേതാക്കൾ. കഴിഞ്ഞ വർഷമാണ് കോഴിക്കോട് കടപ്പുറത്ത് നടത്തിയ പൊതുസ്സമ്മേളനത്തിൽ പ്രസംഗിക്കാൻ എഴുന്നേറ്റ വനിതാ നേതാവിനെ കോഴിക്കട്ടെ ലീഗിന്റെ മുതിർന്ന നേതാവ് മായിൻ ഹാജി തടഞ്ഞത്. അന്നദ്ദേഹം പറഞ്ഞത് ഈ പാർട്ടിയിൽ സ്ത്രീകൾക്ക് സ്റ്റേജിൽ ചെയ്യാനൊന്നുമില്ലെന്നാണ്. അതായത് സമുദായത്തിസും പാർട്ടിയിലും സ്ത്രീകളുടെ സ്ഥാനം മറക്കുള്ളിലാണെന്ന് സാരം. വിനതാ ലീഗിന്റെ സമ്മേളന വേദിയിലോ ഫ്ൽക്സ് ബോർഡുകളിലോ പോലും ആ പാർട്ടിയിലെ വനിതാ നേതാക്കളുടെ ഫോട്ട പോലും വരാത്ത ആ കാലത്തിന് അന്ത്യമായിത്തുടങ്ങിയെന്ന് തന്നെയാണ് ഇപ്രവശ്യത്തെ പുതിയ കമ്മറ്റിയെ പ്രഖ്യാപിച്ചതിലൂടെ മനസ്സിലാകുന്നത്.

ഏതായാലും 96ലെ ഇലക്ഷൻ കാലത്ത് നടന്ന പ്രചരണം പോലെ തന്നെയാണ് ഇത്തവണ മൂന്ന് വനിത പ്രതിനിധികളെ സംസ്ഥാന കമ്മറ്റിയിൽ ഉൾപെടുത്തിയ സംഭവത്തെയും പൊതു സമൂഹം കാണുന്നത്. പ്രത്യേകിച്ച് മുസ്ലിം ലീഗിലെ വനിതാ നേതാക്കൾ.