കൊല്ലം: എസ്.എൻ.ഡി.പി. യോഗം തിരഞ്ഞെടുപ്പിൽ പ്രാതിനിധ്യവോട്ട് സമ്പ്രദായം റദ്ദാക്കിയ ഹൈക്കോടതി വിധി മറികടക്കാൻ എല്ലാ വഴികളും തേടി വെള്ളാപ്പള്ളി നടേശൻ. സിപിഎമ്മിനെ കൂടെ നിർത്തി പ്രാതിനിധ്യ വോട്ട് സമ്പ്രദായം ഉറപ്പാക്കാനാണ് നീക്കം. എന്നാൽ വെള്ളാപ്പള്ളിക്കെതിരെ നിലപാടുമായി നിൽക്കുന്നവർക്കും സിപിഎമ്മുമായി അടുപ്പമുണ്ട്. ഗോകുലം ഗോപാലന്റെ നേതൃത്വത്തിലുള്ള മറുവിഭാഗത്തെ പിണക്കി വെള്ളാപ്പള്ളിയെ സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും പിന്തുണയക്കുമോ എന്നതാണ് നിർണ്ണായകം.

കേസിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുകയാണ് ഒരു മാർഗം. സിംഗിൾ ബെഞ്ചിന്റെ വിധിക്കെതിരേ സ്റ്റേക്കും ശ്രമിക്കാം. ഈ സാധ്യതയും വെള്ളാപ്പള്ളി വിനിയോഗിക്കും. ഇളവിന് സംസ്ഥാന സർക്കാരിനെ സമീപിക്കുകയാണ് മറ്റൊരു വഴി. രണ്ടു സാധ്യതകളും യോഗം നേതൃത്വം പരിഗണിക്കുന്നുണ്ട്. എല്ലാ അംഗങ്ങൾക്കും വോട്ടവകാശം നൽകുന്ന വ്യവസ്ഥയിൽ ഇളവുനൽകുന്ന 1974 ഓഗസ്റ്റ് 20-ലെ കേന്ദ്രസർക്കാർ ഉത്തരവാണ് കോടതി റദ്ദാക്കിയത്.

എല്ലാ അംഗങ്ങൾക്കും വോട്ടവകാശം നൽകണമെന്ന് ഹൈക്കോടതിയുടെ ഉത്തരവുവന്ന സാഹചര്യത്തിൽ എസ്.എൻ.ഡി.പി. യോഗം തിരഞ്ഞെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്. ഫെബ്രുവരി അഞ്ചിന് നടത്താൻ നിശ്ചയിച്ചിരുന്ന തിരഞ്ഞെടുപ്പ് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവെച്ചതായി ചീഫ് റിട്ടേണിങ് ഓഫീസർ ബി.ജി. ഹരീന്ദ്രനാഥ് അറിയിച്ചു. തുഷാർ വെള്ളാപ്പള്ളിയെ ജനറൽ സെക്രട്ടറിയാക്കുകയായിരുന്നു വെള്ളാപ്പള്ളിയുടെ ലക്ഷ്യം. ഇതാണ് കോടതി ഉത്തരവിൽ അട്ടിമറിക്കപ്പെട്ടത്. ഇനി പ്രാതിനിധ്യ വോട്ടിൽ സർക്കാർ തീരുമാനം അനുകൂലമാക്കിയാലും വെള്ളാപ്പള്ളിക്ക് വിട്ടുവീഴ്ച ചെയ്യേണ്ടി വരും.

ബിജെപി മുന്നണിയുടെ ഭാഗമായ തുഷാറിനെ തലപ്പത്തെത്തിക്കാൻ സിപിഎം അനുവദിക്കില്ല. അങ്ങനെ എങ്കിൽ മകനിലേക്കുള്ള വെള്ളപ്പാള്ളിയുടെ അധികാര കൈമാറ്റം പ്രതിസന്ധിയായി മാറും. 200 അംഗങ്ങൾക്ക് ഒരുപ്രതിനിധി എന്ന നിലയിലുള്ള വോട്ടെടുപ്പിനാണ് നടപടികൾ നീക്കിയിരുന്നത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടത്തുകയാണെങ്കിൽ വലിയ മുന്നൊരുക്കങ്ങൾ ആവശ്യമായി വന്നേക്കും. 31 ലക്ഷത്തോളം അംഗങ്ങൾക്ക് വോട്ടവകാശംവരും.

വിധി മുൻ തിരഞ്ഞെടുപ്പുകളെ ബാധിക്കാത്തതിനാൽ നിലവിലെ ഭരണസമിതിക്ക് അടുത്ത തിരഞ്ഞെടുപ്പുവരെ തുടരാം. ഹൈക്കോടതി വിധി നടപ്പാക്കുന്നത് അപ്രായോഗികമാണെന്ന് യോഗം നേതൃത്വം പരസ്യമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ മേൽക്കോടതികളിൽ നിയമനടപടികൾ തുടരും. അതിനാൽ അടുത്ത യോഗം തിരഞ്ഞെടുപ്പ് അനിശ്ചിതമായി നീണ്ടേക്കും. കോടതി ഉത്തരവിന്റെ ചുവടുപിടിച്ചു പ്രാതിനിധ്യ വോട്ടവകാശത്തിന് അനുമതി തേടി സംസ്ഥാന സർക്കാരിനെ സമീപിക്കുകയാണു യോഗനേതൃത്വത്തിനു മുന്നിലുള്ള പോംവഴി. സർക്കാർ തീരുമാനം വരുംവരെ തിരഞ്ഞെടുപ്പു നടത്താനാവില്ല.

5 വർഷം കൂടുമ്പോൾ നടക്കേണ്ട ഭാരവാഹി തിരഞ്ഞെടുപ്പ് 2020 ൽ നടത്തേണ്ടതായിരുന്നുവെങ്കിലും കോവിഡ് മൂലം നീണ്ടു. ഫെബ്രുവരി 5 നു നടത്താൻ തീരുമാനിച്ചെങ്കിലും ഇതിനിടെ കേസ് കോടതിയിലുമെത്തി. 31 ലക്ഷത്തിലേറെ അംഗങ്ങളുടെ പ്രതിനിധികളായി പതിനായിരത്തോളം വോട്ടർമാരെ പങ്കെടുപ്പിച്ച് തിരഞ്ഞെടുപ്പു നടത്താൻ ഒരുക്കങ്ങൾ പൂർത്തിയായിരുന്നു.

കേന്ദ്ര കമ്പനീസ് ആക്ട് അനുസരിച്ചു രൂപീകൃതമായ എസ്എൻഡിപി യോഗം കേന്ദ്ര നിയമത്തിനു കീഴിലല്ല, സംസ്ഥാനത്തിനു ബാധകമായ 1962 ലെ കേരള നോൺ ട്രേഡിങ് കമ്പനീസ് ആക്ടിന്റെ പരിധിയിലാണ് ഉൾപ്പെടുകയെന്നും ഹൈക്കോടതി ഉത്തരവ് വ്യക്തത വരുത്തുന്നുണ്ട്. ഇതുസംബന്ധിച്ച തർക്കം സങ്കീർണമായ നിയമക്കുരുക്കുകൾക്കും വഴിവച്ചിരുന്നു.

എല്ലാ അംഗങ്ങളെയും പങ്കെടുപ്പിച്ചു ജനറൽ ബോഡി നടത്തുന്ന രീതി അവസാനിപ്പിച്ച് 100 അംഗങ്ങളിൽ ഒരാൾക്കു വോട്ടവകാശം എന്ന വ്യവസ്ഥ യോഗം തിരഞ്ഞെടുപ്പിൽ കൊണ്ടുവന്നത് 1966 ലാണ്. ഇതു കേസായപ്പോഴാണ് അന്നത്തെ യോഗ നേതൃത്വം കേന്ദ്ര സർക്കാരിനെ സമീപിച്ച് 1974 ൽ പ്രത്യേക ഇളവ് സമ്പാദിച്ചത്. അന്നു യോഗത്തിന്റെ അംഗസംഖ്യ 60,000 മാത്രമായിരുന്നു.

1996 ൽ വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തിലെത്തുന്നതു വരെ ഈ ക്രമത്തിലായിരുന്നു വോട്ടെടുപ്പ്. 1999 ൽ ഇത് 200 അംഗങ്ങൾക്ക് ഒരാൾ എന്നാക്കി ഭരണഘടന ഭേദഗതി ചെയ്തു. യോഗത്തിലെ ഓരോ അംഗങ്ങൾക്കും വോട്ടവകാശമുണ്ട് എന്നു ഹൈക്കോടതി ഊന്നിപ്പറഞ്ഞതോടെ ഈ വ്യവസ്ഥ അസാധുവായി.

31 ലക്ഷത്തിലേറെ അംഗങ്ങളെ പങ്കെടുപ്പിച്ചു ജനറൽ ബോഡി വിളിച്ചു തിരഞ്ഞെടുപ്പു നടത്തുന്നതു പ്രായോഗികമാകില്ല. കേന്ദ്ര സർക്കാരിനെ സമീപിച്ചു പ്രാതിനിധ്യ വോട്ടവകാശം നേടിയെടുത്ത മാതൃകയിൽ സംസ്ഥാന സർക്കാരിനെ സമീപിക്കാമെന്നു ഹൈക്കോടതി വ്യക്തമാക്കിയിട്ടുള്ളതിനാൽ, സംസ്ഥാനത്തെ പ്രബല സമുദായ സംഘടനയുടെ ഭാരവാഹി തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ തീരുമാനമാകും ഇനി നിർണായകം.

ഏറ്റവുമൊടുവിൽ 2015-ലാണ് യോഗം തിരഞ്ഞെടുപ്പ് നടന്നത്. 2020-ൽ നടക്കേണ്ട തിരഞ്ഞെടുപ്പാണ് കോവിഡ് സാഹചര്യത്തിൽ നീണ്ടത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ദേവസ്വം സെക്രട്ടറി എന്നിവരെയാണ് തിരഞ്ഞെടുക്കുക. എല്ലാ സീറ്റിലും രണ്ട് സ്ഥാനാർത്ഥികളുണ്ട്. വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള പാനലിനെതിരേ സൗത്ത് ഇന്ത്യൻ വിനോദിന്റെ നേതൃത്വത്തിലുള്ള പാനലാണ് മത്സരിക്കുന്നത്.