- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിലും മുഖ്യമന്ത്രിക്ക് വേണ്ടി വൻ സുരക്ഷ; അഞ്ച് അസിസ്റ്റന്റ് കമ്മീഷണർമാർക്കു കീഴിൽ പഴുതടച്ച സുരക്ഷ; ഗസ്റ്റ് ഹൗസിലും വേദികളിലും വൻ പൊലീസ് സന്നാഹം; കറുത്ത മാസ്കും പടിക്ക് പുറത്ത്; കറുത്ത ചുരിദാർ ധരിച്ച് മെട്രോയിൽ കയറാൻ എത്തിയ ട്രാൻസ്ജെന്റർ യുവതികളെയും പിടികൂടി പൊലീസ്; സുരക്ഷ കടുപ്പിച്ചപ്പോൾ ദുരിതത്തിലായത് പൊതുജനം
കൊച്ചി: കോട്ടയത്തിന് പുറമേ കൊച്ചിയിലു മുഖ്യമന്ത്രിക്ക് വേണ്ടി കനത്ത സുരക്ഷ. പ്രതിഷേധം ഭയന്നാണ് വലിയ സുരക്ഷ ഒരുക്കിയിരിക്കുന്നത്. ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രിക്കായി കൊച്ചി നഗരത്തിലും ശക്തമായ പ്രത്യേക സുരക്ഷ ഏർപ്പെടുത്തി. അഞ്ച് അസിസ്റ്റന്റ് കമ്മീഷണർമാർക്ക് കീഴിൽ പഴുതടച്ച സുരക്ഷയാണ് നഗരത്തിൽ ഏർപ്പെടുത്തിയത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികൾ നടക്കുന്ന വേദികളിലും ഗസ്റ്റ് ഹൗസിലും വലിയ പൊലീസ് സന്നാഹമാണ് തയ്യാറാക്കിയിരിക്കുന്നത്.
പഴുതടച്ച സുരക്ഷ ഒരുക്കിയിട്ടും കോട്ടയത്ത് ബിജെപി പ്രവർത്തകർ കരിങ്കൊടി കാട്ടാൻ ശ്രമിച്ചതിനാൽ പൊലീസ് വലിയ കരുതലിലാണ്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ വേദിയിലും പരിസരത്തും കറുത്ത മാസ്‌ക്ക് ധരിക്കുന്നതിനും വിലക്കേർപ്പെടുത്തി. കറുത്ത മാസ്‌ക് ധരിക്കരുതെന്ന് മാധ്യമ പ്രവർത്തകർക്ക് നിർദ്ദേശം നൽകിയെന്നും വിവരമുണ്ട്. എന്നാൽ കറുത്ത മാസ്‌ക് ധരിച്ചവരെ മുഖ്യമന്ത്രിയുടെ ആദ്യ പരിപാടി നടക്കുന്ന ജവഹർലാൽ നെഹ്രു കലൂർ മെട്രോ സ്റ്റേഷനിൽ തടഞ്ഞിട്ടില്ല.
ഇവിടെ നീല സർജിക്കൽ മാസ്‌ക് സംഘാടകർ നൽകി. പൊതു പ്രോട്ടോക്കോൾ പാലിക്കണം എന്നായിരുന്നു ആവശ്യ. എന്നാൽ, സംഭവം വാർത്ത ആയതോടെ ഈ നിർദ്ദേശം പിൻവലിക്കുകയായിരുന്നു. അതേസമയം മുഖ്യമന്ത്രിയുടെ പരിപാടിയുടെ സമീപത്ത് കറുത്ത ചുരിദാർ ധരിച്ചെത്തിയ രണ്ട് ട്രാൻസ് വനിതകളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവർ പ്രതിഷേധിക്കാനാണ് എത്തിയതെന്ന നിഗമനത്തിലാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അതേസമയം തങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ അടക്കം തടസ്സപെടുത്തുന്നുവെന്ന് ട്രാൻസ് വനിതകൾ കുറ്റപ്പെടുത്തി.
യൂത്ത് കോൺഗ്രസ്, യുവമോർച്ച സംഘടനകൾ ഇന്ന് മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്നയിടങ്ങളിൽ പ്രതിഷേധിക്കുമെന്ന് വിവരമുണ്ട്. നൂറിലധികം പൊലീസുകാരെയാണ് മുഖ്യമന്ത്രിയുടെ ആദ്യ പരിപാടി നടക്കുന്നയിടത്ത് വിന്യസിച്ചിരിക്കുന്നത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച് നാഗരാജുവിന്റെ നിർദ്ദേശത്താൽ നാല് എസിപിമാർ, ഏഴ് എസ്എച്ച്മാർ എന്നിങ്ങനെ വൻ പൊലീസ് സംഘം സ്ഥലത്തുണ്ട്. മുഖ്യമന്ത്രിയുടെ രണ്ടാമത്തെ പരിപാടി നടക്കുന്ന ചെല്ലാനത്തേക്കുള്ള വഴിയിലും മുഖ്യമന്ത്രി തങ്ങുന്ന ഗസ്റ്റ്ഹൗസിലും ശക്തമായസുരക്ഷയുണ്ട്.
എന്നാൽ കോമ്പൗണ്ടിൽ മറ്റിടങ്ങളിലെപ്പോലെ മാധ്യമപ്രവർത്തകർക്ക് പ്രവേശന നിയന്ത്രണമില്ല.മുൻപ് കെജിഒഎ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി കോട്ടയത്ത് എത്തുന്നതിനെ തുടർന്ന് കനത്ത സുരക്ഷയാണ് കോട്ടയം നഗരത്തിൽ കെ.കെ റോഡിലും ജനറൽ ആശുപത്രി റോഡിലും ഒരുക്കിയത്. പൊലീസ് വഴിതിരിച്ചുവിട്ടതിനെ തുടർന്ന് പൊതുജനങ്ങളും പൊലീസുമായി തർക്കമുണ്ടായിരുന്നു.
കോട്ടയത്തും മുഖ്യമന്ത്രിക്കായി കനത്ത സുരക്ഷാണ് ഒരുക്കിയത്. കോട്ടയത്ത് കെ ജി ഒ എ സമ്മേളന വേദിയിൽ മുഖ്യമന്ത്രി എത്തുന്നതിന് ഒന്നേകാൽ മണിക്കൂർ മുമ്പ് പ്രധാന കവലകളിലെല്ലാം മുന്നറിയിപ്പില്ലാതെ വാഹനം തടഞ്ഞത് ജനത്തെ വലച്ചു. മുന്നൂറിലേറെ പൊലീസുകാരെ നഗരത്തിന് പുറത്തു നിന്നെത്തിച്ച് വരെ സുരക്ഷ ഏർപ്പെടുത്തിയിട്ടും രണ്ട് തവണ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടി പ്രതിഷേധം നടന്നു.
ഇന്നലെ രാത്രി മുഖ്യമന്ത്രി എത്തിയത് മുതൽ പൊലീസ് വലയത്തിലായിരുന്നു നാട്ടകത്തെ സർക്കാർ അതിഥി മന്ദിരം. മന്ത്രി വി എൻ വാസവനും ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കും ചില സിപിഎം നേതാക്കൾക്കും മാത്രമാണ് അകത്തേക്ക് പ്രവേശനം അനുവദിച്ചത്. രാവിലെ അതിഥി മന്ദിരത്തിന് മുന്നിലെത്തിയ മാധ്യമ പ്രവർത്തകരിൽ ചിലരോട് കറുത്ത മാസ്‌ക് പോലും മാറ്റണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. നാട്ടകത്ത് നിന്ന് നഗരമധ്യത്തിലെ മാമൻ മാപ്പിള ഹാളിലേക്ക് മുഖ്യമന്ത്രി കടന്നു വരുന്ന വഴിയിൽ ഓരോ ഇരുപത് മീറ്റർ ഇടവിട്ടും പൊലീസുകാർ നിലയുറപ്പിച്ചു.
ബസേലിയോസ് ജംഗ്ഷനും ചന്തക്കവലയും കളക്ടറേറ്റ് ജംഗ്ഷനും ഉൾപ്പെടെ കെ കെ റോഡിലെ പ്രധാന കവലകളിലെല്ലാം മുന്നറിയിപ്പൊന്നും ഇല്ലാതെ പൊലീസ് ബാരിക്കേഡ് കെട്ടി വാഹനം തടഞ്ഞു. ഊരിപ്പിടിച്ച വാളു പോയിട്ട് ഊന്നു വടി പോലും ഇല്ലാതെ വെറും കയ്യോടെ നടന്നു വന്ന സാധാരണക്കാരെ പോലും തടഞ്ഞാണ് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് പൊലീസ് വഴിയൊരുക്കിയത്.
കെജിഒഎ സമ്മേളനം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർക്ക് പ്രത്യേക പാസ് ഏർപ്പെടുത്തി ഒരു മണിക്കൂറിന് മുമ്പേ ഹാളിൽ കയറണമെന്ന നിർദേശവും ഉണ്ടായിരുന്നു. പഴുതടച്ച സുരക്ഷാ വിന്യാസത്തിനിടയിലും വന്നവഴി മണിപ്പുഴയിൽ യുവമോർച്ചക്കാർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശി. പത്തിലേറെ വാഹനങ്ങളുടെ അകമ്പടിയിൽ സമ്മേളന നഗരിയിൽ മുഖ്യമന്ത്രി പ്രവേശിച്ചിട്ടും റോഡ് തുറന്നില്ല. പൊലീസ് പതിനൊന്നേ മുക്കാലിന് മുഖ്യമന്ത്രി മടങ്ങിയ ശേഷം മാത്രമായിരുന്നു മാമ്മൻ മാപ്പിള ഹാളിനു സമീപത്തെ റോഡുകൾ തുറന്നത്. മടങ്ങും വഴി നാഗമ്പടത്ത് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി ഉയർത്തിയ കോൺഗ്രസ് പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
മറുനാടന് മലയാളി ബ്യൂറോ