- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടൈറ്റാനിയത്തിലെ എണ്ണച്ചോർച്ച: സ്ഥിതി നിയന്ത്രണവിധേയം; ആശങ്ക വേണ്ടെന്നു കളക്ടർ; പൊതുജനങ്ങൾ ഭയക്കേണ്ട സാഹചര്യമില്ല; രണ്ടു ദിവസത്തേക്ക് വേളി, വെട്ടുകാട്, ശംഖുമുഖം തീരങ്ങളിൽ വിനോദസഞ്ചാരവും, മത്സ്യബന്ധനത്തിനു കടലിൽ പോകുന്നതും നിരോധിച്ചു എന്നും നവ്ജ്യോത് ഖോസ
തിരുവനന്തപുരം ട്രാവൻകൂർ ടൈറ്റാനിയം ഫാക്ടറിയിലെ ഗ്ലാസ് ഫർണസ് പൈപ്പ് തകർന്നു ഫർണസ് ഓയിൽ കടലിലേക്ക് ഒഴുകിയ സംഭവത്തിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്നു ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ. പൊതുജനങ്ങൾ ഭയക്കേണ്ട സാഹചര്യമില്ലെന്നും, മുൻകരുതലിന്റെ ഭാഗമായി രണ്ടു ദിവസത്തേക്ക് വേളി, വെട്ടുകാട്, ശംഖുമുഖം തീരങ്ങളിൽ വിനോദസഞ്ചാരവും, ഇവിടങ്ങളിൽനിന്നു മത്സ്യബന്ധനത്തിനു കടലിൽ പോകുന്നതും നിരോധിച്ചതായും ജില്ലാ കളക്ടർ അറിയിച്ചു. കളക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം എണ്ണച്ചോർച്ചയുണ്ടായ മേഖലകൾ സന്ദർശിച്ചു.
പുലർച്ചെയാണു ടൈറ്റാനിയം ഫാക്ടറിയിലെ ഗ്ലാസ് ഫർണസ് തകർന്ന് ഫർണസ് ഓയിൽ ഓടവഴി കടലിലേക്ക് ഒഴുകിയത്. വാതകച്ചോർച്ചയുടെ ഉത്ഭവസ്ഥാനം അതിവേഗം കണ്ടെത്തി അടയ്ക്കാൻ കഴിഞ്ഞതിനാൽ വളരെ വലിയ തോതിൽ കടലിലേക്ക് എണ്ണ വ്യാപിക്കുന്നതു തടയാൻ കഴിഞ്ഞതായി കളക്ടർ പറഞ്ഞു. എണ്ണ ചോർച്ചയുടെ വ്യാപ്തിയും അതുമൂലമുണ്ടാകുന്ന പ്രശ്നങ്ങളും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് സസൂക്ഷ്മം വിലയിരുത്തുന്നുണ്ട്. കടലിലേക്ക് എണ്ണ എത്രത്തോളം പരന്നൊഴുകിയിട്ടുണ്ടെന്നു കോസ്റ്റ് ഗാർഡും ഓരോ മണിക്കൂറിലും പരിശോധന നടത്തുന്നുണ്ട്.
വേലിയേറ്റ സമയമല്ലാത്തതിനാൽ വലിയ തോതിൽ കടലിൽ പരന്നിട്ടില്ലെന്നാണു കോസ്റ്റ് ഗാർഡ് ലഭിക്കുന്ന പ്രാഥമിക റിപ്പോർട്ട്. എന്നാൽ, തീരക്കടലിൽ എണ്ണ വ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമേ തീരത്തെ മണ്ണിലും ഇതു കലർന്നിട്ടുണ്ട്. തിരമാലകൾക്കൊപ്പം എണ്ണ സമീപ പ്രദേശങ്ങളിലെ മണ്ണിലേക്കു കലരുന്നതിനാലാണിത്. എണ്ണകലർന്ന മേൽമണ്ണ് പ്രദേശത്തുനിന്ന് ഉടൻ നീക്കംചെയ്യുമെന്നു കളക്ടർ പറഞ്ഞു. വെട്ടുകാട് മുതൽ വേളി വരെയാണ് ഇപ്പോൾ എണ്ണ പടർന്നിരിക്കുന്നത്.
ഈ മണൽ കമ്പനിയുടെതന്നെ സ്ഥലത്തേക്ക് ജെസിബി ഉപയോഗിച്ചു നീക്കംചെയ്ത് ഓയിൽ ന്യൂട്രിലൈസർ ഉപയോഗിച്ച് എണ്ണ നിർവീര്യമാക്കും. അതിവേഗത്തിൽ ഇതു പൂർത്തിയാക്കാൻ കമ്പനിക്കു കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ജനസാന്ദ്രത കൂടിയ മേഖലകളിൽ ആദ്യമെന്ന നിലയ്ക്കാകും മണ്ണു നീക്കംചെയ്യുക. തീരക്കടലിൽ വ്യാപിച്ചിരിക്കുന്ന ഓയിൽ നീക്കം ചെയ്യുന്നതു സംബന്ധിച്ചു മലിനീകരണ നിയന്ത്രണ ബോർഡ് വിദഗ്ധരുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നും കളക്ടർ പറഞ്ഞു.
എണ്ണച്ചോർച്ച സംബന്ധിച്ച് ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ജി.കെ. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ കമ്പനിയിൽ പരിശോധന നടത്തി. ഓടയിലൂടെ കടലിലേക്ക് ഒഴുകിയ ഭാഗത്ത് കെട്ടിക്കിടക്കുന്ന എണ്ണ അടിയന്തരമായി നീക്കംചെയ്തു പ്രദേശം വൃത്തിയാക്കാൻ ദുരന്ത നിവാരണ വിഭാഗം കമ്പനിക്കു നിർദ്ദേശം നൽകി. മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ, റവന്യൂ, പൊലീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും കളക്ടർക്കൊപ്പമുണ്ടായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ