കൊച്ചി: തൃപ്പൂണിത്തുറ മാർക്കറ്റ് റോഡിൽ നിർമ്മാണത്തിലുള്ള അന്ധകാരത്തോട് പാലത്തിലുണ്ടായ അപകടത്തിൽ യുവാവു മരിച്ച സംഭവത്തിൽ ഓവർസീയറെയും കരാറുകാരനെയും ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്യുമ്പോൾ ചർച്ചയാകുന്നത് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ ഇടപെടൽ. ഓവർസീയർ ഇരുമ്പനം വേലിക്കകത്ത് വീട്ടിൽ സുമേഷ് (44), കരാറുകാരൻ മൂവാറ്റുപുഴ പണ്ടപ്പിള്ളി വർക്കിച്ചൻ കെ.വളമറ്റം (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എന്നാൽ ഉന്നത ഉദ്യോഗസ്ഥരെ ഇനിയും അറസ്റ്റു ചെയ്തിട്ടില്ല. അറസ്റ്റ് ചെയ്തവരെ ജാമ്യത്തിൽ വിട്ടതും പ്രതിഷേധത്തിന് ഇടനൽകുന്നുണ്ട്.

പൊതുമരാമത്ത് വകുപ്പ് ജില്ലാ എക്‌സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എൻജിനീയർ, ഓവർസീയർ എന്നിവരെ സംഭവത്തെത്തുടർന്നു സസ്‌പെൻഡ് ചെയ്തു. സംഭവം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി മുഹമ്മദ് റിയാസ് ചീഫ് എൻജിനീയറോട് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അപകടം നടന്ന് 24 മണിക്കൂറിനുള്ളിൽ സസ്‌പെൻഷൻ. പിന്നാലെ ഉദ്യോഗസ്ഥനെ അറസ്റ്റു ചെയ്തു. എന്നാൽ മതിയായ വകുപ്പുകളൊന്നും പൊലീസ് ചുമത്തിയില്ല. യൂണിയൻ ഇടപെടലുകളാണ് ഇതിന് കാരണം.

ഇതോടെ പാലവുമായി ബന്ധപ്പെട്ട് നടന്നതെല്ലാം നാടകമാണെന്ന വാദവും ശക്തമാണ്. ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യാത്ത നടപടിക്കെതിരെ മറുനാടൻ വാർത്ത നൽകി. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്ന് മന്ത്രി റിയാസ് പറഞ്ഞു വച്ചതും. കളക്ടർക്ക് പൊതുമരാമത്ത് വകുപ്പ് നിർദ്ദേശവും നൽകി. എന്നിട്ടും കരാറുകാരനെതിരെ പോലും ജാമ്യമില്ലാ കേസെടുക്കാൻ പൊലീസ് തയ്യാറായില്ല. ഇതിന് പിന്നിൽ ഉന്നത ഇടപെടൽ നടന്നുവെന്നാണ് സൂചന. മന്ത്രി അടക്കം ഇതിൽ നിസ്സഹായരായി.

ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും ദൗർഭാഗ്യകരമായ സംഭവമാണിതെന്നും മന്ത്രി പറഞ്ഞു. ഒരുതരത്തിലുള്ള വിട്ടുവീഴ്ചയുണ്ടാകില്ലെന്നും തെറ്റു ചെയ്തവരെ സംരക്ഷിക്കില്ലെന്നും മന്ത്രി പറഞ്ഞു. കരാറുകാരൻ ഉൾപ്പെടെ 5 പേർക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനെത്തുടർന്നാണ് ഇന്നലെ അറസ്റ്റിലേക്കു കടന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഓവർസീയറെയും കരാറുകാരനെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. അതായത് ഗുരുതര വകുപ്പുകൾ ഒന്നും ഇവർക്കെതിരെ ചുമത്തിയില്ല. ഇത് പ്രതിഷേധത്തിന് ഇട നൽകിയിട്ടുണ്ട്.

കരാറുകാരനെതിരെ കൊലപാതക കുറ്റം ചുമത്തണമെന്ന ആവശ്യം ശക്തമായിരുന്നു. അന്ധകാരത്തോടിനു കുറുകെ പൊതുമരാമത്ത് വകുപ്പ് (പാലം വിഭാഗം) നിർമ്മിക്കുന്ന പാലത്തിലാണു ശനി പുലർച്ചെ അപകടം ഉണ്ടായത്. പുതിയകാവ് ഭാഗത്തു നിന്നു ബൈക്കിൽ എത്തിയ എരൂർ വടക്കേ വൈമീതി വാലത്തു വീട്ടിൽ മാധവന്റെയും തിലോത്തമയുടെയും മകൻ വിഷ്ണു (28), സുഹൃത്ത് വൈമീതി റോഡ് ചാലിപ്പാടത്ത് സുധീറിന്റെ മകൻ ആദർശ് (22) എന്നിവരാണ് അപകടത്തിൽപ്പെട്ടത്.

വിഷ്ണുവിനു ജീവൻ നഷ്ടമായി. ഗുരുതരമായി പരുക്കേറ്റ ആദർശ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പാലം പണിയുന്ന ഭാഗത്തു വേണ്ട രീതിയിൽ സുരക്ഷാ സംവിധാനങ്ങൾ ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ കൊലക്കുറ്റത്തിന് കേസെടുക്കേണ്ട സാഹചര്യം ഉണ്ട്.