തൃപ്രയാർ: ബധിരയും മൂകയുമായ യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ നാട്ടിക പള്ളം ബീച്ചിൽ തെളിവെടുപ്പിനു കൊണ്ടുവന്നപ്പോൾ നാടകീയ രംഗങ്ങൾ. യുവതിയുടെ മൂത്ത സഹോദരി പ്രതിയുടെ മുഖത്ത് അടിച്ചു. പ്രതിക്കു നേരേ വ്യാപകമായി രോഷപ്രകടനം അരങ്ങേറി. ചെരുപ്പുമാല അണിയിക്കാനും നീക്കംനടന്നു. പ്രതി പോയ വഴിയിൽ ചാണകവെള്ളം തളിച്ച് ശുദ്ധികലശം നടത്തി. അതിനിടെ, പ്രതിയുടെ വീടിന്റെ ജനൽച്ചില്ലുകൾ പൊട്ടിയ നിലയിൽ കണ്ടെത്തി. കഴിഞ്ഞദിവസം രാത്രി വീടിനുനേരേ കല്ലേറുണ്ടായതായി പറയുന്നു.

പ്രതിയുമായി പൊലീസ് സംഘം എത്തുമെന്ന് അറിഞ്ഞു സ്ത്രീകളടങ്ങിയ നാട്ടുകാരുടെ സംഘം പുലർച്ചെ മുതൽ പള്ളം ബീച്ച് മേഖലയിൽ കാത്തുനിൽപ്പായിരുന്നു. പള്ളം ബീച്ച് സ്വദേശി ഉണ്യാരം പുരയ്ക്കൽ ബിജുവിനെയുമായി (ബിഹാറി ബിജു 34) പൊലീസ് സംഘം ബീച്ചിലെത്തിയത് അതീവ സുരക്ഷ ഒരുക്കിയാണ്. പ്രതിയുടെ വീട്ടിലേക്കാണ് ആദ്യം പൊലീസ് സംഘം എത്തിയത്. വീട്ടിലെത്തിയയുടൻ ബിജുവിനെ ധരിപ്പിച്ചിരുന്ന ഹെൽമറ്റ് ഊരിമാറ്റി. അമ്മയെയും ഭാര്യയെയും കൈക്കുഞ്ഞിനെയും കണ്ടു. തുടർന്നാണ് പള്ളം ബീച്ചിലെ യുവതിയുടെ വീടിന് സമീപത്ത് ജീപ്പുകൾ എത്തിയത്.

പ്രതി എത്തിയതറിഞ്ഞ് രോഷാകുലരായ നാട്ടുകാർ ബഹളംവച്ചു. പൊലീസിന്റെ കനത്ത സുരക്ഷയിൽ പ്രതി യുവതിയുടെ വീട്ടിലെത്തി പീഡിപ്പിച്ച സംഭവങ്ങൾ വിവരിച്ചു. ഈ സമയത്താണ് ഇരയുടെ മൂത്ത സഹോദരി നിയന്ത്രണം വിട്ടു ബിജുവിന്റെ മുഖത്ത് അടിച്ചത്. പീഡനത്തിന് ശേഷം യുവതിയെ കണ്ടെത്തിയ വീടിന് സമീപത്തെ ഷെഡിലുമെത്തി. തിരികെ കൊണ്ടുപോകുമ്പോൾ മഹിളാമോർച്ച പ്രവർത്തകർ ബിജുവിന്റെ കഴുത്തിൽ ചെരുപ്പുമാല അണിയിക്കാൻ നടത്തിയ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്നു പ്രവർത്തകർ പ്രതിയുടെ വീട് വരെ റോഡിൽ ചാണകവെള്ളം തളിച്ചും ശുചീകരണം നടത്തിയും പ്രതിഷേധിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണു പീഡന വിവരം പുറത്തറിയുന്നത്. യുവതി ആ സമയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. പ്രതി ശനിയാഴ്ച ഉച്ച വരെ വീടിനു സമീപത്തുണ്ടായിരുന്നു. പ്രതിയുടെ മൊബൈൽ സന്ദേശം നിരീക്ഷിച്ചപ്പോഴാണു നാട്ടിൽ നിന്നു മുങ്ങിയ വിവരം പൊലീസിനു വ്യക്തമായത്. പിന്നീട് ഇയാളുടെ മൊബൈൽ സിഗ്‌നൽ ചെറായി ഭാഗത്തു കണ്ടെത്തി. തുടർന്നാണു പൊലീസ് സംഘം ചെറായിയിലേക്ക് പോയത്. പൊലീസ് പിടിക്കുമെന്നായപ്പോൾ ഇയാൾ രക്ഷപ്പെട്ടെങ്കിലും പൊലീസ് നിരീക്ഷണം തുടർന്നു. ഞായറാഴ്ച വൈകിട്ടോടെ നാട്ടിക പള്ളം ബീച്ചിലെ ആളൊഴിഞ്ഞ വീടിന്റെ ഷെഡിൽ നിന്ന് നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു.

ചൊവ്വാഴ്ച മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചിരുന്നു. ചികിൽസയിലായിരുന്ന യുവതി പ്രതിയെ തിരിച്ചറിഞ്ഞതിനെത്തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.