ചെന്നൈ: ഉന്നത ബിരുദവും പണവും വാഗ്ദാനം ചെയ്ത് വിദ്യാർത്ഥിനികളെ ലൈംഗിക വേഴ്‌ച്ചയ്ക്ക് പ്രേരിപ്പിച്ച സംഭവത്തിലെ വനിതാ പ്രൊഫസർ അറസ്റ്റിലായി. അറുപ്പു കോട്ടൈയിലെ ദേവാംഗ ആർട്‌സ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ നിർമലാ ദേവിയാണ് വിവാദ ഫോൺ സംഭാഷണത്തെ തുടർന്ന് അറസ്റ്റിലായത്.

അഞ്ച് വിദ്യാർത്ഥിനികളെ ഫോണിൽ വിളിച്ച് ലൈംഗിക വേഴ്ചയ്ക്ക് നിർബന്ധിച്ചും ഭീഷണിപ്പെടുത്തിക്കൊണ്ടുമുള്ള ടീച്ചറുടെ ഫോൺ സംഭാഷണം പുറത്തായതിനെ തുടർന്നാണ് ഇവർ അറസ്റ്റിലായത്. തമിഴ്‌നാട് ഗവർണറേയും മധുരാ കാമരാജ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലറേയും ചാൻസിലറായ ഗവർണറേയും വരെ ആരോപണത്തിന്റെ മുൾമുനയിൽ നിർത്തുന്ന രീതിയിലായിരുന്നു കോളേജിലെ മാത്തമാറ്റിക്‌സ് അസിസ്റ്റന്റ് പ്രൊഫസറായ അദ്ധ്യാപികയുടെ ഫോൺ സംഭാഷണം.

ഈ കോളേജിന് അംഗീകാരം നൽകിയിട്ടുള്ള മധുരൈ കാമരാജ് യൂണിവേഴ്‌സിറ്റിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന് വേണ്ടിയാണ് ഇവർ വിദ്യാർത്ഥിനികളോട് സംസാരിച്ചത്. ഫോൺ സംഭാഷണം ചോർന്നതിന് പുറമെ വിദ്യാർത്ഥിനികൾ കോളേജ് അധികൃതർക്ക് പരാതി നൽകുകയായിരുന്നു. ഞായറാഴ്ച വിദ്യാർത്ഥിനികളുമായി സംസാരിക്കുന്ന ഓഡിയോ ക്ലിപ് ഓൺലൈനിലൂടെ പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്.

20 മിനറ്റുള്ള ഓഡിയോ ക്ലിപ്പിൽ മധുരാ കാമരാജ് യൂണിവേഴ്‌സിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥർക്ക് വേണ്ടി രഹസ്യമായി ചില കാര്യങ്ങൾ ചെയ്തു കൊടുക്കാനുള്ള അവസരം കൈവന്നിട്ടുണ്ടെന്ന് അദ്ധ്യാപിക പറയുന്നുണ്ട്. ചില കാര്യങ്ങൾ എന്ന് ഞാന് പറയുമ്പോൾ അതെന്തെന്ന് കോളേജ് വിദ്യാർത്ഥികളയ നിങ്ങൾക്ക് മനസ്സിലാകുമല്ലോ എന്നും ഇവർ പറയുന്നു. സഹകരിച്ചാൽ ഡോക്ടറേറ്റ് വരെ എടുക്കാൻ സഹായിക്കാമെന്നും ഇവർ പറയുന്നു.

ഇരുപത് മിനിട്ടോളം നീണ്ട സംഭാഷണത്തിൽ, തനിക്ക് യൂണിവേഴ്‌സിറ്റി ചാൻസലർ കൂടിയായ ഗവർണറുമായി വളരെ അടുപ്പമുണ്ടെന്നും, സഹകരിക്കുകയാണെങ്കിൽ ഉന്നത ബിരുദങ്ങളും കാശും ലഭ്യമാക്കുമെന്നും നിർമ്മലാ ദേവി വിദ്യാർത്ഥികളോട് പറയുന്നുണ്ട്. ഇക്കാര്യം പുറത്തു പറഞ്ഞാൽ നിങ്ങൾക്കു തന്നെയാകും ചീത്തപ്പേരുണ്ടാവുകയെന്നും അദ്ധ്യാപിക ഭീഷണിപ്പെടുത്തുന്നുണ്ട്.

അതേസമയം നിർമലാ ദേവിയെ അറസറ്റ് ചെയ്‌തെങ്കിലും ഇവർക്ക് പിന്നിൽ പ്രവർത്തിച്ചവർ ആരൊക്കെ എന്ന് ഇനിയും പുറത്ത് വന്നിട്ടില്ല. യൂണിവേഴ്‌സിറ്റിയിലെ ഉന്നതർക്ക് വേണ്ടിയാണ് പെൺകുട്ടികളെ ഇവർ വലയിലാക്കാൻ ശ്രമിച്ചതെന്നാണ് ഫോൺ സംഭാഷണത്തിൽ പറയുന്നതെങ്കിലും സംഭവം വിവാദമായിട്ടും മറ്റാരെയും ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടില്ല.

സംഭവം വിവാദമായതോടെ വിശദമായ അന്വേഷണത്തിന് ഗവർണർ ഉത്തരവിടുകയായിരുന്നു. അതേസമയം സമൂഹത്തിലെ ഉന്നതരുടെ പേരുകൾ കേസിലേക്ക് വലിച്ചിഴക്കപ്പെട്ടിട്ടുള്ളതിനാൽ രാഷ്ട്രീയ പാർട്ടികളും സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്. സിബിഐ അന്വേഷണം കേസിൽ വേണമെന്നും രാഷ്ട്രീയക്കാർ ശക്തമാക്കിയിട്ടുണ്ട്.

ഐ.പി.സി 370 (മനുഷ്യ കടത്ത്), 67 (ഐ.ടി ആക്ട്) എന്നീ വകുപ്പുകൾ ചുമത്തിയാണ് അദ്ധ്യാപികയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.