കോയമ്പത്തൂർ: പ്രശസ്ത നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ടു പ്രതികൾ കൂടി പൊലീസ് പിടിയിൽ. ആലുവ എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം കൊയമ്പത്തൂരിലെ ഒളിത്താവളത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്. ആലപ്പുഴ സ്വദേശി വടിവാൾ സലിമും കണ്ണൂർ സ്വദേശി പ്രദീപുമാണു പിടിയിലായത്. ഇവർ കൊടുംകുറ്റവാളികളാണെന്നാണു പൊലീസ് വെളിപ്പെടുത്തിയിട്ടുള്ളത്. ഇവർ പിടിയിലായതോടെ മുഖ്യപ്രതി പൾസർ സുനി ഉൾപ്പെടെയുള്ളവരുടെ താവളത്തെപ്പറ്റി വ്യക്തമായ വിവരം ലഭിച്ചുവെന്നാണ് സൂചന. ഇവരും ഇന്നുതന്നെ പിടിയിലാകുമെന്ന് പൊലീസ് സൂചന നൽകി.

നടിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി ദൃശ്യങ്ങൾ പകർത്തുകയും ബ്ളാക് മെയിൽ ചെയ്യുകയും ചെയ്ത സംഭവത്തിന്റെ മുഖ്യ സൂത്രധാരൻ പൾസർ സുനിയെന്ന നടിയുടെ മുൻ ഡ്രൈവറാണെന്ന നിഗമനത്തിലാണ് പൊലീസെങ്കിലും സിനിമാ മേഖലയിലെ വൈരത്തിന്റെ പേരിൽ ആരെങ്കിലും നടിക്കെതിരെ ക്വട്ടേഷൻ നൽകുകയായിരുന്നോ എന്ന വസ്തുതയും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇക്കാര്യം സിനിമാ മേഖലയിൽ സജീവമായി ചർച്ചചെയ്യപ്പെടുന്നുമുണ്ട്. പ്രതികളിൽ ആർക്കെങ്കിലും ഇത്തരം ബന്ധങ്ങളുണ്ടോ എ്ന്നും അന്വേഷിച്ചുവരുന്നതായി അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

ഇന്നു പുലർച്ചെയാണ് കോയമ്പത്തൂരിൽ നിന്ന് രണ്ടുപേരെ ആലുവ റൂറൽ എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇതോടെ കേസിലെ ഏഴ് പ്രതികളിൽ മൂന്ന് പ്രതികൾ പിടിയിലായി. സുനിൽ അടക്കം നാല് പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്. നടിയുടെ കാർ ഓടിച്ചിരുന്ന കൊരട്ടി സ്വദേശി ഡ്രൈവർ മാർട്ടിനെ ശനിയാഴ്്ച്ച അറസ്റ്റിലായിരുന്നു. ഇയാളുടെ പെരുമാറ്റത്തിൽ സംശയംതോന്നിയതോടെ ചോദ്യംചെയ്യുകയും മൊബൈൽ പരിശോധിക്കുകയും ചെയ്തതോടെയാണ് സുനിയുമായുള്ള ബന്ധം വ്യക്തമായത്.

അതേസമയം നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പീഡനശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി 376,366 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കേസ് അന്വേഷിക്കാൻ ശനിയാഴ്‌ച്ച പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഐജി ദിനേന്ദ്ര കശ്യപിനാണ് അന്വേഷണ ചുമതല. അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കുന്ന എഡിജിപി ബി. സന്ധ്യ ഞായറാഴ്‌ച്ച ആലുവയിൽ എത്തും.

ബി.സന്ധ്യയുടെ മേൽനോട്ടത്തിനുള്ള പുതിയ അന്വേഷണ സംഘം ഇന്ന് ചുമതലയേറ്റെടുക്കും. ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപ്,മധ്യമേഖലാ ഐജി പി.വിജയൻ എന്നിവരും പുതിയ അന്വേഷണ സംഘത്തിലുണ്ട്. രാഷ്ട്രീയമായ സമ്മർദ്ദങ്ങൾ കൂടി നിലനിൽക്കുന്നതിനാൽ പരമാവധി വേഗത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം.

വെള്ളിയാഴ്‌ച്ച വൈകീട്ട് തൃശ്ശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ നെടുമ്പാശ്ശേരി അത്താണിയിൽ വച്ചാണ് നടി സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തി അക്രമിസംഘം കാറിലേക്ക് കയറി വാഹനം തട്ടിയെടുത്തത്. കാറിനകത്ത് കയറിയ സംഘം നടിയെ ഭീഷണിപ്പെടുത്തി അപകീർത്തിപരമായ ചിത്രമെടുക്കാൻ ശ്രമിച്ചു. പിന്നീട് പാലാരിവട്ടത്ത് എത്തിയപ്പോൾ ഇവർ മറ്റൊരു വാഹനത്തിലേക്ക് മാറി കയറുകയായിരുന്നു.

മൂന്നംഗ സംഘമാണ് തന്നെ ആക്രമിച്ചതെന്ന് നടി പൊലീസിനോട് മൊഴി നൽകിയിട്ടുണ്ട്. പ്രതികൾ രണ്ടു വാഹനങ്ങളിലായി നടി കയറിയ വാഹനത്തെ പിൻതുടർന്നിരുന്നതായ സംശയവും ഉയർന്നിട്ടുണ്ട്. സംഭവത്തിന്റെ മുഖ്യ ആസൂത്രകനായ നടിയുടെ മുൻ ഡ്രൈവവറായ പെരുമ്പാവൂർ സ്വദേശി സുനിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

പ്രതികൾ സംഭവത്തിനു ശേഷം നടിയെ ഉപേക്ഷിച്ച് കടന്നതോടെ മൊബൈലുകൾ ഓഫ് ചെയ്തിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. എന്നാൽ ഇവർ കേരളം വിട്ടു പോയിട്ടില്ലെന്ന നിഗമനത്തിലായിരുന്നു പൊലീസ്. പക്ഷേ, രണ്ടുപേർ കോയമ്പത്തൂരിൽ ഒളിവിൽ പോയതോടെ മറ്റുള്ളവരും കേരളത്തിന് പുറത്തേക്ക് രക്ഷപ്പെട്ടിട്ടുണ്ടോയെന്നും സംശയമുയർന്നിട്ടുണ്ട്.

മുഖ്യപ്രതി സുനിലിനുൾപ്പെടെ സംഘത്തിലെ മറ്റുചിലരും സിനിമാ മേഖലയുമായി അടുത്ത് ബന്ധമുള്ളവരാണെന്നാണ് സൂചനകൾ. പ്രൊഡക്ഷൻ ജോലിയുമായി ബന്ധപ്പെട്ട് വ്യത്യസ്ത സെറ്റുകളിൽ ജോലിചെയ്തിരുന്നതിനാൽ മേഖലയിലെ പലരുമായും ഇവർക്ക് ബന്ധമുണ്ട്. ഇക്കാര്യങ്ങളും അന്വേഷിച്ചുവരികയാണ്.

പൾസർ സുനിയുമായി അടുത്ത ബന്ധം പുലർത്തുന്ന ചില നാട്ടുകാരെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തതിൽ നിന്ന് സുനിയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. സുനിക്കു പിന്നിൽ മറ്റാരെങ്കിലും ഉന്നതരുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇത്തരത്തിലുള്ള സംശയങ്ങൾ സ്ഥിരീകരിക്കാൻ പോന്ന വിവരങ്ങളൊന്നും പൊലീസിന് ലഭ്യമായിട്ടില്ല.