- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീരവാദം പറഞ്ഞു നടക്കുന്ന പൊതുമരാമത്ത് വകുപ്പ് കേരളത്തിന് രക്തസാക്ഷിയേയും നൽകിയെന്ന വിമർശനം മന്ത്രിക്ക് വേദനയായി; തൃപ്പുണ്ണിത്തുറയിൽ പൊതുമരാമത്തിലെ നാല് ഉദ്യോഗസ്ഥർക്ക് അതിവേഗ സസ്പെൻഷൻ; എൻജിനീയർമാർക്കെതിരെ കേസെടുക്കാൻ മടിച്ച് പൊലീസും; റിയാസിന്റെ ഇടപെടൽ കുറ്റക്കാർക്ക് പാതിശിക്ഷ നൽകുമ്പോൾ
കൊച്ചി: തൃപ്പൂണിത്തുറയിൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിൽ ബൈക്കിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ കൂട്ടനടപടി. നാല് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്‌തെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെയാണ് സസ്‌പെൻഡ് ചെയ്തത്. എക്‌സിക്യൂട്ടീവ് എൻജിനീയർ, അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ. അസി. എൻജിനീയർ, ഓവർസിയർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാത്തതിനെതിരെ മറുനാടൻ വാർത്ത നൽകിയിരുന്നു. വീരവാദം പറഞ്ഞു നടക്കുന്ന പൊതുമരാമത്ത് വകുപ്പ് കേരളത്തിന് രക്തസാക്ഷിയേയും നൽകിയെന്ന വിമർശനം ഉൾക്കൊണ്ടു. തൃപ്പൂണിത്തുറയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പാലം പണി കരാറുകാരനെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ പൊതുമരാമത്ത് ഉദ്യോഗസ്ഥർ കേസിൽ പ്രതികളുമല്ല. സുരക്ഷ ഉറപ്പു വരുത്തേണ്ട ഉദ്യോഗസ്ഥരേയും ഈ കേസിൽ പ്രതിയാക്കേണ്ടതാണ്. എന്നാൽ ഭരണാനുകൂല സംഘടനയിലെ പ്രധാനികളെ പ്രതിയാക്കാനുള്ള ശക്തി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനില്ലെന്നായിരുന്നു മറുനാടൻ വാർത്ത. ഇതിന് പിന്നാലെ തന്നെ മന്ത്രി നടപടിയും പ്രഖ്യാപിച്ചു. അപ്പോഴും ഇവർ കേസിൽ പ്രതികളല്ല.
കൊലപാതകത്തിന് കേസെടുക്കേണ്ട കുറ്റമാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥരും കരാറുകാരനും ചെയ്തത്. അധികൃതരുടെയും കരാറുകാരന്റെയും അനാസ്ഥ ഒന്നുകൊണ്ടു മാത്രമാണ് തൃപ്പൂണിത്തുറ മാർക്കറ്റ് റോഡിൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിൽ ബൈക്കിടിച്ച് വിഷ്ണു എന്ന യുവാവിന് ദാരുണാന്ത്യം സംഭവിച്ചത് എന്നാണ് പരാതി. ഇതിൽ ഉദ്യോഗസ്ഥർക്കും വലിയ വീഴ്ചയുണ്ടായി. മാർക്കറ്റ് - പുതിയകാവ് റോഡിൽ അന്ധകാരത്തോടിന് കുറുകെയായി പൊതുമരാമത്ത് നിർമ്മിക്കുന്ന പാലം എന്ന് പൂർത്തിയാകുമെന്നത് സംബന്ധിച്ച ഉറപ്പുകൾ പലതും അധികൃതർ നൽകിയിരുന്നെങ്കിലും ഒന്നും നടന്നില്ല.
ഉറപ്പുപറഞ്ഞ സമയത്ത് ഇവിടെ പാലം പൂർത്തിയാക്കിയിരുന്നെങ്കിൽ ഇങ്ങനെ ഒരു അപകടമോ, ഒരു യുവാവിന്റെ ജീവൻ പൊലിഞ്ഞ അവസ്ഥയോ ഉണ്ടാകുമായിരുന്നില്ല. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർക്കെതിരെയും കേസെടുത്ത് നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ പൊതുമരാമത്തിലെ പ്രധാനികളെ പൊലീസ് പ്രതിചേർക്കുന്നില്ല. വകുപ്പു തല അന്വേഷണം നടത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. അതിവേഗം ഈ റിപ്പോർട്ട് വാങ്ങി നടപടി എടുത്തു. ഇത് മന്ത്രി റിയാസിന്റെ അതിവേഗ ഇടപെടൽ മൂലമാണ്. മറുനാടൻ വാർത്ത ചർച്ചയായതിന് പിന്നാലെ തന്നെ നടപടി എടുക്കണമെന്ന നിലപാടിൽ മന്ത്രി എത്തി. മുഖ്യമന്ത്രിയോട് ആലോചിച്ച് തീരുമാനവും പ്രഖ്യാപിച്ചു.
മാസങ്ങൾ കഴിഞ്ഞിട്ടും നിർമ്മാണം ഇഴഞ്ഞു നീങ്ങി തുടക്കം മുതലേ ഇങ്ങനെ ആക്ഷേപം ഉള്ളതാണ്. അതിന് ഒരു മാറ്റവും വന്നിട്ടില്ല. ഇപ്പോഴും ഇരു കരകളും തമ്മിൽ തൊടാതെ തോട്ടിൽ തന്നെയാണ് 'പാലം'. നിരന്തരം വാഹനങ്ങൾ പൊയ്ക്കൊണ്ടിരുന്ന റോഡിലാണിത്. പഴയകലുങ്ക് പൊളിച്ചപ്പോൾ മുതൽ ഗതാഗതം ഈ ഭാഗത്ത് ഇല്ല. ഇത് അറിയാതെ എത്തിയവരാണ് അപകടത്തിൽ പെട്ടത്. മുന്നറിയിപ്പ് ബോർഡ് ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ അപകടം ജീവനെടുക്കലായി.
പുതിയകാവ് ഭാഗത്തുനിന്ന് ബൈക്കിൽ പുലർച്ചെ വന്ന എരൂർ സ്വദേശികളായ വിഷ്ണു, ആദർശ് എന്നീ രണ്ട് യുവാക്കളാണ് ഇവിടെ അപകടത്തിൽപ്പെട്ടത്. ഇതിൽ വിഷ്ണു മരിച്ചു. ഈ പാലത്തിന്റെ ഭാഗത്ത് വേണ്ട രീതിയിൽ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതിരുന്നതാണ് അപകടത്തിന് കാരണമായതെന്നാണ് പരക്കെ ആക്ഷേപം. തൊട്ടു സമീപത്തുതന്നെയാണ് പൊലീസ് സ്റ്റേഷനും.
രണ്ട് ടാർ വീപ്പ റോഡിൽ വെച്ചിട്ടുണ്ടാകും എന്നതൊഴിച്ചാൽ ഇവിടെ മറ്റൊന്നുമില്ല. റോഡിനും പാലത്തിനും ഇടയിൽ വലിയ ഗർത്തമാണ്. ഇതറിയാതെ വന്ന യുവാക്കളാണ് അപകടത്തിൽപ്പെടാൻ കാരണമെന്ന് പറയുന്നു. പാലത്തിന്റെ ഭിത്തിയിൽ ചോരപ്പാടും ഉണ്ട്. സമീപത്ത് പച്ചക്കറിക്കടയിലെ ജീവനക്കാരൻ രാജേഷ് ഉൾപ്പെടെയുള്ളവർ അപകടത്തിന്റെ ശബ്ദം കേട്ട് ഓടിയെത്തിയിരുന്നു.
ബൈക്കും യുവാക്കളും ഈ കുഴിയിലായിരുന്നു. യുവാക്കളുടെ അവസ്ഥ കണ്ട് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസാണ് അവരെ ആശുപത്രിയിലെത്തിച്ചത്.
മറുനാടന് മലയാളി ബ്യൂറോ