തൃശൂർ: ഇക്കുറി തൃശ്ശൂർ പൂരം നടത്തിപ്പ് ഭംഗിയായി അരങ്ങേറുമെന്നാണ് നേതാക്കൾ പറയുന്നത്. പൂരം നടത്തിപ്പിനായുള്ള അനുമതി സംബന്ധിപ്പിച്ച് ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നെന്നും തുടർന്ന് ഓസ്‌ട്രേലിയയിലായിരുന്ന വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയലിനെക്കൊണ്ട് ഏകദേശം രാത്രി പന്ത്രണ്ട് മണിക്ക് ഒപ്പിടുവിക്കുകയായിരുന്നെന്നും സുരേഷ് ഗോപി എം പി വ്യക്തമാക്കി.

താൻ പാർലമെന്റ് അംഗമായിരിക്കുന്ന കാലയളവിൽ നടത്തിയ ഇടപെടലുകളെക്കുറിച്ച് വിവരിക്കുന്നതിനിടയിലാണ് എം പി ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര പെട്രോളിയം സുരക്ഷാ ഏജൻസിയായ പെസോയാണ് (പെട്രോളിയം ആൻഡ് എക്സ്പ്‌ളോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ) പൂരത്തിലെ വെടിക്കെട്ടിന് അനുമതി നൽകിയത്.

തൃശൂരിന് പൂർണ രൂപത്തിൽ പൂരം നടത്താൻ ഈ വർഷം സാധിക്കുമെന്നും സുരേഷ് ഗോപി ഉറപ്പ് നൽകി. ഇതിൽ രാഷ്ട്രീയമില്ലെന്നും ബിജെപി സർക്കാരിന്റെ മുന്നേറ്റമാണിതെന്നും എം പി പറഞ്ഞു. എൻ ഡി എ സർക്കാരിന്റെ ഭരണമികവും ശക്തിയുമാണ് തീരുമാനത്തിന് പിന്നിൽ പ്രവർത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാറമേക്കാവ് ദേവസ്വം ആവശ്യപ്പെട്ട പ്രകാരമായിരുന്നു സുരേഷ് ഗോപി വിഷയത്തിൽ ഇടപെട്ടത്.

കുഴിമിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനും ഗുണ്ടിനുമാണ് അനുമതി ലഭിച്ചത്. ഇതിന് പുറമേയുള്ളവ വെടിക്കെട്ടിന് ഉപയോഗിക്കാൻ പാടില്ല. മെയ് പത്തിനാണ് തൃശൂർ പൂരം. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷങ്ങളിലായി പൂരം എല്ലാവിധ ആചാര അനുഷ്ഠാനങ്ങളോടും കൂടി നടത്താൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ വർഷം പൂര നഗരിയിലേക്ക് ആരെയും കടക്കാൻ അനുവദിച്ചിരുന്നില്ല. ഇത്തവണ ഇതിന് അനുമതിയുണ്ടാകും. കൊവിഡിന് മുൻപ് നടത്തിയിരുന്ന പോലെ ഇത്തവണ മികച്ച രീതിയിൽ പൂരം നടത്താനാണ് തീരുമാനമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.

ദേവസ്വങ്ങളോടും ഓരോ വകുപ്പുകളോടും പൂരം നടത്തിപ്പിനെ കുറിച്ചുള്ള റിപ്പോർട്ട് തയ്യാറാക്കാൻ യോഗത്തിൽ നിർദ്ദേശിച്ചു. പൂരത്തിന്റെ ഭാഗമായി പൂർത്തിയാക്കേണ്ട കാര്യങ്ങളും അനുമതിയും സമയബന്ധിതമായി നേടി കളക്ടർക്ക് റിപ്പോർട്ട് ചെയ്യണം. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഏപ്രിൽ പകുതിയോടെ വീണ്ടും ഉന്നതതല യോഗം ചേർന്ന് അന്തിമ തീരുമാനം എടുക്കും. മുഖ്യമന്ത്രിയുടെ അനുമതിയോടെയാകും അന്തിമ തീരുമാനം. റവന്യൂമന്ത്രി കെ രാജനും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.