മലപ്പുറം: ആർഎസ്എസ് തൃപ്രങ്ങോട് മണ്ഡൽ ശാരീരിക് ശിക്ഷൺ പ്രമുഖും കൊടിഞ്ഞി ഫൈസൽ വധക്കേസ് രണ്ടാം പ്രതിയുമായ തൃപ്രങ്ങോട് കുട്ടിച്ചാത്തൻ പടി സ്വദേശി കുണ്ടിൽ ബാബുവിന്റെ മകൻ ബിപിൻ (24) കൊല്ലപ്പെട്ട സംഭവത്തിൽ കൃത്യം നടത്തിയ പ്രതികൾ പിടിയിലായതായി സൂചന. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 75 ഓളം പേരെ പൊലീസ് ഇതുവരെ ചോദ്യം ചെയ്തു.

ഇതിൽ കൃത്യം നടത്തിയവരെന്ന് സംശയിക്കുന്ന 15 പേർ പേലീസ് കസ്റ്റഡിയിലെടുത്തു.ഇവരെല്ലാം പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവർത്തകരാണ്. പ്രവർത്തകരല്ലാത്ത ഇവരുമായി ബന്ധമുള്ളവരും പിടിക്കപ്പെട്ട കൂട്ടത്തിലുണ്ട്. എന്നാൽ അറസ്റ്റ് സംബന്ധിച്ച് പൊലീസ് കൃത്യമായ വിവരം നൽകുന്നില്ല. ഇന്നോ നാളെയോ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് പൊലീസ് നൽകുന്ന സൂചന. സുരക്ഷാ കാരണങ്ങളും മറ്റു പ്രതികൾ പിടിയിലാകുന്നതിനുമാണ് അറസ്റ്റ് നീട്ടിക്കൊണ്ട് പോകുന്നത്. അതേ സമയം പിടിയിലായ പ്രതികളുടെ വീടിനു നേരെ ആക്രമണമുണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടും ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ മാത്രം 20 പേരെ ചോദ്യം ചെയ്തിട്ടുണ്ട്. 75 പേരെ ചോദ്യം ചെയ്തതിൽ നിന്നാണ് 15 പേരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ജില്ലക്കകത്തും പുറത്തുമുള്ള സ്റ്റേഷനുകളിലാണ് പൊലീസ് ഇവരെ പാർപ്പിച്ചിരിക്കുന്നത്. പ്രതികൾക്ക് ആയുധം പണിത് നൽകിയ കൊല്ലപ്പണിക്കാരനെയും പൊലീസ് ചോദ്യം ചെയ്തു. നിലവിൽ കസ്റ്റഡിയിലുള്ള പ്രതികൾ ബിപിന്റെ സമീപ പ്രദേശമായ തൃപ്രംങ്ങോട്, മംഗലം, ആലിങ്ങൽ സ്വദേശികളാണ്.

ഈ മാസം 24 ന് വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് ബിപിൻ കൊല്ലപ്പെട്ടത്. അന്ന് മുതൽ പഴുതടച്ച അന്വേഷണമായിരുന്നു പൊലീസ് നടത്തിയത്. കൃത്യത്തിന്റെ ആസൂത്രണം അന്വേഷണത്തെയും ഇടയ്ക്ക് ബാധിച്ചിരുന്നു. ഇത് മറികടന്ന് അന്വേക്ഷണം യഥാർത്ഥ പ്രതികളിലേക്ക് എത്തുകയായിരുന്നു. അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഗൂഢാലോചനയിൽ അടക്കം പങ്കുള്ള പ്രതികളാണ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ളത്. പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാക്കൾ വരെ ഇക്കൂട്ടത്തിലുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കു കൂടി വല വിരിച്ചിരിക്കുകയാണ് പൊലീസ്. അന്വേഷണ പുരോഗതി വിലയിരുത്താനായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇന്നലെ തിരൂരിൽ എത്തിയിരുന്നു.

കൃത്യമായ ആസൂത്രണം കൊലപാതകത്തിന് പിന്നിൻ ഉണ്ടായിരുന്നതായി അന്വേഷണ സംഘം പറഞ്ഞു. ബിപിൻ വീട്ടിൽ നിന്ന് ഇറങ്ങിയത് മുതൽ പ്രതികളുടെ നിരീക്ഷണത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. വെട്ട് നടക്കേണ്ടത് എവിടെ വച്ചാണെന്നുള്ളതും രക്ഷപ്പെടേണ്ട സ്ഥലവും പ്രതികൾ മുൻകൂട്ടി കണ്ടിരുന്നു. അന്വേഷണം നേരായ ദിശയിൽ പോകുന്നതായും യഥാർത്ഥ പ്രതികളിലേക്ക് അന്വേഷണം പുരോഗമിക്കുന്നതായും തിരൂർ ഡിവൈഎസ്‌പി വി.എ ഉല്ലാസ് പറഞ്ഞു.

ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്‌റയുടെ മേൽനോട്ടത്തിൽ പെരിന്തൽമണ്ണ ഡി വൈ എസ് പി എം പി മോഹന ചന്ദ്രൻ, തിരൂർ ഡി.വൈ.എസ്‌പിക്കു പുറമെ, സി.ഐ എം.കെ ഷാജി, താനൂർ സി.ഐ അലവി എന്നിവരുടെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് അന്വേഷണത്തിന് ചുക്കാൻ പിടിക്കുന്നത്.