രൊറ്റ ചോദ്യം കൊണ്ട് മാത്രമല്ല, ഒരു ഫോൺകോളിലും ജീവിതം മാറിമറിയുമെന്ന് ടിനിടോം ഉറപ്പിച്ച് പറയും. അല്ലെങ്കിൽ എങ്ങനെയാണ്, ടിനിയുടെ തന്നെ വാക്കിൽ പറഞ്ഞാൽ മിമിക്രിയുമായി തെക്കുവടക്കു നടന്നവനെങ്ങനെ പൊടുന്നെനെ തിരക്കുള്ള താരമായി മാറിയത്. നായകറോളുകൾ തേടിയെത്തിയത്. അതെ, എല്ലാം ആ മൊബൈൽ ഫോൺ കോളുതന്നെയായിരുന്നു മാറ്റി മറിച്ചത്. മലയാളത്തിലെ പ്രമുഖ സംവിധായകനായ രഞ്ജിത്തിന്റെ കോളായിരുന്നു ടിനിടോമെന്ന നടനെ മാറ്റിമറിച്ചത്. പ്രാഞ്ചിയേട്ടനിലൂടെ ടിനിടോം നടന്നുകയറുകയായിരുന്നു. വർഷങ്ങളായി ഒരുപാട് സ്വപ്നം കണ്ട വഴികളിലൂടെ.......

'രഞ്ജിത്ത് സാറിനോട് തീർത്താൽ തീരാത്ത കടപ്പാടും സ്‌നേഹവുമുണ്ട്. പ്രാഞ്ചിയേട്ടൻ മാത്രമല്ല ഇന്ത്യന്റുപ്പിയിലും മികച്ചൊരു റോൾ തന്നു. പൃഥിയോടൊപ്പം ത്രൂഔട്ടുള്ളൊരു വേഷം. ഇപ്പോൾ വീണ്ടും പുതിയസിനിമയായ, കടൽകടന്നൊരു മാത്യുക്കുട്ടിയിലും. 20വർഷത്തോളമായി ഈ രംഗത്തെത്തിയിട്ട്. വലുതും ചെറുതുമായി ഇരുപതോളം സിനിമകളിൽ വേഷം ചെയ്തു. എല്ലാറ്റിനും ദൈവത്തിന് നന്ദി...ന' ടിനിടോമിന്റെ വാക്കുകളിൽ ആത്മവിശ്വാസം. സിനിമകളിൽ തിരക്കേറുമ്പോഴും ഈ ആലുവക്കാരൻ പഴയതൊന്നും മറന്നിട്ടില്ല. പിന്നിട്ട വഴികളെക്കുറിച്ചും ടിനിടോമെന്ന ചിരിടോം മനസുതുറക്കുകയാണ്.

  • മഹാരാജാസും മിമിക്രിയും

മകനെ വക്കീലാക്കാനും മകളെ ഡോക്ടറാക്കാനുമാണ് ടോമിച്ചായനും അനിച്ചേച്ചിയും തീരുമാനിച്ചിരുന്നത്. മകളുടെ കാര്യത്തിൽ സംഗതി റെഡി. എന്നാൽ മകൻ നേരെ പോയത് മിമിക്രിക്കാരുടെ ഗുലുമാലുകൾറെഡിയാക്കാനാണ്. മഹാരാജാസ് കോളജിൽ വച്ചാണ് ശരിക്കും വഴിത്തിരിവുണ്ടായതെന്ന് ടിനി പറയും. ദിലീപ്, സലിംകുമാർ, അമൽനീരദ്, അൻവർ റഷീദ് തുടങ്ങിയവർ ആസമയത്ത് ഒപ്പമുണ്ടായിരുന്നവരാണ്. മിമിക്രി ചെയ്യുന്നതും പതിവാക്കുന്നതുമെല്ലാം ഈ കാമ്പസിൽവച്ചായിരുന്നു. അതിന് പിന്നിലൊരു കഥയുണ്ട്. കോളജ് യൂണിയൻ തിരഞ്ഞെടുപ്പ്അക്കാലത്ത് പ്രസ്റ്റീജായ ഒന്നായിരുന്നു. മത്സരിച്ച് വിജയിക്കുകയെന്നത് എല്ലാ വിദ്യാർത്ഥികളുടെയും ആശയും അഭിലാഷവും. പക്ഷേ മത്സരാർഥികളെല്ലാം എന്തിലെങ്കിലും കഴിവുള്ളവർ. ഗിത്താറും വയലിനും മറ്റും വായിക്കുന്നവർ സംഗീതഉപകരണവുമായാണ് കോളജിലേക്ക് വരിക. കോളജിലെത്തിയയുടൻ അവരുടെ പെർഫോമൻസാണ്. പെൺകുട്ടികളടമുള്ളവർ തടിച്ചുകൂടും. എന്തുചെയ്യാം. ഇത്തരം ഉപകരണങ്ങൾ വാങ്ങാനെങ്കിൽ കയ്യിലൊട്ടു കാശുമില്ല. പാട്ടുപാടാനെങ്കിൽ തന്നെക്കൊണ്ട് അതും നടക്കില്ല. ഒടുവിൽ മാർഗം കണ്ടെത്തി. അനുകരണം. ഗിത്താറും വയലിനും മാത്രമല്ല. സകലമാനതിനെയും അനുകരിക്കുക. സംഗതി ക്‌ളിക്കായി. കാമ്പസിൽ ചിന്ന താരമായി വിലസി. എം.ജി സർവകലാശാലാ കലോത്സവത്തിൽ സ്ഥിരം വിജയിയായി.കോളജ് വിട്ടശേഷം മിമിക്രി വേദികളിലും സ്ഥിരം സാന്നിദ്ധ്യമാകാൻ തുടങ്ങി.

  • മമ്മൂട്ടിയും സൂരേഷ്‌ഗോപിയും

ആലുവ കമ്പനിപ്പടി സ്വദേശിയായ ടിനിക്ക് മിമിക്രിയെന്നാൽ ജീവിതം കൂടിയാണ്. മമ്മൂട്ടിയും സുരേഷ്‌ഗോപിയും ആ മുഖത്തും ശരീരത്തും പുനർജനിച്ചപ്പോൾ ആസ്വാദകർ കയ്യടികളോടെ പ്രോൽസാഹിപ്പിച്ചു. പിന്നീട് പക്രു, ബിജുക്കുട്ടൻ തുടങ്ങിയവരുമായി കൂടി മിമിക്രി വേദികൾക്കായി കൂട്ടായ്മയുണ്ടാക്കി. സൂര്യ ടി.വിയിൽ സൂപ്പർ ഹിറ്റായ സവാരി ഗിരി ഗിരി, ഫൈവ് സ്റ്റാർ തട്ടു കട തുടങ്ങിയ പ്രോഗ്രാ മുകൾ ചെയ്തു. ആസ്വാദകർ അവേശത്തോടെ സ്വീകരിച്ചു. കുടുംബ പ്രേക്ഷ കരുടെയും കുട്ടികളുടെയും ഇഷ്ട താരമാകാൻ ഇത് വഴിവച്ചു. പുറത്തിറങ്ങുമ്പോൾ തിരിച്ചറിഞ്ഞ് അവർ കാണിക്കുന്ന സ്‌നേഹവായ്പ് അത് ശരിവയ്ക്കുന്നുവെന്ന് ടിനിടോം എപ്പോഴും പറയും. മമ്മിസെഞ്ചുറിയും നാദിർഷയും കെ.എസ് പ്രസാദുമാണ് മിമിക്രി മേഖലയിൽ തുടക്കത്തിൽ സഹായിച്ചത്. നാട്ടിലും ഗൾഫിലുമായി രണ്ടായിരത്തോളം സ്റ്റേജ്‌ഷോകൾ ചെയ്തിട്ടുണ്ട്. പാട്ടിൽ താൽപര്യമുള്ളവരായിരുന്നു ടിനിയുടെ അമ്മയും കുടുംബക്കാരും. സംഗീത സംവിധായകന്മാരായ ബേണി ഇഗ്നേഷ്യസ് അമ്മ ആനിയുടെ കസിൻസ്മാരാണ്. എന്നാൽ ടിനിക്ക് താൽപര്യം മിമിക്രിയാണ്. വേണമെങ്കിൽ കോമഡി പാട്ടുകൾ പാടാൻ ടിനി ഒരുക്കമാണ്. അല്ലാതെ മറ്റുപാട്ടുകൾ പാടിയെന്തിനാ ആളുകളെ പേടിപ്പിക്കുന്നതെന്നാണ് ടിനി പറയുന്നത്. ആലുവ കമ്പനിപ്പടിയിൽ ഏദൻസിലാണ് താമസം. രൂപയാണ് ഭാര്യ. ആദം മകനാണ്.

  • ശ്രീഹരിക്കോട്ട പറക്കുമോ?

എന്തു ചോദിച്ചാലും പറഞ്ഞാലും ടിനിക്ക് മറുപടിയുണ്ട്. എല്ലാം തമാശകലർന്ന് ഉരുളയ്ക്കുപ്പേരിപോലെ. സിനിമാഅലച്ചിനിടെ നടന്ന വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു സംഭവം. ടിനിയോടൊപ്പം വന്ന് ഇപ്പോൾ സിനിമയിൽ തിരക്കുള്ള സിനിമാതാരങ്ങളായവരാണ് ദിലീപും പക്രുവും സുരാജും ബിജുക്കുട്ടനുമൊക്കെ. ഒപ്പമുണ്ടായവരും കൂടെവന്നവരൊക്കെ വലിയ താരമായില്ലേ, ടിനിയെന്താ തിരക്കുള്ള താരമാകാത്തേയെന്ന് പലരും ചോദിക്കും. 'എല്ലാ റോക്കറ്റുകളും ബഹിരാകാശത്തേക്ക് പറക്കുന്നത് ശ്രീഹരിക്കോട്ടയിൽ നിന്നല്ലേ. എന്നാൽ ശ്രീഹരിക്കോട്ട പറക്കുന്നില്ലല്ലോ?...'

'ശ്രീഹരിക്കോട്ട' ഉയർന്ന് പറക്കുന്നത് ടിനി അന്നേ സ്വപ്നം കാണാറുണ്ടായിരുന്നു. എല്ലാറ്റിനും ഒരു സമയമുണ്ടെന്ന് പറയുന്നത് പോലെ ഇപ്പോൾ ടിനിയുടെ സമയവുമെത്തി. ടിനി പറക്കുകയാണ്, ഒരു താരമായി. അതെ,ഈ ചെറുപ്പക്കാരന്റെ മുഖത്ത് ആത്മസംതൃപ്തി നിറയുകയാണ്.