കൊച്ചി: സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിൽ കുടിക്കാൻ കിട്ടുന്നത് 'പുഴു' വെള്ളം. അടിക്കടി യാത്രക്കൂലിയും കടത്തുകൂലിയും വർദ്ധിപ്പിക്കുന്ന റെയിൽവേ യാത്രക്കാർക്ക് സുഗമമായ സഞ്ചാരത്തിനുള്ള സംവിധാനം ഒരുക്കുന്നതിൽ കാട്ടുന്ന കടുത്ത അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധം ഉയർന്നുകഴിഞ്ഞു.

യാത്രക്കാർക്കായി സ്റ്റേഷനുകളിൽ ഒരുക്കിയിട്ടുള്ള കുടിവെള്ള പൈപ്പുകളിലാണ് പുഴുക്കൾ നിറഞ്ഞ ചുവപ്പ് കലർന്ന ജലം കടത്തി വിടുന്നത്. റെയിൽവേ സ്വന്തമായി നിർമ്മിച്ചിട്ടുള്ള കൂറ്റൻ ജലസംഭരണികളിൽ ശേഖരിക്കുന്ന ഭൂഗർഭജലം ശുദ്ധീകരണമില്ലാതെ ഒഴുക്കിവിടുന്നതാണ് യാത്രക്കാർക്ക് കടുത്ത ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത്.

സംസ്ഥാനത്ത് 1020 കിലോമീറ്റർ ചുറ്റളവിൽ പരന്നു കിടക്കുന്ന 200 സ്‌റ്റേഷനുകളിൽ എത്തുന്ന യാത്രക്കാർക്കാണ് മാലിന്യ വെള്ളം കുടിക്കേണ്ട ഗതികേട് . ക്ലോറിനേഷൻ പ്ലാന്റുകളുടെ പ്രവർത്തനം നിലച്ചതാണ് വെള്ളത്തിൽ മാലിന്യം പരക്കാൻ കാരണമായത്. കാലപഴക്കംക്കൊണ്ട് പമ്പുകൾ തകരാറിലായതാണ് ക്ലോറിനേഷൻ അവതാളത്തിലാക്കിയത്. ഏകദേശം എഴുപതോളം പ്ലാന്റുകളിൽ മിക്കവയുടെയും പ്രവർത്തനങ്ങൾ നിലച്ച മട്ടാണ്. മിക്ക സംഭരണികളിലും മൂന്നുവർഷത്തിലധികമായി ശുദ്ധീകരണ പ്രവർത്തനങ്ങൾ നടന്നിട്ടെന്ന് ജീവനക്കാർതന്നെ സമ്മതിക്കുന്നു.

കൂറ്റൻ സംഭരണികളിൽ ശേഖരിക്കുന്ന വെള്ളം സാധാരണനിലയിൽ ക്ലോറിൻ കടത്തിവിട്ട് ശുദ്ധീകരിച്ചാണ് വിതരണം ചെയ്തിരുന്നത്. എന്നാൽ ക്ലോറിനേഷൻ പമ്പുകൾ പണിമുടക്കിയത് ശുദ്ധിയുള്ള വെള്ളം ലഭിക്കുന്നതിന് തടസമായി. അതേസമയം മിക്ക സംഭരണികളുടെയും കോണിപ്പടികൾ തകർന്നത് ശുദ്ധീകരണ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ഇരുമ്പുകൊണ്ട് നിർമ്മിച്ച ഈ കോണികളിലൂടെയാണ് ഉയരത്തിൽ നിർമ്മിച്ചിട്ടുള്ള സംഭരണികളിലേക്ക് കയറി ശുദ്ധീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. എന്നാൽ തുരുമ്പെടുത്ത് തകർന്ന ഇവയിലൂടെ കയറി ശുദ്ധീകരണ പ്രവർത്തനങ്ങൾ നടത്തുകയെന്നത് ഇപ്പോൾ ദുഷ്‌ക്കരമാണ്. സംഭരണികളിൽ ഘടിപ്പിച്ചിട്ടുള്ള കോണിപടികൾ നിർമ്മിക്കാനും അധികൃതർ തയ്യാറായിട്ടില്ല.

അതേസമയം ദീർഘദൂര ട്രെയിനുകളിൽ സ്ഥാപിച്ചിട്ടുള്ള പൈപ്പുകളിൽനിന്നും ലഭിക്കുന്ന വെള്ളത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ചെറുതും വലുതുമായ സർവീസുകൾ നടത്തുന്ന ട്രെയിനുകൾ സ്റ്റേഷനുകളിലെത്തുമ്പോൾ ഇവയിൽ സ്ഥാപിച്ചിട്ടുള്ള ടാങ്കുകളിൽ അതത് സ്റ്റേഷനുകളിൽനിന്നും വെള്ളംനിറക്കലാണ് പതിവ്. ഇതുവഴി വീണ്ടും മലിനജല വിതരണമാണ് നടക്കുന്നത്. അതേസമയം ട്രെയിനുകളിൽ ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കുന്നതിനായി 2013 ൽ ആധുനിക സംവിധാനമുള്ള വാട്ടർ പ്യൂരിഫയറുകൾ സ്ഥാപിക്കാനുള്ള പദ്ധതി നടപ്പിലാക്കിയിരുന്നു. ജലന്ധറിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കിയെങ്കിലും പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു.

2003 ൽ പശ്ചിമ ഡൽഹിയിലെ നൻഗ്‌ളോയിൽ തുടക്കമിട്ട റെയിൽ നീർ പദ്ധതിയും വൻപരാജയമായി. പദ്ധതിയുമായി ബന്ധപ്പെട്ട് 20 കോടിയുടെ അഴിമതി ആരോപിച്ച് രണ്ടു മാസങ്ങൾക്കുമുമ്പ് രണ്ടു മുതിർന്ന ഉദ്യോഗസ്ഥരെ റെയിൽവേ പുറത്താക്കിയത് പദ്ധതിയുടെ സുതാര്യതയെ സാരമായി ബാധിച്ചു. ഏതായാലും വർദ്ധിപ്പിക്കുന്ന യാത്രാനിരക്ക് നൽകിയും യാത്ര തുടരുന്ന സഞ്ചാരികൾക്ക് റെയിൽവേയുടെ സുഖസഞ്ചാര സംവിധാനത്തിലൂടെ യാത്രചെയ്യണമെങ്കിൽ ഇനിയും കാത്തിരിക്കണം.