സുൽത്താൻ ബത്തേരി: കുറച്ചുകാലമായി സുൽത്താൻ ബത്തേരി നഗരത്തിലും പരിസരപ്രദേശങ്ങളിലും ആശങ്കപടർത്തി കടുവാ സാന്നിധ്യമുണ്ട്. കടുവാ കുഞ്ഞുങ്ങളെ അടക്കം ഇടയ്ക്കിടെ നാട്ടുകാർ പ്രദേശത്തു കാണുന്നുണ്ട്. ബീനാച്ചി, ദൊട്ടപ്പൻകുളം, വാകേരി പ്രദേശങ്ങളിലാണ് കടുവയുടെ സാന്നിധ്യമുള്ളത്. കഴിഞ്ഞ ദിവസം നിരവധി തൊഴിലാളികൾ ജോലി ചെയ്യുന്ന എസ്‌റ്റേറ്റിൽ കടുവയുടെ ആക്രമണം ഉണ്ടായത് പ്രദേശത്തെ മുഴുവൻ ഭീതിയിലാഴ്‌ത്തുന്നുണ്ട്.

വാകേരിയിലെ ഏദൻവാലി എസ്റ്റേറ്റിലെ തൊഴിലാളിയുടെ വളർത്തുനായയെ കടുവ ആക്രമിച്ചുകൊലപ്പെടുത്തുകയായിരുന്നു. കടുവ ഇറങ്ങിയതിന്റെ വിഡിയോ പുറത്തുവന്നതോടെ ജനങ്ങൾ ഭീതിയിലാണ്. ഇവിടെ കടുവയുടെ സാന്നിധ്യം പതിവാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. എസ്റ്റേറ്റിലെ നൂറുകണക്കിനു തൊഴിലാളികൾ ദിവസേന നടന്നുപോകുന്ന വഴിയരികിലാണ് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്.

എസ്റ്റേറ്റിന് സമീപത്ത് എൽപി സ്‌കൂൾ അടക്കമുണ്ട്. ഇവിടെ അടുത്തായാണ് കടുവയുടെ സാന്നിധ്യം എന്നത് നാട്ടുകാരെ ആശങ്കപ്പെടുത്തുന്നത്. എസ്റ്റേറ്റിൽ വെച്ച് കഴിഞ്ഞ ദിവസം ഒരു മ്ലാവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇത് എസ്റ്റേറ്റ് തൊഴിലാളികളും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന് കുഴിച്ചിടാൻ ശ്രമിക്കവേയാണ് വളർത്തു നായയെയും കടുവ ആക്രമിച്ചത്. എസ്റ്റേറ്റിലെ തൊഴിലാളിയുടെ നായയെ കടിച്ചെടുത്ത് ചെടികൾക്കുള്ളിലേക്കു മറഞ്ഞ കടുവ, അവിടെവച്ചാണ് നായയെ കൊന്നത്. നായയുടെ ജഡം തൊഴിലാളികൾ പിന്നീട് കണ്ടെടുത്തിരുന്നു.

ഇവിടെ കടുവയുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാർ വനംവകുപ്പ് അധികൃതരോട് സ്ഥിരമായി പരാതിപ്പെടുന്നതാണ്. ഈ പ്രദേശത്ത് മുൻപും കടുവയെ കണ്ടവരുണ്ട്. ഇതേ തുടർന്ന് എസ്റ്റേറ്റ് അധികൃതർ സിസി ടിവികൾ സ്ഥാപിച്ചിരുന്നു. ഈ സിസി ടിവിയിലാണ് കടുവയുടെ ആക്രമണ വീഡിയോ പതിഞ്ഞിരിക്കുന്നത്. ജനവാസ മേഖലയിലിറങ്ങി ആക്രമണം നടത്തുന്ന കടുവയെ പിടികൂടാനുള്ള നടപടി അടിയന്തരമായി കൈക്കൊള്ളണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. അടുത്തിടെ ഒരു ആദിവാസി സ്ത്രീ കഷ്ടിച്ചാണ് കടുവയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

ഒരു മാസം മുമ്പ് ബത്തേരിയിൽ നിന്നും രണ്ടു കിലോമീറ്റർ മാറി ദൊട്ടപ്പൻകുളത്ത് കടുവ എത്തിയിരുന്നു. മാനിക്കുനി, ദൊട്ടപ്പൻകുളം, ചീനിപ്പുല്ല്, ബീനാച്ചി, പൂതിക്കാട് ഭാഗത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടുവസാന്നിധ്യമുണ്ടായിരുന്നു. കൂടാതെ പനമരം-ബീനാച്ചി റോഡിൽ യാത്രക്കാർ കടുവയെ നേരിൽക്കണ്ടു. രാത്രി വാളവയലിലേക്ക് പോയ കാർ യാത്രികരാണ് കടുവയെ കണ്ടത്. നേരത്തെയും സുൽത്താൻ ബത്തേരിയിലെ വിവിധ മേഖലകളിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.

അതേസമയം ക്യാമറ മാത്രമല്ല കടുവയെ കുടുക്കാനുള്ള കൂടും ഇവിടെ വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ജനവാസ മേഖലയിൽ കടുവയെത്തിയത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. ജനവാസ മേഖലകളിലെത്തുന്ന കടുവകളെ കൂട് സ്ഥാപിച്ച് പിടികൂടണമെന്ന് ആവശ്യപ്പെട്ട് സുൽത്താൻ ബത്തേരി നഗരസഭ പ്രമേയം പാസാക്കിയിരുന്നു. കടുവയുടെ ആക്രമണ സംഭവങ്ങളെ തുടർന്ന് പ്രദേശവാസികൾ ഭീതിയിലാണ്. കടുവയെ പിടികൂടാൻ കെണി വെക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ.