മുംബൈ: 13 പേരെ കൊലപ്പെടുത്തിയ നരഭോജി കടുവ എന്നാരോപിച്ച് അവ്‌നി എന്ന പെൺകടുവയുടെ കുഞ്ഞുകൾക്ക് എന്തു സംഭവിച്ചു എന്ന ആശങ്കയിലായിരുന്നു രാജ്യമെമ്പാടുമുള്ള മൃഗസ്‌നേഹികൾ. അവ്‌നിയുടെ കുടുവാക്കുഞ്ഞുങ്ങളെ കണ്ടെത്തിയെന്ന ആശ്വാസ വാർത്തയാണ് ഇന്ന് പുറത്തുവന്നത്. യത്മാലിൽ നിന്നും കണ്ടെത്തി എന്നാണ് പുറത്തുവരുന്ന വാർത്ത. അവർ അമ്മ പോയത് അറിയാതെ അമ്മയെ കാണാത്ത വിഷമത്തിൽ കരഞ്ഞു വിളിച്ചും സ്വയം ഇര തേടിയും മറ്റും അതിജീവനത്തിന്റെ പാതയിലാണ്.

കടുവക്കുഞ്ഞുങ്ങളെ കണ്ടെത്തിയ കാര്യം മഹാരാഷ്ട്ര സർക്കാർ സ്ഥിരീകരിച്ചതോടെ വലിയ ആശ്വാസത്തിലാണ് മൃഗസ്‌നേഹികൾ. കാണാതെ പോയ മക്കളെ കണ്ടുകിട്ടിയ ആശ്വാസം എന്നാണ് ചില മൃഗസ്‌നേഹികൾ പ്രതികരിച്ചത്. അവ്‌നിയെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവം മഹാരാഷ്ട്രയിലെ ബിജെപി സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ആയിരക്കണക്കിനു മൃഗസ്‌നേഹികളാണ് ഇതിനെതിരെ രംഗത്തെത്തിയത്.

'കടുവക്കുഞ്ഞുങ്ങൾ ആരോഗ്യമുള്ളവരാണ്. അമ്മയില്ലാതെ അതിജീവിക്കുന്നുണ്ട്. ഈ കടുവക്കുഞ്ഞുങ്ങൾ നരഭോജികളാകാം, ആകാതിരിക്കാം. സാഹചര്യങ്ങൾക്ക് അനുസരിച്ചാണു അതെല്ലാം സംഭവിക്കുക. എന്തായാലും അവയെ പുനരധവസിപ്പിക്കാനാകുമെന്നാണു പ്രതീക്ഷ' വനംവകുപ്പ് ഉദ്യോഗസ്ഥൻ എ.കെ.മിശ്ര പറഞ്ഞു. പന്താർകാവ്ഡ- റാളെഗാവ് വനമേഖലയിലെ പെൺകടുവയെ വനംവകുപ്പ് ഠ1 എന്നു വിളിച്ചപ്പോൾ മൃഗസ്‌നേഹികളാണ് അവ്‌നി എന്നു പേരിട്ടത്.

6 വയസ്സുണ്ടായിരുന്ന അവ്‌നി, 10 മാസം പ്രായമുള്ള രണ്ടു കടുവക്കുഞ്ഞുങ്ങളുടെ അമ്മയായിരുന്നു. അവ്‌നിയെ കൊന്ന സംഭവത്തിൽ മഹാരാഷ്ട്ര വനംമന്ത്രി സുധീർ മുൻഗൻതിവാറിനെ പുറത്താക്കണമെന്നു കേന്ദ്രമന്ത്രി മേനക ഗാന്ധി ആവശ്യപ്പെട്ടു. അനിൽ അംബാനിക്കു സിമന്റ് പ്ലാന്റ് നിർമ്മിക്കാൻ വിട്ടുകൊടുക്കുന്ന വനഭൂമിയിൽനിന്നു 'ശല്യം' ഒഴിവാക്കാനുള്ള നീക്കമാണെന്നും ആരോപണങ്ങളുയർന്നു. കൊല്ലാനുള്ള തീരുമാനമെടുത്തതിനെതിരെ രാഷ്ട്രപതിക്കു വരെ കത്തു ചെന്നു. കടുവ അതീവ അപകടകാരിയാണെന്നായിരുന്നു സർക്കാർ വാദം.

അതേസമയം 13 പേരെ കൊലപ്പെടുത്തിയ നരഭോജി കടവയാണെന്നാണ് അവ്നിക്കെതിരായെ ആരോപണം ഉയർന്നിരുന്ന്. എന്നാൽ, അവൾ കൊല്ലപ്പെടുമ്പോഴും പട്ടിണിയിലായിരുന്നു എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കടുവയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെ പ്രതിഷേധങ്ങളും ചോദ്യങ്ങളും ഉയർന്നുവന്നു. അവളുടെ വയറ്റിലും കുടിലും ഒന്നും കഴിച്ചതിന്റെ സൂചന ഉണ്ടായിരുന്നില്ല. കുടലിൽ നിറയെ വെള്ളമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, സാധാരണഗതിയിൽ 25-30 കിലോഗ്രാം മാംസം ഒറ്റ ദിവസം കഴിക്കുന്ന കടുവകൾ പിന്നെ 7 ദിവസത്തോളം ഭക്ഷണമല്ലാതെ കഴിയാറുണ്ടെന്നും വിദഗ്ദ്ധർ സാക്ഷ്യപ്പെടുത്തുന്നു. ആന്തരിക രക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചതെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് പറയുന്നു. ഇതെല്ലാം കുടിയായപ്പോൾ വലിയ പ്രതിഷേധമാണ് മഹാരാഷ്ട്രയിൽ ഉണ്ടായത്.

പത്ത് മാസം മാത്രം പ്രായമുള്ള ആ കടുവാ കുഞ്ഞുങ്ങളെ കാണാതായതോടെ പലരും അവർ അതിജീവിക്കുമോ എന്ന ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ, സ്വന്തമായി ഇരതേടാൻ അവർ പ്രാപ്തരായിട്ടുണ്ടെന്നും പ്രകൃതിയിൽ അവർ അജീവിക്കുമെന്ന് അഭിപ്രായപ്പെട്ടു. ഇത്തരക്കാർക്ക് ആശ്വസം പകരുന്നതാണ് ഇന്നത്തെ വാർത്ത. അതിനിടെ മഹാരാഷ്ട്രയിൽ ട്രെയിനിടിച്ച് കടുവക്കുട്ടികൾ ചത്തതും മൃഗസ്‌നേഹികളെ ആശങ്കയിലാക്കിയിരുന്നു. ആറ് മാസത്തോളം പ്രായമുള്ള രണ്ട് കടുവക്കുഞ്ഞുങ്ങളാണ് ചത്തത്. എഫ്ഡിസിഎം ചിച്ചപ്പള്ളി വനമേഖലയിലാണ് അപകടം ഉണ്ടായത്. റെയിൽവേ അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് ഇന്ന് രാവിലെയോടെയാണ് കടുവകളുടെ ജഡം കണ്ടെത്തിയത്. ഇത് അവ്‌നിയുടെ മക്കളാണോ എന്ന ആശങ്ക ഉണ്ടായിരുന്നു.

അവ്നിയുടെ കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചനകളുണ്ടെന്ന വാദവും നേരത്തെ ഉയർന്നിരുന്നു. യവത്മാലിൽ പ്രമുഖ വ്യവസായിയായ അനിൽ അംബാനിയുടെ പദ്ധതി നടപ്പിലാക്കുന്നതിന് മഹാരാഷ്ട്രയിലെ ബിജെപി സർക്കാർ അവനിയെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് താക്കറെ ആരോപിച്ചത്. ഇവിടെ വനഭൂമി അടക്കം അനിൽ അംബാനിയുടെ പദ്ധതിക്ക് വേണ്ടി വിട്ടുകൊടുത്തെന്ന ആരോപണം ഉയർന്നിരുന്നു. ഈ പ്രൊജക്ടുമായി ബന്ധപ്പെട്ട് അംബാനിക്ക് വേണ്ടി ബിജെപി കളത്തിലിറങ്ങിയെന്നാണ് ആരോപണം. സർക്കാർ മനസ്സാക്ഷി അംബാനിക്ക് വിറ്റിരിക്കുകയാണെന്നും താക്കറെ ആരോപിച്ചു. കടുവയുടെ അക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കാര്യത്തിൽ ദുഃഖമുണ്ട്. ഇത് ലോകമെമ്പാടും സംഭവിക്കുന്നതുമാണ്. കാട്ടിൽ അതിക്രമിച്ച് കടക്കുമ്പോഴും വന്യമൃഗങ്ങൾക്ക് ഉപദ്രവകരമായ കാര്യങ്ങൾ ചെയ്യുമ്പോഴുമാണ് അവർ ആക്രമിക്കുക. അതിന് കടുവയെ കൊല്ലേണ്ട കാര്യമുണ്ടായിരുന്നില്ല. വനംവകുപ്പ് മന്ത്രി തന്റെ സ്ഥാനം ദുരുപയോഗം ചെയ്യുന്നപ്രസ്താവനകളാണ് നടത്തുന്നതെന്ന് താക്കറെ ആരോപിച്ചു.

താക്കറെ രംഗത്തുവന്നതോടെ വിഷയം ദേശീയ തലത്തിൽ വീണ്ടും ചർച്ചയായി. എന്നാൽ, യവത്മാലിൽ തങ്ങൾക്ക് അങ്ങനെയൊരു പുതിയ പദ്ധതി ഇല്ലെന്ന് റിലയൻസ് പ്രതികരണവുമായി രംഗത്തുവന്നു. കടുവ കൊല്ലപ്പെട്ടതിന് വളരെ അകലെയായി പദ്ധതി തുടങ്ങുന്നതിന് നിർദ്ദേശിച്ചിരുന്നതായി ജില്ലാ അധികാരികൾ പറഞ്ഞു. എന്നാൽ കടുവ കൊല്ലപ്പെട്ടതും റിലയൻസിന്റെ പദ്ധതിയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും ജില്ലാ അധികാരികൾ വ്യക്തമാക്കി. വിഷയം സങ്കീർണമായി മാറുകയായിരുന്നു ഇവിടെ.