തിരുവനന്തപുരം: മണ്ഡല കാലത്ത് നട തുറക്കുന്നതിന് പിന്നാലെ ശബരിമലയിലെത്തുമെന്ന് തൃപ്തി ദേശായി. നവംബർ 16 നും 20 നും ഇടയിൽ ശബരിമലയിൽ എത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവും സ്ത്രീ വിമോചന പ്രവർത്തകയുമായ തൃപ്തി ദേശായി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. മണ്ഡലകാല പൂജകൾക്കായി നവംബർ 17 നാണ് നട തുറക്കുക. ഇതിനു ഒന്നോ രണ്ടോ ദിവസങ്ങൾക്കു ശേഷം ശബരിമലയിലേക്ക് എത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് തൃപ്തി ദേശായി നേരത്തെ പറഞ്ഞിരുന്നു.

16 നും 20 നും ഇടയിലുള്ള ഏതെങ്കിലുമൊരു ദിവസം എത്തി അയ്യപ്പദർശനം നടത്തുമെന്നാണ് തൃപ്തി ദേശായി അറിയിച്ചിരിക്കുന്നത്. ദർശനത്തിന് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും കത്തു നൽകുമെന്നും തൃപ്തി ദേശായി നേരത്തെ പറഞ്ഞിരുന്നു. സുപ്രീംകോടതി വിധി വരുന്നതിനു മുൻപ് തന്നെ വിലക്ക് ലംഘിച്ച് ശബരിമലയിൽ കയറുമെന്ന് പ്രഖ്യാപിച്ച വ്യക്തിയായിരുന്നു തൃപ്തി ദേശായി. സ്ത്രീകൾക്ക് പ്രവേശനമനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നപ്പോൾ ഭരണഘടനയ്ക്കും രാജ്യത്തെ സ്ത്രീകൾക്കും ഇത് വിജയദിവസമാണെന്നായിരുന്നു തൃപ്തി ദേശായിയുടെ പ്രതികരണം. ഒരു കൂട്ടം സ്ത്രീകൾക്കൊപ്പമായിരിക്കും താൻ ശബരിമലയിലെത്തുക എന്നും അവർ നേരത്തെ പ്രതികരിച്ചിരുന്നു.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി സ്ത്രീകൾക്കെതിരായ അസമത്വം അവസാനിപ്പിക്കാൻ കാരണമാകുമെന്നാണ് പ്രതീക്ഷയെന്നും തൃപ്തി ദേശായി അഭിപ്രായപ്പെട്ടിരുന്നു. ശബരിമലയിൽ ഭക്തർക്ക് സുരക്ഷയൊരുക്കുന്നതിൽ സർക്കാരും പൊലീസും പരാജയപ്പെട്ടു. സ്ത്രീകൾ ഭയന്നിട്ടാണ് ശബരിമലയിൽ എത്താൻ മടിക്കുന്നതെന്നും അവർ പറഞ്ഞിരുന്നു.സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചിരുന്ന ഹാജി അലി ദർഗ, ത്രൈയംബകേശ്വർ ക്ഷേത്രം, ശനി ശിംഘനാപൂർ ക്ഷേത്രം എന്നിവിടങ്ങളിൽ സ്ത്രീകളോടൊപ്പം തൃപ്തി പ്രവേശിച്ചിരുന്നു.

എന്തായാലും മണ്ഡലകാലത്ത് നട തുറക്കുമ്പോൾ സർക്കാരിനും പൊലീസിനും കാര്യങ്ങൾ കൂടുതൽ തലവേദന സൃഷ്ടിക്കുമെന്നും ഉറപ്പാണ്.
റിവ്യൂ പെറ്റീഷൻ പരിഗണിക്കുമ്പോൾ സുപ്രീം കോടതി മനസ്സുമാറ്റുമോ എന്ന ആശങ്ക ഇനിയും യുവതി പ്രവേശനത്തെ അനുകൂലിക്കുന്നതിൽ നിന്നും സംസ്ഥാന സർക്കാറിനെ പിന്നോട്ടു വലിക്കുകയും ചെയ്യും. അതേസമയം തൃപ്തി ദേശായി അടക്കമുള്ളവർ സന്ദർശനത്തിന് എത്തുമെന്ന അറിയിച്ചത് അടക്കം സർക്കാറിന് തിരിച്ചടിയാണ്. അവിടെ സംഘർഷ സാധ്യത വർദ്ധിക്കുകയും ചെയ്യും. ആർഎസ്എസ് യുവതി പ്രവേശനത്തെ എതിർക്കുമെന്ന് വത്സൻ തില്ലങ്കേരിയും വ്യക്തമാക്കി കഴിഞ്ഞു. ഇതോടെ മണ്ഡലകാലത്ത് സംഘപരിവാർ പ്രവർത്തകർ തമ്പടിക്കും. ദർശനത്തിന് യുവതികൾ എത്തിയാൽ സംഘർഷം ആവർത്തിക്കുകയും ചെയ്യും.

വിശ്വാസികളുടെ വികാരം ഉൾക്കൊണ്ട് കോടതിയെടുത്ത തീരുമാനമാണ് സുപ്രീംകോടതി തീരുമാനം തിരുത്തിയതെന്നും പുനപ്പരിശോധനാ ഹർജികളിൽ അന്തിമതീരുമാനം വരുന്നത് വരെ അത് വിധി നടപ്പാക്കരുതെന്നാണ് ബിജെപി ആവശ്യപ്പെടുന്നതെന്നും ശ്രീധരൻ പിള്ള പറഞ്ഞിട്ടുണ്ട്. എന്തായാലും ഇപ്പോഴത്തെ തീരുമാനത്തോടെ സർക്കാർ ശബരിമലയിൽ ഇനിയും കനത്ത സുരക്ഷാ സംവിധാനങ്ങൾ ഒരുക്കേണ്ടി വരും. ഈ വിഷയത്തെ രാഷ്ട്രീയ എതിരാളികൾക്കുള്ള വടിയായി നൽകുകയാണ് സർക്കാർ ചെയ്തതെന്ന ആക്ഷേപം സിപിഎമ്മിനുള്ളിൽ പോലും മുഖ്യമന്ത്രിക്കെതിരെ ഉയരാൻ പോലും ഇടയുണ്ട്.

തുലാമാസ പൂജകൾക്കും ചിത്തിര ആട്ട വിശേഷത്തിനും നട തുറന്നപ്പോൾ ഉള്ള സ്ഥിതി അല്ല മണ്ഡല കാലത്ത് ഉണ്ടാവുക. ഈ രണ്ട് തവണ നട തുറന്നപ്പോഴും ഉള്ളതിനെക്കാൾ പതിന്മടങ്ങ് ആളുകളാണ് സന്നിധാനത്ത് എത്തുക. അതിന്റെ ഒപ്പം തന്നെ കൂടുതൽ യുവതികൾ ലക്ഷക്കണക്കിന് പ്രക്ഷോഭകാരികളുടെ ഇടയിലേക്ക് എത്തുമ്പോൾ എന്ത് വേണമെങ്കിലും സംഭവിക്കാം. അതുകൊണ്ട് തന്നെ മണ്ഡലകാലത്ത് സന്നിധാനത്ത് എന്തും സംഭവിക്കാം എന്ന നിലയുണ്ട്.