- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്‌കൃത സർവ്വകലാശാലയിൽ ബീഫ് ഫെസ്റ്റ് പോര് തുടരും; ശങ്കരാചാര്യരുടെ മുഖത്ത് ഗോരക്തവും ഗോമാംസവും എറിഞ്ഞ് അപകീർത്തിപ്പെടുത്താൻ അനുവദിക്കില്ലെന്ന് പരിവാർ സംഘടനകൾ; പ്രതിരോധത്തിന് ഡിവൈഎഫ്ഐയും
മലപ്പുറം: കേരള വർമ കോളേജിനു പിന്നാലെ തിരുന്നാവായ ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലാ കോളേജിലും ബീഫ് ഫെസ്റ്റിൽ സംഘർഷം. എ.ബി.വി.പി പ്രവർത്തകർ ബീഫിൽ പെട്രോളൊഴിച്ച് ഫെസ്റ്റ് തടസപ്പെടുത്തി. തിരുന്നാവായ സംസ്‌കൃതം കോളേജിൽ എസ്.എഫ്.ഐ സംഘടിപ്പിച്ച ബീഫ്‌ഫെസ്റ്റിലായിരുന്നു സംഘർഷം. നേരത്തെ തീരുമാനിച്ചുറപ്പിച്ചതു പ്രകാരം കോളേജ് യൂണിയന്റെ
മലപ്പുറം: കേരള വർമ കോളേജിനു പിന്നാലെ തിരുന്നാവായ ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലാ കോളേജിലും ബീഫ് ഫെസ്റ്റിൽ സംഘർഷം.
എ.ബി.വി.പി പ്രവർത്തകർ ബീഫിൽ പെട്രോളൊഴിച്ച് ഫെസ്റ്റ് തടസപ്പെടുത്തി. തിരുന്നാവായ സംസ്‌കൃതം കോളേജിൽ എസ്.എഫ്.ഐ സംഘടിപ്പിച്ച ബീഫ്‌ഫെസ്റ്റിലായിരുന്നു സംഘർഷം. നേരത്തെ തീരുമാനിച്ചുറപ്പിച്ചതു പ്രകാരം കോളേജ് യൂണിയന്റെ നേതൃത്വത്തിലായിരുന്നു കാമ്പസിൽ ബീഫ് ഫെസ്റ്റ് നടന്നത്. ഫെസ്റ്റിന് വേണ്ടി യൂണിയൻ ഓഫീസിന് പുറത്ത് തയ്യാറാക്കി വച്ചിരുന്ന ബീഫിൽ പെട്രോൾ ഒഴിച്ച് എ.ബി.വി.പി പ്രവർത്തകർ പരിപാടി അലങ്കോലമാക്കിയതോടെ വിദ്യാർത്ഥി സംഘടനകൾ തമ്മിൽ കോളജിൽ ഏറ്റുമുട്ടുകയായിരുന്നു.
ദാദ്രി സംഭവത്തിൽ പ്രതിഷേധിച്ച് കേരള വർമ കോളജിൽ നടത്തിയ ബീഫ് ഫെസ്റ്റിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചും ഭക്ഷണ സ്വാതന്ത്ര്യം നിഷേധിക്കുന്ന സംഘ് പരിവാർ ശ്രമങ്ങളിൽ പ്രതിഷേധിച്ചുമായിരുന്നു ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല തിരുന്നാവായ കേന്ദ്രത്തിൽ എസ്.എഫ്.ഐ ബീഫ് ഫെസ്‌ററ് സംഘടിപ്പിച്ചത്.
എന്നാൽ തുടർന്ന് കാമ്പസിൽ ഇരു സംഘടനകളും ഏറ്റുമുട്ടുകയായിരുന്നു. കോളജിൽ ബീഫ് ഫെസ്റ്റ് നടത്താനുള്ള എസ്.എഫ്.ഐ യൂണിയൻ ഭാരവാഹികളുടെ തീരുമാനമറിഞ്ഞ് ആദ്യം എ.ബി.വി.പി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. തുടർന്ന് കയ്യിൽ കരുതിയ പെട്രോൾ ബീഫിൽ ഒഴിച്ച് ഭക്ഷിക്കുന്നതിൽ നിന്നും വിലക്കുകയായിരുന്നു. കോളേജ് അധികൃതരുടെയും അദ്ധ്യാപകരുടെയും മുഴുവൻ വിദ്യാർത്ഥികളുടെയും പിന്തുണ യോടെയാണ് ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചതെന്ന് എസ്.എഫ്.ഐ പറഞ്ഞു.
ബഫ് ഫെസ്റ്റ് സംഘർഷമായതോടെ സംഭവമറിഞ്ഞ് പുറത്തു നിന്നെത്തിയ ബിജെപി - ആർ.എസ്.എസ് പ്രവർത്തകർ കൂടി കോളജിൽ അതിക്രമിച്ച് കയറി സംഘർഷമുണ്ടാക്കുകയായിരുന്നു. സ്ഥലത്ത് ഡിവൈഎഫ്ഐ പ്രവർത്തകരും സംഘടിച്ചതോടെ കാമ്പസ് പരിസരം ഏറെ നേരം സംഘർഷാവസ്ഥ നിലനിന്നു. ഇരു പാർട്ടികളും ഏറെ നേരം ഏറ്റുമുട്ടി. സംഘർഷത്തിൽ കോളേജിൽ വൻ നാശനഷ്ടമുണ്ടായി. തിരൂർ പൊലീസ് സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കുകയായിരുന്നു. കോളജിൽ അതിക്രമിച്ചു കടന്നതിനെതിരെ പ്രിൻസിപ്പൽ പൊലീസിൽ പരാതിനൽകി. സംഭവവുമായി ബന്ധപ്പെട്ട് കാമ്പസിലേക്ക് അതിക്രമിച്ചു കയറിയവർക്കെതിരെ കേസെടുത്തതായി എസ്.ഐ സുമേഷ് സുധാകരൻ പറഞ്ഞു.
അതേസമയം സംഭവത്തിൽ ന്യായീകരണവുമായി ബിജെപിയുമെത്തി. ബീഫ് ഫെസ്റ്റ് ശങ്കര ദർശനങ്ങൾക്കു വിരുദ്ധവും ശങ്കര ദർശനങ്ങളെ അപകീർത്തിപ്പെടുത്താനുള്ള നീക്കവുമാണെന്ന വാദവുമായി ബിജെപി കലാസാംസ്‌കാരിക വിഭാഗം ജില്ലാകമ്മിറ്റി പത്രക്കുറിപ്പിറക്കി. മാംസഭോജികളുടെ അവകാശത്തെ എതിർക്കുന്നില്ലെന്നും അത് ശങ്കരാചാര്യരുടെ പേരിൽ പ്രവർത്തിക്കുന്ന കാമ്പസിനകത്ത് നടത്തിയതാണത്രെ ബിജെപിയെ പ്രകോപിപ്പിക്കാൻ ഇടയാക്കിയത്. മൃഗബലിയും നരബലിയും അവസാനിപ്പിച്ച് ജീവന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിയ ശങ്കരാചാര്യരുടെ മുഖത്ത് ഗോരക്തവും ഗോമാംസവും എറിഞ്ഞ് അപകീർത്തിപ്പെടുത്തിയതിനു തുല്യമാണിതെന്നും ബിജെപി കുറ്റപ്പെടുത്തി.
ബീഫ് ഫെസ്റ്റ് സംഘർഷാവസ്ഥക്ക് ഇടയാക്കുമെന്നറിഞ്ഞിട്ടും അനുമതി നൽകിയ തിരുന്നാവായ സംസ്‌കൃത സർവകലാശാല സബ് സെന്റർ ഡയറക്ടറെ സസ്‌പെൻഡ് ചെയ്ത് നടപടി സ്വീകരിക്കണമെന്നും സംഭവത്തിൽ ഗവർണറുടെ ഇടപെടൽ ഉണ്ടാകണമെന്നും ബിജെപി ആവശ്യപ്പെട്ടു.