- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരു കരകളും തമ്മിൽ തൊടാതെ തോട്ടിൽ തന്നെയാണ് 'പാലം'; സുരക്ഷാ ബോർഡില്ലാത്തതിനാൽ ആഴത്തിലെ ഗർത്തം ആ യുവാക്കൾ അറിഞ്ഞില്ല; ബൈക്കിൽ വന്നവർ വീണത് ആ അനാസ്ഥയുടെ കുഴയിൽ; അങ്ങനെ കേരളത്തിന് രക്തസാക്ഷിയെ നൽകി 'മന്ത്രി റിയാസിന്റെ വിപ്ലവം'; കേസ് കരാറുകാരനെതിരെ മാത്രം; ഭരണാനുകൂല സംഘടനയിലെ പ്രമുഖർക്ക് ശിക്ഷ നൽകാൻ മന്ത്രിക്കും പേടി
കൊച്ചി: വീരവാദം പറഞ്ഞു നടക്കുന്ന പൊതുമരാമത്ത് വകുപ്പ് കേരളത്തിന് രക്തസാക്ഷിയേയും നൽകി. തൃപ്പൂണിത്തുറയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പാലം പണി കരാറുകാരനെതിരെ പൊലീസ് കേസെടുത്തു. എന്നാൽ പൊതുമരാമത്ത് ഉദ്യോഗസ്ഥർ കേസിൽ പ്രതികളുമല്ല. സുരക്ഷ ഉറപ്പു വരുത്തേണ്ട ഉദ്യോഗസ്ഥരേയും ഈ കേസിൽ പ്രതിയാക്കേണ്ടതാണ്. എന്നാൽ ഭരണാനുകൂല സംഘടനയിലെ പ്രധാനികളെ പ്രതിയാക്കാനുള്ള ശക്തി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനില്ല.
അധികൃതരുടെയും കരാറുകാരന്റെയും അനാസ്ഥ ഒന്നുകൊണ്ടു മാത്രമാണ് തൃപ്പൂണിത്തുറ മാർക്കറ്റ് റോഡിൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിൽ ബൈക്കിടിച്ച് വിഷ്ണു എന്ന യുവാവിന് ദാരുണാന്ത്യം സംഭവിച്ചത് എന്നാണ് പരാതി. ഇതിൽ ഉദ്യോഗസ്ഥർക്കും വലിയ വീഴ്ചയുണ്ടായി. മാർക്കറ്റ് - പുതിയകാവ് റോഡിൽ അന്ധകാരത്തോടിന് കുറുകെയായി പൊതുമരാമത്ത് നിർമ്മിക്കുന്ന പാലം എന്ന് പൂർത്തിയാകുമെന്നത് സംബന്ധിച്ച ഉറപ്പുകൾ പലതും അധികൃതർ നൽകിയിരുന്നെങ്കിലും ഒന്നും നടന്നില്ല.
ഉറപ്പുപറഞ്ഞ സമയത്ത് ഇവിടെ പാലം പൂർത്തിയാക്കിയിരുന്നെങ്കിൽ ഇങ്ങനെ ഒരു അപകടമോ, ഒരു യുവാവിന്റെ ജീവൻ പൊലിഞ്ഞ അവസ്ഥയോ ഉണ്ടാകുമായിരുന്നില്ല. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർക്കെതിരെയും കേസെടുത്ത് നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ പൊതുമരാമത്തിലെ പ്രധാനികളെ പൊലീസ് പ്രതിചേർക്കുന്നില്ല. വകുപ്പു തല അന്വേഷണം നടത്തുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. ഇത് വെറുവാക്കാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഈ അനാസ്ഥയ്ക്ക് ഉത്തരവാദികൾക്കെതിരെ സസ്പെൻഷൻ പോലും ഇല്ല. ഇതിനും മന്ത്രി റിയാസിന് കരുത്തില്ലെന്നതാണ് വസ്തുത. മാസങ്ങൾ കഴിഞ്ഞിട്ടും നിർമ്മാണം ഇഴഞ്ഞു നീങ്ങി തുടക്കം മുതലേ ഇങ്ങനെ ആക്ഷേപം ഉള്ളതാണ്. അതിന് ഒരു മാറ്റവും വന്നിട്ടില്ല. ഇപ്പോഴും ഇരു കരകളും തമ്മിൽ തൊടാതെ തോട്ടിൽ തന്നെയാണ് 'പാലം'. നിരന്തരം വാഹനങ്ങൾ പൊയ്ക്കൊണ്ടിരുന്ന റോഡിലാണിത്. പഴയകലുങ്ക് പൊളിച്ചപ്പോൾ മുതൽ ഗതാഗതം ഈ ഭാഗത്ത് ഇല്ല. ഇത് അറിയാതെ എത്തിയവരാണ് അപകടത്തിൽ പെട്ടത്. മുന്നറിയിപ്പ് ബോർഡ് ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ അപകടം ജീവനെടുക്കലായി.
പുതിയകാവ് ഭാഗത്തുനിന്ന് ബൈക്കിൽ പുലർച്ചെ വന്ന എരൂർ സ്വദേശികളായ വിഷ്ണു, ആദർശ് എന്നീ രണ്ട് യുവാക്കളാണ് ഇവിടെ അപകടത്തിൽപ്പെട്ടത്. ഇതിൽ വിഷ്ണു മരിച്ചു. ഈ പാലത്തിന്റെ ഭാഗത്ത് വേണ്ട രീതിയിൽ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതിരുന്നതാണ് അപകടത്തിന് കാരണമായതെന്നാണ് പരക്കെ ആക്ഷേപം. തൊട്ടു സമീപത്തുതന്നെയാണ് പൊലീസ് സ്റ്റേഷനും.
രണ്ട് ടാർ വീപ്പ റോഡിൽ വെച്ചിട്ടുണ്ടാകും എന്നതൊഴിച്ചാൽ ഇവിടെ മറ്റൊന്നുമില്ല. റോഡിനും പാലത്തിനും ഇടയിൽ വലിയ ഗർത്തമാണ്. ഇതറിയാതെ വന്ന യുവാക്കളാണ് അപകടത്തിൽപ്പെടാൻ കാരണമെന്ന് പറയുന്നു. പാലത്തിന്റെ ഭിത്തിയിൽ ചോരപ്പാടും ഉണ്ട്. സമീപത്ത് പച്ചക്കറിക്കടയിലെ ജീവനക്കാരൻ രാജേഷ് ഉൾപ്പെടെയുള്ളവർ അപകടത്തിന്റെ ശബ്ദം കേട്ട് ഓടിയെത്തിയിരുന്നു.
ബൈക്കും യുവാക്കളും ഈ കുഴിയിലായിരുന്നു. യുവാക്കളുടെ അവസ്ഥ കണ്ട് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസാണ് അവരെ ആശുപത്രിയിലെത്തിച്ചത്.
മറുനാടന് മലയാളി ബ്യൂറോ